പരിഭാഷ: സീന ജോസഫ്
നിനക്ക് സോക്‌സും
പാദുകങ്ങളും വിൽക്കുന്ന
ആ സ്ത്രീ ഞാനല്ല!
ഓർക്കുന്നോ എന്നെ?
കാറ്റുപോലെ നീ
സ്വച്ഛന്ദം നാടു ചുറ്റുമ്പോൾ,
കൽഭിത്തികൾക്കുള്ളിൽ
നീയൊളിപ്പിച്ചവളാണ് ഞാൻ.
കല്ലുകൾ കൊണ്ടെൻ്റെ ശബ്ദത്തെ
ശ്വാസം മുട്ടിക്കാനാവില്ലെന്നു
നീ അറിഞ്ഞില്ല!
ആചാരാനുഷ്ഠാനങ്ങളുടെ
ഭാരത്താൽ നീ
അടിച്ചമർത്തിയവളാണ് ഞാൻ.
എന്നാൽ വെളിച്ചം ഇരുട്ടിൽ
ഒളിച്ചു വയ്ക്കാനാവില്ലെന്ന്
നീ അറിഞ്ഞില്ല!
ഓർക്കുന്നോ എന്നെ?
എൻ്റെ പൂവുകൾ
നീ ഇറുത്തെടുത്തു
മുള്ളുകളും കനലുകളും
പകരം തന്നു.
പക്ഷേ, എൻ്റെ സൗരഭ്യം
അടക്കി വയ്ക്കാൻ
ചങ്ങലകൾക്കാവില്ലെന്ന്
നീ അറിഞ്ഞില്ല!
ചാരിത്ര്യത്തിൻ്റെ പേരിൽ
നീ ക്രയവിക്രയം ചെയ്ത
സ്ത്രീയാണ് ഞാൻ!
മുങ്ങിത്താഴുമ്പോഴും
ജലത്തിനു മീതെ നടക്കാൻ
എനിക്ക് കഴിയുമെന്ന്
നീ അറിഞ്ഞില്ല!
ഭാരമിറക്കി വയ്ക്കും പോലെ
നീ വിവാഹം ചെയ്തയച്ച
സ്ത്രീയാണ് ഞാൻ!
തടവിലാക്കപ്പെട്ടവരുടെ രാജ്യം
ഒരിക്കലും സ്വതന്ത്രമാവില്ലെന്ന്
പക്ഷേ നീ അറിഞ്ഞില്ല!
നീ വില്പനച്ചരക്കാക്കിയ
കേവലവസ്തുവായിരുന്നു ഞാൻ
എൻ്റെ സ്ത്രീത്വം,
എൻ്റെ മാതൃത്വം,
എൻ്റെ വിശ്വസ്തത.
ഇനിയെനിക്ക് നിർബാധം
പുഷ്പിക്കാനുള്ള സമയമാണ്!
ആ പോസ്റ്ററിലുള്ള സ്ത്രീ,
പാതിയുടുക്കാത്തവൾ,
സോക്‌സും പാദുകങ്ങളും
നിനക്ക് വില്ക്കുന്നവൾ
അത് ഞാൻ അല്ലേ അല്ല…!
One Response
Very nice!👍🏻👍🏻 Looking forward for more.