സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പിയത്ത

ഷാജി ആർ

1
ഹൃദയം പട പടാന്ന് മിടിക്കുകയായിരുന്നു.
കൂട്ടിൽ നിന്നും താഴെ വീണ , ചിറക് മുറ്റാത്ത പക്ഷിക്കുഞ്ഞിനെ പോലെ…ഓരോ മിടിപ്പിലും നെഞ്ചിൻ കൂടിന്റെ ദുർബലതയറിഞ്ഞ് …ഒരു മാംസ പിണ്ഡം മാത്രമായി…
മുന്നിൽ ഇരുട്ട്… അല്ല,മതിലാണ് . ഉണങ്ങിയ കരിമ്പായലുകൾ പാതി പൊട്ടിയ നഖം പോലെ കൂർത്ത് ഹൃദയത്തിൽ കോറികൊണ്ട് ! ഇരുട്ടല്ല , മതിലാണ് . ഞാനെന്തേ ഈ സ്വപ്നം വീണ്ടും കാണുന്നത് ?! കൂനിക്കൂടി ഞാൻ ഒളിച്ച് ഇരുന്നു. ആരും കാണരുതേ എന്ന് ആശിച്ച് , കുറ്റക്കാരിയാക്കല്ലെ എന്ന് കേണുക്കൊണ്ട്.
കൈകാലുകൾ തണുക്കുന്നു. മോളെ എന്ന അമ്മയുടെ വിളി കേട്ടെന്ന് തോന്നിയെങ്കിലും ഞാൻ അനങ്ങിയില്ല.ആ വിളിക്കൊപ്പം എനിക്ക് എത്താനാവില്ല . അതിന് മുൻപെ അത് എന്നെ വിഴുങ്ങും. ഞാൻ കുഞ്ഞായിരുന്നു. നാലോ അഞ്ചോ വയസ്സ് മാത്രമുള്ള… ഞാൻ ഒറ്റയ്ക്കായിരുന്നു. ആരും എങ്ങും ഉണ്ടായിരുന്നില്ല.
അമ്മ എങ്ങോ പൊയ്കളഞ്ഞു എന്ന് ഞാൻ പിന്നെ ഓർത്തു.
ഉള്ള് ശക്തിയായി ഉലഞ്ഞെങ്കിലും ഞാൻ ഓർത്തു, ഞാൻ മുതിർന്നല്ലോ…എന്റെ നിദ്രയെയും ഉണർവ്വിന്റെ ആദ്യ നിമിഷങ്ങളെയും വിഹ്വലമാക്കാൻ ഈ സ്വപ്നം വീണ്ടും വന്നതെന്തേ ? ഞാനിപ്പോൾ എവിടെയാണ് ? നനഞ്ഞ മണ്ണിന്റെ ഗന്ധം…ഇരുട്ട് നിറഞ്ഞ സുഷിരങ്ങളിൽ ചലനം… വലിയ കണ്ണുകളോടെ തള്ള പല്ലി ഉറ്റു നോക്കി. വെളു വെളുത്ത പല്ലി മുട്ടകൾ…ഞാനല്ല അത് ! ഇല്ല , ഞാനത് പൊട്ടിച്ചിട്ടില്ല …ശാപം കിട്ടും. പക്ഷെ, അത് മറ്റെപ്പോഴോ ആണല്ലോ ? ഞാനിപ്പോഴും കൂനിക്കൂടി ചുരുങ്ങി ചുരുങ്ങി വിമ്മിക്കരയുകയായിരുന്നു. വിരലുകൾ ഊർന്നു പോകുന്നു… ഒരു ഞെട്ടൽ തലയെ പിളർക്കുന്നു. മാംസത്തിൽ കുപ്പിച്ചില്ലുകൾ തറഞ്ഞു കയറുന്ന വേദന. കാലിൽ…അടിവയറ്റിൽ …വയർ വീർക്കുന്നുവോ ? അവനെ കാണുന്നില്ലല്ലോ എന്ന ഉഴറ്റോടെയാണ് , അവൻ വന്നിരുന്നെങ്കിലെന്ന ആശയോടെയാണ് ഉണർവിലേയ്ക് തൊട്ടു തുടങ്ങിയത് .ഇങ്ങനെ വൈകി വരരുതെന്ന് പറയണം . പിന്നെയാണ് ഓർത്തത് : അവനെ കണ്ടിട്ട് കുറെയായല്ലോ…അവനിവിടെ ഇല്ലല്ലോ…അവൻ പോയല്ലോ!
സ്വപ്നങ്ങൾ !! സ്വപ്നങ്ങൾ ? നിമിഷാർദ്ധങ്ങളിൽ മിന്നി തെളിഞ്ഞ് പൊലിയുന്ന സ്ഫോടനങ്ങൾ ഒരു ആധിയായി ചിന്തയിൽ പടർന്നു. കാണുന്ന സ്വപ്നങ്ങൾ എന്തൊക്കെയോ ! അപരിചിതമായ മുറികൾ…മനുഷ്യർ…തുറിച്ച നോട്ടങ്ങൾ …സീരിയലിലെ ആ തെറിച്ച പെണ്ണിന്റെ ഭാഗം അഭിനയിച്ചുകൊണ്ട് അച്ചു മോൾ…അവളല്ല അഭിനയിക്കുന്നത്. പക്ഷെ ചിലപ്പോൾ അവളുടെ മുഖം. തള്ളയേക്കാൾ കൂടുതൽ നോക്കിവളർത്തിയത് ഞാനാണ് ! അവൾക്ക് നന്നായി അഭിനയിക്കാനൊക്കെ അറിയാം. ആ നടിയേക്കാൾ നന്നായിട്ട് . ചിലപ്പോൾ വെറുത്തു പോകുന്ന രീതിയിൽ. അവളാണെങ്കിൽ നന്നാവും. നന്നാവട്ടെ !
ഉറങ്ങുകയാണ്, കണ്ണുകൾ മുറുകെ പൂട്ടി വിമ്മിക്കരയുകയാണ് ഞാൻ എന്നറിഞ്ഞപ്പോൾ മനസ് പെട്ടെന്ന് ഉണർന്നു. എന്നിട്ടും വാശിയോടെ , പ്രതിഷേധത്തോടെ ഞാൻ ബാക്കി കൂടെ കരഞ്ഞു. ഞാനത് മനക്കണ്ണിൽ കണ്ടു. ഈ വിങ്ങൽ ഒന്നടങ്ങട്ടെ. വിരിയുടെ തണുപ്പിൽ ആഴ്ന്ന് കിടക്കട്ടെ…ഞാനിതെവിടെയാണ് ? ചൂട് നിറഞ്ഞ ചിന്ത പെട്ടെന്ന് ദേഹമായി, കൈകാലുകളായി, രൂപമായി…ഇരുട്ട് നിറഞ്ഞ മുറി…കിടക്ക…ശരീരത്തിനടിയിൽ കുരുങ്ങികിടന്ന പുതപ്പ് ഒരു ശത്രുവായി…രോഷത്തോടെ , വെറുപ്പോടെ ഞാൻ ഒന്നിളകി കിടന്നു. ഇതെന്റെ കിടപ്പു മുറിയല്ലല്ലോ…നേരേ നോക്കിയാൽ കാണുന്ന വാതിൽ എവിടെ ? നെഞ്ചിലൊരു ആന്തൽ ! ഇല്ല , ഒന്നും സംഭവിച്ചിട്ടില്ല . ഓരോ ശീലങ്ങൾ ! ഓർമ്മ വെച്ച കാലം തൊട്ടേയുള്ള ഓരോ…
കൈക്കുഞ്ഞായിരുന്ന മോനെ നെഞ്ചോട് ചേർത്ത് ‘അമ്മായി’യുടെ കോലായയിൽ സംഭ്രമത്തോടെ കിടന്ന രാത്രികൾ ഓർമ്മ വന്നു.
ഒന്ന് ഉറങ്ങുവാൻ കഴിഞ്ഞെങ്കിൽ !
നേരം വെളുത്തിട്ടില്ല . ഇനിയും എത്ര നേരം ഇങ്ങനെ കിടക്കണം ? രാവിലെ ഒരു ഉറക്കം കിട്ടുന്നതാണ്. ഇന്ന് അതും ഇല്ല.
ഇരുട്ട് അലിയുന്നതും നോക്കി കിടന്നു.
ഞാൻ ഈ കാത്ത് കിടക്കുന്നത് എന്തിനാണ് ? നേരം വെളുക്കുന്നത് എന്തിലേക്കാണ് ?
ഈ പ്രഭാതങ്ങൾ എനിക്ക് വേണ്ടിയുള്ളതല്ല . വെളിച്ചം നിറയുമ്പോൾ കത്തിച്ചു വെച്ച നാളം കണ്ണിൽ പെടാതാകുന്നു . വിളക്കിലെ എണ്ണ കറുക്കുമ്പോൾ മറ്റൊരു പ്രഭാതമാകുന്നു…

2

എഴുന്നേറ്റപ്പോൾ പുളഞ്ഞു പോയി. അരക്കെട്ടിലൂടെ മിന്നലായി വേദന…ഈശ്വരാ… സ്വയമറിയാതെ , അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പോയി. അമ്മേ… ദേവീ…യേശുനാഥാ…ഗുരുവായൂരപ്പാ…അടുത്ത നിമിഷം സ്വയം ശാസിച്ചു. എന്തു ദൈവം ? ആയുഷ്ക്കാലം മുഴുവൻ ഓർക്കുകയും തേടുകയും ചെയ്തിട്ട്…?
കിതപ്പ് മാറാൻ സമയം എടുത്തു . ഇരുന്നപ്പോഴും പരിഭ്രമം അവസാനിച്ചിരുന്നില്ല. തൊട്ട് താഴെയാണ് മൂത്രപ്പാത്രം . കാലെങ്ങാനും തട്ടി അത് മറിഞ്ഞോ ? കട്ടിലിനോട് ചേർന്ന് തലയ്ക്കം ഭാഗത്തെ മേശപ്പുറത്താണ് മരുന്നുകൾ…
അശരീരിയായി ശകാരങ്ങൾ…ഹൃദയം ചുളുങ്ങി. ഉച്ചമയക്കത്തിലെന്ന പോലെ പൊരുത്തമില്ലാത്ത കാഴ്ച്ചകളിൽ കുരുങ്ങി മനസ് ഭ്രമിച്ചു . വീണ്ടും കിടക്കയിലേയ്ക്ക് ചാഞ്ഞ് വിരിപ്പിന്റെ കുളിർമ്മയിൽ നുഴഞ്ഞ് കയറാൻ തോന്നി. ആരും കാണാതെ, അറിയാതെ..അങ്ങനെ …
അതിനും കഴിയില്ല. കുറെ കിടന്നാൽ പുറം വേദനിക്കും.
നേരം വെളുത്തിരിക്കുന്നു.മുറിയിലെ മറ്റ് മൂന്ന് കട്ടിലുകളും കാണാം. വലത് വശത്തെ കട്ടിലിൽമാത്രം ഒരു രൂപമുണ്ട്. സിൽവിയാമ്മ ഉണർന്നിരിക്കുന്നു ! മറ്റുളളവരൊക്കെ പുലർച്ചയ്ക്ക് എഴുന്നേൽക്കുന്നവരാണ്. വളരെക്കാലമായില്ലെ , ഇവിടെ . പുലർക്കാലത്ത് ചാപ്പലിൽ പ്രാർത്ഥനയുണ്ട് . കന്യാസ്ത്രീകൾ എല്ലാവരും ഉണ്ടാകും. അത് കഴിഞ്ഞ് കുശിനിയിൽ കയറി ചായ കുടിച്ചെ ഇനി വരവുണ്ടാകൂ. അതാകുമ്പോൾ നേരം വെളിച്ചമാകുമ്പോൾ തന്നെ അല്പം ചൂട് വെള്ളം കിട്ടും. റോസിലിക്ക് ദയ തോന്നിയാൽ ചിലപ്പോൾ ഒരിറക്ക് കൂടി…
സിൽവിയാമ്മയ്ക്ക് അനക്കമൊന്നും ഇല്ല
പെട്ടെന്ന് ഉള്ളിൽ ഒരു ആന്തൽ ! തീർന്നോ ?നെഞ്ചിൽ ഭാരം കയറ്റിവെച്ചത് പോലെ തോന്നി . അത് ഇവിടെ എത്തി !ഓർക്കുമ്പോഴൊക്കെ കളിയാക്കി ചിരിച്ച് …ഒരു ഒളിച്ചുകളി !
നടക്കുമ്പോൾ വേദന മേലാസകലം പടരുന്നു. എന്നിട്ടും മെല്ലെ പിടിച്ചു നടന്ന്, അടുത്ത് ചെന്നു.
വായ അല്പം തുറന്ന് , പീള കെട്ടിയ നരച്ച കണ്ണുകളുമായി അനക്കമില്ലാതെ സിൽവിയാമ്മ മലർന്ന് കിടന്നു. ഒരു മുഷ്ക് മണം ! വിയർപ്പും ചെളിയും കൂടിക്കലർന്ന് …കുളിക്കാത്തതിന്റെയാണ്.നേരിയ ശ്വാസമുണ്ട് . സിൽവിയാമ്മ ഉണർന്ന് കിടക്കുകയാണ്.
ഇതിന് ഉറക്കവും ഇല്ലെ !
പുലർക്കാലത്ത് കുറച്ച് നേരമാണ് സിൽവിയാമ്മ ഒന്ന് ഉറങ്ങുക. (എല്ലാവരും ! ആ ഒരു കുളിരിനെ തലയിലെ ചൂട് തണുപ്പിക്കാനാകൂ…കൊളസ്ട്രോളിന്റെയാണത്രേ ആ ചൂട് !) അതുവരെ മുക്കിയും മൂളിയും കിടക്കും. പാതി മുറിഞ്ഞ സ്വപ്നമേത് ? ഓർമ്മയേത് ? ബോധത്തിൽ കലർന്ന മറ്റേതോ ചിത്രങ്ങളിൽ നൂല് പോലെ കുരുങ്ങി, ഊരാക്കുടുക്കായി…അങ്ങനെ ! ഉണർന്നാൽ ചുമരിന് നേരെ തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകളാൽ ഓരോ ബിന്ദുവിലായി തൊട്ട്, ചിലപ്പോൾ ഒരിടത്ത് തന്നെ വിരലൂന്നി ഏറെ നേരം അനങ്ങാതെ കിടക്കും. ഓർമ്മകളുടെ കൊന്ത ചൊല്ലലിലാണ് മൂപ്പത്തിയെന്ന് പറഞ്ഞ് ചേട്ടത്തി അർത്ഥം വെച്ച് കുലുങ്ങി കുലുങ്ങി ചിരിക്കും.ആയകാലത്ത് അതിസുന്ദരിയായിരുന്നത്രേ, സിൽവിയാമ്മ .ആളുകൾ വഴിയിൽ നോക്കി നിൽക്കുമായിരുന്നു കുറെക്കാലം അച്ഛന്റെ പ്രായമുള്ള ഒരാളുടെ കൂടെ..; പിന്നെ…! തുള്ളിച്ചി ! എന്റെ ഉള്ളിലും എവിടെയോ ചിരിയുടെ ഉറവ് അറിഞ്ഞെങ്കിലും ഞാൻ പെട്ടെന്ന് നിയന്ത്രിച്ചു. തുള്ളിച്ചി !? അങ്ങനെ ചിരിക്കരുത് . തെറ്റാണത്. വൃത്തികെട്ട സ്ത്രീ…ആ ചിരിയും ഭാവവും, പരിഹാസവും വർത്തമാനവും…ഒരു നിമിഷം പോലും ആ സാന്നിദ്ധ്യം സഹിക്കാൻ കഴിയില്ല എന്ന് തോന്നി, ഉള്ള് നിലവിളിച്ചു. മറ്റുള്ളവരൊക്കെ ആ ഒലിപ്പിക്കലിൽ വീണിരിക്കുന്നു!
സിൽവിയാമ്മ ഉണർന്നിരിക്കുക തന്നെയാണോ ?ഒന്നു കൂടി നോക്കാൻ തോന്നിയെങ്കിലും ഞാൻ അനങ്ങിയില്ല .ആ മണം ! ശരീരം ദ്രവിക്കുന്ന ഗന്ധം ! ആരോ പുറകിൽ നിശ്ശബ്ദം എഴുന്നേൽക്കുന്നത് പോലെ തോന്നി. അജ്ഞാതമായ ഏതോ ആഴത്തിൽ നിന്നും ഉയിർത്തെഴുന്നേല്ക്കുന്നത് പോലെ…ശരീരം വിറച്ചു : ഉറക്കെ നിലവിളിക്കാൻ തോന്നി. എന്താണിത് , പ്രായമെത്രയായി എന്ന് ശാസിച്ച് കൊണ്ട് തിരിച്ചു നടക്കുമ്പോഴും ഹൃദയം വിറയ്ക്കുകയായിരുന്നുവെന്ന് ഞാനറിഞ്ഞു.

