സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഗൈസ്ബെര്‍ഗും ഇന്ത്യൻ സംഗീതവും

നദീം നൗഷാദ്

ഫ്രഡറിക്ക് വില്യം ഗൈസ്ബെര്‍ഗ്  എന്ന അമേരിക്കൻ സായിപ്പാണ്‌  ഇന്ത്യൻ സംഗീത രംഗത്തെ  വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്  (ഒരു പക്ഷെ ലോക സംഗീതത്തിൻ്റെയും ) 

റെക്കോർഡിങ് എഞ്ചിനീയറും  പ്രൊഡ്യൂസറുമായ ഗൈസ്ബെര്‍ഗ്  1902 നവംബറില്‍ ഇന്ത്യയില്‍ വന്നു. ഇന്ത്യന്‍ ഗ്രാമഫോണ്‍ വിപണി കീഴടക്കുകയായിരുന്നു ലക്‌ഷ്യം. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ രണ്ടു വലിയ മുറികള്‍ റെക്കോര്‍ഡിംഗ്ന്   വേണ്ടി തയ്യാറാക്കിയിരുന്നു. പാട്ടുകാരെ കണ്ടെത്താനും  അവര്‍ക്ക് പരിശീലനം കൊടുക്കാനും  തദ്ദേശിയരായ കുറച്ച് പ്രതിനിധികളെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.  നര്‍ത്തകികളായ സോഷിമുഖി,  ഫനിബാല എന്നിവരുടെ ശബ്ദമാണ് ആദ്യം  റെക്കോര്‍ഡ്‌ ചെയ്‌തത്‌ . പക്ഷെ ഗൈസ്ബര്‍ഗിന്‍റെ അഭിപ്രായത്തില്‍ അവരുടെ “ശബ്ദം പരിതാപകരമായിരുന്നു”. അനുയോജ്യമായ  ഒരു ശബ്ദം തേടി  അന്വേഷണമായി. ഒടുവില്‍ ഒരു ഗായികയെ കണ്ടെത്തി. ഒരു സമീന്ദാറിന്‍റെ  വീട്ടില്‍ പാടാന്‍ വന്ന മുപ്പതുകാരിയായ ഗൗഹര്‍ ജാന്‍. കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന നര്‍ത്തകിയും ദര്‍ബംഗ, രാപൂര്‍ കൊട്ടാരങ്ങളിലെ ഗായികയുമായിരുന്ന  ഗൗഹറിന്‍റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ ഗൗഹര്‍ ജാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവില്‍  വന്നു. ജോഗിയ രാഗത്തിലുള്ള ഒരു ഖയാല്‍ മൂന്ന് മിനുട്ട് പാടി. അങ്ങനെ 1902 നവംബര്‍ 14ന്  ഗ്രാമഫോണില്‍  ആദ്യമായി ഇന്ത്യന്‍ സംഗീതം റെക്കോര്‍ഡ്‌ ചെയ്തു.

ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌കള്‍  അന്ന് വരെയുള്ള കേള്‍വി  ശീലങ്ങളെ മാറ്റി മറിച്ചു.  റേഡിയോ, സിനിമ, ടി വി  എന്നിവ ഒന്നും ഇല്ലാത്ത കാലത്ത് ആദ്യത്തെ ജനകീയ മാധ്യമ മായിരുന്നു  ഗ്രാമഫോണ്‍. അത്  ഇന്ത്യന്‍ സംഗീതത്തിൽ  പുതിയ യുഗത്തിന് തുടക്കം കുറിച്ചു. അക്കാലത്ത്  സവര്‍ണ്ണ സമുദായത്തിൽ പ്പെട്ട  സ്ത്രീകളുടെ ശബ്ദം റെക്കോര്‍ഡ്‌ ചെയ്യുക തികച്ചും അസാധ്യമായിരുന്നുവെന്ന്  ഗൈസ് ബെര്‍ഗ് തൻ്റെ  ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു.  പബ്ലിക് പെർഫോമെൻസിനെ    ഇന്ത്യയിലെ മധ്യവർഗ്ഗ സമൂഹം      തരംതാഴ്ന്ന ഒരു കലയായിട്ടാണ് കണ്ടിരുന്നത്.  (സംഗീത വിദ്യാലയങ്ങളുടെ ആഗമനത്തോടെയാണ് ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകള്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയത്. അത് വരെ താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളാണ്  സംഗീതം പഠിക്കുക എന്ന വിശ്വാസം നിലനിന്നിരുന്നു ) അത് കൊണ്ട് താവായിഫുകൾ  ആയിരുന്നു ആദ്യകാല പാട്ടുകാർ.  ആദ്യമായി ഗ്രാമഫോണിൽ പാടിയ ഗൗഹര്‍ ജാന്‍ പെട്ടെന്ന് തന്നെ താരമായി  വളർന്നു. 

