
രാവിലെയുറക്കമുണർന്നപ്പോൾ പപ്പയെ കാണാതെ മകൾ
അകത്തും പുറത്തും തൊടിയിലും നോക്കി
പപ്പാ പപ്പായെന്നു വിളിച്ചപ്പോഴെല്ലാം ഒരു ചിറകടി ശബ്ദം മാത്രം കേട്ടു
അങ്ങനെയങ്ങനെ പപ്പയെ തിരഞ്ഞു നടക്കവേ മുറ്റത്തെ തൈമാവിൻ ചില്ലയിൽ പക്ഷിയേപ്പോലെയിതാ പപ്പയിരിക്കുന്നു
പപ്പയുടെ മുതുകിൽ രണ്ടു ചിറകുകൾ മുളച്ചു വന്നിരിക്കുന്നു ,
ചുണ്ടുകൾ കൊക്കുകളുടേതുപ്പോലെ നീണ്ടു വന്നിരിക്കുന്നു ,
കണ്ണുകൾ മൈനയുടേതുപ്പോലെ ചുരുങ്ങിയിരിക്കുന്നു ,
കൈകളോ ചിറകുനുള്ളിൽ ഒതുങ്ങിയിരിക്കുന്നു ,
രണ്ടു കാലുകൾ പർവ്വതങ്ങളിലെ പക്ഷികളുടേതുപ്പോലെ കുർത്ത നഖങ്ങളോടു കൂടി ചില്ലകളിൽ അള്ളിപ്പിടിച്ചിരിക്കുന്നു ,
ഒറ്റ രാത്രിയിൽ പപ്പ മനുഷ്യനിൽ നിന്നും പക്ഷിയിലേക്ക് പരിണമിച്ചിരിക്കുന്നു ,
പപ്പാ പപ്പാ യെന്നുള്ള വിളികൾ
പപ്പ കാതോർക്കുന്നതേയില്ല
പക്ഷേ
ഉള്ളിലഗാധമായ മകൾ സ്നേഹത്തിന്റെ ഉൾവികളിപ്പോഴുമുള്ളതുകൊണ്ടാവാം പപ്പ ഉടലനക്കുന്നത്
തൈമാവിൻ ചുവട്ടിലിരുന്ന് രണ്ട് കൈകളുയർത്തി പപ്പാ പപ്പായെന്ന് പിന്നേയും പിന്നേയുമുള്ളവളുടെ കരച്ചിൽ കേട്ട് പപ്പ ചില്ലയിൽ നിന്നും ചില്ലയിലേക്കും മരങ്ങളിൽ നിന്നും മരങ്ങളിലേയ്ക്കും പറന്നു പറന്നകന്നു
പപ്പയെ തേടി തേടി ആകാശത്തിൽ വേര് പിടിച്ചവളുടെ കണ്ണും മനസ്സും തളർന്നു
കാർമേഘങ്ങൾ ഉരുണ്ടുകൂടി
സൂര്യൻ പടിഞ്ഞാറസ്തമിച്ചു
ചുറ്റും ഇരുട്ട് പടർന്നു
പക്ഷികളെല്ലാം കൂടണഞ്ഞു
ആകാശത്തോടും ചന്ദ്രനോടും നക്ഷത്രങ്ങളോടും നിലാവിനോടും കാറ്റിനോടും മഴയോടും അവൾ പപ്പയെ തിരക്കി ,
ഉത്തരമില്ലാത്ത രാത്രിയിൽ
ആകാശത്തിന്റെ നിഗൂഢതകളിലേയ്ക്ക് ചേക്കേറിയ പപ്പപക്ഷിയെ നോക്കി ഒരു കുഞ്ഞിക്കിളി ഒരു പക്ഷി ദൂരത്തിൽ കാത്തിരിക്കുന്നു.
One Response
Thanks