3

അല്പം ചൂട് വെള്ളം കിട്ടിയിരുന്നെങ്കിൽ…
തൊണ്ട വരളുന്നു. വീട്ടിലായിരുന്നെങ്കിൽ അവളെ വിളിച്ചാൽ അസഹ്യതയോടെയുള്ള മറുപടി കേൾക്കാം. തോട്ടി കൊണ്ട് കുത്തിയ പോലെ നമ്മൾ പെട്ടെന്ന് നിന്നു പോകും. ഭേദം , സ്വയം ചെന്ന് എടുക്കുന്നതാണ്. കെറ്റിലിൽ അല്പം വെള്ളം എടുത്താൽ അതിനും ഉണ്ടാകും പിറുപിറുക്കലുകൾ…മുഖം കറുക്കൽ.. ആകെ ഇത്തിരി പോന്ന സ്ഥലേ ഉള്ളൂ…എന്താ വേണ്ടതെന്ന് വെച്ചാൽ പറഞ്ഞാ പോരെ! ഇതൊന്ന് കഴിയട്ടെ…വെച്ച് തരാം.
അടുപ്പ് ഒഴിയാൻ പിന്നെയും കാത്തിരിക്കണം !
ഈറ്റി ഇറുമ്പിച്ച് ഞാൻ ഉണ്ടാക്കിയ വീട് ! അന്നിതൊക്കെ ധാരാളമായിരുന്നു. ഞാനും മോനും മാത്രം.!
വീട്ടിലായിരുന്നെങ്കിൽ…ഈ നേരത്ത് എഴുന്നേറ്റ് , രാത്രിയിൽ നുറുക്കി വെച്ച പച്ചക്കറിക്കഷ്ണങ്ങൾ വെള്ളമൊഴിച്ച് എല്ലാവർക്കും ഉള്ള കാപ്പി വെച്ച്, രാവിലത്തെ പലഹാരത്തിന് വേണ്ടത് ചെയ്ത് തുടങ്ങിയിട്ടുണ്ടാകും. അപ്പോഴേക്കെ അവൾ എഴുന്നേറ്റ് വരികയുള്ളൂ. കുറ്റമൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഞാനും വിചാരിക്കും. ഉറങ്ങുന്നെങ്കിൽ ഉറങ്ങട്ടെ. പകൽ മുഴുവൻ ഓഫീസ് ജോലി ചെയ്ത് വാടിയ മുഖവുമായി രാത്രി വന്ന് കയറുന്നത് കാണുമ്പോൾ പാവം തോന്നും. വലിയ അദ്ധ്വാനമുള്ള ജോലി ഒന്നും അല്ല. അവളാണെങ്കിൽ ഒരു ആന മടിച്ചിയും. പക്ഷെ തുടങ്ങി കഴിഞ്ഞാൽ പിന്നെ എല്ലാം ചെയ്തോളും : ഒരു സാ മട്ടാണെന്നേയുള്ളു . നേരത്തെ എഴുന്നേറ്റ് രണ്ടടുപ്പിൽ തീ കത്തിച്ച് താൻ കാണിക്കാറുള്ള സർക്കസ്സുകളൊന്നും ഇപ്പോഴത്തെ കുട്ടികൾക്കാവില്ല.
ഞാൻ ചെയ്തതിന്റെ ബാക്കി! പക്ഷെ അതിന്റെ ഭാവം കാണിക്കില്ല. ഞാൻ അടുക്കളയിൽ പെരുമാറുന്നത് അത്ര ഇഷ്ടമൊന്നുമല്ല, അവൾക്ക്. പിന്നെ നിവൃത്തികേട് !
ഒന്നും ശ്രദ്ധിക്കാതെ , കാപ്പി കുടിച്ചുകൊണ്ട് പത്രം വായിച്ചിരിക്കുന്നുണ്ടാവും, അവൻ. ഒരു ഉശിരില്ലാതെ…ചിലപ്പോൾ മുഖം കരുവാളിച്ചിട്ടുണ്ടാകും തലേന്ന് കുടിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും. അവന് അത് പറ്റില്ല. അർദ്ധരാത്രിയോളം രണ്ടും കൂടി കശപിശ കേൾക്കാം. അടുത്ത് ചെന്ന് ചിതറിയ ആ മുടിയിഴകൾ ( ഒക്കെ നേർത്തു പോയി ) ഒതുക്കി കൊടുക്കാൻ കൈകൾ തരിക്കും. അതോ മറ്റോ കണ്ടാൽ മതി, അവളുടെ മുഖം കറുക്കും.
അവനും അതിഷ്ടമല്ല. അസഹ്യതയോടെ ഒരു നോട്ടമുണ്ട്..
പണ്ടും അവൻ അങ്ങനെ തന്നെയായിരുന്നു.
കൈയ്യൊന്ന് തെന്നിയപ്പോൾ പ്രാണൻ പിടഞ്ഞു .ദൈവമേ..പൊന്ന്തമ്പുരാനെ..പരീക്ഷിക്കരുതേ ,എന്നെ കൈവെടിയരുതേ ..നടക്കാനാവുന്നത് കൊണ്ടാണ് ഇത്രയെങ്കിലും …
മതിലിനോട് ഒന്നു കൂടി ചേർന്ന് നിന്നു. കിതപ്പ് മാറുന്നില്ല.
ഒരിറക്ക് ചൂട് വെള്ളം കിട്ടിയിരുന്നെങ്കിൽ…

തോളിൽ ആരോ തൊട്ടു.
അന്നമ്മ ചേട്ടത്തിയുടെ വെളുത്ത തുടുത്ത മുഖം. പുഞ്ചിരി.
“ ഉം ? എന്തേ ? “
എന്താണ് ആലോചിച്ചുക്കൊണ്ടിരുന്നത് ? കൈ വിട്ടുപോയ ഓർമ്മകളുടെ പിൻവിളികൾ ഏതോ മറവുകളിൽ നിന്നും ഉയർന്നു. ഒളിച്ചേ… ഞാൻ ഒളിച്ചേ… പരിഭ്രമത്തോടെ ഞാൻ നിന്നു. പഴകി നരച്ച ബ്ലൗസും പഴയ സാരി മുറിച്ച് തുന്നിയ പാവാടയും…വിശന്നിട്ട് വയ്യ ! വയസ്സ് പത്തോ പന്ത്രണ്ടോ ? കന്യാസ്ത്രീകൾ…തുറിച്ച് നോട്ടം . തുടയിൽ ചൂരൽ പതിയുമ്പോഴത്തെ ഞെട്ടിപ്പിക്കുന്ന പൊള്ളൽ ! “ ഓ. അഹമ്മതി പിടിച്ച പെണ്ണ് !”
“ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് കണ്ടാ മതി ! കുറുമ്പ് കൂടുന്നുണ്ട്, ട്ടോ… “
എന്തൊരു ഒലിപ്പിക്കൽ !
വരാന്തയിൽ ചുമരും ചാരി ഇരിക്കുകയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത് . ഇവിടെ ഇരുന്നാൽ മുറ്റവും പുറത്തേയ്ക്കുള്ള ഗേറ്റും ഒക്കെ കാണാം. എപ്പോഴാണ് ഞാൻ ഇവിടെ എത്തിയത് ?
കമ്പിയഴികളിട്ട് മറച്ച വരാന്തയിലേക്ക് വെയിൽ വീണ് കിടന്നു.. എന്ത് വെളിച്ചമാണ് ! ഇങ്ങനെ ഒരു തെളിച്ചം കണ്ടതായി ഓർമ്മിക്കുന്നില്ല. പ്രകാശക്കുഴലിലൂടെ ഊയലാടുന്ന പൊടി പടലങ്ങൾ…പ്രാവുകളുടെ കുറുകൽ…അത് ചാപ്പലിൽ നിന്നാവണം. മനുഷ്യപ്പറ്റില്ലാത്ത ഏകാന്തമായ മുറി ! ഇലകൾക്ക് തിളങ്ങുന്ന പച്ച. മുറ്റത്ത് മുഴുവൻ നനവ് . രാത്രി എപ്പോഴാണ് മഴ പെയ്തത് ? ഈശ്വരാ.., ആറിയിട്ട തുണികൾ ?
ഇങ്ങനെയൊക്കെ എടുത്ത് കാണിക്കുന്നത് സമയം അടുക്കുമ്പോഴാണെന്ന് കേട്ടിട്ടുണ്ട്. കാഴ്ചകളോട് ആർത്തി…മധുരത്തോട് ആർത്തി…ഇതൊക്കെ എന്റെ അവസാന നിമിഷങ്ങളാണോ ? എന്താണ് സംഭവിക്കുന്നത് ? ഞാനത് എന്തായാണ് അറിയുന്നത് ?
ഒരു ഇരുപതുകാരിയുടെ രൂപം പെട്ടെന്ന് ഉള്ളിൽ ഉയർന്ന് വന്നു. ആരെയും കൂസാതെ ഇടം വലം നോക്കാതെ, ഓടി നടന്ന് വീട്ടുവേല ചെയ്തിരുന്ന വാല്യക്കാരി പെണ്ണ്…ഒരു ദിവസം തന്നെ രണ്ട് മൂന്ന് വീടുകളിൽ…കരച്ചിൽ ഹൃദയത്തിൽ പൊട്ടിത്തെറിച്ചു . എന്ത് സുഖമാണ് ഞാൻ അനുഭവിച്ചിട്ടുള്ളത് ? ഓർക്കാൻ മാത്രം എന്ത് നിമിഷങ്ങളാണ് എനിയ്ക്ക് ഉള്ളത് ? എന്തൊരു വ്യർത്ഥത ! എന്തൊരു ശൂന്യത ! നല്ല കാലം വരുമെന്ന് ഓർത്ത് ആറ്റുനോറ്റ് ജീവിച്ചിട്ട്…എന്താണ് നേടിയത് ?
“ ചേട്ത്തി…ചേട്ത്തി…എന്താ ഇത് ? എഴുന്നേറ്റേ..” പരുഷമായ വാക്കുകൾ. മതിലിനോട് ചേർന്ന് മുഖം ഒളിപ്പിക്കാൻ തോന്നി .
ഊരയ്ക്ക് കൈയ്യും കുത്തി കാർക്കശ്യത്തോടെ റോസിലി ! ഇളിച്ചുകൊണ്ട് ചേട്ടത്തി ഇപ്പോൾ റോസിലിയ്ക്കൊപ്പം !
ഗേറ്റ് അടഞ്ഞു തന്നെ കിടക്കുകയാണ്. വാച്ച്മാൻ എവിടെ പോയി ? ആരെങ്കിലും വന്നാൽ എങ്ങനെ അറിയും ?
പിറുപിറുത്തുകൊണ്ട് റോസിലി പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചു. സഹായമായിക്കോട്ടെ എന്ന് കരുതി പിടഞ്ഞെണീക്കാനും ഉയരാനും നോക്കിയപ്പോൾ റോസിലിയ്ക്ക് കോപം വന്നു.
“ അടങ്ങിയിരിക്ക് ചേട്ത്തി…ഹൊ…എന്തൊരു ഭാരമാണ് ! “
ഓരോ അടി വെയ്ക്കുമ്പോഴും വീണ് പോകുമെന്ന് തോന്നി, അറിയാതെ വേച്ചു. ഒരു ഭാഗത്ത് അന്നമ്മ ചേട്ത്തി, മറുഭാഗത്ത് റോസിലി. എന്തൊരു ദുരിതം ! ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു. പക്ഷെ എങ്ങനെ ? എവിടേയ്ക്ക് ? ഇല്ല, ഞാനിവിടെ തന്നെ ഒടുങ്ങേണ്ടി വരും. തുടക്കവും! ഒടുക്കവും !
കട്ടിലിൽ കൊണ്ട് പോയി ഇടുകയായിരുന്നു.
എല്ലാ ദേശങ്ങളിൽ നിന്നും ഞാൻ പരിഭ്രഷ്ടയായി. ഞാൻ ഇന്ന് മറ്റൊരുവളായിരിക്കുന്നു. ഒരേ സ്വരത്തിൽ എല്ലാവരും അത് ഏറ്റ് പറയുകയാണ് . ആമെൻ !

“ മോളെ…ഇത്തിരി ചൂട് വെള്ളം ?
“ കാപ്പി കുടിക്കാൻ നേരമായിട്ടില്ല “
ഒരു കൂക്കിവിളി ! അലർച്ച ! ഞെട്ടിപ്പോയി. ഭാഗ്യം ! അടുത്ത മുറിയിൽ നിന്നും മെഴ്സിയാണ്.
റോസിലി അടുത്ത മുറിയിലേയ്ക്ക് പോകുന്നതും നോക്കി കിടക്കുമ്പോൾ പലതും ഓർത്തു. എഴുന്നേൽപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ. എന്തിനായിരുന്നു സങ്കടം ? , എന്ന് സാന്ത്വനത്തോടെ ഞാൻ എന്നോട് തന്നെ ചോദിച്ചു. കക്ഷവും ഊരയും എല്ലാം വേദനിക്കുന്നു. കടച്ചിൽ ! മോളെ , നീയും ഒരു പെണ്ണല്ലെ ?

