സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉടൽച്ചൊരുക്ക്


കല സജീവൻ


നിന്നെയോർക്കുമ്പോഴാണ്
എനിക്ക് ഉടൽച്ചൊരുക്കുണ്ടാകുന്നത്.
കടലുപ്പു പിടിച്ച കാറ്റു പായകളൊതുക്കി
നീയെന്റെ ആഴങ്ങളിൽ നങ്കൂരമിടുന്നു.
ഏഴു വൻകരകളിലെ
അതിസുന്ദരികളായ ശരീരവിൽപനക്കാരികളുടെ
തീവ്രരതിഗന്ധങ്ങൾ
നിന്റെ കണ്ണീരാൽ കഴുകിക്കളഞ്ഞ്
എന്നെ പ്രണയിക്കാൻ തുടങ്ങുന്ന നേരത്താണ് ആകാശത്ത്
ആദ്യത്തെ കിനാവുദിക്കുന്നത്.
മരത്തുഞ്ചത്ത് ഞാത്തിയിട്ട നക്ഷത്രങ്ങളിൽ
കാറ്റു പിടിക്കുമ്പോൾ
മഞ്ഞു മാസമാണല്ലോ എന്ന് ഞാനോർക്കുന്നു –
അല്ല മധുമാസമെന്ന് നീ തിരുത്തുന്നു.
കടൽ കടന്നു വന്നവന്റെ ശരീരഗന്ധമേറ്റ്
ഞാൻ കുനിഞ്ഞിരുന്ന് ഓക്കാനിക്കുന്നു:
എനിക്ക് ഉടൽ ചൊരുക്കുണ്ടാകുന്നു.
അതു വരെ ജീവിച്ച ജീവിതങ്ങളൊക്കെയും
ഞാൻ കുടഞ്ഞിടുന്നു.
തൊണ്ടക്കുഴിയിൽ കൈവിരലിട്ട്
പ്രാണന്റെ ഒടുവിലത്തെ ഞരമ്പു കൂടി പറിച്ചെറിയുമ്പോഴാണ്
ഞാൻ സ്വസ്ഥയാകുന്നത് .
കുനിഞ്ഞിരിക്കുന്ന എന്റെ പുറത്ത്
നീ തടവിത്തരുന്നു.
എനിക്ക് ആദ്യത്തെ രതിമൂർച്ഛയുണ്ടാകുന്നു.
പതിവുകാരന്റെ കൊട്ടയിലെ
പലവക മീനുകൾക്കിടയിൽ നിന്ന്
ഒരു നക്ഷത്രമൽസ്യത്തെ കിട്ടിയ
പെൺകുട്ടിയുടെ ആഹ്ലാദത്തോടെ
ഞാൻ ചിരിക്കുന്നു –
ഒരു രഹസ്യം പറഞ്ഞോട്ടെ. –
ഇനിയാണ്
ഞാനതിനെ
ചില്ലു കുപ്പിയിലിട്ട്
ജീവൻ വെപ്പിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…