
അവളുടെ കണ്ണുകൾ നരച്ച ആകാശം
പോലെയായിരുന്നു.
തീഷ്ണയൗവ്വനത്തിൻ്റെ
ചടുലതകളില്ലാതിരുന്നിട്ടും
അവളുടെ നടപ്പുകൾക്ക്
ഓട്ടത്തിൻ്റെ വേഗതയുണ്ട്.
സ്‌റ്റോപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾക്കുള്ളിലേക്ക് ദീനമായ
നോട്ടമെറിഞ്ഞ്, മക്കളുടെ വിശപ്പിനെ
ക്കുറിച്ചവൾ പറയുന്നു.
വക്കടർന്ന പൂപ്പാത്രത്തിലേക്ക്
എറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകൾക്ക്
അവരുടെ ചോറിൻ്റെ നിറമാണ്.
തൻ്റെ ഉടലഴകിൻ്റെ വടിവുകളിൽ
ഇഴയുന്ന തേരട്ടകളെ
അസംതൃപ്തിയുടെ ചവറ്റുകൂനയി
ലേക്കവൾ അറപ്പോടെ
വലിച്ചെറിഞ്ഞു.
മാംസത്തിന് വിലപറയുന്ന
അറവുമാടിൻ്റെ നിസ്സംഗത
അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
പൊളളിയിറങ്ങുന്ന വേനൽച്ചൂടിൻ്റെ
വിയർപ്പു ഗന്ധം തണൽക്കൊതി
ച്ചവളെ പൊറുതിമുട്ടിച്ചു.
സ്വപ്നങ്ങളുടെ കടുംനീല നിറങ്ങൾ
ഒലിച്ചുപോയ പെണ്ണവൾ ,
പശിയാറ്റാൻ എൻ്റെ മുന്നിൽ
കൈനീട്ടുമ്പോൾ അവളുടെ
പൊക്കിൾക്കൊടി ആർത്തു
കരയുന്നുണ്ടായിരുന്നു…
2 Responses
സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദങ്ങൾ നമ്മുടെ കാഴ്ചകളിൽ പലപ്പോഴും ദുഃഖമുണ്ടാക്കുന്നു . ലളിതമായ പദപ്രയോഗങ്ങളിൽ കോർത്തിണക്കിയ ജീവിത യാഥാർഥ്യങ്ങൾ . ഇങ്ങനെയും സ്ത്രീകൾ നമുക്കുചുറ്റും . അഭിനന്ദനങ്ങൾ
🥰🥰🥰🙏