4
അന്നമ്മ ചേട്ടത്തി അടുത്ത് വന്ന് ഇരുന്നു.
“ ഇന്ന് സുഖായി ഒന്നു പ്രാർത്ഥിക്കാനായി…”
തടിച്ച് ഉരുണ്ടിട്ടാണെങ്കിലും ആയമ്മയ്ക്ക് ചട്ടയും മുണ്ടും നല്ല ചേർച്ചയാണ്. ആ വലിയ മുലകളും തുള്ളിച്ചുകൊണ്ട്, ഒരു ഷാള് പോലും ഇടാതെ… വല്ലാത്ത ഒരു സ്ത്രീ !
“ചാച്ചൻ ഉള്ളപ്പോൾ എന്നും രാവിലെ കുർബാനയ്ക്ക് പോകുമായിരുന്നു. രാവിലെയല്ലെ ! നല്ല തണുപ്പുണ്ടാകും. അതിയാൻ പള്ളിയിൽ കിടന്ന് കൂർക്കം വലിക്കും “ ഡോക്ടറമ്മ പൊട്ടിച്ചിരിച്ചു.
തുടങ്ങും , ഇനി പഴം പുരാണങ്ങൾ ! ആയമ്മയ്ക്ക് മാത്രമെ മക്കളും കുടുംബവും ഉള്ളൂ എന്ന പോലെ ! അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കാതെ , പറയാൻ സമ്മതിക്കാതെ , പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറഞ്ഞ് …മകനും മകളും ഡോക്ടറാണ്. ( ഡോക്ടറമ്മാ എന്ന് വിളിച്ചാൽ വലിയ സന്തോഷമാണ് ) വീട്ടിൽ അൾസേഷ്യൻ നായയുണ്ട് ( ജിമ്മി ?) രണ്ട് കാറുണ്ട്…ഈ വീമ്പ് ഒക്കെ പറയാൻ ഉണ്ടായിട്ടാണോ മകൻ ഇവിടെ കൊണ്ടാക്കിയത് ! തിരിഞ്ഞു പോലും നോക്കാതെ വണ്ടിയിൽ കയറി പോയത് ! (സ്വകാര്യമായി അത് തന്നോട് പറഞ്ഞ മേരിയേടത്തിയ്ക്ക് ചിരി അടക്കാനായില്ല ) തിരിഞ്ഞു നോക്കാതെ …വീണ്ടും വേദന കൊളുത്തി പിടിക്കുന്നു. അരക്കെട്ടിന് മുകളിലേയ്ക്ക്…അമ്മേ ! വേറെ എന്തെങ്കിലും അസുഖമാണോ, ഇനി ? എന്താണ് ഓർത്ത് വന്നത് ?ആരാണ് അടക്കം പറയുന്നത് ? രാത്രിയാണ്. മറ്റുള്ളവർ കേൾക്കുമെന്നോർക്കാതെ…അടക്കിയ ചിരി…പാദസരമിളകുന്ന ശബ്ദം…അവളോട് അത് അഴിച്ചു വെയ്ക്കാൻ പറയണം. അടക്കമില്ലാത്ത പെണ്ണ് !
അവൻ പെൺ കോന്തനായി പോയി !
അതെ, എന്നാണ് എപ്പോഴും പറയുക. അവളുമായി സ്വരചേർച്ചയില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം പോന്നതാണത്രെ, ചേട്ടത്തി ! നോക്കാൻ വേലക്കാരികളുണ്ട്. സ്വന്തം മുറിയുണ്ട് .എന്നാലും ഇവിടെ സ്വാതന്ത്ര്യമുണ്ടല്ലോ…അനാഥയായിട്ടൊന്നുമല്ല , മാസാ മാസം കാശ് കൊടുത്തിട്ടാണ് !
നാട്ടിൽ തന്തയും തള്ളയും മാത്രമുള്ള വീടുകൾ ആയിപോയി ! അതും പറയും.
ചേട്ടത്തിയോടൊപ്പം ഒരു ദിവസം ചാപ്പലിൽ പോയിരുന്നു.. ഇവിടെ വന്നിട്ട് മൂന്നാല് ദിവസങ്ങൾ, അല്ല , ഒരാഴ്ച്ച കഴിഞ്ഞപ്പോൾ .മാതാവാണ് , പ്രാർത്ഥിച്ചാൽ കേൾക്കും എന്ന് ചേട്ടത്തിയാണ് പറഞ്ഞത്. അന്ന് അതിനായി നേരത്തെ എഴുന്നേല്ക്കേണ്ടി വന്നു. നിർബന്ധം കൊണ്ട് പോയതാണ് . പിന്നെ പരിഭ്രമവും. ഇങ്ങനെ എപ്പോഴും എല്ലാവരിൽ നിന്നും മാറി നിന്നാൽ എന്ത് വിചാരിക്കും ? പള്ളി എല്ലാവർക്കും ഉള്ളതാണെന്നാണ് ചേട്ടത്തി അന്ന് പറഞ്ഞത്. പ്രാർത്ഥന എപ്പോഴും വേണം. അമ്മയുടെ രക്തം പുരണ്ട മഴുവാണ് : ആ ശാപം ഈ ഭൂമിയ്ക്ക് എപ്പോഴും ഉണ്ടാകും. പള്ളി ! കുർബാന ! ചുമരിന് പിന്നിൽ ഒളിക്കാൻ തോന്നി.
വർഷങ്ങളെത്ര കഴിഞ്ഞു ! ഞാനതാരോടും പറഞ്ഞിട്ടില്ല. ആരുമില്ലാത്തവളെന്ന് എന്തിന് കൊട്ടിഘോഷിക്കണം ?
കത്രികയുടെ ചിലമ്പൽ പോലെ കിളികൾ ആ ഇരുണ്ട മുറിയിൽ നിറുത്താതെ ചിലച്ചു. പ്രാവുകൾ പ്രാർത്ഥന ഉരുവിട്ടു. ഞാൻ ഭയന്നിരുന്നു. കനത്ത ശകാരത്തിനായി പിടച്ചിലോടെ ഉള്ള് കാത്തു നിന്നു. പുലർച്ചയ്ക്ക് എഴുന്നേറ്റ് ശപിച്ചുകൊണ്ട് മഠത്തിലെ മറ്റ് കുട്ടികൾക്കൊപ്പം പ്രാർത്ഥനയ്ക്കായി നടന്നു പോയ പ്രഭാതങ്ങൾ… സോപ്പിന്റെ മണം… മുഖത്തെ തലോടുന്ന തണുത്ത കാറ്റ്..ഉറക്കച്ചടവ്…ഒക്കെ മറന്നിരിക്കുകയായിരുന്നു. എഴുന്നേൽക്കലും ഇരിക്കലും മുട്ടുകുത്തലും : എപ്പോഴൊക്കെയാണെന്ന് ഒരിക്കലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലയെന്നും ഓർത്തു. വീട്ടിലായിരിക്കുമ്പോൾ , പണ്ട് പഠിച്ച പ്രാർത്ഥനകളൊക്കെ ആരും കാണാതെ ശബ്ദമില്ലാതെ ഉരുവിടും. നന്മ നിറഞ്ഞ മറിയമെ ,സ്വസ്തി ! അതായിരുന്നു ഇഷ്ടം. സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു… അത് കാണുമ്പോഴൊക്കെ അസഹ്യതയോടെ അവൻ പറയും : വെറുതെ ഇങ്ങനെ പിറു പിറുക്കുന്നത് കണ്ടാൽ പ്രാന്താണെന്നേ ആളുകൾക്ക് തോന്നൂ …
ഓരോ വാക്കുകൾ !
തല ഉയർത്താതെ , ചേട്ടത്തിയുടെ ചലനങ്ങളനുസരിച്ച് ഞാൻ നിന്നു.
കനപ്പിച്ച മുഖവുമായി രൂപക്കൂട്ടിൽ അവർ നിന്നു. ഉയർന്ന് പോയ മച്ചിന് താഴെ , പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ നിന്ന ഇരുട്ട്…ആഴത്തിൽ ശ്വാസം മുട്ടി ഞാൻ നിന്നു. തിരിച്ച് വീണ്ടും മുന്നിൽ എത്തിച്ചു. ! ഈ എളിയവളോട് എന്തിനീ പക ?
“ പ്രാർത്ഥിച്ചാൽ തന്നെ മനസ്സിന് ഒരു സുഖമാണ് “ തിരിച്ചു നടക്കുമ്പോൾ ചേട്ടത്തി പറഞ്ഞു. “ വീട്ടിൽ നീ പ്രാർത്ഥിക്കാറുണ്ടോ ? ( ആ “നീ” യിൽ നീരസം തോന്നി )നിങ്ങക്ക് അങ്ങനത്തെ പതിവൊന്നും ഇല്ലല്ലോ ല്ലെ ? ഞങ്ങടെ അവിടെ എന്നും വൈകീട്ട് എന്തു തിരക്കായാലും എല്ലാവരും കൂടി ഒരു കൊന്ത ചൊല്ലലുണ്ട്…പപ്പ ഉണ്ടായിരുന്നപ്പോൾ…”
ചെവി ഞാൻ കൊട്ടിയടച്ചു.
പപ്പ ! പപ്പ !
അത്ര സ്നേഹമൊന്നും ആയ കാലത്ത് തോന്നിയിട്ടുണ്ടാകില്ല. പിന്നെ, നഷ്ടപ്പെടുമ്പോഴാണല്ലോ കുറ്റബോധം ! നന്നായി നോക്കാമായിരുന്നു. സ്നേഹിക്കാമായിരുന്നു.
അയാളെ പക്ഷെ ഞാൻ സ്നേഹിച്ചിരുന്നു.
എന്റെ കൂടെ എവിടേക്കും വരില്ലായിരുന്നു. കൂടെ നടക്കാൻ വിമ്മിഷ്ടമുള്ളത് പോലെ തോന്നിയിട്ടുണ്ട്. ഒന്ന് തുറന്ന് ചിരിച്ചാലെന്താ ? ഇടയ്ക്കെങ്കിലും ഒന്ന് മുട്ടി നടന്നാലെന്താ ? ആർക്കാ ഇപ്പോ ഈ ബന്ധം അറിയാത്തത് ! ഇത് ഒരന്യയെ പോലെ …ആവശ്യത്തിന് മാത്രം സംസാരം,നോട്ടം…എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ , ത്യാഗഭാവത്തോടെ മാറി , ദൂരെ നിൽക്കും.
പക്ഷെ വീട്ടിലാണെങ്കിൽ ചില നേരങ്ങളിൽ എന്തൊരു ഒലിപ്പിക്കൽ ! ദ്വേഷ്യം തോന്നുമെങ്കിലും ആ പാവം മട്ട് കണ്ട് അറിയാതെ അലിഞ്ഞ് പോയിട്ടുണ്ട് . ആദ്യമൊക്കെ താൻ വഴക്ക് കൂടിയിരുന്നു. ഇഷ്ടമല്ലെങ്കിൽ കൂടെ വരണ്ട എന്ന് ശഠിച്ചിരുന്നു. വില കുറഞ്ഞവളായി സ്വയം തോന്നിയിട്ടുണ്ട് : അടക്കാനാവാത്ത അരിശവും ! ക്രൂരമായി വേദനിപ്പിക്കാൻ കൊതിച്ചിട്ടുണ്ട്. പിന്നെ പിന്നെ അതൊക്കെ ഒരു ശീലമായി. ശീലങ്ങളാണല്ലോ പലതും !
അസഹ്യതയോടെ മാറിപോയാലും ചേട്ടത്തി ഉളുപ്പില്ലാതെ പിറകെ വരും. ഒന്നും സംഭവിക്കാത്തത് പോലെ വീണ്ടും ചിരിക്കും, സംസാരിക്കും.
നേട്ടങ്ങളുടെ ആത്മവിശ്വാസം അവർക്ക് ! എനിക്കെന്താണ് സ്വന്തമായിട്ടുള്ളത് ? മടുപ്പ് തോന്നുമെങ്കിലും കാതിൽ വീഴുന്ന ശകലങ്ങളിൽ മനസ് ഉടക്കി പോകും. അത് ഉണർത്തുന്ന ഓർമ്മകളിൽ ഉള്ളുലഞ്ഞ് അത് പറഞ്ഞ് കേൾപ്പിച്ച് സ്വസ്ഥയാവാൻ വാ തുറക്കുമ്പോൾ ആയമ്മ സമ്മതിക്കില്ല : കേൾക്കില്ല. പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞ്…
ഒരു കുടുംബം ഇല്ലാതെ പോയതിന് ഞാനാരെയാണ് പഴിക്കേണ്ടത് ? അമ്മയെയോ ദൈവത്തെയോ, അതോ എന്നെ തന്നെയോ ?
ജനിച്ചപ്പോൾ തന്നെ എന്റെ തല കരിഞ്ഞു പോയി ! അല്ലെങ്കിൽ പിന്നെ , പെറ്റമ്മയുണ്ടായിട്ട് പോലും പലരുടെയും ആട്ടും തുപ്പും ഏറ്റ് വളരേണ്ടിയിരുന്നോ ?
ആരാണ് കഥകളൊക്കെ പിന്നെ പറഞ്ഞുതന്നിരുന്നത് ? ഭർത്താവ് മരിച്ചപ്പോൾ ആരോരും ഇല്ലാത്ത ഒരമ്മ കൈക്കുഞ്ഞിനെയും കൊണ്ട് മഠത്തിലേയ്ക്ക് വന്ന് കയറിയ കഥ ! നല്ലൊരു ബാല്യക്കാരി ! നാട്ടിൽ ഉള്ള സ്വത്തൊക്കെ കിട്ടിയ വിലയ്ക്ക് വിറ്റ്…പിന്നീട് കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട് വലിയ വീടായിരുന്നു ! ഞങ്ങൾക്ക് സ്വന്തം കാവുണ്ട് ! തിറയുണ്ട് ! എന്താണ് കാവ് ? എന്താണ് തിറ ? ഒന്നും അറിയില്ലെങ്കിലും ഞാനത് വിശ്വസിച്ചിരുന്നു. രാത്രി സ്വപ്നങ്ങളിൽ വീട്ടിലേയ്ക്ക് പോകാനാവാതെ വഴി തെറ്റി ഞാൻ ഉഴറിയിരുന്നു.
മൂന്ന് വയസ്സ് വരെയേ കുട്ടികളെ അമ്മമാരുടെ ഒപ്പം നിറുത്തുകയുള്ളു. അതും പെൺ കുട്ടിയാണെങ്കിൽ മാത്രം. അതിന് ശേഷം കുട്ടികൾക്ക് മാത്രമായുള്ള മഠത്തിലേക്ക് മാറ്റും. അത് കുറെ ദൂരെയായിരുന്നു.വലിയ കെട്ടിടങ്ങൾ ! തുറസ്സായ സ്ഥലങ്ങൾ ! തെങ്ങിൻ തോപ്പുകളും വയലുകളും ! എല്ലാം അമ്മയെ മറച്ചു പിടിച്ചു. മൂന്ന് വയസ്സ് മുതൽ…കരച്ചിൽ കേൾക്കാൻ ആളില്ല. സ്നേഹത്തോടെ ഒരു വാക്ക്, സ്പർശം , നോട്ടം : ഊഹും ! ഒരു ചെറിയ കുട്ടിയ്ക്ക് എന്തറിയാം ? അവസാനമില്ലാത്ത ശകാരങ്ങൾ, കുറ്റപ്പെടുത്തലുകൾ…മറ്റ് കുട്ടികളുടെ ഉപദ്രവങ്ങൾ…പനി വന്ന് ഓർമ്മ മങ്ങി , തളർന്ന് കിടക്കുമ്പോൾ കേൾക്കുന്ന അമ്മയെക്കുറിച്ചുള്ള പരിഹാസകഥകൾ…വായിലേയ്ക്ക് ഭക്ഷണം തിരുകുന്ന തടിച്ച വിരലുകളുടെ നിർദയത…കളിക്കൂട്ടുകാരല്ലാത്തപ്പോൾ ഉപദ്രവിക്കാനും ഒറ്റപ്പെടുത്താനും മാത്രം അറിയുന്ന കുട്ടികൾ…
പൊള്ളി വീർക്കുന്ന സങ്കടം കേൾക്കാൻ ആരാണ് ഉള്ളത് ? ഉമ്മത്തിൻകായ തിന്നാൽ പെട്ടെന്ന് ചാവുമെന്ന് ഒരു കുട്ടി പറഞ്ഞു. എന്താണ് അത് ? അതെവിടെ കിട്ടും ? മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ പുറത്തേയ്ക്ക് ഒഴുക്കാത്ത കണ്ണീരിൽ ദൈവത്തോട് യാചിച്ചു : എനിക്ക് ഒരു നല്ല ഗതി തരണെ…എല്ലാവർക്കും എന്നോട് ഇഷ്ടം തോന്നണെ…
കാണാൻ വരുന്ന ദിവസം അമ്മയെ പിടിച്ചു തൂങ്ങി ഞാൻ ആർത്ത് കരഞ്ഞിരുന്നു.ഞാനും വരും ,കൂടെ…
മാസത്തിലൊരിയ്ക്കൽ അമ്മയെ കാണാം. മാസാദ്യ ഞായറാഴ്ച്ച !
“ ഇന്നെന്റെ അമ്മ വരും ! “
“ നെനക്കെന്താടീ പ്രാന്താണോ ? കയിഞ്ഞായ്ചല്ലെ നെന്റെ അമ്മ വന്നത് ? ഒര് ഇള്ളക്കുട്ടി !”
“ പോടീ വെള്ളക്കൂറെ…പട്ടി ! നായ് ! മിണ്ടൂല ..”
അമ്മ ഇനി എന്ന് വരും ? മനസ്സിൽ ഓരോന്ന് സങ്കൽപ്പിച്ച് ഞാൻ എന്റെ വിരലുകൾ അവൾക്ക് നേരെ നീട്ടും : ഏതെങ്കിലും ഒന്ന് തൊടാൻ . അവൾ പൊട്ടയാണെങ്കിൽ ചീത്ത വിരലെ തൊടൂ…സങ്കടവും ദ്വേഷ്യവും… അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പെട്ടെന്ന് ചേച്ചിമാർ ആരെങ്കിലും പണിയെടുക്കുന്നിടത്ത് വന്ന് വിളിക്കും : അമ്മ വന്നിട്ടുണ്ട് ! സന്തോഷം മാറ്റിവെച്ച് മുഖം വീർപ്പിച്ചാണ് ഞാൻ ചെല്ലുക. ( അമ്മയുടെ ഹൃദയം എത്ര പൊള്ളിയിരിയ്ക്കും !) പിണക്കത്തോടെ ഞാൻ മാറി നിൽക്കും. പിന്നെ അമ്മ വന്നുവെന്നത് വിശ്വസിക്കാനാവാതെ ഞാൻ വാവിട്ട് “അമ്മാാ.. എന്ന വിളിയോടെ കരയും, കുറെ ചീത്ത പറയും . മഠത്തിലെ കുശിനി പണിയ്കിടെ മാറ്റിവെച്ച തണുത്തു പോയ എന്തെങ്കിലും പലഹാരവുമായിട്ടാണ് അമ്മ വരിക. കണ്ടു നിൽക്കുന്ന കന്യാസ്ത്രീകൾ പറയുക : എന്തൊരു ആർത്തിയാണ് ഈ കുട്ടിയ്ക്ക് ! പൊട്ടി, കാറി തുടങ്ങിയ പലഹാരം വായിൽ നിറച്ച് , കണ്ണീരൊലിപ്പിച്ച് അമ്മയുടെ നെഞ്ചിലെ ആ ചൂട് പറ്റി ഇരിക്കുന്ന എന്നെ കാണുമ്പോൾ ആ തള്ളമാർക്ക് കണ്ണുകടിയായിരുന്നു.
ആ കുശുമ്പും പോരും സഹിക്കാനാവാതെ തന്നെയാണ് അവിടെ നിന്ന് രക്ഷപെടാൻ ആഗ്രഹിച്ചത്. എന്നിട്ട് ഇപ്പോൾ വീണ്ടും …
അമ്മ ! അമ്മ പോയി.
അയാൾ ഉപേക്ഷിച്ച് പോയപ്പോഴും ആളുകൾ അപവാദം പറഞ്ഞുണ്ടാക്കുമ്പോഴും ഏക തുണ അമ്മയായിരുന്നു. ആ അമ്മ പെട്ടെന്ന് പോയി ! തലയിൽ എണ്ണ തേച്ച് ഉഴിഞ്ഞ് അവനെ കുളിപ്പിച്ചെടുത്തിരുന്നത് അമ്മയായിരുന്നു. ആശുപത്രിയിലെയ്ക്കെന്നും പറഞ്ഞ് എന്റെ അടുത്തേയ്‌ക്കുള്ള അമ്മയുടെ വരവ് തുടങ്ങിയത് അങ്ങനെയാണ്. എനിക്കെന്തറിയാം ? ഞാൻ കണ്ടു വളർന്നത് കർക്കശക്കാരായ കുറെ അമ്മമാരെയല്ലെ ? മക്കളെ വളർത്തേണ്ടത് എങ്ങനെ എന്ന് എനിക്ക് എന്തറിയാം ?

എന്തൊക്കെ ആഗ്രഹങ്ങൾ ! നല്ല ഒരു കുപ്പായം വാങ്ങിത്തരാൻ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ആരുടെയെങ്കിലും പഴയ സാരി മുറിച്ച് പാവാടയാക്കി ഉടുക്കും. ആദ്യമായി ചോരപ്പാടുകൾ കണ്ട് ഭയന്ന് വാവിട്ട് നിലവിളിച്ചപ്പോൾ കേട്ട അറയ്ക്കുന്ന വാക്കുകൾ…തുള്ളിച്ചികളായ മുതിർന്ന പെൺ കുട്ടികൾക്കൊപ്പമായി പിന്നെ…ചിലപ്പോഴൊക്കെ ആത്മനിന്ദ തോന്നിയിട്ടുണ്ട് . ഞാൻ എന്തൊരു ചീത്തയാണ് !
എപ്പോഴാണ് അയാളെ ആദ്യമായി കാണുന്നത് ?

