
ഒരു മനുഷ്യൻ
നിങ്ങളെ ഇത്രമേൽ ബാധിക്കുകയെന്നാൽ
അയാളൊരു ഭ്രാന്തനായിരിക്കണം
അതുകൊണ്ടാണ് അവർ അയാളെ
‘എൽ ലോക്കോ’
എന്ന് ഉറക്കെവിളിച്ചത്
പുറംമോടികൾ കണ്ടു മടുക്കുമ്പോൾ
ഇല്ലാത്തവന്റെ ഇല്ലായ്മയെ നോക്കി ചിരിക്കുമ്പോൾ
വെറുപ്പിന്റെ കാറ്റേറ്റ്
കാരച്ചിലുവരുമ്പോൾ
തോറ്റുപോയവരുടെ രാജകുമാരനെ
ഞാൻ നിങ്ങൾക്ക് കാണിച്ചുതരം
മർസെലോ ബിയെസ്ല എന്ന ഒറ്റപ്പേരിൽ
ചുറ്റിത്തിരിയുന്ന
സാധാരണത്വത്തിന്റെ മണം
നിങ്ങൾക്ക് പകർന്നു തരാം
തെരുവിന്റെയറ്റത്തെ ചായക്കടയിൽ
അയാളിരുന്നു ചായ കുടിക്കുന്നത്
നിങ്ങൾക്ക് കാണാം
ഒരുപക്ഷേ ജോലിയൊക്കെ കഴിഞ്ഞു
വീട്ടിലേക്ക് മടങ്ങുമ്പോൾ
നിങ്ങളുടെ അരികിലൂടെ അയാൾ നടന്നു നീങ്ങാം
സൂപ്പർമാർക്കറ്റിന്റെ ഏതെങ്കിലുമൊരു മൂലയിൽവച്ചു
നിങ്ങളായാളെ കണ്ടുമുട്ടാം
ലോകം പായുകയാണ്
ബിയെസ്ല നടക്കുകയും
നടക്കുമ്പോൾ മാത്രമാണ്
നമുക്ക് മുഖത്തോട് മുഖം നോക്കി
ചിരിക്കാൻ കഴിയുക