
അത്രമെൽ കിതപ്പുള്ള
ഓർമകളുടെ തുഞ്ചത്തെയ്ക്
ഒറ്റയ്ക്കു പോകുകയെന്നത് .,
തീക്കൊള്ളിയെ
കാറ്റിനെയേല്പിക്കുന്നതു പോലെ..
മെഴുകുവീട്ടിൽ
കൽവിളക്ക് കൊളുത്തും പോലെ…
ആളിയും ഉരുകിയും
ഒഴുകിയൊട്ടിയും
അവയിങ്ങനെ
നീറ്റിലും നിലയിലുമല്ലാതെ നിർത്തും .
ഇരുളിലും വെളിവിലും
കണ്ണുകുത്താൻ നോക്കും .
ഓർക്കാപുറത്തു
ശ്വാസം വിലക്കും .
നെഞ്ചിൽ നിന്നൊരേങ്ങൽ
തൊണ്ടക്കുഴിയിൽ ചാടി
ആത്മഹത്യ ചെയ്യും .
ഇത്രേയുമായപ്പോൾ തീരുമാനിച്ചു
ഓർമ്മകളെ ഒക്കത്തിരുത്താതെ ,
ഒടിച്ചു മടക്കി കാറ്റിൽ പരത്താമെന്നു .
മറവിയുടെ
അമ്മിക്കുഴവികൊണ്ടതിനെ
ചതച്ചു പിഴിഞ്ഞെടുക്കാമെന്നായി പിന്നെ .
ഓർമകളുടെ സത്തിനു ,
ഹൃദയത്തിന്റെ രുചിയാവുമല്ലോ !!!
ചായ്‌പിന്റെ പടികടന്നിട്ടു വേണ്ടേ,
അമ്മിക്കല്ലെടുക്കാൻ …
ഒടിച്ചു മടക്കി പറത്താൻ ….
വിമ്മഷ്ടപ്പെടുത്തുന്ന ഓർമകളെ
നിങ്ങൾക് ആയുസ്സേറെയാണ് …
എന്നോളം…..
നിന്നോളം …..
മണ്ണോളം ….