പറ്റുമെങ്കിൽ എനിക്ക്
അടുത്ത ജന്മത്തിലൊരാണാവണം.
എന്റെ സ്വന്തം ഭർത്താവിനെ തന്നെ
ഭാര്യയാക്കണം.
എന്നെ ചേർന്നിരുന്ന് സംസാരിക്കാൻ കൊതിക്കുന്ന അവളുടെ
ആഗ്രഹത്തെയെല്ലാം അപഹരിച്ചു കൊണ്ട്
ഞായറാഴ്ചകളിൽ എനിക്ക്
കൂർക്കം വലിച്ചുറങ്ങണം.
തീവ്രമായ സ്നേഹത്താൽ ഉടലെടുക്കുന്ന അവളുടെ സ്വാർത്ഥതകളെ
മറ്റു പെണ്ണുങ്ങൾക്ക് മെസ്സേജയച്ചു കൊണ്ട് തന്നെ തല്ലിക്കെടുത്തണം.
വാക്‌സിനേഷൻ കൊടുത്തതിന്റെയന്ന്
ഒക്കത്തു നിന്നിറങ്ങാത്ത
കുട്ടിയേയും വച്ച് അവള് തട്ടിക്കൂട്ടിയ കറികൾക്ക് നൂറു കുറ്റം പറയണം.
മോരു കറിയിൽ ചുറ്റിത്തിരിയുന്ന
അവളുടെ ചുരുൾമുടിയെ
അറപ്പോടെ തോണ്ടിയെടുത്തു ഉറക്കെയുറക്കെ ഓക്കാനിക്കണം.
തോർത്തെവിടെ?സ്കെയിലെവിടെ?
ഷൂ എവിടെ? ഷർട്ടെവിടെ?
ബെൽറ്റെവിടെ?ടിഫിനെവിടെ?
എന്നിങ്ങനെ ഞാനും മകനും ഒരുമിച്ചലറി
ഓരോ മുറിയിലൂടെയും
അവളെ ഓടിച്ചു തളർത്തണം.
മക്കളെയുറക്കി പാത്രം കഴുകി
കിടക്കാൻ അവളു വരുന്നേരത്ത് വീണ്ടുമൊരു
കട്ടൻ ചായക്ക് ഓർഡർ കൊടുത്ത്
കട്ടിലിൽ ചാരിയിരുന്ന്
ഐ പി എൽ കാണണം.
ഇങ്ങനെ ഒട്ടും അല്ലലില്ലാതെ കൊറേ നാളുകൾ സ്വസ്ഥമായ് കഴിച്ചു കൂട്ടണം.