 ഗ്രാമഫോണ്‍ പ്രൊഫെഷണല്‍ പാട്ടുകാരികള്‍ക്ക്  സാമ്പത്തിക സുരക്ഷിത്വതവും സ്വാതന്ത്രവും  നല്‍കി. അവര്‍ക്കത് പുതിയ ആത്മാവിഷ്കാരമായിരുന്നു.  ഇതിന്‍റെ വ്യാപാര വിജയം പാട്ടുകാര്‍ക്കും ഉപകരണ സംഗീതകാരന്മാര്‍ക്കും  ആകര്‍ഷകമായ പുതിയൊരു മേഖല തുറന്നു. അവര്‍ക്ക്  സമ്പത്തും പ്രശസ്തിയും  നേടി കൊടുത്തു. അവരില്‍ നല്ലൊരു വിഭാഗം ആഡംബര ജീവിതം നയിച്ചു.( എന്നാല്‍ റസൂലന്‍ ഭായ് യെ  പോലെ ദാരിദ്രത്തില്‍ മരിച്ച  ചെറിയൊരു വിഭാഗവും  ഉണ്ട്)

അക്കാലത്ത് പാട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രശസ്തിയാണ് ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌കളിലൂടെ   കിട്ടിയത്. ഈ ഗായകര്‍ അന്നത്തെ നിശബ്ദ സിനിമയിലെ താരങ്ങളെക്കാളും ജനകീയരായിരുന്നു. പത്രങ്ങളിലും മാഗസിനുകളിലും അവരുടെ ചിത്രം വെച്ച് ഗ്രാമഫോണ്‍ കമ്പനികള്‍ പരസ്യം കൊടുത്തിരുന്നു. അവര്‍ നേടിയ ജനകീയത കാരണം  ടിക്കറ്റ് വെച്ച് സംഗീത പരിപാടി നടത്താന്‍ തുടങ്ങി. അത്തരമൊരു പരിപാടി അന്ന് കേട്ടു കേള്‍വി പോലും ഇല്ലാത്തതായിരുന്നു. 

ഗ്രാമഫോണ്‍ വന്ന കാലത്ത് പാട്ടുകാര്‍ക്കിടയില്‍ പല അന്ധവിശ്വാസങ്ങളും  നിലവിൽ  ഉണ്ടായിരുന്നു. ഗ്രാമഫോണിൽ  പാടിയാല്‍ ശബ്ദം പോവും എന്നതായിരുന്നു അത്തരത്തിലുള്ള വിശ്വാസങ്ങളിലൊന്ന് . ജനങ്ങൾ എല്ലാവരും   കേട്ടാല്‍ തങ്ങളുടെ സംഗീതത്തിൻ്റെ  പവിത്രത പോവും എന്നായിരുന്നു മറ്റൊന്ന്.  എന്നാൽ തുടക്കത്തില്‍ പാടാതെ മാറി നിന്നവര്‍ പലരും പിന്നീട് അവരുടെ നിലപാടില്‍ മാറ്റം വരുത്തി. 1940-50 ആയപ്പോഴേക്കും കൂടുതൽ പേർ  പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യാൻ മുന്നോട്ടു വന്നു. 

ഇന്ത്യയിലെ ആദ്യകാല റെക്കോര്‍ഡിംഗ് യാത്രകളെ സായിപ്പുമാർ പര്യവേഷണം  എന്നാണ് വിശേഷിപ്പിച്ചത്.  അവരുടെ കാഴ്ചപ്പാടിൽ തങ്ങൾ സംഗീതത്തിന്‍റെ ഇരുണ്ട വന്‍കരയില്‍ പര്യവേഷണം നടത്തുകയായിരുന്നു . ഇതിലൂടെ ഇന്ത്യന്‍ സംഗീതത്തെ ഞങ്ങൾ കണ്ടെടുക്കുകയായിരുന്നു എന്ന് അവർ അവകാശപ്പെട്ടു.  ഇന്ത്യൻ സംഗീതത്തെ എങ്ങനെ  സംരക്ഷിയ്ക്കാം എന്നല്ല അതിനെ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നാണ് സായിപ്പുമാർ ആലോചിച്ചത്.  ഒരു തരത്തിൽ അത് ഇന്ത്യൻ സംഗീതത്തിന് ഗുണകരമായി ഭവിച്ചു. സമീന്ദാർമാരുടെ ജൽസകളിലും  നവാബുമാരുടെ ദർബാറുകളിലും ഒതുങ്ങി നിന്ന സംഗീതത്തെ സാധാരണ ക്കാരിലേക്ക്  എത്തിച്ചതാണ് ഗ്രാമഫോൺ റെക്കോർഡുകൾ ചെയ്ത വിപ്ലവകരമായ  മാറ്റം. 

ഇന്ത്യന്‍ സംഗീതം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പാരമ്പര്യ വാദികൾക്ക് കടുത്ത എതിർപ്പായിരുന്നു.    സൗണ്ട്  റെക്കോര്‍ഡിംഗ് ഇന്ത്യന്‍ സംഗീതത്തെ ഒരു വില്പന വസ്തുവാക്കി  മാറ്റി എന്ന്   അവർ ആരോപിച്ചു.  എന്നാൽ  പുതിയ സാങ്കേതിക വിദ്യ  പാട്ടുകാരുടെ സാമൂഹിക, സാമ്പത്തിക നിലകളിൽ  വലിയ മാറ്റം വരുത്തിയിരുന്നു . ചുരുക്കത്തില്‍ പാശ്ചാത്യ സാങ്കേതിക വിദ്യ ഇന്ത്യന്‍ സംഗീതത്തെ അടിമുടി മാറ്റി.ഇന്ന് നമുക്കു വിരൽത്തുമ്പിൽ  സംഗീതം കിട്ടുണ്ടെകിൽ അതിനു കാരണം ഗൈസ്ബർഗിൻ്റെ   ഇന്ത്യയിലേക്കുള്ള വരവാണ്.    

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…