
വില്ലുപോൽവളഞ്ഞ
അവളുടെ റാൻമൂളലുകൾ
മുന്തിരിനഗരത്തിലെ
ആകാശത്തെ
രണ്ടായിമുറിക്കുന്നു
മഷിപ്പേനത്തുമ്പ്
ചുണ്ടോട്ചേർന്നുറങ്ങുന്നു
ചോരവാർന്നപകുതിയാകാശത്തിലെ
മേഘങ്ങളെ നോക്കിൻമുള്ളുകളാൽ
കുത്തിപ്പൊട്ടിച്ച്
ശീതക്കാറ്റിൻ്റെ വരവും
പ്രതീക്ഷിച്ചുനിൽക്കുന്നു മറുപാതി
ചൊല്ലിയടർന്നരാവുകളും
മുഴുമിക്കാത്ത കാൽപ്പാടുകളും
തിരിച്ചുനടത്തിക്കുന്നു
വെയിലുവിരിച്ചിട്ട
അയകളിലേക്ക്
ഓരോപൊള്ളലിലും വറ്റിയകലുന്നത്
ഒളിപ്പിച്ചുവച്ചയവളുടെ നിഴലുകളും
പകുതിയായെങ്കിലും
അരികുമുറിഞ്ഞനല്ലപാതിയെ
പിന്നെയും നൂലുപിഞ്ഞിടാതെ
സൂചിക്കുഴയിലൂടെ മെരുക്കിയെടുക്കുബോൾ
ഒരായിരം ഗർത്തങ്ങൾ പൊന്തിവരുന്നതറിയാതെപോകുന്നു
സ്വയം നിർമ്മിച്ചകയങ്ങളിലേക്ക്
ദിനവുമെടുത്തെറിയപ്പെടുന്നു അയാൾ
അഴിഞ്ഞുപോകുന്നു
ചേർത്തുവച്ചനൂൽക്കെട്ടുകൾ