ഒരു വാഹനത്തെ
മറികടക്കുമ്പോൾ
തലയടിച്ചു വീണ്
ചോര വാർന്ന്
റോഡിൽ കിടക്കുമ്പോൾ
ഊഹം ഒരു മീറ്റർ
തെറ്റിപ്പോയെന്ന്
മനസ്സിലാകുന്നു.
കാര്യസാധ്യത്തിനായി
നട്ടെല്ലു വളച്ച് – പിന്നീട്
നിവരാൻ പറ്റാതായപ്പോഴാണ്
തൊണ്ണൂറ് ഡിഗ്രിയെന്ന
കണക്ക് മാറിപ്പോയത്.
കറൻസി എണ്ണുമ്പോൾ
ചുറ്റുമുള്ളതൊന്നും
കാണാനാകാത്ത
അവസരത്തിലാണ്
കുഞ്ഞി കൈകളിൽ
അബാക്കസിന്റെ കണക്ക്
തെറ്റിപ്പോയതറിയുന്നത്
പിണങ്ങിപ്പോക്കുകൾ
പലപ്പോഴും
അനുരാഗച്ചിലവിന്റെ
കണക്കുകൂട്ടൽ
തെറ്റിക്കാറുണ്ട്.
കൂട്ടിക്കൂട്ടി വരുമ്പോൾ
കണക്ക് കുറയുന്ന പ്രതിഭാസം
ആയുസ്സിലും കാണുമ്പോൾ
ഇതിനെയിനി
കണക്കു കുറക്കൽ
എന്ന് വിളിച്ചു കൂടെ?