
ആരും വായിക്കാതെ,
മറിച്ചുപോലും നോക്കാത്ത
ഒരു പുസ്തകത്തിലെ
ചിതലരിച്ച വരികളുള്ള
ഒരു കവിതയായിരുന്നു ഞാൻ..
വൃത്തവും അലങ്കാരവും
ലക്ഷണവും ഇല്ലാത്ത
പേരിന് മാത്രം കവിതപോലൊന്ന്..
ചൊല്ലാൻ താളമില്ല,
വായിക്കാൻ സുഖമില്ല,
പാടുവാൻ ഈണമില്ല ,
എഴുതിയ ആൾപോലും
പുനർവായന മടിയ്ക്കും
കവിതയായി ജീവിച്ച്
തീർക്കുവാൻ മാത്രമായി,
ഒരു ജന്മമായിരുന്നു ഞാൻ..
അതിനിടയിൽ എന്നോ,
പൊടിഞ്ഞുപോയ
അക്ഷരങ്ങൾ ചേർത്തുവെച്ച്
ഞാൻ സ്വയം കവിതയായി..
സ്വയം വായിച്ചും
ചൊല്ലിയും പാടിയും
കേൾപ്പിച്ചു ലോകത്തെ..
പുനർവായനയിൽ
പലയിടങ്ങളിലും കണ്ട
അർത്ഥങ്ങളിൽ നിന്ന്
എന്നെ ഞാൻ ഒരു
മഹാകാവ്യമാക്കി
മാറ്റിയെഴുതി..
വായിച്ചവർക്ക് മുന്നിൽ
ഞാൻ വീണ്ടും പുതിയ
പല വരികളും കുറിച്ച്,
നീണ്ട കാവ്യങ്ങളായി
പുനർജനിക്കുമ്പോൾ,
പുതിയ അർത്ഥങ്ങളും പേറി
എൻ്റെ ഭൂതകാലം
ചിതലരിക്കുന്നതും കണ്ടു
One Response
Dear Brother,
I am so happy for your this truthful and justifiable way of journalism through your works. along with that I wish your stories, poems and your writings to be prosperous as always.
To all of that my best wishes for you.