അക്ഷരങ്ങളാൽ
കടലാഴങ്ങളെ തഴുകുന്നവളെ
ഒന്നു കേൾക്കണം,
ഒരു മഞ്ഞുമലയുരുകി
അവൾ പുഴയാകുന്നത് കാണാം.
സ്വപ്നങ്ങളാൽ പ്രണയഭൂമിക
തീർക്കുന്നവളുടെ മിഴികളിൽ
നോക്കണം,
പ്രണയദൂതികളായ
ഹംസങ്ങൾ ഉന്മത്തരായ്
തുടിച്ചുയരുന്നതു കാണാം.
എഴുത്തുമേശയിൽ
തലചായ്ച്ച് ഋതുഭേദങ്ങളെ വരവേൽക്കുന്നവളുടെ കരങ്ങളെ അമർത്തി പിടിക്കണം,
പേനത്തുമ്പിനാൽ വസന്തത്തിന് നിറക്കൂട്ടൊരുക്കുമവൾ.
നീർമുത്തുകളാൽ
കാവ്യഹാരം തീർക്കുന്നവളെ
മാറോടു ചേർക്കണം,
തുരുമ്പിച്ച തന്ത്രികളിൽ നിന്നും മൗനാനുരാഗത്തിൻ്റെ മേഘമൽഹാർ നിങ്ങളുടെ നെഞ്ചിൽ
പെയ്തു ശാന്തമാകും.