സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒറ്റ നിഴൽ

ആഷ്‌ന ഷാജു കുറുങ്ങാട്ടിൽ

എഴെട്ടുവർഷം ഒരുമിച്ചുജീവിച്ച്,
ഒടുവിൽ മരിക്കുന്നവരെ കണ്ടിട്ടുണ്ടോ?
അവർ നേർത്ത
ഇഴകളെപോലെയാണ്.

അവസാനമിട്ട ചായയിൽ
മധുരമില്ലെന്ന് പരിഭവം
പറയാതെ,
തോളിലെ വിയർപ്പിന്
പനിനീരിന്റെ തണുപ്പെന്ന്
പറഞ്ഞു വാരിപുണരുന്നവർ.

അവസാന രാത്രിയിലും ആദ്യരാത്രിയിലെന്നപോലെ ഉറങ്ങാതിരിക്കുന്നവർ.

അവരാദ്യം പ്രണയിച്ചത്
കണ്ണുകളിൽ നിന്നായിരിക്കും
അതുകൊണ്ടത്രേ
അവർ പിരിയുമ്പോൾ
ആദ്യം കണ്ണുകൾ നിറയുന്നത്.

മഞ്ഞയും നീലയും കൂടിച്ചേർന്ന വീട്ടിലാണ് മരിച്ചയവരെ
ഞാൻ ആദ്യം കണ്ടത്,
അമ്മ മരിച്ചപ്പോളുള്ള അതെ മണമായിരുന്നു അവർക്കും.

എല്ലാവരും അവരെ
കണ്ട് മടങ്ങുമ്പോഴും
ഞാനും തെക്കേമുറിയുടെ
കോണിലെ
ശവംനാറി
പൂക്കളും ഇരുന്നിടത്തിരുന്നു
ഞാൻ നോക്കും
ചന്ദനം മണക്കുന്നു.

മൂക്കുരസിയ കൈകളിൽ നഖം മിനിക്കിവെച്ചിരിക്കുന്നു
കാലുകൾ നീട്ടി,
തന്തവിരൽ ഇപ്പഴും
മടങ്ങിയാണ് ഇരുപ്പ്

അടുക്കളയിലെ ആദ്യ കറിവേപ്പില പൂവിട്ടപ്പോൾ വാങ്ങിത്തന്ന
പച്ചപുടവ അലമാരിയുടെ
നാലാമത്തെ
കള്ളിയിൽ ഇരുപ്പുണ്ട്

എല്ലാം അന്നുകണ്ടതുപോലെ,
പൂചൂടാത്ത തലമുടിനാരുകളെ കണ്ടപ്പോൾ അമ്മയില്ലാത്ത കുഞ്ഞിനെപ്പോലെ എനിക്കുതോന്നി

എത്രയോ തവണ അവർ ഇങ്ങനെ ഒരുമിച്ചിരുന്നിട്ടുണ്ടാവും,
ഒരുമിച്ചുകിടന്നിട്ടുണ്ടാവും,
എത്രയോ നിഴലുകൾ ഇരുട്ടിൽ ഒളിച്ചിരുന്നിരിക്കണം

അതെ, അമ്മയില്ലാത്ത കുഞ്ഞുപോലെയായി
അവരില്ലാത്ത ആ വീടും
സ്നേഹത്തിന്റെ ഉപ്പുകണങ്ങളെ ചോറിലും മീനിലും ചേർത്തുരുട്ടി
എത്ര രാത്രികളിൽ അവർ കഴിച്ചിട്ടുണ്ടാവും.

വർഷങ്ങളുടെ
തണുത്ത രാത്രികളിൽ
അവർക്ക് ചൂടിന്റെ ഇക്കിളിയുണ്ടായിരുന്നിരിക്കണം

അമ്മയില്ലാത്ത കുഞ്ഞിനും പ്രണയത്തിൽ വെന്തു
മരിച്ചവർക്കും
ഒരേ മണമായിരിക്കും!

അവർക്ക്,
അമ്മയില്ലാത്ത വീടിനും എണ്ണയില്ലാത്ത
തലമുടിക്കുമുള്ള അതേ
മണമുണ്ടായിരുന്നു

അർദ്ധരാത്രികളിലെ വകഞ്ഞുവെച്ച
കൊന്തൽപാടുകളില്ലാതെ ചീകി മിനുക്കിയ നിലാവിന്റെ നിഴലുകൾ

ഒറ്റനോട്ടം,
അവർക്കും അമ്മയ്ക്കും
ഒരേ
നിഴലാണ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…