
അമ്പിളിമാമനെ നോക്കി
ആകാശത്തതാ
പത്തിരിക്കണ്ടമെന്ന് പറഞ്ഞ
മലമുകളിലെ പെൺകുട്ടീ
മാരിയും
പേമാരിയും
മാരെൻ്റെ ഭ്രാന്തും സഹിച്ച്
നീയിപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ?
മഴയുള്ള പുലർകാലത്ത്
പശുവിനെ കറന്ന്
കാപ്പി കാച്ചി
തേയില നുള്ളി
ചോറുവിളമ്പി
അലക്കിയൊതുക്കി
സാധനങ്ങൾ വാങ്ങി
അത്താഴവും കഴിച്ച്
മോറി മിനുക്കി
മാനം നോക്കി
പുഞ്ചിരിക്കുന്നു നീ
മലയിറങ്ങി മഴ കുതിച്ചപ്പോഴും
വിളകളെല്ലാം ആനയെടുത്തപ്പോഴും
നിന്നെ വീട്ടിലാക്കി മാരൻ മറഞ്ഞപ്പോഴും
അടിയുറച്ച നിൻ കൺകളിൽ നോക്കി ഞാൻ
പ്രണയമോതിയപ്പോഴുo
മിണ്ടാതെ നിന്നതെന്ത്?
മലമുകളിൽ
കാത്തുനിൽക്കുന്ന
പെൺകുട്ടീ
നിന്നെ അവിശ്വസിക്കുന്നതെങ്ങനെ?
വാക്കുകളിലെ യുക്തിയെ
ചോദ്യം ചെയ്യുന്നതെങ്ങനെ?
കാരണം
ഇലകളെ കാറ്റുണർത്തുന്നതിൻ
മുമ്പത് നിൻ്റെ കവിളിലാണല്ലോ
മഴ മുടി കോതുന്നതും
മേഘങ്ങൾ കുളിച്ചൊരുങ്ങുന്നതും
സൂര്യ ഘടികാരം ചിത്രം ചമയ്ക്കുന്നതും
പാറകൾ വിറകൊള്ളുന്നതും നിന്നെ
നോക്കിയാണല്ലോ
ഇന്ന്,
ആകാശത്ത് നിൻ്റെ മുഖം
നിലാവിൻ്റെ നൂലുകൊണ്ട്
നെയ്തൊരു പട്ടം പോൽ
പാറിക്കളിക്കുന്നു