ചിലരെ കുറിച്ചാണ്!
ചില ഭ്രാന്തിപ്പെണ്ണുങ്ങളെപ്പറ്റി.
നേരങ്ങൾക്കനുസൃതം ചിത്തമാറ്റം സംഭവിക്കുന്നവരെപ്പറ്റി.
മേൽപറഞ്ഞ പെൺ സമൂഹം,
തൻ്റെ ഉള്ളിൽ വാഴ്ന്ന് ചാവുന്ന
പെൺപ്രേതങ്ങളെ ദിനമെന്നോണം പരിചയപ്പെടുന്നവരത്രേ!
ത്യാഗം ചെയ്യാത്തവരാണിവർ.
സ്ത്രീത്യാഗത്തെപ്പറ്റി നേരിയ അറിവുപോലും ഇല്ലാത്തവർ!
അവർ തങ്ങളെ തന്നെ മറ്റൊരു ഗ്രഹമായി കാണുന്നു.
തന്നെ പോലൊരുത്തി
രതിയിലേർപ്പെടുന്നത് കാണാൻ ഇവർ കൊതിക്കുന്നു.!
പുകവലിക്കാൻ തോന്നും മുറയ്ക്ക് അതു ചെയ്യുന്നു.!
ഇവരുടെ ഹൃത്തടം മുഴുക്കെ കറുത്തിട്ടാണത്രേ.
ഭ്രമിപ്പിക്കുന്ന കടും കറുത്ത പൂച്ചപ്പെണ്ണിനേയും,
വളരെ പതിഞ്ഞു പറന്നകന്ന കറുത്ത വൈകും നേരത്തെ വാവലിനെയും
നോക്കി നിൽക്കുന്നവർ.
സ്വയം നഷ്ടപ്പെടുന്നവർ.
ഇക്കൂട്ടർ നേരിയ നിലാവെളിച്ചത്തിൽ ചില നേരത്ത് അസ്സൽ കവിതകളെഴുതും.!
തൂലികത്തുമ്പോ ഏടോ തന്നെയോ ഇവർക്ക് കാണേണ്ടതില്ലത്രേ!
സ്വപ്നസഞ്ചാരി മാത്രമായോ ഉന്മാദമെന്ന മൂർഛയിലോ ഏതുനേരത്തും ഇവരെത്തിപ്പെടാം.
ബിംബസമാനമായി
സ്വപ്നങ്ങളെ ഇടയ്ക്കെപ്പെഴോ കൊത്തിവച്ചവർ!
ത്യാഗിയല്ലാത്ത-
നിമിഷാർത്ഥങ്ങളിൽ
ലക്ഷ്യസ്വപ്നങ്ങൾ മാറുന്നവർ!
ഈ വിധം പെണ്ണ് അവനവനെ തന്നെ ജീവിയായേ കാണുന്നുമില്ലാത്ത
വല്ലാത്തൊരു പാതയാണ്.!
അല്ലെങ്കിലും എന്തിനാണിങ്ങനെ പെണ്ണിനെപ്പറ്റി എഴുതുന്നത്?
എനിക്കറിഞ്ഞ് കൂടകേട്ടോ!
ഞാനെന്ന പെണ്ണ് ഇനിയും എത്രയെത്ര എന്നെ തന്നെ കണ്ടെത്തുമെന്ന്!!
പാപപുണ്യങ്ങൾ വിഹരിക്കാത്തിടത്ത്
ഇടതുകാൽ മണ്ണിൽ കുത്തി ഉച്ചത്തിൽ അടങ്ങാതെ ചിരിച്ച് ആകാശ ചെരുവിലേക്ക് ഊഞ്ഞാലാടുന്നവളാണ് ഞാൻ!!
ഉമ്മവെച്ചുമ്മവെച്ച് ശത്രുവിനെ ഉറക്കുവാൻ ഈ നിമിഷം എനിക്കു കൊതിയുണ്ട്!
പെണ്ണെന്ന സ്വത്വം ഭ്രമിപ്പിക്കുന്ന അഴകാണ്!
ഈ ഭ്രമം രഹസ്യമായൊളിപ്പിച്ച് വെറുമൊരു ഭ്രാന്തൻ മനുഷ്യനായി ഇവിടെ വിഹരിക്കുന്ന അവളുമാരേ., ആകാശത്താഴ്‌വാരത്ത് ഒരു ദിനം ഞാൻ നിങ്ങളെ കാണും!
3 Responses
🥰💯
❤︎💯
🥰🥰🥰