സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കണ്ണാടിവാതിൽ

കല സജീവൻ

കിടപ്പുമുറിയുടെ നാലു ചുവരിലും
കണ്ണാടിച്ചില്ലു പതിക്കണമെന്ന്
അവൾ നിശ്ചയിച്ചിരുന്നു.
അനേകം പാളികളുള്ള ഉടൽച്ചുറ്റുകൾ
ഒന്നൊന്നായി
അഴിച്ചു തുടങ്ങുമ്പോൾ
കണ്ണാടിയിലതിന്റെ ശരിപ്പകർപ്പ്
എടുത്തു വെയ്ക്കണമെന്ന്
അവൾ ആഗ്രഹിച്ചിരുന്നു.
സർപ്പിണിയുടേതു പോലെ
മൃദുവും വഴുവഴുപ്പുള്ളതുമായ
തൊലിയുരിച്ചു മാറ്റുമ്പോഴെല്ലാം
രണ്ടു കാമുകൻമാരെ മാത്രം
അവൾ ഓർക്കാറുണ്ടായിരുന്നു.
അത്രമേൽ അവരിൽ നിന്നവൾ
പിടഞ്ഞു മാറുവാൻ കൊതിച്ചിരുന്നു.
വിദൂരമായ ഓർമ പോലും
കൂർത്തു മൂർത്ത ശൽക്കങ്ങളുള്ള
വന്യജീവിയാണ്,
എങ്ങോട്ടു തിരിഞ്ഞാലും മുറിവുതന്നെ.
ശിരസ്സിൽ തീ നാളവുമായി നിൽക്കുന്ന
മെഴുകു പ്രതിമ പോലവൾ,
ഓരോ സംഗമരാത്രിയിലും
അനുനിമിഷം ഉരുകുന്നവൾ.
കണ്ണിൽനിന്നൂർന്നിറങ്ങുന്ന തീജലം
ഉപമകളില്ലാത്ത
അവളുടെ മുലകളെ ദ്രവിപ്പിക്കുന്നു .
കൈവിരുതുള്ള ശില്പികൾ
അവളുടെ ഉൺമയറിയുന്നു.
മയിലും മാനും കുയിലും
കാറ്റും കടലും മഴയും
അവളിൽ നിന്നു മെനയുന്നു.
അനുനിമിഷം കണ്ണാടിയതു പകർത്തുന്നു.
പാതി കണ്ണടച്ചു നോക്കുമ്പോൾ
പൂത്തുലഞ്ഞ പൂവാടി കാണുന്നു.
നേരേ മദിക്കും കാട്ടരുവി കാണുന്നു.
നീലച്ചുഴികളുള്ള ആകാശച്ചെരുവിലിരുന്ന്
അവൾ, നീണ്ട വിരൽ നഖങ്ങളിൽ
ചുവന്ന ചായം പുരട്ടുന്നതും കാണുന്നു.
അവന്റെ ലോകം തലകീഴായ്മറിയുന്നു.
രണ്ടു കണ്ണുമടച്ചിരിക്കുമ്പോൾ
കണ്ണാടി ഊറിച്ചിരിക്കാൻ തുടങ്ങും.
അതീവ സുന്ദരമായതെല്ലാം
അവസാനത്തേക്ക് മാറ്റിവെയ്ക്കുന്ന
വിഡ്ഢിയായ കാമുകനെ കുറിച്ചോർത്ത്
കണ്ണാടി കരയാൻ തുടങ്ങും.
ഉടലിന്റെ ഏഴാമത്തെ ആവരണത്തിലെത്തുമ്പോഴേക്കും
മരിച്ചു പോകുന്നവനെയോർത്ത്
കണ്ണാടി വിലാപഗീതമാലപിക്കും.
ഇനിയവളുടെ യാമമാണ്.
രാത്രി രാത്രി വിടരുന്ന പൂക്കളെല്ലാം
വിടർത്തിയിട്ടവൾ നൃത്തം തുടങ്ങും.
പാതിയുരുകിയ മെഴുകു ശിൽപം
പതിനൊന്നാമത്തെ മണിക്കൂറിലെ
ചക്രവർത്തിനിയാകും.
അവൾക്കു വേണ്ടി പൂർണചന്ദ്രൻ മേഘങ്ങൾക്കിടയിൽ നിന്നിറങ്ങി വരും.
ചുറ്റും സംഗീതമുണ്ടാകും,സുഗന്ധവും.
അവൾ അപാരസുന്ദരമായ നടനം തുടരും’.
കിടപ്പുമുറിയിലെ കണ്ണാടിയിലെ
ഓരോ താളിലും അവളുടെ പകർപ്പുണ്ട്.
അവതാരകഥയിലെന്ന പോലെ
അവളുടെ പ്രസക്തഭാഗങ്ങളുണ്ട്.
ഉന്മാദം കലർന്നവൾ ഒഴുകി മറഞ്ഞ
നിഴൽപ്പാടുണ്ട്,
ഒന്നമർത്തിത്തുടച്ചാൽ കാണാം,
നിങ്ങളുടെ കണ്ണാടിയിൽ അവളുണ്ട്.

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…