വാതിലുകളെത്ര നാം താണ്ടണം
വരമീ ജീവിതമൊന്നൊഴിയാൻ.
വാതിലിതെത്ര കേണു വിളിയ്ക്കണം
വരമീ ജീവനിലൊന്നണയാൻ.
വറുതികളെത്ര കണ്ടീടണം
അറുതിയതൊന്നു മറഞ്ഞീടുവാൻ.
അറിയാത്ത വഴികളിൽ
തെളിയാത്ത രേഖയിൽ
തെളിയുന്ന പാതയെ
തേടിയലയുന്നു നാം.
വരൾച്ചയിലൊരു വിത്തുപാകി
പ്രതീക്ഷതൻ മഴച്ചാറലിറ്റിച്ചു
ചിന്തകൾ കുടിച്ചു വറ്റിച്ച രാത്രി-
കളിനിയെത്ര കാത്തീടണം;
വിടരുമാ ഞെട്ടിനെ
വാടാതെ വീഴാതെ
തളരാതെ നോക്കീടുവാൻ..
വിടരുമാ കലികകളിനിയെത്ര
വേനൽ കലികളേറ്റിടേണം
പാരം തളർന്നാശു നിപതിച്ചീടവേ
പാദങ്ങളെത്ര നീ താങ്ങീടേണം.
വണ്ടികാളകളിവരിനിയെത്ര
നോവുകളേറ്റിടേണമീ
ജീവിതനുകമേറ്റു തളർന്നു-
യിടറി വീണുഴറിടേണം.
വഴികൾ; നീളും പാതകളിനി-
യെത്ര വളവും തിരിവും
തിരഞ്ഞു കൊണ്ടിനിയേതു
ദിക്കോർത്തു നടന്നീടേണം.
വഴിവിളക്കണഞ്ഞു പോയ്
ഇരുൾപെറ്റ മക്കൾ കൂട്ടായ്
നിഴൽ തെക്കോട്ടു നടന്നീടവേ
നിരതെറ്റിയാ ചിന്തകളിൽ
ചിതൽ തിന്ന ഓർമ്മച്ചിറകുകൾ
ചിതയോളം ചെന്നു കരിഞ്ഞീടണം.
One Response
നല്ല കവിത