അന്നേറെനേരമാ രാവിൽനിലാവത്ത്
രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നു
ആപാട്ടിനീരടിയേറ്റു പാടാനെന്റെ
നെഞ്ചിലെ മൈനകൊതിച്ചിരുന്നു.
പാടുവാനേറെകൊതിക്കുമെൻ
നെഞ്ചകം
പാതിരാക്കാറ്റ് തലോടുംനേരം
ഓർമ്മകൾവന്നെന്നെതൊട്ടു
ണർത്തീടുന്നു
ഒരായിരം കഥ ചൊല്ലിടുന്നു.
കാവിലെപുള്ളുവൻപാട്ടിൽകരിനാഗം
തുള്ളി,ക്കളം മറച്ചാടീടവേ
ആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾ
ആയിരം സ്വപ്നം വിരിഞ്ഞിടുന്നു.
ഉത്രാടസന്ധ്യയ്ക്ക് കാവിൽ
വിളക്കുവെ –
ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾ
ആതിരരാവിൽ നീ തന്നപുല്ലാംകുഴൽ
എങ്ങോ മറന്നു ഞാൻ വെച്ചുപോയി.
മഞ്ചാടി വാരിവിതറിയ സന്ധ്യതൻ
മഞ്ജുളരാഗം നുകർന്നീടവേ
പിന്നാലെവന്നെന്റകണ്ണുപൊത്തിച്ചുടു
ചുംബനം ചാർത്തിയകന്നിടുന്നു.
പൗർണ്ണമിരാവിൽതനിച്ചുറങ്ങീ
ടുമ്പോൾ
പാതിരാ പൈങ്കിളി പാടിടുമ്പോൾ
ആരെയോ തേടിയലഞ്ഞിടുന്നെൻ നെഞ്ചം
ആദ്രമായെന്തിനോ തേങ്ങിടുന്നു.