ചരൽ വിരിച്ച
രാത്രികളിൽ
ബ്ലീഡിംഗ് ഹാർട്ട് വൈൻ പടർന്ന് പൂത്തു കിടന്നു
അവളോരോ പൂക്കണ്ണികൾ നോക്കി
സ്വപ്നങ്ങളുടെ ഇലയിൽ ചുംബിച്ചുകൊണ്ടിരുന്നു
അതേ നേരത്താണ് നെഞ്ചിൽ
ഇടിമിന്നൽ തട്ടിയത്
വേദനയുടെ പെരുമഴയിൽ
കുതിർന്നമർന്നത്..
പക്ഷേ അധികനേരമൊന്നും കിടക്കാനാവില്ല
കണ്ണ് തുറക്കണം
സ്വപ്നം ഉപേക്ഷിക്കണം
ഒന്നുമില്ലെന്ന ഭാവത്തിൽ
ചായ പാത്രത്തിൽ
വെള്ളം നിറയ്ക്കണം
അല്ലെങ്കിത്തന്നെ പെണ്ണേ..
നീയങ്ങനെ ഒന്നിനോടും
ഒരിക്കലും
ജയിക്കാറില്ലല്ലോ
ജയിച്ചതായി ഭാവിച്ചു
ജീവിച്ചു പോരുകയാണല്ലോ.
വേദനയും
സ്വപ്നവും
മടുപ്പും ഒന്നും
കടന്ന്
നിനക്കൊരു ജയമില്ലല്ലോ
ഇന്നലെ മുഴുവൻ
അതല്ലെങ്കിൽ
ഏതൊക്കെയോ ചില ദിവസങ്ങളിൽ
ഉള്ളിൽ കൊണ്ടു നടക്കാറുള്ള
ചില നിശ്ശബ്ദകളില്ലേ പെണ്ണേ…?
അതിനെ ഭേദിക്കാൻ
ആരെങ്കിലുമൊരു
പാത്രം വലിച്ചെറിഞ്ഞിരുന്നെങ്കിലെന്ന്
ഒരു തുണി കുടഞ്ഞു വിരിച്ചെങ്കിലെന്ന്
വെറുതേയെങ്കിലും ചിന്തിച്ചു
പിഞ്ചി പോയിട്ടില്ലേ
നീ
എനിക്കിനി വയ്യ ഇങ്ങനെ ജീവിക്കാനെന്ന്
ഒച്ചയില്ലാതെ പറഞ്ഞു കൊണ്ട്
മുടിയൊതുക്കി, നെറ്റി പൊത്തി
തലവേദനയുടെ മാളത്തിലേക്ക് കയറി
വാതിലടയ്ക്കുമ്പോൾ
ഒളിച്ചിരിക്കാനും
തിരിച്ചുവരാതെ ഇറങ്ങി പോകാനും
ചിന്തിക്കാൻ മാത്രം ശീലിച്ചു പോയവരായി കിടന്നുറങ്ങി പോകുന്ന
ഞാനും നീയുമൊക്കെ
ഇനിയും
എങ്ങനെ ജയിക്കാനാണ്
നിനക്ക് എന്തിന്റെ കുറവാണെന്ന് ചോദിക്കുന്ന ചോദ്യങ്ങളോട്
വീണ്ടും പുഞ്ചിരിക്കുന്നു
ദോശയ്ക്ക് ചമ്മന്തി തയ്യാറാക്കുന്നു
വലിയ ചുവന്ന പൊട്ട് നോക്കി
എന്ത് ബോറാണെന്ന് പറയുന്നതിനെ സ്നേഹമായി കണ്ട്
കറുത്ത കുഞ്ഞുപൊട്ടിലേക്ക് എടുത്തുചാടികൊണ്ട്
ജനാലകളിൽ ചെടികൾ പടർത്തുകയും
ഡ്രീംക്യാച്ചറിന്റെ തൂവലുകൾ
മിനുക്കുകയും ചെയ്യുന്നു.
ആളനക്കം ഇല്ലാത്ത മുറിയുടെ
ചുമരുകളിൽ
നീയൊരു മൂളിപ്പാട്ട്
പതിച്ചു വയ്ക്കുന്നു.
പത്രവാർത്തയിലെ
പുസ്തകമേളയുടെ
ചിത്രങ്ങൾ വെട്ടി
അലമാരയ്ക്കുള്ളിൽ
ഒളിച്ചു വയ്ക്കുന്നു
ഒരിക്കലുപേക്ഷിച്ച
നൃത്തങ്ങളുടെ
താളത്തോടെ
തല ചലിപ്പിക്കുകയും
കണ്ണ് വിടർത്തുകയും
ചെയ്യുന്നു
മുടിയൊതുക്കി വച്ചു കെട്ടുന്നത്
അന്തസ്സായി കരുതുന്നു
ഷാളിനെ വിരിച്ചിട്ട്
അഭിമാനം കാക്കുന്നു.
കറികത്തി കൊണ്ടു മുറിഞ്ഞ
വിരലിനെ
ചുണ്ടോട് ചേർത്തൊളിപ്പിക്കുന്നു
ഹാ…
നിന്റെ വിജയങ്ങൾ പെണ്ണേ
ഒരിട തോൽക്കാൻ അനുവദിക്കാതെ
നിന്നെ
നയിച്ചു കൊണ്ടോടുന്ന ജയങ്ങൾ
നീ ഒറ്റയ്ക്കെങ്ങും പോകില്ല
നീ ഉറക്കെ സംസാരിക്കില്ല
ചോദിച്ചുറപ്പിച്ചു അനുവാദം തേടാതെ
ഒന്നും പറയില്ല
നിനകങ്ങനെ ഇഷ്ടമൊന്നുമില്ല
എന്തായാലും മതി,
അത് മനോഹരമായി നീ ഇടയ്ക്കിടെ
പറയും
“എനിക്ക് എന്തായാലും മതി”
എത്ര മനോഹരമായാണ് പെണ്ണേ
നീവാഴ്ത്തപെട്ടവളാകുന്നത്
പിന്നെയും
ചില ഉച്ചയുറക്കങ്ങളിൽ
നീ സ്വപ്നം കണ്ടു നോക്കാറില്ലേ
അലക്കുകല്ലിനപ്പുറം നിന്ന്
കണ്ണു തുടയ്ക്കാറില്ലേ
അത്താഴപാത്രങ്ങൾ കഴുകിയടുക്കുമ്പോൾ
ചിരിച്ചു നോക്കാറില്ലേ
കിടക്കവിരി കുടയുമ്പോൾ
ദൂരെയൊരു ദേശത്തേയ്ക്ക്
നീ പറന്നു പോകുന്നത്
നോക്കി നിൽക്കാറില്ലേ
ചുട്ടു നീറുന്ന ഉടൽ നേരങ്ങളുമെടുത്തു
കുളിമുറിയിൽ
പോയി
വിതുമ്പി നോക്കാറില്ലേ
ആ… നിനക്കെന്തിഎൻ്റെ
കുറവാണ്
അല്ലേ പെണ്ണേ