5

എപ്പോഴാണ് അയാളെ ആദ്യമായി കാണുന്നത് ? പള്ളിയിൽ പോകുമ്പോഴോ ? അതോ, മാസത്തിലൊരിയ്ക്കൽ കടപ്പുറത്ത് കൊണ്ടു പോകുമ്പോഴോ ? മഠത്തിലെ പെൺകുട്ടികളുടെ കൂട്ടത്തിന് ചുറ്റും അവരെപ്പോഴും ഉണ്ടായിരുന്നു. ചീട്ടിതുണിയിലും പൗഡറിലും പൊതിഞ്ഞ വളർച്ചയെത്തിയ ശരീരങ്ങൾ…ആണുങ്ങളുടെ നോട്ടം, ഭാവങ്ങൾ കാണുമ്പോൾ തനിക്ക് ചിരി നിയന്ത്രിക്കാൻ കഴിയാറില്ലായിരുന്നു. എന്റെ പൊട്ടിച്ചിരി തന്നെയാണ് അയാളുടെ ശ്രദ്ധയിൽ പെട്ടതും…പിന്നീട് പലപ്പോഴും അത് പറഞ്ഞിട്ടുണ്ട് . അടക്കമില്ലാത്ത പൊട്ടിച്ചിരി ! എന്തൊരു കുട്ടി !
മനസിന്റെ ത്രസിപ്പ്… പ്രതീക്ഷകൾ…ആധി..അവിശ്വാസം…ഒക്കെ ഓർക്കുന്നു.
വെളുത്ത് തുടുത്ത മുഖം, നല്ല ഉയരം. എപ്പോഴും അലക്കിതേച്ച വസ്ത്രങ്ങൾ മാത്രം. ഒരു കള്ളപുഞ്ചിരി. പോലീസിലാണത്രെ.
പേടിയുണ്ടായിരുന്നു , പരിഭ്രമവും . മഹാവിക്രസ്സുകാരനാണ് എന്ന് കേട്ടിരുന്നു. പക്ഷെ, ഒത്ത ആണൊരുത്തനെ പോലെ , നീണ്ട് നിവർന്ന് നിന്ന് അയാൾ നിർബന്ധിച്ചപ്പോൾ…(അയാൾക്ക് വല്ലാത്ത നിർബന്ധമായിരുന്നു ) പള്ളിയിൽ പോകുന്ന ഒരു ദിവസം…അവസാനമായി ഒന്ന് മുട്ടുകുത്തി പ്രാർത്ഥിക്കണമെന്നുണ്ടായിരുന്നു.അയാൾ സമ്മതിച്ചില്ല. “ വേഗം..ആരെങ്കിലും കാണുന്നതിന് മുമ്പ്…”
സന്തോഷത്തിന്റെ ആ ആദ്യനാളുകൾ …
അമ്മയ്ക്ക് ഒരു പാട് തീ തിന്നേണ്ടി വന്നു. കുത്തുവാക്കുകൾ…പരിഹാസങ്ങൾ…മൂടിന് തീ പിടിച്ച് ഓടിയ പെണ്ണ് ! എന്നിട്ടും അമ്മ അന്വേഷിച്ച് പിടിച്ച് കാണാൻ വന്നു. കണ്ട നിമിഷം ഒന്നും പറയാനില്ലാതെ , ഒരു വാക്കിനും ആശ്വസിപ്പിക്കാനാവാതെ കരയുക മാത്രമായിരുന്നു : ചുറ്റും എല്ലാം കൊട്ടിയടച്ച പോലെ , ഒറ്റയ്ക്കായി …സ്വയം തകർന്നിടിഞ്ഞ്…
അയാളോട് സംസാരിക്കാൻ പോലും അമ്മയ്ക്ക് പേടിയായിരുന്നു. കഥയില്ലാത്തോളാണ് …മോൻ വേണം ക്ഷമിക്കാൻ എന്ന് ആരോടെന്നില്ലാതെ പറഞ്ഞു. നന്നായി നോക്കണം ,സ്നേഹിക്കണം എന്ന് മാത്രമാണ് വീട്ടിൽ നിന്നും ഇറങ്ങാൻ നേരം തന്നോട് പറഞ്ഞത്.
ഏട്ടന്മാർ വന്ന് പിന്നീട് അയാളെ പിന്തിരിപ്പിച്ച് കൊണ്ടുപോയപ്പോഴും പട്ടിണിയും മുഴുപ്പട്ടിണിയുമായി ആ ലൈൻ വീട്ടിലെ ‘അമ്മായി’യുടെ കാരുണ്യത്തിൽ ഒരു കിടക്കപ്പായ വിരിക്കാനുള്ള സൗകര്യം കിട്ടിയപ്പോഴും അമ്മ മാത്രമായിരുന്നു ആശ്രയം. അന്നും ഞാൻ അമ്മയെ ഏറെ കഷ്ടപ്പെടുത്തിയിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട് ; കുത്തി വേദനിപ്പിച്ചിട്ടുണ്ട് . ചിലപ്പോൾ ഒരു നിറവില്ലാത്ത ചിരിയോടെ, ഓർമ്മകളുടെ മിന്നാമിനുങ്ങുകൾ തിളങ്ങുന്ന കണ്ണുകളോടെ , എന്റെ നിറവയറിൽ നോക്കി , വിദ്വേഷമോ കൈയ്പ്പോ ഇല്ലാതെ പറയും : നീ ഇപ്പോ ഇതൊക്കെ പറയും ! അവനവന് ഒന്ന് ഉണ്ടാവട്ടെ…മനസിലാവും. “
മഠത്തിൽ കിടന്ന് തന്നെയാണ് അമ്മ മരിച്ചത്. ഒരു അനാഥയായി…
ഒരു ദിവസം പോലും കൂടെ പാർപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.

“ എന്താ അമ്മാ ഇറങ്ങിനിൽക്കുന്നത് ? “ എന്ന ചോദ്യം കേട്ടപ്പോൾ തിരിഞ്ഞു നോക്കി. ജാൻസിയാണ് ! ജാൻസി സിസ്റ്റർ ! കറുത്ത് തടിച്ച ഫ്രെയിമിട്ട കണ്ണടയ്ക്കുള്ളിലൂടെ സൂക്ഷിച്ച് നോക്കുന്ന കണ്ണുകൾ…കളങ്കമില്ലാത്ത കുറ്റപ്പെടുത്താത്ത കണ്ണുകൾ !
ചേട്ടത്തി എന്തോ പറഞ്ഞു.
“മോളേ…” എന്ന് വിളിച്ചു തുടങ്ങിയെങ്കിലും പിന്നെ എനിക്ക് വാക്കുകൾ കിട്ടിയില്ല. തൊണ്ട വിങ്ങി.
“ ഇദെന്താ കുട്ടികളെ പോലെ ? ഇത് ഇനിയും കഴിഞ്ഞില്ലെ ? “
“ ഞാനെത്ര പറഞ്ഞെന്നോ ! “-ചേട്ടത്തി.
“ പത്രത്തിൽ ഒക്കെ കൊടുത്തിട്ടുണ്ട്. ആരെങ്കിലും വരും. ഇങ്ങനെ ഇറങ്ങി നടക്കരുത്, ആരും കൂടെയില്ലാതെ, ട്ടോ …വീണ് പോകില്ലെ ?
എല്ലാവരും അറിഞ്ഞാൽ അവന് കുറവാകില്ലെ ? അത് വേണ്ടായിരുന്നു.
തളർച്ച തോന്നിയപ്പോൾ അഴികളിൽ പിടിച്ചു. വിരലുകൾക്ക് ബലം കുറഞ്ഞത് പോലെ ! ഒന്ന് മുറുക്കി പിടിക്കാൻ പോലും കഴിയാത്ത വിരലുകൾ…വീണ് പോയേക്കുമെന്ന് തോന്നിയിട്ടും അവിടെ തന്നെ ബലം പിടിച്ചു നിന്നു.
“ നടക്ക് അമ്മേ…” ജാൻസിയുടെ സ്പർശം.
“ ഇന്നേതാ ദിവസം ?”
“വെഷമിക്കേണ്ട , മോൻ വരും…വരാതിരിക്കില്ല “
ഇനിയിപ്പോ സ്ഥലപ്പേര് കൊടുത്തത് മാറിപ്പോയിട്ടുണ്ടാവുമോ?
“ വരൂ , ഞാൻ മുറിയിലാക്കാം “
പ്രതിഷേധിക്കാൻ തോന്നിയെങ്കിലും മറുത്തു പറയാതെ കൂടെ നടന്നു. പിന്നെ ചോദിച്ചു.
“ മോള് ചായ കുടിച്ചോ ? “
“ ഇല്ല, പ്രയെർ കഴിഞ്ഞതെ ഉള്ളൂ…”
എന്തൊരു ജീവിതമാണ് ! അതും ഒരു ബാല്യക്കാരി പെണ്ണ് !
“ സുഖം അല്ലെ , മോളെ ? “
വെറുതെ ചോദിച്ചെന്ന് തോന്നിയോ ?
ആ തോളുകളിൽ മുറുകെ പിടിച്ചു. ചുളിഞ്ഞ കൈവിരലുകൾ…എഴുന്നു നിൽക്കുന്ന ഞരമ്പുകൾ !..
ആ മുഖത്ത് ഞാൻ സാകൂതം നോക്കി. യൗവ്വനം തുടിച്ച് നിൽക്കുന്ന മുഖം ! എന്തൊരു പരിശുദ്ധി ! എനിക്ക് എന്തേ അന്ന് ഇങ്ങനെ പോകണമെന്ന് തോന്നിയില്ല ? തലമുണ്ടിനിടയിലൂടെ കണ്ട മുടിയിടെ കറുപ്പും തഴപ്പും ഗൂഢങ്ങളായ എന്തൊക്കെയോ ഓർമ്മിപ്പിച്ചു. എന്തൊക്കെയോ പറഞ്ഞു. ആ തലമുണ്ട് മാറ്റി മുടി മുഴുവൻ കാണണമെന്ന് തോന്നി.
“ സിസ്റ്ററുടെ മുടിയ്ക്ക് എന്ത് അഴകാണ് ! “
“ഓ..” സിസ്റ്റർ പറഞ്ഞു. “ അത് മുറിക്കാൻ സമയമായി “
മുറിയിലേക്ക് കയറുമ്പോൾ തന്നെ റോസിലിയുടെ പരിഭ്രമിച്ച മുഖം കണ്ടു. കൂടെ നഴ്സും.
കട്ടിലിൽ കൊണ്ടു പോയി ഇരുത്തിയ ശേഷമാണ് ജാൻസി സിൽവിയാമ്മയുടെ അടുത്തേയ്ക്ക് പോയത്.
സിൽവിയാമ്മയുടെ ശ്വാസഗതി വർദ്ധിച്ചിരുന്നു. കണ്ണുകൾ അടച്ചു പിടിച്ച് , ചുണ്ടുകൾ മുറുക്കി പൂട്ടി…’അമ്മേ, അമ്മേ എന്ന് ജാൻസി സിസ്റ്റർ വിളിച്ചപ്പോൾ ഒരു പ്രതികരണവും ഉണ്ടായില്ല. അടുത്ത മുറിയിൽ നിന്നും പലരും എത്തി നോക്കി. ഭയമോ ? സങ്കടമോ ? ചേട്ടത്തി എങ്ങനെ ഇത് അറിയാതെ പോയി ! റോസിലി, നഴ്സിനോട് എന്തോ മന്ത്രിച്ചു.
ജാൻസി നെറ്റിയിലും തലയിലും പതുക്കെ തഴുകിക്കൊണ്ട് ഇരുന്നു. റോസിലി ഒരു സ്പൂൺ വെള്ളം ചുണ്ടിൽ ഇറ്റിച്ചു.
എത്ര നേരമെന്ന് അറിയാതെ ശ്വാസം മുട്ടി എല്ലാവരും നിന്നു : ഒന്നും ചെയ്യാനാവാതെ. മേഴ്‌സിയുടെ നിറുത്താതെയുള്ള ചിരി കേട്ടു.
തൊണ്ടയിൽ നിന്ന് പ്രയാസപ്പെട്ട് , മുറുകിയ ഒരു ശബ്ദം . ദീർഘമായ ഒരു ശ്വാസം എടുത്തത് മുഴുവനാക്കാതെ , വായ തുറന്ന്, സിൽവിയാമ്മ പെട്ടെന്ന് നിശ്ചലയായി.
ഏതാനും നിമിഷത്തെ നിശ്ശബ്ദത !
നിയന്ത്രിക്കാനാവാതെ ഞാൻ കരഞ്ഞു. കുറച്ച് നേരത്തേയ്ക്ക് കരച്ചിലും ഏങ്ങലടികളും മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു .
വായ തുറന്ന്, തല മുകളിലേയ്ക്ക് ഉയർത്തി സിൽവിയാമ്മ കിടന്നു.
സ്നേഹിച്ചവനും വിശ്വസിച്ചവനും പ്രാണനെപ്പോലെ കൊണ്ടു നടന്ന മോളും- എല്ലാവരും കാര്യം കഴിഞ്ഞപ്പോൾ പോയി.
പല്ലുകൾ പോയി, മുടി കൊഴിഞ്ഞു…ആരും വരാതെയായി…
കിടന്നു പോയപ്പോൾ ആരൊക്കെയോ മഠത്തിൽ കൊണ്ട് ചേർത്തു.
ആ കാഴ്ച ആത്മാവിനെ ആവേശിക്കാതിരിക്കാൻ ഞാൻ മുഖം തിരിച്ചു.
എല്ലാ ആണുങ്ങളും….!
സിൽവിയാമ്മയുടെ രണ്ടറ്റത്തായി ഞങ്ങൾ ഇരുന്നു.
ഇനി നീണ്ട പകലാണ് . ഒന്നും ചെയ്യാനില്ലാതെ…സിൽവിയാമ്മയ്ക്കും എനിക്കും.
അവൻ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും ? അവന് ഇതൊക്കെ എങ്ങനെ സഹിക്കാനാകും ?

ഒരു വൈകുന്നേരമായിരുന്നു വേദന തുടങ്ങിയത് .കൂടെ വരാനോ ആശുപത്രിയിൽ നിൽക്കാനോ ഒരാളുപോലും ഇല്ല ! ഒടുവിൽ ‘അമ്മായി’ കൂടെ വന്നു. നിറവയറും താങ്ങി , വേദന കൊണ്ടും ലജ്ജ കൊണ്ടും പിറക്കുന്ന കുഞ്ഞിന്റെ ഗതിയോർത്ത് കരഞ്ഞും ഞാൻ ആശുപത്രിയിലേയ്ക്ക് നനമുണ്ടുമായി വേച്ച് വേച്ച് നടന്നു. ദേഹമാകെ ചുക്കിചുളിഞ്ഞ് വയസ്സനെ പോലെ അവനെ ആദ്യമായി കണ്ടപ്പോൾ സഹിക്കാനാവാതെ ഞാൻ പിന്നെയും കരഞ്ഞു.

6
കുത്തിക്കീറുന്ന കണ്ണുകൾ !ആ നോട്ടം കാണുമ്പോൾ തന്നെ മേലാസകലം വണ്ണം വെയ്ക്കുന്നത് പോലെ തോന്നും. എല്ലാവർക്കും അത് മാത്രം മതി ! പക്ഷെ ദ്വേഷ്യം പുറത്ത് കാട്ടരുത് .ചിരിക്കണം. മുഖം ഒന്ന് ചുളിഞ്ഞാൽ , പിന്നെ അത് മതി ! ഇല്ലാപ്പാട്ട് തുടങ്ങും .“അതേയ്…അറിഞ്ഞില്ലെ ? ഓള് മറ്റേതാ..” ഒരു പൊട്ടിച്ചിരി ! അങ്ങനെ ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ കാണുന്നവനൊക്കെ ഒരു ധൈര്യമാണ് . മേല് തൊടാം, അറിയാത്തത് പോലെ തട്ടാം, ബലമായി കേറി പിടിക്കാം. “എന്റെ അടുത്ത് മാത്രം എന്താ ഇത്ര ഡിമാൻഡ് ?” തുണിയൊന്ന് നീങ്ങുന്നുണ്ടോയെന്ന് ഒളിച്ചു നോക്കി നടക്കുന്ന ആളുകൾ…നിലത്ത് വീണ് ഒരായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറാൻ ത്രസിച്ചുകൊണ്ട് നടന്ന നാളുകളിൽ..
എത്ര തവണ ആ മനുഷ്യനെ ശപിച്ചു.!
ആണും പെണ്ണും കെട്ടവനെന്ന് ഉള്ളിൽ അലറി.
അയാൾക്ക് കളിച്ചിരി പറയാൻ ഇഷ്ടം പോലെ ഏനാന്തിച്ചികളെ കിട്ടുമെന്ന് ഓർത്തപ്പോൾ ഹൃദയം പുകഞ്ഞു.ഇഷ്ടപ്പെടാൻ മാത്രം എനിക്ക് എന്താണ് ഉള്ളത് ? ഓർക്കാൻ മാത്രം ഞാനാര് ?ഒരു താലിമാല പോലും അവകാശപ്പെടാൻ ഇല്ലാത്ത ബന്ധം !
സ്വപ്നത്തിൽ എത്ര തവണ അയാൾ കടന്നു വന്നു.! ആ കട്ടിമീശയും ബീഡി മണക്കുന്ന ചുണ്ടുകളും ആശ്വാസവാക്കുകളും…അങ്ങനെ ഇട്ടെറിഞ്ഞ് പോകാനാകുമോ ?അത്ര ദുഷ്ടനൊന്നുമല്ല ! അയാളുടെ ഷർട്ട് നെഞ്ചോട് ചേർത്ത് ആ മണം ശ്വസിച്ച് കിടന്നിട്ടുണ്ട് .ശബ്ദം കേൾപ്പിക്കാതെ കരഞ്ഞിട്ടുണ്ട്. ഇനിയെന്ത് എന്നോർത്ത് ആധി പൂണ്ടിട്ടുണ്ട്. ദൈവമെ, എന്നെ കൈവെടിയരുതെ…കൈയ്ക്കും കാലിനും ആവത് തരണെ…എന്റെ മോനെ കാത്തോളണമേ !
വാശിയായിരുന്നു, പിന്നെ.
ഒന്നും ഓർക്കാൻ വയ്യ. അത് ഞാൻ തന്നെയായിരുന്നോ ?
ഞാനെങ്ങനെ അതിനെയെല്ലാം അതിജീവിച്ചു ?!

