ഞാനയാളിലെ സത്യത്തെ മാനിച്ചൂ;
അയാളുടെ ചങ്കൂറ്റത്തെ മാനിച്ചു;
അയാളുടെ സഹനത്തെ മാനിച്ചൂ;
അയാളിലെ മുറിപ്പാടുകളെ മാനിച്ചു;
അയാളുടെ മറവിരോഗത്തെ മാനിച്ചൂ;
അയാളിലെ സാന്ത്വനഭാവത്തെ മാനിച്ചു;
എന്നാലുമൊരുനാൾ അയാളുടെ മുരടൻ സ്വഭാവത്തെ എനിക്കവഗണിക്കാൻ പറ്റാതായീ;
‘അയാൾമാത്രം ശരി’ എന്നുള്ള അയാളുടെ ചിന്തയെ,
അവഗണിക്കാൻ പറ്റാതായീ;
അയാളിലെ സ്നേഹമില്ലായ്മയെ അവഗണിക്കാൻ പറ്റാതായീ;
അയാൾക്ക് വേണ്ടിവന്ന ചെറുത്തുനില്പുകൾ,
അയാളിൽ വീഴ്ത്തിയ
കറുത്ത നിഴലുകളെ
അവഗണിക്കാൻ പറ്റാതായീ;
അയാളിലുള്ള നന്മയുടെ തീവ്രത പോലെത്തന്നെ തീവ്രമായ,
തിന്മാഭാവങ്ങളെ അവഗണിക്കാൻ പറ്റാതായീ;
സ്നേഹനിമിഷങ്ങൾ മുഴുവൻ മറവിക്ക് വിട്ടുകൊടുത്ത്,
സ്വയംവേദനിച്ച സന്ദർഭങ്ങൾ മാത്രം ഓർമ്മിച്ചുവെക്കുന്ന
അയാളുടെ പ്രകൃതത്തെ അവഗണിക്കാൻ പറ്റാതായീ;
കുടഞ്ഞെറിഞ്ഞു ഞാൻ, തന്റേടത്തോടെ!
അന്നു ഞാൻ സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞു.
- June 4, 2022
- കവിത
ദീപ വിഷ്ണു