വാഹനങ്ങളാൽതീർത്ത തുരങ്കപാതയിലൂടെ
രണ്ടു പേർ സ്കൂട്ടിയിൽ
മഴയെ നോക്കി ചിരിക്കുന്നു
കുടയില്ലായ്മയുടെതണുപ്പിൽ .
മഴവിരലുകളാൽ മറ്റു ശകടങ്ങളുടെതകരപാളിയിൽ തബലയായ് കൊട്ടിക്കയറി ഗസ്സൽ
സന്ധ്യ,യിലാരോഹണ വരോഹണങ്ങളിലൂടെ ഗിയർ മാറ്റി, വേഗതയും വയലിൻ തന്ത്രികളിൽ സ്വരങ്ങളുതിർക്കും ഞാൺ പോലെ..
കൊട്ടാരങ്ങൾ പിളർന്നു പണിത ദേശീയപാതയിൽ ,വല്ലഭപട്ടണത്തിലൂടെ;പുഴ നിവർത്തിപ്പിടിച്ച കുടയാം പാലത്തിൻ മുകളിലൂടെ
രണ്ടു പേർ സ്കൂട്ടിയിൽ
ഷിഫ്റ്റുകൾ കുറഞ്ഞു കുറഞ്ഞു കരിമ്പുകയുന്തും പ്ലെെവുഡ് പുകക്കുഴലിലൂടെ തൊഴിൽ പോയ യാത്മാക്കളുടെ കരഞ്ഞു കലങ്ങിയയുള്ളമായ് പുഴയൊഴുകും പോൽ രണ്ടു പേർ സ്കൂട്ടിയിൽ
ഒന്നു കുറേ നാല്പത് തൈയ്യ മാടിയ മണക്കാടൻ ഗുരുക്കളുടെ കണ്ണുകളിൽ മുങ്ങിക്കുളിക്കുന്നു .
മുഖത്തെഴുതുന്നു, കൈവിളക്കിൻ വെട്ടത്തിൽ
ഉറഞ്ഞാടി,യവർ യാത്ര തുടരുന്നു…..
ഗർഭാലസ്യ വയൽക്കര, തിളങ്ങും പച്ച, മഞ്ഞിൽ പുതച്ച മലമേടുകൾ
കർക്കിടകം കുത്തിക്കലക്കിയ പുഴയോരങ്ങൾ
വെയിൽ നീർതേടും കുടങ്ങളുമായവർ
രണ്ടു പേർ സ്കൂട്ടിയിൽ
വട്ടം ചുറ്റുന്നു കുറ്റിക്കു കെട്ടിയ തോണിപോൽ.
അവരന്യോന്യം മിണ്ടിയും കേട്ടും; താങ്ങാകുന്നു, തണലും.. പ്രതീക്ഷയെകറന്നു പൈമ്പാലു കുടിക്കുന്നു
കൊയ്തൊഴിഞ്ഞ വയലിൽ നാടകമാടുന്നു
സിനിമകണ്ടർദ്ധരാത്രിയിൽ നടക്കുന്നു
അണ്ണാനായിതേൻവരിക്ക തുളക്കുന്നു
ഉറുമ്പായി മാവിനുച്ചിയിൽ കൂടൊരുക്കുന്നു
ഇണചേർന്നമെത്തയിലെ ചുളിവുകൾ തഴുകുന്നു
ലാത്തിയടിയേറ്റു പുളയുമ്പോഴുമുയരും മുഷ്ടി കളാകുന്നു
തലപൊട്ടിപടപ്പാട്ടൊഴുക്കുന്നു
പന്തമായ് ജ്വലിച്ചവർ തെരുവു നിറയുന്നു
സഖാവെ യെന്നവർ ഭൂഗോളം ചുവക്കുന്നു .
ഭ്രാന്തൻ കണ്ടലായ് പടർന്നു
വേരുകളാൽ തളം കെട്ടി മീനിനെ പോറ്റിയും, കൈയ്പക്കു പന്തലായ് കാബേജിനു ശൈത്യമായ് വിശപ്പിനന്നം തേടിയുമവർ
രണ്ടു പേർ
നഗരപാതയിൽ വാഹനങ്ങൾ തീർത്ത തുരങ്കത്തിലൂടെ ഇന്നിലേക്കിറങ്ങിയും പിന്നിലേക്കേറിയും
സ്കൂട്ടിയിൽ യാത്ര തുടരുന്നു……