ഉച്ചയ്ക്ക് ഡോക്ടർ വന്നു. കാവൽക്കാരനെ കാണാതെ , ഗേറ്റിന് പുറത്ത് കുറച്ചു നേരം ഹോണടിച്ചു നിൽക്കേണ്ടിവന്നതിന്റെ ചൂടുമായാണ് അയാൾ വന്നത് . പഴയ പരിചയത്തിൽ , അസുഖത്തെക്കുറിച്ച് എന്തോ പറയാൻ ചെന്ന നാരായണിയെ തിരിഞ്ഞ് നോക്കാതെ , അയാൾ സിൽവിയാമ്മയുടെ അടുത്ത് ചെന്നു. കൈ പിടിച്ചു നോക്കി. കണ്ണ് തുറന്ന് ടോർച്ച് അടിച്ചു. പിന്നെ, ഉത്ക്കണ്ഠയോടെ നിന്ന ജാൻസി സിസ്റ്ററോട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം, മുറി വൃത്തിയാക്കുന്ന തിരക്കായിരുന്നു. ആ ബഹളത്തിനിടയിൽ , സിൽവിയാമ്മ കണ്ണുകളടച്ച് , താടിയിലെ കെട്ടുമായി നിശ്ശബ്ദം ,ഉറങ്ങിയ പോലെ കിടന്നു.
മറ്റെല്ലാവരും പുറത്തായിരുന്നു. ഉത്സാഹത്തോടെ പൂക്കൾ തൊട്ടു നോക്കിയും വെറുതെ നടപ്പാതയിലൂടെ നടന്നും ചിലർ സമയം നീക്കി. വെയിൽ കാഞ്ഞ് ചിലർ ബെഞ്ചിൽ ഇരുന്നു. അധികവും പ്രായമേറിയവർ ! പല നാട്ടുകാർ ! പല കാലങ്ങളിലായി പല രീതിയിൽ വന്നവർ ! ആർക്കും അധികമൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല . എന്തൊരു കൂട്ടർ ! ഇവിടെ ഒരു മരണം നടന്നിരിക്കുന്നു !
ഗേറ്റ് വരെ നടന്ന് ഞാൻ തിരിച്ച് വന്നു. ഒരു വ്യത്യാസവുമില്ല.
ആർക്കും ഒരു സ്നേഹവുമില്ല !
വൃത്തിയാക്കിയ മുറിയിൽ, നടുവിൽ ഒരു കട്ടിലിൽ സിൽവിയാമ്മ സുന്ദരിയായി കിടന്നു. പൗഡറിട്ട്, തലയിൽ പൂക്കളുള്ള റീത്ത് വെച്ച്…കെട്ട് മുറുകിയത് കൊണ്ടാണോ എന്നറിയില്ല, കൂർപ്പിച്ച ചുണ്ടുകളിൽ നിന്നും പരാതികളുടെ കൂട്ടം ഞാൻ കേട്ടു.
എല്ലാവരും ചുറ്റും ഇരുന്നു. അന്നമ്മ ചേട്ടത്തി ബൈബിൾ തുറന്ന് പതിഞ്ഞ സ്വരത്തിൽ വായന തുടങ്ങി . കൂക്കിവിളിയും അലർച്ചയും ഒഴിവാക്കാൻ മേഴ്സിയെ അറ്റത്തെ മുറിയിലേയ്ക്ക് മാറ്റിയിരുന്നു.
നാളെയാണ് ശവമടക്ക് .
വേറാരുമില്ലെങ്കിലും രാത്രി മുഴുവൻ ഉറക്കമിളച്ച് ഞാൻ കൂട്ടിനിരിക്കും !

7

ഉറക്കം വരാത്ത രാത്രികൾ…പുലരുമ്പോൾ അവനെ കുലുക്കി വിളിച്ച് പായ മടക്കി ഒരു മൂലയ്ക്ക് വെച്ച് ബെന്നിച്ചന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങും. ആ നേരത്ത് ആ ലൈൻ വീട്ടിലെ ഓരോ വീടിന്റെയും വാതിൽ തുറന്നിട്ടെ ഉണ്ടാകു . അകത്തെ മുറിയിലെ അരണ്ട വെളിച്ചത്തിൽ , മൂടിപ്പുതച്ച് കിടക്കുന്നവരെയും അടുക്കളയിലെ ചലനങ്ങളും കാണുമ്പോഴൊക്കെ ആശിച്ചിട്ടുണ്ട്, എന്നാണ് എനിക്ക് ഇതുപോലെ ഒരു ഇരിക്കകൂര ?
ബെന്നിച്ചന്റെ വീട്ടിലെ കയറിചെല്ലുന്ന മുറിയിൽ കുട്ടികൾക്കൊപ്പം നിലത്ത് ഒരു പായ വിരിക്കാനുള്ള സ്ഥലമായിരുന്നു ഉണ്ടായിരുന്നത് . അകത്തെ മുറിയിൽ കട്ടിലിന് ചോട്ടിൽ ഒരു ഇരിമ്പുപെട്ടിയിൽ വസ്ത്രങ്ങളും . മറ്റെല്ലാ വീടുകളെയും പോലെ മുൻവശത്തെ വാതിൽ എപ്പോഴും തുറന്നു കിടന്നു . നേരം വൈകിയെ അവർ ഉറങ്ങിയിരുന്നുള്ളു . അയാളാണെങ്കിൽ രാത്രി മുഴുവൻ ചുമച്ച് തുപ്പിക്കൊണ്ടിരിക്കും . ടീബിയാണെന്നും എന്തിനാ അവിടെ നിൽക്കുന്നതെന്നും ലിയോ ബാലന്റെ ഷീലയും മാറിയും ചോദിച്ചു : എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നതെന്നും . പകലന്തിയോളം ആരാന്റെ കുണ്ട പേറി ക്ഷീണിച്ച് ഒന്ന് കിടക്കാമെന്ന് വെച്ചാൽ എന്ത് ചെയ്യും ? അത്ര സുരക്ഷിതമായി ഒരു നല്ല സ്ഥലം വേറെ എവിടെ കിട്ടാനാണ് ? ( അതയാളുടെ രണ്ടാം കുടിയാണ് : സതിയുടെയും …വയസ്സു കാലത്ത് ! )
രാവിലെ അപ്പോഴും ഉണർന്നിട്ടില്ലാത്ത തെരുവിലൂടെ , സൈക്കിൾ മണികളും അശ്ലീലവാക്കുകളും കേട്ട് , ഉറക്കച്ചടവ് മാറാതെ നടക്കുമ്പോൾ , രാത്രി കണ്ട പേടിസ്വപ്നങ്ങളെക്കുറിച്ചാണ് അവന് പറയാനുണ്ടാകുക. സംശയിച്ചും കണ്ണ് മിഴിച്ച് പേടിയോടെ എന്നെ ഉറ്റുനോക്കിയും…എത്ര മന്ത്രിച്ചു കെട്ടി !
എന്റെ സന്തോഷം മുഴുവൻ അവനായിരുന്നു. അവന്റെ ഓരോ നിമിഷങ്ങളും ഞാൻ സൂക്ഷിച്ചു വെച്ചു.അവന്റെ ആഹ്ലാദം , വേദന ,പരിഭവം , ദ്വേഷ്യം , ഇഷ്ടം , അഭിപ്രായങ്ങൾ ! എല്ലാം എന്റേതായിരുന്നു . ചെറിയ കുട്ടിയായിരുന്നെങ്കിലും അവനായിരുന്നു എന്റെ ധൈര്യം !ആരോടെങ്കിലും അതൊക്കെ പറയാൻ കഴിയാതെ ഉള്ള് കിടന്ന് വിങ്ങി . അച്ഛനെക്കുറിച്ച് എപ്പോഴും ചോദിക്കുമായിരുന്നു .” അച്ഛൻ എവിടെ ? എന്റെ അച്ഛൻ ആരാ ? എന്തിനാ എന്നെ ഇട്ടേച്ച് പോയത് ?
മൂന്ന് വീടുകളിൽ ജോലി ചെയ്തിട്ടാണ് അവനെ വളർത്തിയത് . രാവിലെ എഴുന്നേറ്റാൽ പിന്നെ ഒരോട്ടമാണ് ., പണി സ്ഥലത്തേയ്ക്ക്… വൈകുന്നേരം വരെ . വെള്ളം കോരണം – കുളിക്കാനും കക്കൂസിൽ പോകാനും. 5-8 ആളുകളുള്ള വീടാണ് . കൂമ്പാരമായി കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകണം, അലക്കണം, നാറുന്ന കക്കൂസ് വൃത്തിയാക്കണം. ഇതിനിടയ്ക്ക് അവനെ പല്ല് തേപ്പിക്കണം…ആ വീട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിപ്പിച്ച് അവനെ സ്ക്കൂളിലേയ്ക്ക് അയക്കണം. അടുത്ത വീട്ടിലേയ്ക്ക് ഓടണം.
കരഞ്ഞിട്ടുണ്ട് ; ശപിച്ചിട്ടുണ്ട്. പിന്നെ കൈകൾ കൂപ്പി മാപ്പിരന്നിട്ടുണ്ട് .
സഹായിക്കാനും സഹതപിക്കാനും തയ്യാറായി പലരും വന്നു . പലരുടെയും ഉദ്ദേശ്യം മറ്റ് പലതുമായിരുന്നു. നോട്ടമെല്ലാം ഞാൻ ആസ്വദിച്ചിരുന്നു. ഇഷ്ടപ്പെട്ടിരുന്നു. എന്തിന്,ഉള്ളിൽ ചിരിയൂറിയിരുന്നു !അയാൾ ഇനി വരില്ല എന്ന് മനസ്സ് പിറുപിറുത്ത നാളുകളിലൊക്കെ , ഹൃദയത്തെ വരിഞ്ഞു മുറുക്കിയ നൈരാശ്യത്തിന് ചിലപ്പോഴൊക്കെ ആ നോട്ടങ്ങൾ വേനൽ മഴയായിരുന്നു. എനിക്കും പലതിനും ആശയില്ലെ ?
പോകുമ്പോൾ അയാൾ ഒന്നും പറഞ്ഞിരുന്നില്ല . ഇനി എപ്പോൾ വരും എന്ന് ചോദിച്ചപ്പോൾ ഭംഗിയായി പുഞ്ചിരിച്ചു . ഒക്കത്തിരുന്ന മോനെ നോക്കിയത് പോലും ഉണ്ടായില്ല എന്ന് പിന്നീട് എനിയ്ക്ക് ഓർമ്മ വന്നു .ഇറങ്ങി പോകുമ്പോൾ മറ്റൊന്നും തോന്നിയതുമില്ല . കാറൊക്കെ ഒഴിഞ്ഞു. ഒരു പ്രതീക്ഷ മനസ്സിൽ തെളിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏട്ടന്മാർ വന്നതും അടിച്ച് വലിച്ചിഴച്ചതും ( അതും ഒരു പെണ്ണാണെന്ന് പോലുമോർക്കാതെ ) ഒക്കെ ഞാൻ മറന്നു. മറക്കാൻ ഞാൻ എന്നും തയ്യാറായിരുന്നു.എല്ലാവരെയും ധിക്കരിച്ച് പിന്നെയും വന്നല്ലോ…അതു മതി .
കത്തില്ല , പണമില്ല…ഒരു വിവരവും ഇല്ല . ഉള്ള് തുറന്ന് ആരോടും ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ! ചോദിക്കാനും പറയാനും ആരുണ്ട് എനിയ്ക്ക് ? എപ്പോഴും കൂടെ കണ്ടിരുന്ന ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോൾ പറഞ്ഞു : പുള്ളി ട്രാൻസ്ഫർ ആയി പോയില്ലെ…പറഞ്ഞില്ലെ ? വ——ലാണ് ഇപ്പോൾ ! “ പിന്നെ ചിരിയോടെ , “ അവിടെയും ഏതോ ഒന്ന് കൊളത്തിയിട്ടുണ്ട് ..!”
ശല്ല്യം തീർക്കാൻ ഏട്ടന്മാർ പിന്നെയും വന്നു . ഒരു അവകാശവും ഇല്ല എന്ന് പോലീസ് സ്റ്റേഷനിൽ എസ് . ഐ. യ്ക്ക് മുന്നിൽ എഴുതി ഒപ്പിട്ടു കൊടുത്തു .കൊന്നു കളയുമെന്ന ഭാവത്തോടെ ചുറ്റും നിന്ന ആൾക്കാരെയും പൊള്ളുന്ന ആ മുറിയും പിന്നെയും പിന്നെയും കണ്ട് എത്ര രാത്രികളിൽ ഞെട്ടിയുണർന്നു…
കുറച്ചു നേരം കിടക്കണമെന്ന് തോന്നി .
പുറത്ത് രാത്രി നന്നെ ഇരുട്ടിയിരിക്കുന്നു. മുറിയിൽ നിന്നും ഓരോരുത്തരായി എഴുന്നേറ്റ് പോയിരുന്നു. മടുപ്പോടെ പ്രകാശിച്ചു നിന്ന വെളിച്ചത്തിൽ സിൽവിയാമ്മ ശവപ്പെട്ടിയിൽ ഞെരുങ്ങി കിടന്നു. പേടി തോന്നിയെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു.
ഞാനും സിൽവിയാമ്മയും മാത്രം.
സിൽവിയാമ്മ അപ്പോഴും അസ്പഷ്ടമായി സംസാരിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴോ ഒരു കൂക്കിവിളി ഞാൻ കേട്ടു.
മേഴ്സിയെപ്പോലെയാണ് ഞാനെങ്കിൽ ഈ വേദനകൾ കുറയുമായിരുന്നോ ?!

8

ആ ദ്വേഷ്യവും എടുത്തുചാട്ടവും മാത്രമേ അവനുള്ളു . ഞാൻ അറിയും പോലെ വേറെ ആരറിയും അവനെ ?
ഭയങ്കര ദ്വേഷ്യമായിരുന്നു, ചെറുപ്പത്തിലെ .എന്നോട് മാത്രം ! ആരെങ്കിലും കടുപ്പിച്ച് എന്തെങ്കിലും സംസാരിച്ചാൽ മതി, മുഖം വാടും .സാരിക്കുത്തിൽ മുഖമമർത്തി എക്കിട്ടെടുത്ത് കരയുമ്പോൾ ഞാൻ പറയും.

“ സാരല്ല്യ മോനേ…സാരല്ല്യ “
“ ഞാൻ ഒന്നും ചെയ്തില്ലമ്മേ…ന്നിട്ടും വെർതെ എന്നെ…”
അവൻ പറയുന്നതിൽ കാര്യം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ഒരു വീട്ടുജോലിക്കാരിയുടെ മകനോട്, അതും അത്രയ്ക്കൊന്നും ഓമനത്തമില്ലാത്ത, പേടിച്ചരണ്ട കണ്ണുകളുമായി എപ്പോഴും സംശയിച്ച് നിൽക്കുന്ന കുട്ടിയോട് അങ്ങനെയൊക്കെയേ ആളുകൾ പെരുമാറൂ,,,
എനിക്കത് മനസ്സിലാകും.
അവനെ അടുത്ത് വിളിച്ചിരുത്തി, മുഖമെല്ലാം നന്നായി തുടച്ച് ഞാൻ പറയുമായിരുന്നു. ‘നമ്മള് ആരും ഇല്ലാത്തോരാ മോനേ…മോൻ മിടുക്കനാവണം. പഠിച്ച് വലിയ ആളാകണം. അന്ന്… ഈ പറഞ്ഞവരോടും ചെയ്തവരോടും ഒക്കെ നമ്മൾ പകരം ചോദിക്കും, ഉം ? അമ്മേടെ മോനല്ലെ, കരയണ്ട..’
അവൻ മിണ്ടാതായത് പിന്നെയാണ് .
അതും എന്റെ തെറ്റ് !
ഒരു ഭർത്താവിന്റെ കണ്ണുകളേക്കാൾ അസൂയ കലർന്നാണ് എന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും അവൻ വീക്ഷിച്ചിരുന്നത് : ചെറിയ കുട്ടിയായിരുന്നപ്പോഴേ…
ഒരു പക്ഷെ ഒറ്റയ്ക്കായി പോയതിനാലാവണം , അറിഞ്ഞു കൊണ്ട് തന്നെ ചിലതെല്ലാം സംഭവിച്ചത്…
ഞാനും ഒരു പെണ്ണല്ലെ ?
ഒരുപാട് വേദനിച്ചിട്ടുണ്ട്, അവൻ. അത് അറിയാഞ്ഞിട്ടല്ല. എനിയ്ക്കെന്ത് ചെയ്യാൻ കഴിയും , വിളിച്ച് അടുത്തിരുത്തി സമാധാനിപ്പിച്ചിരുന്ന പ്രായം കഴിഞ്ഞു പോയാൽ ? എന്താണ് തനിയ്ക്ക് പറയാൻ ഉണ്ടായിരുന്നത് ?
ഒരുപക്ഷെ, ആരും ഇല്ലാതെ ഒറ്റയ്ക്കായി പോയതിനാലാവാം ചിലതെല്ലാം സംഭവിച്ചതെന്നോ ?
…ആണോ ?
ചതിയെന്നറിഞ്ഞിട്ടും വീണ് പോയിട്ടില്ലെ ?
ആർക്ക് മനസ്സിലാക്കാൻ പറ്റും, എന്നെ ?

