
പുതുമഴയുടെ കുളിരിനായ്
കാത്തിരിക്കുന്നു ഞാൻ.
നറുമണം തൂകിയെത്തുന്ന കാറ്റിലായ്,
പൊടിമണം തൂകി പരക്കുന്ന വേളയിൽ,
പുതുമഴ വന്ന് പെയ്തിറങ്ങീടുവാൻ
ഉമ്മറപ്പടിക്കോണിന്നരികിലായ്
വന്നു കാത്തിരിക്കുന്നു ഞാൻ സന്ധ്യയിൽ .
ഇടവമാസപ്പാതി മഴ വന്ന് പൊടിയ വെ,
അവ പിന്നെ,
ഇടമുറിയാതെ പെയ്തലച്ചീടവെ,
മിഴികൾ പൂട്ടാതെ ഞാൻ
നോക്കി നിൽക്കുന്നു.
കാറ്റടിച്ചല്ലോ
മുറ്റത്തെ മാവിന്റെ കൊമ്പിലെ കായ്കളിൽ,
അടർന്നു വീഴുന്നു മാമ്പഴം
മുറ്റത്തെ മുല്ല തൻ പൂക്കളെ പുൽകി.
കാതിലായ് വന്ന്
കാതരമൊഴികളാൽ,
ശൃംഗാരമോതുന്ന കാമുകനെപ്പോൽ,
കുളിരണിയിച്ചു
കാറ്റിന്റെ തഴുകലിൽ
അലിഞ്ഞാർദ്രമായ് കാത്തിരിക്കുന്നു നിന്നെ ഞാൻ .
പൂമുഖ കെട്ടിന്നകങ്ങളിൽ പെയ്ത്,
നൃത്ത ലാസ്യം പൊഴിക്കുന്ന
കുളിരാർന്ന മഴയിൽ ലയിച്ചു ഞാൻ
മിഴി പാതി പൂട്ടി കാത്തിരിക്കുന്നു.
ഇടവഴിയിലൊഴുകുന്ന
ഇടവമഴവെള്ളത്തിൽ
ഓടിക്കളിച്ചതും,
മാറോട് ചേർത്തു പുണർന്നു സൂക്ഷിച്ച
പുസ്തക കെട്ടുകൾ
വെള്ളത്തിൻ മീതെ ചിതറി തെറിച്ചതും
ഓർക്കുന്നു ഞാൻ.
എന്നുള്ളിലെന്നും വിടരുന്ന പൂക്കളായി,
നിലാശോഭയായി പെയ്തിറങ്ങുന്നു
പുതു മഴ .
ഇനിയും കാത്തിരിക്കുന്നു,
കുളിരായ്
മഴയായ്
കവിളിലൊരു തഴുകലായ്
പുണരുന്ന കാമുകനെപ്പോലെ.
കാത്തിരിക്കുന്നു ഞാൻ
മഴയുടെ നനവാർന്ന കുളിരിനെ.
പെയ്തിറങ്ങുന്ന
മഴ മുത്തുമാലകൾ
കൗതുകത്തോടെ നോക്കിനിന്നീടവെ,
തുറന്നിട്ട പുസ്തകത്താളിലെ
അക്ഷരവടിവു പോൽ
മിഴികളിൽ ഓടിയെത്തുന്നു
ഒരു പിടി ഓർമ്മ തൻ
ഓളപ്പരപ്പുകൾ
പോയ കാലത്തിന്റെ ഓർമ്മകൾ
മിഴികളിൽ പെയ്യിച്ച
ഉപ്പു മഴ കുളിരിൽ
വിറപൂണ്ട് നിൽക്കുമ്പോൾ
പ്രിയതരമൊരു പൂർവ്വ ബന്ധം പോലെ
നിന്നെ ഞാൻ കാതോർത്ത് കാത്തിരിക്കുന്നു.
നിന്നിലെ കുളിരിൽ ലയിച്ചില്ലാതാകുന്ന,
അലിഞ്ഞാർദ്രമായ് തീരുന്ന
സുഖമുള്ള സ്വപ്നങ്ങൾ കോർത്തിട്ട്
കാത്തിരിക്കുന്നു ഞാൻ
———====———-
One Response
ഹൃദ്യമായ വരികൾ ഇഷ്ടമായി