
ബാല്യവും കൗമാരവും മനസ്സിൽ കോറിയിട്ട മായാത്ത ചിത്രങ്ങളുടെ ഓർമ്മമഴയിൽ നനഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നവൾ എന്ന് പറയുന്നതാവും ഉചിതം. കുട്ടിക്കാലത്തെ ഏകാന്തതയാവാം ഒരു പക്ഷെ എന്നെ നിറങ്ങളോട് അടുപ്പിച്ചത്. എന്റെ ചിത്രങ്ങളെല്ലാം നിറങ്ങളാൽ സമൃദ്ധമാണ്, അത്രമേൽ സ്നേഹിക്കുന്നു ഞാൻ നിറങ്ങളെ. ചിത്രം വരയ്ക്കുമ്പോൾ കിട്ടുന്നൊരാനന്ദം ഒന്ന് വേറെതന്നെയാണ്. ഇടക്കാലത്തെപ്പോഴോ നിറങ്ങൾ എന്നിൽ നിന്ന് അകന്ന് പോയിരുന്നു. പക്ഷെ എനിക്കവയെ തിരിച്ച്പിടിക്കാൻ സാധിച്ചു.

സ്ത്രീയെ പലപ്പോഴും പ്രകൃതിയോടാണ് ഉപമിക്കാറ്. എന്റെ ചിത്രങ്ങളിലെല്ലാം പ്രകൃതി അല്ലെങ്കിൽ സ്ത്രി ഉൾപ്പെട്ടതാണ്. പ്രകൃതിയും സ്ത്രീയും തമ്മിലുള്ള അഭേദ്യ ബന്ധം ഇവിടെ വരച്ച് കാട്ടുന്നു. സ്ത്രീയെ സ്വാതന്ത്ര്യത്തിന്റെയും മൂല്യബോധത്തിന്റെയും മാതൃത്വത്തിന്റെയും പ്രതീകമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഓരോ ചിത്രങ്ങളും ഓരോ വികാരങ്ങളാണ്. എന്റെ മനസ്സിലെ മോഹങ്ങളും , മോഹഭംഗങ്ങളും , പ്രതിഷേധങ്ങളുമാണ് ചിത്രങ്ങളിലൂടെ വരച്ച് കാട്ടുന്നത്. അത് ആസ്വാദകർക്ക് എത്തുന്നുണ്ടോ എന്നറിയില്ല പക്ഷെ ഒരു പൂമ്പാറ്റയായി അതിന്റെ ചുറ്റുവട്ടത്തിലൂടെ പാറിപ്പറന്ന് നടക്കാൻ സാധിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

ചില ചിത്രങ്ങൾ നമ്മോട് സംവദിക്കുന്നത് പോലെ തോന്നാറുണ്ട്. ഒരു പക്ഷെ മറ്റു മാധ്യമങ്ങളെക്കാൾ ചിത്രങ്ങൾ കാണികളെ സ്വാധീനിക്കും. ചിത്രകാരൻ ഒരു ചിത്രം വരച്ച് കഴിഞ്ഞാൽ അതു പിന്നെ കാണികൾക്കുള്ളതാണ്. അവരാണ് അതിന്റെ വിധികർത്താക്കൾ . ഓരോ ചിത്രങ്ങൾക്കു പിന്നിലും ഓരോ കഥകളുണ്ട്. ചിത്രകാരൻ ആ ചിത്രം വരച്ച സാഹചര്യം, അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയം അങ്ങനെയങ്ങനെ.പ്രകൃതി ഒരു വലിയ ക്യാൻവാസാണ്. അതിൽ എണ്ണമറ്റ ചിത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട് , സൂക്ഷ്മതയോടെ നോക്കണമെന്ന് മാത്രം. അവയെ മനസ്സിലേക്ക് ആവാഹിച്ച് ബ്രഷ് ചലിക്കുകയാണെങ്കിൽ പ്രകൃതിയും മനുഷ്യനും ഇടകലർന്ന ഉദാത്തഭാവങ്ങൾ സൃഷ്ടിക്കാനാവും.
.
One Response
ചിത്രങ്ങളും ഓരോ വികാരങ്ങളാണ്. എന്റെ മനസ്സിലെ മോഹങ്ങളും , മോഹഭംഗങ്ങളും , പ്രതിഷേധങ്ങളുമാണ് ചിത്രങ്ങളിലൂടെ വരച്ച് കാട്ടുന്നത്. അത് ആസ്വാദകർക്ക് എത്തുന്നുണ്ടോ എന്നറിയില്ല പക്ഷെ ഒരു പൂമ്പാറ്റയായി അതിന്റെ ചുറ്റുവട്ടത്തിലൂടെ പാറിപ്പറന്ന് നടക്കാൻ സാധിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
“പൂമ്പാറ്റയായി പാറി നടക്കൂ ….