ഭയത്തോടെയാണ് ഞാനവനെ ഓരോ നിമിഷവും കണ്ടത്.
പണിയെടുക്കുന്ന വീടുകളിലേയ്ക്ക് വലുതായ ശേഷം അവൻ വന്നിരുന്നില്ല. അവിടുത്തെ കുട്ടികളുടെ പഴയ ഉടുപ്പുകൾ ഇടാൻ കൂട്ടാക്കിയിരുന്നില്ല. എപ്പോഴും എന്നെ കുറ്റപ്പെടുത്താനെ അവന് നേരമുണ്ടായിരുന്നുള്ളു. ഒരു വയസ്സനെ പോലെ പിറുപിറുത്തുകൊണ്ടിരിയ്ക്കും . ഞാൻ പറയുന്നതിന് കുറ്റം…നടക്കുന്നതിന് കുറ്റം…
അവന്റെ ശാഠ്യങ്ങൾ കൂടി, ബുദ്ധിമുട്ട് മനസ്സിലാക്കാതെയായി. മറ്റുള്ള കുട്ടികൾക്കൊപ്പം മത്സരിക്കാൻ തക്ക എന്ത് വരുമാനമാണ് എനിയ്ക്ക് ഉണ്ടായിരുന്നത് ! അത് പറഞ്ഞാൽ അവന് മനസ്സിലാകില്ല. വലുതാകും തോറും അവന് വന്ന മാറ്റങ്ങൾ ഭയത്തോടെ ഞാൻ കണ്ടു. അവൻ ഒന്നും സംസാരിക്കാതെയായി . ചോദിച്ചാൽ മൂളലുകൾ മാത്രം. ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുത്താലും ഒന്നും പറയാതെ കഴിച്ച് എഴുന്നേറ്റ് പോവുകയായിരുന്നു പതിവ്. ഞാൻ അവന്റെ പുസ്തകങ്ങൾ പരതി. അവൻ എഴുതിയ ഡയറി ഞാൻ കണ്ടു .അമ്മയെയും ലോകത്തിലെ എല്ലാ സ്ത്രീകളെയും വെറുക്കുന്നു എന്ന് എഴുതിയത് വായിച്ചപ്പോൾ ആ മനസ്സിലെ വെറുപ്പിന്റെ ആഴവും ഹൃദയശൂന്യതയും അറിഞ്ഞ് ഞാൻ പകച്ചു പോയി. ഞാൻ എങ്ങോട്ടെങ്കിലും പോവുകയാണെന്ന പല്ലവി തുടങ്ങിയതും അക്കാലത്താണ് . പിന്നീടുള്ള രാത്രികളിൽ എനിക്ക് ഉറങ്ങാനായില്ല .അവൻ ഇറങ്ങിപോകുമോ ? പണ്ട് അയാൾ പോയത് പോലെ ?
അവന് ജോലി കിട്ടിയപ്പോൾ എന്റെ കഷ്ടപ്പാട് തീർന്നല്ലോയെന്ന് ഞാൻ ആശ്വസിച്ചു . പക്ഷെ സന്തോഷിക്കാൻ എനിയ്ക്ക് ധൈര്യമില്ലായിരുന്നു.ജീവിതം ഞാൻ കുറെ കണ്ടതാണല്ലോ …ജോലിയ്ക്ക് പോകുന്നത് ഞാൻ പിന്നെയും തുടർന്നു. അവൻ വഴക്കിടാൻ തുടങ്ങി. അവന് അത് മാനക്കേടാണത്രെ !
അവന് വേണ്ടി ഞാൻ പെണ്ണന്വേഷിക്കുന്നില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും പരിചയക്കാർ പറയാൻ തുടങ്ങിയിരുന്നു. ഒരു പ്രായം കഴിഞ്ഞാൽ കൊത്തിപ്പിരിച്ച് വിടണം, ഞാനത് ചെയ്തില്ല എന്ന് കാർത്തിയും പറഞ്ഞു. ഇഷ്ടമുള്ള ഒരാളെ കൂട്ടിക്കൊണ്ടു വന്നോയെന്ന് ഞാനവനോട് പറഞ്ഞിരുന്നു. സ്നേഹമുള്ള ഒരാളായിരിക്കണം.അവനെ നന്നായി നോക്കണം. കണ്ണില് മറുക് ഉള്ള പെണ്ണുങ്ങളാണ് ഇക്കാലത്ത്…ഞാനത് പറയുമ്പോഴൊക്കെ അവൻ അസഹ്യത പ്രകടിപ്പിച്ചു. നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചാൽ അതും ഞാൻ തലയിൽ ഏൽക്കേണ്ടിവരില്ലെ ? അതുകൊണ്ട് ഞാൻ പിന്നെ നിർബന്ധിച്ചില്ല. അതിനും കുറ്റമെനിയ്ക്ക് !
എനിക്ക് തീരെ പരിചയമില്ലാത്ത ഒരാളായി അവൻ വീട്ടിൽ കഴിഞ്ഞു. ചില ചീത്ത കൂട്ടുകെട്ടുകൾ ( അവൻ കരുതിയ ആത്മാർത്ഥതയും സ്നേഹവും ഒന്നും ആർക്കും ഇല്ലായിരുന്നു. എത്ര തവണ പറഞ്ഞാലും കൊണ്ടാലും അവനത് മനസ്സിലാക്കിയിരുന്നില്ല ) വീട്ടിലിരുന്നുള്ള മദ്യപാനം…അഹംഭാവത്തോടെയുള്ള ചിരിയും ഉച്ചത്തിലുള്ള നിയന്ത്രണം വിട്ടുള്ള സംസാരങ്ങളും…കുടിച്ച് ബോധമില്ലാതെ വരുന്ന സന്ദർഭങ്ങളിലെ ഭാവവ്യത്യാസങ്ങൾ കണ്ട് എനിയ്ക്ക് പേടി തോന്നി .
ആ ബന്ധം വേണ്ടെന്ന് ഞാനവനോട് പറഞ്ഞതാണ്. അവൻ തന്നെ കണ്ടെത്തിയ ബന്ധം ! അവന് വേണ്ടി ഒരു കുടുംബത്തിൽ കയറി പെണ്ണ് ചോദിക്കാൻ എനിക്ക് സങ്കോചമുണ്ടെന്ന് അവന് തോന്നിയെന്ന് എനിക്ക് മനസ്സിലായി. അവന്റെ ഒപ്പം ഒരു സദസ്സിലേയ്ക്ക് കയറി ചെല്ലുന്നത് അവന് ഇഷ്ടമില്ല എന്ന് എനിക്കും തോന്നിയിരുന്നു…

9
അവൾ ശരിയല്ല. ആ കുടുംബം തന്നെ ശരിയല്ല. അവളുടെ അമ്മയെക്കുറിച്ച് ആളുകൾക്ക് അത്ര നല്ല അഭിപ്രായം ഒന്നുമല്ല. മനുഷ്യപ്പറ്റ് ഇല്ലാത്ത വീടാണ്. സ്നേഹത്തോടെ ,അടക്കത്തോടെ വളർത്താൻ അറിയാത്തവർ !
രാത്രി. എല്ലാം നിശ്ശബ്ദമാകുമ്പോൾ കേൾക്കാം.അടക്കം പറച്ചിലുകൾ…ചിരി…നാണമില്ലാത്തവൾ!
മടിയനാണ് .,ചെറുപ്പത്തിലെ എല്ലാം അവന് വേണ്ടി ചെയ്ത് കൊടുത്ത ശീലമെ ഉള്ളൂ.ഒന്നും സ്വയം ചെയ്ത് ശീലിച്ചിട്ടില്ല.ആ അവനെക്കൊണ്ടാണ് ചിലപ്പോൾ അവൾ…!
അവനെക്കൊണ്ട് അതൊന്നും ചെയ്യിക്കണ്ട എന്ന് സഹിക്കാൻ വയ്യാതെ ചിലപ്പോൾ പറഞ്ഞുപോകും. ഇപ്പോഴത്തെ പെൺകുട്ടികൾ ! പാത്രം കഴുകാനും അലക്കാനും ഞാൻ സഹായിക്കാം എന്ന് പറഞ്ഞാൽ അവളുടെ മുഖത്ത്…ഓാ ! എത്ര വീടുകളിൽ ഞാൻ ജോലി ചെയ്തിരിക്കുന്നു ! ഞാൻ കാണാത്തതൊന്നും അല്ലല്ലോ…ചില നേരത്തെ വാക്കുകളുടെ മൂർച്ഛ . ഞാനാണത്രെ അവനെ വഷളാക്കിയത് ! ( രണ്ടെണ്ണത്തിനെ ഒണ്ടാക്കിയത് പിന്നെ ?..) അവളും പെറ്റതല്ലെ ?
ഒരു മിഠായി ആരും അവന് വാങ്ങിക്കൊടുത്തിട്ടില്ല . ഒരു നല്ല വാക്ക് അഭിനന്ദിച്ച് പറഞ്ഞിട്ടില്ല. എന്ത് ചെയ്യാനും അവന് പേടിയായിരുന്നു. ചെയ്ത് കൂട്ടുന്ന അബദ്ധങ്ങൾ കാണുമ്പോൾ ചിലപ്പോൾ ക്ഷമ കെടും.സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് അയച്ചാൽ കൊണ്ടുവരുന്നത് വേറെ എന്തെങ്കിലും ! നോക്കിയെടുക്കാൻ അറിയില്ല. വലിയ വില ഉള്ളത് വാങ്ങും, ബാക്കി പൈസ കൃത്യമായി വാങ്ങില്ല. പിന്നെ, തല താഴ്ത്തി ,ചുണ്ട് കൂർപ്പിച്ച് നിൽക്കുന്നത് കാണുമ്പോൾ അറിയാതെ പറഞ്ഞു പോകും : ഒന്നും അറിയില്ല ,ഈ ചെക്കന് !
അത് അവന് എത്രത്തോളം വേദനിച്ചുവെന്ന് മനസ്സിലായത് വർഷങ്ങൾ ഒരുപാട് കഴിഞ്ഞാണ്. അവളുടെ മുന്നിൽ വെച്ച് , ഒരു ദിവസം പൊട്ടിത്തെറിച്ചുകൊണ്ട് അവൻ പറഞ്ഞ വാക്കുകൾ ! എങ്ങനെ ഇത്രകാലം അവന് അത് മനസ്സിൽ കൊണ്ട് നടക്കാൻ കഴിഞ്ഞു! കൊള്ളരുതാത്തവനാക്കിയത് ഞാനാണത്രേ!
ഞാൻ !!

അവരുടെ കുടുംബം !!
അവർ, ഭാര്യയും ഭർത്താവും കുട്ടികളും…അതാണവരുടെ കുടുംബം !അങ്ങനെയാണ് പറയുക. ‘അമ്മേ’യെന്ന് തികച്ച് അവൾ വിളിക്കാറില്ല;അങ്ങനത്തെ അവസരങ്ങളിലല്ലാതെ . പുറത്ത് നിന്ന് ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം ! അല്ലാത്ത സമയം, വിളിച്ചു പറയലുകൾ മാത്രമെ ഉള്ളൂ. ‘ ദാ ഞാൻ ഇറങ്ങ്വാണ് . വാതിലടച്ചോ..കഞ്ഞി അടുപ്പത്ത് ണ്ട്…അച്ചാറ് അധികം വാരി തിന്നണ്ട…’
പ്രതിമ പോലെ അവൻ കൂടെ നിൽക്കുന്നുണ്ടാവും. അവൻ കാണുന്നും കേൾക്കുന്നും ഇല്ലെ ഇതൊക്കെ ? പേടിച്ച് ഒക്കെ മനസ്സിൽ ഒതുക്കി വെച്ചിരിക്കുന്നോ ? നോവില്ലെ അവന് ?
ആ മുഖത്ത് ഒരിക്കലും ഒരു ഭാവവ്യത്യാസവും കണ്ടിട്ടില്ല.
ആ തന്തയെ പോലെ തന്നെ !
എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കോപത്തോടെ അവരുടെ നേരെ എടുത്തു ചാടിയിരുന്ന കുട്ടിയായിരുന്നു.
അവൾ അവനെ തുള്ളിക്കുകയാണ് .ഓരോ ദിവസവും വഴക്കുകൾ. പുതിയ വീട് , ടിവി ,കാർ … സൗകര്യങ്ങൾക്കായി ,അല്ല , ആർഭാടങ്ങൾക്കായി അവൾ വാശി പിടിക്കും. എന്നാലും എന്റെ മകനെ സ്നേഹിച്ചിരുന്നെങ്കിൽ …കുട്ടികളുടെ പഠിപ്പും മറ്റും ആലോചിച്ച് പരിഭ്രമിച്ച് നടക്കുന്ന അവനോട് ഞാനെങ്ങനെ പറയും ; ഒറ്റയ്ക്കാവുമ്പോൾ മണിക്കൂറുകളോളം നീളുന്ന അവളുടെ ഫോൺ വിളികളെക്കുറിച്ച്…

രാവിലത്തെ തിരക്കിനും ബഹളത്തിനും ഇടയ്ക്ക് അവളുടെ ഒരു പൊട്ടിത്തെറിയുണ്ട് . ‘എന്നെക്കൊണ്ട് വയ്യ! വീട്ടിലും പണി…ഓഫീസിലും പണി..ഞാൻ ജോലി രാജി വെയ്ക്കുകയാണ്. സമാധാനം ഉണ്ടാവുമല്ലോ..
വെറും പറച്ചിൽ !
നീ പോയി കുളിച്ചോ, ഇനി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞാലും അവൾ അടങ്ങില്ല. അവനെ നോക്കി രണ്ട് കുറ്റം പറഞ്ഞാലെ തൃപ്തിയാകൂ. പെറ്റ വയറാണ് കേട്ടു നിൽക്കുന്നത് എന്നൊന്നും അവൾക്കില്ല. ഒന്നും മിണ്ടാതെ ഒരു മന്ദനെപ്പോലെ അവന്റെ നില്‌പ് കാണുമ്പോഴാണ്…
കുട്ടികളോ ! അവന്റെ ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ…
അവനെ പെറ്റപ്പോൾ ശ്രദ്ധിക്കാൻ വേണ്ടത്ര കഴിഞ്ഞിരുന്നില്ല. വേദനകളായിരുന്നു ജീവിതത്തിൽ. പക്ഷെ അവന്റെ കുഞ്ഞിനെ കിട്ടിയപ്പോൾ ഞാൻ മതി മറന്നു പോയിരുന്നു.ചില നേരങ്ങളിലെ അച്ചുമോളുടെ ചിരിയും കൊഞ്ചലും ആ ഓമനത്തവും…അലിഞ്ഞു പോകും നമ്മൾ. ‘അച്ഛമ്മേ…അച്ഛമ്മെ ഇത് കണ്ടോ? നോക്ക് ! ഇത് അര മണ്ഡലം..’ ഒന്ന് തിരിഞ്ഞ് കൈകാലുകൾ നീട്ടി, മുദ്രകൾ കാണിച്ച് …
നൃത്തം പഠിക്കുന്ന കുട്ടികൾക്ക് ഭംഗിയും നിറവും വേണം .അതില്ലാത്ത തുള്ളിച്ചികൾക്ക് ചൂരലും പരിഹാസവും !
വലുതായപ്പോൾ കുട്ടികളുടെ എല്ലാ ഓമനത്തവും പോയി. വേറെ താത്പര്യങ്ങളായി. തള്ളയേക്കാൾ കൂടുതൽ നോക്കിയത് ഞാനാണ് .കുളിക്കാതെയും പല്ല് തേക്കാതെയും ശാഠ്യം പിടിച്ച് നിൽക്കുന്ന കുട്ടികൾ.അവരുടെ ചാട്ടവും തുള്ളലും…ആ കൈകൾ അറിയാതെ മേല് കൊണ്ടാൽ വേദനിക്കും. അവരെ പിടിച്ച് നിറുത്താൻ നമ്മളെക്കൊണ്ടാവില്ല. ഒരു ഉന്ത് കിട്ടിയാൽ മതിയല്ലോ…അവള് നന്നായി അടിക്കും.
ഒരു പ്രേതം പോലെ പകൽ മുഴുവൻ ഒഴിഞ്ഞ മുറികളിലൂടെ ഞാൻ അലഞ്ഞു. എന്റെ ശ്രദ്ധയാകെ തിരിഞ്ഞിരുന്നു. ഞാൻ കഴുകി വെച്ച എന്റെ പാത്രങ്ങളുടെ വക്കിലും മടക്കിലും പോകാതെ കിടന്ന അഴുക്ക് കണ്ട് ഞാൻ ലജ്ജിച്ചു. എന്റെ മുറിയിലും ഉടുവസ്ത്രത്തിലും ചിലപ്പോഴൊക്കെ മൂത്രത്തിന്റെ മണം തിരിച്ചറിഞ്ഞ് ഞാൻ പരിഭ്രമിച്ചു. എന്താണ് എനിക്ക് സംഭവിക്കുന്നത് ? അലമാരയിൽ നിന്ന് എന്റെ സാരികൾ കാണാതാവുന്നുവെന്ന് പറഞ്ഞപ്പോൾ അവൾ കോപിച്ചു .അമ്മയ്ക്ക് മറവി കൂടുന്നുവെന്ന് അവൾ പരാതിപ്പെട്ടു.
അവന് എപ്പോഴും അവളുടെ വീട്ടുകാരെ ശ്രദ്ധിക്കാനെ നേരമുണ്ടായിരുന്നുള്ളൂ .

