അതേ സഖി…….
ഞാൻ പ്രേമിച്ചു നോക്കി
അതും നിലം തൊടാതെ ആകാശത്തേക്ക് പറക്കും വണ്ണം.
അതെന്റെ ധൈര്യത്തെ ഇല്ലായ്മ ചെയ്തു.
എന്റെ ശൂന്യമായ നേരങ്ങളിൽ ഒരാളെ തിരുകി വച്ച് എന്റെ ഭയങ്ങൾ വർദ്ധിപ്പിച്ചു.
അവൻ വിട്ട് പോകുമോന്ന് എന്നെ കൊണ്ട് നിരന്തരം ആവർത്തിപ്പിച്ചു.
അവനില്ലാതെ പറ്റില്ലെന്നുള്ള തളർച്ച കൊണ്ട് എന്നെ മൂടി വച്ചു.
ഹാ.. സഖി
ഞാൻ പ്രേമിച്ചത് മനോഹരമായിട്ടാണെന്ന് ഞാൻ വിശ്വസിച്ചു.
ഞാൻ ഭാഗ്യവതി ആണെന്ന കാലുറകൾ ധരിച്ചു.
പ്രേമിക്കുന്നവനെ കണ്ടെത്തിയതിൽ പിന്നെ പതിവായി ഒരുങ്ങി
“വിഷാദത്തിന്റെ വെള്ളരിവിത്തുകൾ എന്നിൽ മുളച്ചു പൊന്തിയത്
നീ കാരണമെന്ന് ഞാനവനെ ധരിപ്പിച്ചില്ല.”
ഞാനവനെ സ്നേഹിച്ചു കൊണ്ടേയിരുന്നു.
എത്ര മുറിവിലും സ്നേഹിച്ചു
ഏത് വേദനയിലും സ്നേഹിച്ചു.
കൊടും ഭ്രാന്തിലും സ്നേഹിച്ചു.
സഖി,ഒന്ന് പറയട്ടെ
അവനെന്റെ സ്നേഹം വരെ വന്നു.
എന്നെ തൊട്ടു.
എന്നെ ചുംബിച്ചു.
പക്ഷേ ഞാൻ അനുഭവിക്കുന്ന പ്രേമത്തിൽ അവൻ പ്രവേശിച്ചതേയില്ല.
എന്നിൽ പിടയുന്ന വെപ്രാളങ്ങളുടെ ഇടനാഴികൾ അവൻ കണ്ടിട്ടേയില്ല.
എന്തിനേറെ.
ഞാൻ പ്രേമിക്കുന്ന പ്രേമം പോലും അവനെയൊരിക്കലും ബാധിച്ചിട്ടേയില്ല.
ഞാനെന്റെ കിരീടങ്ങൾ സ്വയം തേച്ചു മിനുക്കുന്നു.
പ്രേമം സ്വാതന്ത്ര്യമാണെന്ന് പറയുന്ന അവനെ നോക്കി, പക്ഷേ എനിക്ക് നീ എന്റെ മാത്രം ആവണമായിരുന്നുവെന്ന് മെല്ലെ പറഞ്ഞു
ഉപാധികളില്ലാത്ത പ്രേമമെന്ന അവന്റെ സൂത്രത്തോട് യുദ്ധത്തിന് നിൽക്കാതെ
നീല പൂക്കളിലേക്ക്, തിരകളില്ലാത്ത കടലിലേക്ക്
അടച്ചിട്ടു കരയാൻ സാധിക്കുന്ന മുറികളിലേക്ക്
ഭേദപ്പെടാത്ത വിഷാദത്തിന്റെ ഘോഷയാത്രയിലേക്ക് ഞാനെന്റെ കാലുകൾ നീട്ടി വയ്ക്കുന്നു.
പ്രേമിച്ചു കൊണ്ടേയിരിക്കുന്നുവെന്ന് എഴുതി സൂക്ഷിക്കുന്നു
One Response
പ്രേമത്തിന്റെ ഓരോരോ കാര്യങ്ങളെ…
നല്ല എഴുത്ത് greeee