അതെ, ഞാൻ പാടുന്നു
ജോസെ റെഗിയോ
അതെ ഞാൻ പാടുന്നു,
അതാണെന്റെ ഭാഗധേയം
പക്ഷേ ഞാൻ പാടുന്നതു തീപ്പിടിച്ച ഒരു കെട്ടിടത്തിൽ എല്ലാവരും മറന്നിട്ടുപോയ ഒരു കുഞ്ഞു വെണ്മാടത്തിൽ ഇറുക്കിപ്പിടിച്ച് അലമുറയിടുന്നതു
പോലെയാണ്
താഴെ നാൽക്കവല വിജനമാണ്, മേലേ ആകാശം അദൃശ്യമാണ്
വെണ്മാടം അവ്യക്തമാം വിധം ഉയരെയാണ്
കോവണിപ്പടികൾ പൊടിയും ചാരവുമായി മാറിക്കഴിഞ്ഞു കിറുക്കുപിടിച്ച അടിത്തറ പൊട്ടിത്തകരുകയാണ്
വേദനയുടെ അലമുറ മാത്രം അകലത്തിൽ ഒരു പ്രതിധ്വനി കുത്തിത്തുളയ്ക്കുന്നു ….
ആരും അവനെ രക്ഷിക്കാനെത്തുന്നില്ല. എനിക്കറിയാം ആരും വരുന്നില്ലെന്ന് ആരും ആരും
എന്നെക്കൊല്ലുന്ന ഏകാന്തത എനിക്കു സഹായഹസ്തം നീട്ടുന്നു, കരുണാമയമായ ഒരു നോട്ടം കൈമാറുന്നു
അതെന്നെ വിഭ്രാന്തിയിൽ നിന്നു മോചിപ്പിക്കുന്നു ….
പക്ഷേ എത്രയോ കൂടുതൽ നന്നായി ഞാനറിയുന്നത്
എത്രയോ കൂടുതൽ അഗാധമായി വിശ്വസിക്കുന്നത്
അകലങ്ങളിൽ മുഴങ്ങുന്ന ആ പ്രതിധ്വനിയെയാണു ….
അതിനാൽ ഞാൻ കൂടുതലുറക്കെ കൂടുതൽ നന്നായി പാടുന്നു,!