10

സിൽവിയാമ്മയുടെ കിടക്ക മടക്കി വെച്ചിരുന്നു. മാന്തി പൊളിച്ച വ്രണം പോലെ കണ്മുന്നിൽ കിടന്ന കട്ടിലിൽ അന്നമ്മ ചേട്ടത്തി കയറി ഇരുന്നപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി. ശവമടക്കിന്റെ വിശേഷങ്ങളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. മകളെ വിവരം അറിയിച്ചിരുന്നെങ്കിലും വരാനാകില്ല എന്നവൾ മറുപടി പറഞ്ഞത്രെ. എന്ത് മുഖത്തോടെയാണ് അവൾ വരിക ? മേരിയേടത്തി ചോദിച്ചു .സ്വത്ത് എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ ഓടി വന്നേനെ എന്ന് പറഞ്ഞ് നാരായണി അമ്മ ചിരിച്ചു .
ഒരിക്കൽ കാലിൽ നീര് വന്നു. ആദ്യം ഞാനത് ശ്രദ്ധിച്ചിരുന്നില്ല.ഞാൻ ആരോടും സംസാരിക്കാതെ അകന്ന് നിൽക്കുന്ന സമയമായിരുന്നു.’കൂച്ചിപ്പിണക്കം ‘എന്ന് പറഞ്ഞ് അച്ചുമോൾ അമ്മയോടൊത്ത് ചിരിച്ചു.അവനെ പ്രയാസപ്പെടുത്തേണ്ട എന്ന് കരുതിയെങ്കിലും കാൽ ചുവന്ന് നീലിച്ച് കുമിളകൾ പൊട്ടി ; വേദന സഹിക്കാൻ ആവാതെയായി.. ഡ്യൂട്ടി കഴിഞ്ഞ് അവൻ വരാൻ വേണ്ടി അവൾ പിന്നെയും രണ്ട് ദിവസം കാത്തു നിന്നു.ആശുപത്രിയിലേക്ക് പോകുമ്പോൾ കൈയ്യൊന്ന് പിടിക്കാൻ കൂടി അവൾ കൂടെ ഇറങ്ങിയില്ല.
സർക്കാർ ആശുപത്രിയാണ് ,വലിയ ചിലവൊന്നും ഉണ്ടാകില്ല.അവൻ അവിടെ കിടന്ന് മുരളുകയായിരുന്നു.
വൈകീട്ട് സന്ദർശകരെത്തിയപ്പോൾ അവളുടെ വാക്കുകൾ .
“ ഞാൻ തീരെ നോക്കാഞ്ഞിട്ടാ ന്നല്ലേ എല്ലാരും വിചാരിക്കുവ ?എത്ര പറഞ്ഞാലും കേൾക്കില്ല.ഷുഗറും കൊളസ്ട്രോളും ഉണ്ട്. രാവിലെ കാപ്പിയിൽ മധുരം ഇടുന്നത് കണ്ടാൽ നമ്മള് പേടിച്ചു പോകും.എപ്പോൾ നോക്കിയാലും ഒര് കിടപ്പാണ് . മുറ്റത്ത് ഇറങ്ങി നടക്കാൻ പോലും കൂട്ടാക്കില്ല. നമ്മളെന്തെങ്കിലും പറഞ്ഞാലോ ഒരു വിലയും ഇല്ല. വാശി ! പിന്നെ ഞങ്ങളെന്ത് ചെയ്യാനാണ് ?
പുതിയ ഡ്രസ്സ് ഇട്ട് അണിഞ്ഞൊരുങ്ങി അമ്മയുടെ അടുത്ത് നിന്നിരുന്ന അച്ചുമോളുടെ ചുണ്ടിൽ പരിഹാസം !

ഞാനിവരുടെ ആരുമല്ലേ ?
ഞാനെവിടെ പോകാനാണ് ?
എന്റെ ഭയം. അതാരും അറിഞ്ഞില്ല. വല്ല….ആവുമോ? ഞാൻ ഒരിക്കലും അത്ര നല്ലതായിരുന്നില്ല.ചീത്തയാണ് എന്നല്ല. പക്ഷെ..
എനിക്കുള്ള ശിക്ഷ ?
ഡോക്ടറുടെ രൂക്ഷമായ നോട്ടത്തിൽ പതറി, അവൻ പറഞ്ഞ മറുപടി ഓർമ്മയുണ്ട് .
“ ഞാനിവിടെ ഇല്ലായിരുന്നു ,ഡോക്ടർ…ആ മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയൊക്കെ വരുത്തി വെച്ചത്. അസുഖമുണ്ടെങ്കിൽ തുറന്ന് പറയണ്ടെ ? എന്നിട്ട് ഇപ്പോ കിടന്ന് കരഞ്ഞോളും. കാൽ മുറിക്കണം. എന്നാലെ പഠിക്കൂ !
ദ്വേഷ്യം വരുമ്പോൾ , പേടി വരുമ്പോൾ അവൻ പറയുന്ന വാക്കുകൾക്ക് വല്ലാത്ത മൂർച്ഛയാണ് .
എന്നാൽ അവളൊന്ന് കിടന്നു പോയാൽ എന്തു ചെയ്യണമെന്നറിയാതെ ,തളർന്ന് ഉഴറുന്നത് ഞാൻ കണ്ടിട്ടുണ്ട് .
ഓർത്തപ്പോൾ നെഞ്ച് പിളരുന്നത് പോലെ തോന്നി. ബ്ലൗസ് നനയുന്നുവോ ? മുലപ്പാല് ഇല്ല . ഇനി രക്തമെ ഉള്ളൂ.
തിരക്ക് അസഹ്യമായിരുന്നു .ആളുകൾ ദേഹത്ത് വന്ന് മുട്ടിക്കൊണ്ടിരുന്നു. തള്ളി പിന്നോക്കം തെറിപ്പിച്ചുകൊണ്ട്…പേടിയോടെ നിൽക്കുമ്പോൾ അവൻ തിരിഞ്ഞു നിന്നു.’മിഴിച്ച് നിക്കാതെ നടക്കിൻ’ അവൻ കൈനീട്ടി. അവൻ തന്റെ കൈ പിടിച്ചപ്പോൾ ,ആ തിരക്കിലൂടെ നടക്കുമ്പോൾ ഞാൻ എല്ലാം മറന്നു.ആരോടൊക്കെയോ ഉള്ള അരിശവുമായി അവന്റെ കുഞ്ഞിക്കൈകൾ പിടിച്ച് വലിച്ച് നടന്ന കാലം ! അവളുടെ കുത്തുവാക്കുകളും കുട്ടികളുടെ പരിഹാസവും സ്നേഹശൂന്യതയും എല്ലാം ഞാൻ മറന്നു. അവന്റെ കൈകൾക്ക് നല്ല കരുത്തുണ്ടായിരുന്നു.
ഈ യാത്രയ്ക്ക് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല .ഒറ്റയ്ക്ക് വീട്ടിൽ നിറുത്തി പോകാൻ അവന് മടി ; ഞാൻ നിന്നോളാം എന്ന് പറഞ്ഞിട്ടും . ദിവസങ്ങളോളം ഭാര്യയും ഭർത്താവും കൂടിയുള്ള കുശുകുശുക്കലുകൾ . യാത്ര നടക്കില്ലെന്ന് തോന്നി അവളുടെ മുഖം കറുത്തു തുടങ്ങി. ഒടുവിൽ ഞാൻ സമ്മതിച്ചു. “ ഞാൻ വരാം പക്ഷെ നീ എപ്പോഴും ഓരോന്നിനും ചീത്ത പറയരുത് …എനിക്ക് നിങ്ങളെപ്പോലെ ഓടി നടക്കാനാവില്ല..” ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ മുഖം മങ്ങിയോ ?
തിരക്ക് പിന്നെയും വർദ്ധിച്ചു .ഉച്ചഭാഷിണിയിലൂടെ ,എന്തൊക്കെയോ വിളിച്ചു പറയുന്നു.കതിനകൾ പൊട്ടുന്നു…വാദ്യഘോഷം …ചെവി കേൾക്കാനാകുന്നില്ല. ഇതിലൊക്കെ എന്ത് രസമാണ് ആളുകൾ കാണുന്നത് ! അവന്റെ കൈകൾ മാത്രമെ എന്റെ കൈയ്യിലുണ്ടായിരുന്നുള്ളു .ചുറ്റും തിങ്ങിക്കൂടിയ ആളുകൾ .ആ കൈകളിൽ മുറുകെ പിടിക്കാൻ തുനിഞ്ഞപ്പോൾ അത് ഊർന്ന് പോകുന്നത് ഞെട്ടലോടെ ഞാൻ അറിഞ്ഞു. ഭയത്തോടെ നിൽക്കുമ്പോൾ, ആളുകൾക്കിടയിൽ അവന്റെ മുഖം കണ്ടു.എന്താണ് അവൻ സംശയിച്ചു നിൽക്കുന്നത് ! നെഞ്ചിലാരോ കയറി ഇരുന്ന പോലെ, ഭാരം ! ശബ്ദമുയരുന്നില്ല. വീണ്ടും പ്രയാസപ്പെട്ട് വിളിക്കാൻ ശ്രമിച്ചു.
“എന്തു പറ്റി ?” ജാൻസിയുടെ സ്വരം കേട്ടു.
“പതിവുള്ളത് തന്നെ !” ചേട്ടത്തിയുടെ മറുപടി .
“ പ്രഷറ് കുറഞ്ഞതായിരിക്കും ‘
“ നേരത്തിന് ഗുളികയൊന്നും കഴിക്കില്ല. എപ്പോ നോക്കിയാലും ഒരാലോചന ! എന്താ പ്പോ ഇത്ര ആലോചിക്കാൻ !”_ ആരുടെ ശബ്ദമാണ് ?
ആരോ തലയിൽ തഴുകുന്നു. അമ്മേ…പൊന്നമ്മച്ചീ…
കണ്ണ് തുറന്നപ്പോൾ മുറിയിൽ പ്രകാശം ഇളിച്ചു നിന്നു. ചുറ്റും ആളുകൾ. വീണ്ടും കണ്ണടച്ചു. ആ വിരലുകൾ അപ്പോഴും നെറ്റിയിലും തലയിലും തഴുകിയിരുന്നു. ഒരു പെൺകുട്ടി എനിക്ക് ഉണ്ടായില്ലല്ലോ…ആ വിരലുകൾ എടുത്തുമാറ്റുവാൻ പറയണമെന്ന് ആഗ്രഹിച്ചു. ഒരു അലർച്ച തൊണ്ടയിൽ കുരുങ്ങി പിടയുന്നുണ്ട് .
തലോടൽ നിന്നു.
കണ്ണ് തുറന്നപ്പോൾ അന്തരീക്ഷം മങ്ങിയിരുന്നു.സന്ധ്യയുടെ നിശ്ചലത ! നേരം വെളുക്കുകയാണോ ? നന്നായി ഉറങ്ങിയിരിക്കുന്നു .മുഖം കഴുകണം …പല്ല് തേക്കണം…നേരം പിന്നെയും കഴിഞ്ഞു. പുറത്ത് ഇരുട്ട് പരന്നു. ഓ,!ഈ തോന്നലുകൾ ! തല പൊട്ടിപ്പിളരുന്നത് പോലെ .
ഉത്സവ പറമ്പിലെ ആളും തിരക്കും ഒഴിഞ്ഞ് അലങ്കോലമായി കിടന്ന മൈതാനത്തിൽ കുറെ പേരുണ്ടായിരുന്നു.; എന്നെ പോലെ. നടക്കാൻ പോലും വയ്യാത്തവർ ,അംഗവൈകല്യമുള്ള കുട്ടികൾ, വയസ്സന്മാർ..! ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം ! ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ…
ആരും കരഞ്ഞില്ല. അമ്പരപ്പോടെ ചിലർ ചുറ്റും നോക്കി. സംസാരിക്കുമ്പോൾ വാക്കുകൾ അവരെ കയ്യൊഴിഞ്ഞു .
എല്ലാ വർഷവും ഇത് പതിവാണ് എന്ന് പിന്നീട് കേട്ടു.
പോലീസുകാർക്ക് ഇത് ശീലമായി .കളക്ടറുടെ നിർദ്ദേശമനുസരിച്ച് ആളുകളെ ഓരോ സ്ഥാപനങ്ങളിൽ ആക്കും. ആരെങ്കിലും അന്വേഷിച്ച് വന്നാൽ , ഭാഗ്യമുള്ളവർക്ക് ( ഇതോ ഭാഗ്യം ?) തിരിച്ചു പോകാം.
തലയ്ക്കുള്ളിൽ ഭാരം ..!.വ്യക്തമായി ഒന്നും ഓർക്കാനാവുന്നില്ലല്ലോ …അവന്റെ കൈകാലുകളിൽ ചോര പൊടിഞ്ഞിരിക്കുന്നു ! വികൃതി കാണിച്ചാൽ ഞാൻ പിന്നെന്ത് ചെയ്യും ? അയൽപ്പക്കം മുഴുവൻ പരാതിയുമായി വന്നാൽ ? ഇങ്ങനെ നീ ഇനി അടിക്കരുത്, നൊന്തു പെറ്റ കുട്ടിയല്ലെ ഇത് ? കണ്ണീരും വെള്ളവും കൊണ്ട് ഞാൻ അവന്റെ തിണർത്ത കാലുകൾ കഴുകി തുടയ്ക്കുമ്പോൾ കാർത്തി ശാസിച്ചു.
കരഞ്ഞ് തളർന്ന് അവൻ പൈപ്പിന്റെ ചോട്ടിൽ കിടക്കുകയായിരുന്നു.

11

ജാൻസി സിസ്റ്റർ വന്ന് വിളിച്ചപ്പോൾ ഞാൻ പരിഭ്രമിച്ചു. “ ദൈവം കൈ വെടിയില്ല എന്ന് അമ്മയോട് ഞാൻ പറയാറില്ലെ ? ആഹ്ലാദത്താൽ ജാൻസിയുടെ കണ്ണുകൾ തിളങ്ങി .
കറിക്കത്തി താഴെ വെച്ച് ,ആരുടെയും മുഖത്ത് നോക്കാനാവാതെ ജാൻസിയുടെ പിറകെ ഞാൻ നടന്നു. ഇടനാഴികയുടെ ഇരുവശത്തെയും ഇരുണ്ട മുറികൾ പിന്നിട്ട് നടക്കുമ്പോൾ ഞാൻ ക്ഷീണം അറിഞ്ഞു .കാലുകൾ തളരുന്നത് പോലെ…
തല കുനിച്ച് ഇരുന്നിരുന്ന അവനെ എനിക്ക് ആദ്യം മനസ്സിലായില്ല ! സിസ്റ്ററെ കണ്ടപ്പോൾ പരിഭ്രമത്തോടെ ചാടിയെണീറ്റത് കൊണ്ടാവാം, അവന്റെ മുഖം വിളറിയിരുന്നു. അവൻ !! പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ അണ പൊട്ടി ഞാൻ കരഞ്ഞു. അയ്യോ അമ്മാ വീഴല്ലെ എന്ന് പറഞ്ഞ് ജാൻസി എന്നെ താങ്ങി സോഫയിലേക്ക് ഇരുത്തി .

“ ഇപ്പോ കരയുകയാണോ വേണ്ടത് ?മോനെ വീണ്ടും കണ്ടില്ലെ ! സന്തോഷമായില്ലെ ?”
കടിച്ചു പിടിച്ചിരിക്കാനുള്ള എന്റെ ശ്രമം വെറുതെയാണ്. എന്റെ മുഖത്തേയ്ക്ക് അവൻ നോക്കുന്നു പോലും ഇല്ലല്ലോ !
ജാൻസി ആംഗ്യം കാണിച്ചപ്പോൾ സംശയിച്ച് അവൻ അടുത്ത് വന്ന് ഇരുന്നു. അടുത്ത് ! ഒന്നനങ്ങിയാൽ പുറം കയ്യിൽ ആ ഷർട്ടിന്റെ സ്പർശം അറിയാം .
ആരുമില്ലാത്തവളായി ഞാൻ കരഞ്ഞു.
വാതിൽക്കൽ അവരെല്ലാവരും എത്തിയിരുന്നു . “മോനാ ല്ലെ ?” എന്ന് അന്തസ്സ് കാണിച്ച് ഡോക്ടറമ്മ ചോദിച്ചു. എത്തിനോക്കി മേരിയേടത്തി തിരിഞ്ഞു നടന്നു.അവരുടെ മനസുകൾ എനിക്ക് വായിക്കാം. എനിക്ക് വാക്കുകൾ മുട്ടിപോയി . ഞാനവന്റെ കൈയ്യിൽ കടന്നു പിടിച്ചു . തണുത്ത് ഐസ് പോലെ! “അമ്മയെ നന്നായി ശ്രദ്ധിക്കണം , ഇനി !” ജാൻസി പറഞ്ഞു.” ടൂറൊന്നും അല്ല അമ്മയ്ക്ക് വേണ്ടത് …സ്നേഹവും സ്വസ്ഥതയുമാണ് …നന്നായി നോക്കണം” ആ കൈകൾ ദുർബലമാകുന്നത് ഞാൻ അറിഞ്ഞു.
“നിങ്ങൾ സംസാരിച്ചിരിയ്ക്ക് …ഞാൻ ചായ കൊണ്ടുവരാം. എന്താ ഇവിടെ ഇത്ര കാണാൻ ! വാ..” അകത്തേയ്ക്ക് കടക്കാൻ തുനിഞ്ഞവരെ സിസ്റ്റർ തടഞ്ഞു.
എന്റെ ഉള്ള് തണുത്തു തുടങ്ങിയിരുന്നു. എത്രയോ തവണ സ്വപ്നം കണ്ട കൂടിക്കാഴ്ച്ച ! ഞാൻ ചോദിച്ചു
“എങ്ങനെ അറിഞ്ഞു, സ്ഥലം ?
അവൻ ഞെട്ടി.ചുവന്ന കണ്ണുകളോടെ മിഴിച്ചു നോക്കി. വീണ്ടും തല താഴ്ത്തി.
“ പത്രത്തിൽ ഉണ്ടായിരുന്നു..”
“ ഓ..എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..”
അവൻ തുറിച്ചു നോക്കി. ആ കണ്ണുകൾ കണ്ട് എനിക്ക് ഭയം തോന്നി.

