സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു കവിതകള്‍


ഫർബീന നാലകത്ത്


ഇരുട്ട്

തൊടുമ്പോള്‍ മാത്രം
തിരികെ എത്താന്‍
ഞാന്‍ നിന്റെ കൂടല്ല.
നിന്റെ ചിറകടികളിലേക്ക്
മാത്രം കണ്ണുതുറന്ന
ആകാശമായിരുന്നു.

ഇടയ്ക്ക്
എടുത്തൊന്ന്
താലോലിക്കാന്‍ ഞാന്‍,
കൗതുകം കൊണ്ട്
നീ താളില്‍ ഒട്ടിച്ചുവെച്ച ഇലയല്ല.
നിന്റെ അക്ഷരങ്ങളാല്‍
മാത്രം എഴുതിതീര്‍ന്ന
പുസ്തകമായിരുന്നു.

സന്തോഷം
വരുമ്പോള്‍
യാത്രപോവാന്‍
ഞാന്‍ നിന്റെ പ്രിയപ്പെട്ട ഇടവുമല്ല.
സ്‌നേഹത്തിന്റെ
ചുരം കയറിവന്നിട്ടും
സഞ്ചാരിയുടെ
പാദം തൊടാത്ത
മണ്ണായിരുന്നു.

വെറുതെ
അരുമയോടെ
നോക്കി ഇരിക്കാന്‍
ഞാന്‍ ചില്ലുകൂട്ടില്‍ അടച്ചു
നീ വളര്‍ത്തിയ വെളളിമത്സ്യമല്ല.
സ്വാതന്ത്ര്യത്തിന്റെ
കടലിനെ മറന്ന്
നിന്റെ കരളിനെ പുണര്‍ന്ന
പുഴയായിരുന്നു.

ഒറ്റയ്ക്ക്
കൈകളില്‍
ഭാരങ്ങള്‍
ഒതുക്കിപ്പിടിക്കാന്‍
കഴിയാതെയാവുമ്പോള്‍
തോളിലേറ്റാന്‍
ഞാന്‍ നിന്റെ സഞ്ചിയല്ല.
കരാര്‍ എഴുതാതെ
കൈപിടിച്ച
ജീവിതത്തിന്റെ
പങ്കുകാരിയായിരുന്നു.

ഇനി
എനിക്ക് ശേഷം
എന്നിലേക്ക്
പൂക്കളെ കൊഴിച്ചിടാന്‍
ഞാന്‍ നിന്നെ നട്ടുപിടിപ്പിച്ച
പരേതയായ വീട്ടുടമസ്ഥയുമല്ല.
മരണക്കിടക്കയിലും
മറവിപുരളാതെ
അവസാനത്തെ
ഒരു തുളളി
ജലം എന്നപോല്‍
നിന്നെ മാത്രം അന്വേഷിച്ച
നിന്റെ പ്രണയമായിരുന്നു.


പാഠം ഒന്ന്: അടിമകളുടെ ചരിത്രം.

ഓണത്തിന്റെ പത്തവധിയും
കുളിച്ചു കേറി ഒരുങ്ങിയുടുത്തൊരു
തിങ്കളാഴ്ച്ച നാലാം പിരീയഡിലാണ്
വളച്ച ചൂരലും കെട്ടിയ പേപ്പറും മടക്കി
വിരട്ട് ചൂടൻ കണക്ക് മാഷ്
കലിപ്പ് കാട്ടി കേറിവന്നത്.

ഞാനപ്പോൾ ഏഴാം ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്ന
കൂറകറുപ്പുളള ചുരുണ്ട മുടിച്ചി.

എന്റെ മുത്തപ്പോയ്
എന്നെ ജയിപ്പിക്കണേ..
എന്റെ ദേവ്യയ് ബെല്ലിപ്പോൾ അടിക്കണേ..
അടുത്തിരുന്ന് അശ്വതി ജപിച്ചുവിയർത്തു.

നിനക്ക് പേടിയില്ലേടിയെന്ന്
പൈഥഗോറസും ആർക്കമെഡിസും
എന്റെ ചെവിക്കുളളിൽ കൂക്കി.
നിങ്ങളെന്റെ കൂട്ടക്കാരെന്നും
പറഞ്ഞു ഞാനവരെ പിടിച്ചു മടിയിലിരുത്തി.

ഇനിയാർക്കേലും പേപ്പർ കിട്ടാനുണ്ടോന്ന്
ചൂടൻ മാഷ് ചൂരൽ മേശയിലടിച്ച് പെരുമ്പറകൊട്ടി.
നിനക്ക് കിട്ടിയില്ലല്ലോന്ന് അശ്വതി.
ഞാനെണിറ്റൂ.
എൺപത്തിനാല് കണ്ണും
ചൂരൽ തുമ്പും എന്നെനോക്കി.

എനിക്കാണ് ഏറ്റവും കൂടുതൽ
മാർക്കെന്ന് മാഷ്.
എല്ലാവരും ഓമനിച്ചു വളർത്തുന്ന വെളുത്ത
മുയലിനേക്കാൾ മാർക്ക് .

ഒരു ചെറുചിരി മൊട്ടും
എന്റെ ചുണ്ടിൻ പൊട്ടും മുന്നേ
കൈകൾ നീട്ടാൻ അയാൾ.
നിർത്താതെ അടികൾ..
കോപ്പിയടിച്ചതാണെന്ന്.
അല്ലെന്ന് ഒച്ചയിട്ടപ്പോൾ
മറുതലം പറഞ്ഞതിൻ
തലങ്ങും വിലങ്ങും വീണ്ടും
ആഴത്തിൽ അടിയുമ്മകൾ.
കണ്ണിൽ നിന്നും മലവെള്ളപ്പാച്ചിലോട്ടം.

എന്തിനാണ് ഞാൻ കരയുന്നത്!
വേദന കൊണ്ടാണോ!!
അല്ല.
ചെയ്യാത്ത കുറ്റത്തിന്റെ വിഴുപ്പ് കെട്ടാണ്,
തല നിറയെ,
കൈനിറയെ ,
കൺ നിറയെ.
പിന്നെ ഞാൻ മിണ്ടിയില്ല.

അതിനു ശേഷമാണ്
സാമൂഹ്യപാഠത്തിലെ
അടിമകളുടെ ചരിത്രമെല്ലാം
വായിച്ചു നോക്കാതെ എനിക്ക് മനസ്സിലായത്.

അതിനു ശേഷമാണ്
മലയാളം ടീച്ചർ പറയുന്ന
അവസാന ബെഞ്ചിലെ ടോർച്ചടിച്ചാൽ കാണുന്ന ആത്മാവ് മാത്രമായി ഞാൻ പരിണമിച്ചത്.

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…