അമ്മ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിട്ടില്ല ! ഒന്നും മിണ്ടാതെ ,ഇടയ്ക്ക് എന്നെ ഉറ്റു നോക്കി …കഴിഞ്ഞു എന്ന് ആശ്വസിക്കുമ്പോൾ അമ്മ പിന്നെയും കരഞ്ഞു.എന്റെ കൈകളിൽ മുറുകെ പിടിച്ചമർത്തി .എനിക്ക് ചിരി വന്നില്ല ;ദ്വേഷ്യവും .കരയുമ്പോൾ ആ മുഖം …സുന്ദരമല്ല !
രണ്ട് ദിവസത്തെ യാത്ര ,വീണ്ടും !കടിപിടി കൂടുന്ന ചിന്തകളുടെ ഭ്രാന്ത്! സഹയാത്രികരുടെ കുശലാന്വേഷണങ്ങളിൽ പതറി , മുരടനെ പോലെ ഞാൻ ഇരുന്നു. ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോകാൻ പല തവണ തുനിഞ്ഞു.അമ്മയെ ഓർത്തപ്പോൾ ഉള്ള് നീറി . ദ്വേഷ്യമാണ് പിന്നെ തോന്നിയത്. വിലാസമന്വേഷിച്ച് നടക്കുമ്പോൾ ചെറുതാകുന്നത് പോലെ തോന്നി. അമ്മമ്മയെ കാണാൻ മാസാദ്യ ഞായറാഴ്ച്ചകളിൽ മഠത്തിൽ പോയിരുന്ന ആൺകുട്ടിയുടെ പകപ്പ് ,അപമാനം ഉള്ളിൽ നിറഞ്ഞു.
എപ്പോഴാണ് എല്ലാം ആരംഭിക്കുന്നത് ?
ആരോരും ഇല്ലാത്തവരാണ് നമ്മളെന്ന അമ്മയുടെ ഓർമ്മപ്പെടുത്തലുകളിൽ നിന്നോ ? ഓർമ്മയിൽ ഒരു നിഴൽ പോലും ശേഷിപ്പിക്കാതെ കടന്ന് കളഞ്ഞ മനുഷ്യനിൽ നിന്നോ? തെരുവിലെ കുട്ടിയേക്കാൾ നിരാശ്രയനും സാമർത്ഥ്യമില്ലാത്തവനും ആണെന്ന് തിരിച്ചറിഞ്ഞപ്പോഴോ ? പ്രാഥമിക കൃത്യങ്ങൾക്കു പോലും അന്യന്റെ ഔദാര്യത്തിന് കാത്ത് നിൽക്കേണ്ടി വന്നപ്പോഴോ ? എപ്പോഴാണ് ഞാൻ സ്വയം വെറുക്കാൻ തുടങ്ങിയത്?
കാണുന്നവരൊക്കെ കടമകളെ കുറിച്ച് മാത്രം ഓർമ്മിപ്പിക്കാൻ തുടങ്ങിയപ്പോഴോ? അമ്മയെ നന്നായി നോക്കാനാവുമോ എനിക്ക് ?പനിച്ച് തളർന്ന് ‘അമ്മ കിടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പേടിയോടെ അടുത്ത് നിന്നിരുന്ന ബാലൻ !എന്റെ മക്കളെത്ര ഭാഗ്യവതികൾ ! എന്നിട്ടും…!കുടുംബങ്ങളുടെ തകർച്ച പറയുന്ന സിനിമകൾ കണ്ട് അമ്മ കരയുമ്പോൾ ,അമ്മയ്ക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഗതിയെന്താവും എന്നോർത്ത് സ്തംഭിച്ച് ഞാൻ നിന്നു . അച്ഛന്റെ തിരസ്കാരവും ആത്മപീഢനവും ആളിപടർത്തിയ ചിന്തകളിൽ അമ്മയുടെ മരണവും ഞാൻ സങ്കല്പിച്ചിരുന്നു .പേടിയോടെ . പിൽക്കാലത്ത് മോഹത്തോടെ …
ആഗ്രഹങ്ങളെക്കുറിച്ച് വാ തോരാതെ പറയുമ്പോൾ ‘നമ്മളെക്കൊണ്ട് അതിനൊന്നും ആവില്ല മോനെ ‘ എന്ന ഒറ്റവാക്ക് കൊണ്ട് എല്ലാം തല്ലിക്കെടുത്തുന്ന ‘അമ്മ!
സങ്കടം അസഹ്യമാകുമ്പോൾ സ്ഥലകാലം നോക്കാതെ നിലത്ത് തളർന്ന് കിടന്ന് ലജ്ജിപ്പിച്ചിരുന്ന ‘അമ്മ!

കണ്ണുനീർ ആർദ്രമാക്കിയ ചുളിവുകളിലും നരച്ച മങ്ങിയ കണ്ണുകളിലേയ്ക്കും നിശ്ശബ്ദമായി പോയ മുഖത്തേയ്ക്കും നോക്കിയപ്പോൾ ഒരു നിമിഷം ഹൃദയം നിശ്ചലമായി. ഞാനെന്ത് അനുഭവിച്ചു ? ശോഷിച്ച് കുറിയ ആ ദേഹത്ത് മെല്ലെ തൊട്ടപ്പോൾ വക്രിച്ച ഒരു എല്ലിൻകൂട് കൈപ്പലത്തിൽ അറിഞ്ഞ് ഞാൻ ഞെട്ടി .
അവളോട് നുരച്ചു പൊന്തിയ വെറുപ്പ് അടക്കി ഞാൻ ഇരുന്നു .ഒന്നും ആലോചിക്കാൻ വയ്യ !കരയണമെന്ന് തോന്നി .എന്തൊക്കെയാണ് ഞാൻ ചെയ്ത് കൂട്ടുന്നത് ? അമ്മയുടെ യുവത്വമാർന്ന മുഖം ശാസനയോടെ ചോദിച്ചു.മാപ്പപേക്ഷിക്കാൻ പോലും അർഹതയില്ലാത്തവൻ !കൊടും പാപി !
ദിവസം തോറും കണ്മുന്നിൽ അമ്മ ക്ഷയിക്കുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചിരുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സ്ഥലത്ത് കൊണ്ട്ചെന്നാക്കാമെന്ന് പറഞ്ഞപ്പോൾ അമ്മ എതിർത്തു. ഒരു അനാഥയായി കഴിയാൻ വയ്യ എന്ന് തീർത്തു പറഞ്ഞു.അങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞാൽ മനസിലാവണ്ടേ ? പക്ഷെ …കയ്യൊഴിയരുതായിരുന്നു . ഒരു പക്ഷെ ഇതൊന്നും ഞാനല്ല! വിധി! ഒരു പക്ഷെ ‘അമ്മ ഇതെല്ലാം അർഹിക്കുന്നുണ്ടാവും !
“ ഞാൻ കുറെ അന്വേഷിച്ചു ..അന്നും…പിന്നെയും..അറിഞ്ഞുകൊണ്ടല്ല.ഇത്രയൊന്നും ഞാനും വിചാരിച്ചിരുന്നില്ല .”

അയാളെപോലെ തന്നെ !
അയാൾ ഇട്ടേച്ച് പോകുമ്പോൾ പത്ത് മാസമായിരുന്നു, അവന് പ്രായം.
മുറുകെ പിടിക്കുവാൻ ആഞ്ഞപ്പോൾ പിടി വിടർത്തി പോയ വിരലുകൾ!…ഊർന്ന് പോയത് വിരലുകൾ മാത്രമായിരുന്നില്ല.
അല്ല, അല്ല..!ആ തിരക്കിൽ ഞാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. വീട്ടിലേയ്ക്ക് തിരിച്ചു പോകാമെന്ന് തലേ ദിവസം , പെട്ടെന്ന് ദ്വേഷ്യത്തോടെ ഹോട്ടൽ മുറിയിൽ വെച്ച് അവൻ പറഞ്ഞപ്പോൾ അവളും മൂളിയതാണ് !

“ അവൾക്ക് സുഖമല്ലെ ? മക്കള്…എന്നെ കാണാഞ്ഞിട്ട് ചോദിച്ചില്ലെ ഒന്നും ?
അവർ ഒരു കുടുംബം! ജീവിക്കാൻ പോകുന്നത് അവരാണ് .
“ കൂട്ടികൊണ്ട് പോവാനാ ഞാൻ വന്നത് ..സിസ്റ്ററോട് സംസാരിച്ചിട്ടുണ്ട് എല്ലാം എടുത്തു വെയ്ക്കണം.”
“എടുത്തു വെയ്ക്കാൻ മാത്രം ഒന്നുമില്ല “
ഞാൻ എഴുന്നേറ്റു , അവന്റെ കൈകൾ കവർന്നു.അവ എന്റെ കൈകളിൽ ഒതുങ്ങിയില്ല. അസുഖകരമായ ഒരപരിചിതത്വം ! സോപ്പുകാരം തട്ടി ദ്രവിച്ച പരുത്ത കൈത്തലം കൊണ്ട് തഴുകുമ്പോൾ അസഹ്യതയോടെ അവൻ പറയുമായിരുന്നു. എന്താത് ? ഇപ്പോ ഇതൊന്നും ഇല്ലാഞ്ഞിട്ടാ !ഒരമുള്ള കൈകൾ ! അവൻ മുഖം ചുളിക്കും .
വല്ലാത്ത കുട്ടി !
ഞാൻ കൈകൾ താഴ്ത്തി .
“വേഗം “അവൻ തിരക്ക് കൂട്ടി.
വസ്ത്രങ്ങൾ! മരുന്നുകൾ! ജാൻസി തന്ന കൊച്ചു പ്രാർത്ഥനാ പുസ്തകം !എന്തോ മറന്നു ?!അസൂയ നിറഞ്ഞ നോട്ടങ്ങൾ ഓർത്ത് അസ്വസ്ഥതയോടെ നടക്കുമ്പോഴാണ് എനിക്ക് അത് തോന്നിയത് .എടുത്തുചാട്ടമല്ലെ എന്ന് ഞാൻ സ്വയം ശാസിച്ചു .?ഇത്ര നാളും കാത്തിരുന്നിട്ട് ..? അഹങ്കാരം ! എന്തു ചെയ്യണമെന്നറിയാതെ മുന്നോട്ടും പിന്നോട്ടുമില്ലാതെ ഞാൻ നടന്നു. ഒരു വാക്ക്…!അത് പക്ഷെ നഷ്ടപ്പെടലിന്റെ മണിമുഴക്കമാണ് !
അതിന് എന്നാണ് എനിക്ക് എന്തെങ്കിലും ഉണ്ടായിട്ടുള്ളത് ?
ആളുകൾക്കിടയിലൂടെ അവസാനം കാണുമ്പോൾ ആ മുഖത്ത് …ഭയമായിരുന്നോ ? കണ്ടുപിടിക്കപ്പെടുമെന്ന ഭയം ?
മെല്ലെ ഞാൻ തിരിച്ചു നടന്നു. അക്ഷമ ആ മുഖത്ത് !
“ മോൻ പൊയ്ക്കോ …ഞാൻ വന്നോളാം ” ആലോചിച്ചുറപ്പിക്കാതെ തന്നെ വാക്കുകൾ പുറത്ത് വന്നു. വിസ്മയിപ്പിച്ചുകൊണ്ട് , തെളിവോടെ .ഈ വിഡ്ഡിത്തം ഒഴിവാക്കൂ എന്ന് മനസ്സ് നിലവിളിച്ചെങ്കിലും ഞാൻ വക വെച്ചില്ല.
“ എനിക്ക് വയസ്സായി. ഇനി യാത്രയൊന്നും വയ്യ ! ഇവിടെയാകുമ്പോൾ എന്നെ പോലെ കുറെ തള്ളാര് ണ്ട്..പ്രാർത്ഥനയുണ്ട്…പണ്ട് പറഞ്ഞപ്പോ ഞാൻ സമ്മതിച്ചിരുന്നില്ല ”
സ്തബ്ധനായി നിൽക്കുന്ന അവനെ വാരിയെടുക്കണമെന്ന് തോന്നി.
“ഇപ്പോ സമ്മതിച്ചു ന്ന് പറഞ്ഞാ മതി. മോൻ തീരെ വിഷമിക്കണ്ട. നല്ല മനസ്സോടെയാണ് അമ്മ ഇതൊക്കെ പറയുന്നത്. വന്നില്ല എന്ന് പറഞ്ഞാ മതി. എനിക്ക് ഇവിടെ സുഖാണ്..
പെറ്റ വയറിന് ശപിക്കാനാകില്ല
അവൻ നടന്ന് തീർക്കേണ്ട കുരിശിടങ്ങൾ ഞാൻ കാണുന്നുണ്ട്. അവനെ പെറ്റ നാൾ തൊട്ട് ഞാനത് മനസ്സിൽ കാണുന്നതാണ് !
നന്നായി ജീവിക്കുന്നു എന്നറിഞ്ഞാൽ മതി.
ചുമരിൽ താങ്ങി ഞാൻ നടന്നു.
നീണ്ട നീണ്ട പകലുകൾ …രാത്രികൾ…ഇനി ഞാൻ ആരെയാണ് കാത്തിരിക്കുക?
ആരോടാണ് പറയേണ്ടത് ? കത്തിക്കരുത്. എനിക്ക് തീ പേടിയാണ്. കുഴിച്ചിട്ടാൾ മതി.
ശ്വാസം മുഴുവൻ തീർന്നു എന്ന് ഉറപ്പിക്കണം.
ഇടനാഴികയിലെ വെളിച്ചം കുറഞ്ഞോ ? ഉഷ്ണം വർദ്ധിച്ചുവോ ? അധികം നടക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. വീഴാതെ നോക്കണം .പഴയ കാലമല്ല എന്ന് ഓർക്കണം. ഓ ! ഓർക്കുകയാണെങ്കിൽ ഒരു പാടുണ്ട്…വയ്യ ! കുടുംബം,വീട് ,കുട്ടികൾ ,ഒരു സ്പർശം! ഞാൻ ഒരു കുടുംബിനിയോ സ്ത്രീയോ വിലയുള്ളവളോ ഒന്നും ആയില്ല ; ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഒന്നും ! ആരും കൂടെ ചേർത്തില്ല. ചേർന്നു എന്ന് കരുതിയപ്പോഴും ഞാൻ എല്ലാറ്റിനും പുറത്ത് ആയിരുന്നു. പുറംതിരിഞ്ഞാൽ പരിഹസിക്കപ്പെടുന്നവൾ !
എന്തോ കണ്ണിൽ പെട്ടതായി തോന്നി. അത് മനസ്സിൽ കിടന്ന് തേട്ടിയപ്പോൾ ഞാൻ നിന്നു.
തുറന്ന വാതിലിലൂടെ ഒരു ഹാൾ കണ്ടു. ഹാളിന്റെ അറ്റത്ത് വലിയ ഒരു ശില്പം.!
മുറിക്കകത്ത് പ്രത്യേക ഗന്ധം !പഴയ മരത്തിന്റെയോ ഉരുകി തീരുന്ന മെഴുക് തിരിയുടെയോ മറ്റോ …പെട്ടെന്ന് പേടി തോന്നി. അദൃശ്യ സാന്നിദ്ധ്യങ്ങളോർത്ത് ദേഹം കുളിരണിഞ്ഞു .ചാപ്പലിന്റെ പിന്നിലുള്ള മുറിയാണോ ഇത് ? കുഴിയെടുക്കുമ്പോൾ കിട്ടുന്ന എല്ലുകളും തലയോടുകളും സൂക്ഷിക്കുന്നത് ഇതിനോട് ചേർന്നാണ് എന്ന് കേട്ടിട്ടുണ്ട് . നിശ്ശബ്ദത!വിജനം ! മങ്ങൽ!
മുറിയുടെ മച്ചോളം ഉയരമുള്ള ശില്പം ! മാതാവ് കണ്ണുനീർ വാർക്കുകയാണ്. കണ്ണീരായിരിക്കില്ല. ഞാൻ പക്ഷെ ശ്രദ്ധിച്ചത് അതൊന്നുമായിരുന്നില്ല.എന്റെ ഹൃദയം നുറുങ്ങ് നുറുങ്ങായത് അത് കണ്ടായിരുന്നില്ല.
മാതാവിന്റെ മടിയിൽ ആ അർദ്ധനഗ്നശരീരം ചേതനയറ്റ് കിടന്നു. നെറ്റിയിൽ മുൾക്കിരീടം.വിയർപ്പും രക്തവും അഴുക്കും നിറഞ്ഞ മുടിയിഴകൾ പാറി വീണ് കിടന്നു. തുറന്ന കണ്ണുകളിൽ വിവശത..പരിഭവം..നിരാശ ? എല്ലിൻ കൂട് പോലെയായ ശരീരം . ആ കണ്ണുകൾ അമ്മയുടെ മുഖത്ത് തറഞ്ഞ് നിന്നിരുന്നു.…അതോ ആകാശത്തേയ്ക്കൊ ? ആണിപ്പഴുതും ശോഷിച്ച ആ കൈകാലുകളും തൊട്ടപ്പോൾ ഞാൻ വിറച്ചു. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ഞാൻ ഭയന്നു .ഞാൻ ആ കൈകാലുകൾ അമർത്തി ഉഴിഞ്ഞു. എനിയ്ക്ക് സങ്കടം അടക്കാനായില്ല.
എഴുന്നേറ്റപ്പോൾ മനസ് ശാന്തമായിരുന്നു . ഹാളിന് പുറത്ത് ഒഴിഞ്ഞ പറമ്പ് .ഉയർന്ന് വരുന്ന കെട്ടിടങ്ങൾ …പാതകൾ…പണ്ട് ശ്മശാനമായിരുന്നത്രെ ,ഇവിടെ .എല്ലാം ഇല്ലാതാവുകയാണ് .അവരെല്ലാം എവിടെയാണ് മറഞ്ഞിരിക്കുന്നത് ? അതോ ഒന്നും ഇല്ലേ?
ജനാലയ്ക്ക് പുറത്ത് അമ്മയുടെ മുഖം മിന്നി മറഞ്ഞതായി തോന്നി.
തോന്നലെന്നറിഞ്ഞിട്ടും ഞാൻ മെല്ലെ വിളിച്ചു …

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…