സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യഹൂദിയായിലെ ഗ്രാമം പാടുന്നു;വീണ്ടും വീണ്ടും

രവി മേനോന്‍


കളിയെഴുത്തുകാലത്തെ ഒരോര്‍മ്മ. പന്‍ജിമില്‍ നിന്ന് മഡ്ഗാവിലേക്കുള്ള ബസ് യാത്രക്കിടെ അപ്രതീക്ഷിതമായി ഒരു പുരോഹിത സുഹൃത്തിനെ വീണുകിട്ടുന്നു എനിക്ക് – പോര്‍ച്ചുഗലില്‍ കുടുംബവേരുകളുള്ള ഗോവയില്‍ ജനിച്ചു വളര്‍ന്ന ഫാദര്‍ മെന്‍ഡസ്. ആത്മീയതയില്‍ മാത്രമല്ല പന്തുകളിയിലും സംഗീതത്തിലും കമ്പമുണ്ട് അച്ചന്. അത്യാവശ്യം പാടും പാട്ടെഴുതും പോരാത്തതിന് സാല്‍ഗോക്കര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനും മഡ്ഗാവിലെ ഫതോര്‍ദ സ്റ്റേഡിയ ത്തില്‍ ഈസ്റ്റ് ബംഗാളിനെതിരായ സാല്‍ഗോക്കറിന്റെ ദേശീയ ലീഗ് മത്സരം കാണാന്‍ പോകുകയാണ് അദ്ദേഹം, ഞാനാകട്ടെ ആ കളി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനും.

അഭിരുചികള്‍ പലതും സമാനമായിരുന്നത് കൊണ്ട് ( തലത്ത് മഹമൂദ്, രോഷന്‍, ഗീതാദത്ത്, ബ്രൂണോ കുടീനോ.) ഞങ്ങള്‍ വേഗം അടുത്തു. സംഗീതമാണ് അച്ചന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം. കുന്ദന്‍ലാല്‍ സൈഗള്‍ മുതല്‍ മൈക്കല്‍ ജാക്ക്‌സണ്‍ വരെ ആരാധ്യപുരുഷന്മാര്‍, മൊസാര്‍ട്ടിന്റെ സിംഫണിയോടും എം.ബി. ശ്രീനിവാസന്റെ ക്വയറിനോടും തുല്യപ്രണയം. ഇടയ് ക്കെപ്പോഴോ പ്രശസ്തമായ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പരാമര്‍ശ വിധേയമായപ്പോള്‍ അച്ചന്‍ പറഞ്ഞു. ‘ കൊങ്കണി ഭാഷയില്‍ ഞാന്‍ എഴുതിയ ഒരു ഗാനം കേള്‍പ്പിച്ചു തരാം. ഗോവയിലെ പല പള്ളികളിലും പാടാറുള്ള പാട്ടാണ്. ഇവിടത്തെ ക്രിസ്ത്യന്‍ സമൂഹത്തില്‍ ധാരാളം ആരാധകരുള്ളപാട്ട് പുറത്തെ ചുടുകാറ്റിന്റെ മുളക്കത്തിനും ബസ്സിന്റെ ഇരമ്പലിനും എല്ലാം മുകളിലൂടെ ഫാദര്‍ മെന്‍ഡസിന്റെ പരുക്കനെങ്കിലും ശ്രുതിശുദ്ധമായ ശബ്ദം ഒഴുകുകയായി. ഇമ്പമുള്ള ഒരു പാട്ട്’ ‘ജേസു മക്കാസായി’ എന്നോ മറ്റോ ആയിരുന്നു അതിന്റെ തുടക്കം.

മെന്‍ഡസ് അച്ചന്‍ പാടിത്തുടങ്ങിയപ്പോഴേ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു. ‘സുപരിചിതമായ ഈണം. മുന്‍പെങ്ങോകേട്ടിട്ടുള്ള പോലെ’ പാട്ട് പല്ലവി കടന്ന് ചരണത്തിലേക്ക് കടന്നപ്പോള്‍ വ്യക്തമായി – ഇതൊരു മലയാളം ഭക്തിഗാനം തന്നെ. തരംഗിണി 1980 കളില്‍ പുറത്തിറക്കിയ സ്‌നേഹപ്രതീകം എന്ന ആല്‍ബത്തിനുവേണ്ടി യേശുദാസ് പാടിയ വളരെ പ്രശസ്തമായ ഗാനം ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തില്‍ കുളിരും രാവില്‍’. അച്ചന്‍ പാടിത്തീരും വരെ ക്ഷമയോടെ കാത്തിരുന്നശേഷം ഞാന്‍ പറഞ്ഞു. ‘ഫാദര്‍, ഇത് മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ഭക്തിഗാനത്തിന്റെ ട്യൂണാണ്. ഇതെങ്ങനെ കൊങ്കണിയില്‍ വന്നു? അതല്ല ഈ കൊങ്കണിപ്പാട്ടാണ് ഒറിജിനല്‍ എന്ന് വരുമോ?’

പൊട്ടിച്ചിരിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു. ‘സംശയിക്കേണ്ട, നിങ്ങളുടെ പാട്ടുതന്നെ ഒറിജിനല്‍, സത്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവപുരോഹിതനില്‍ നിന്നാണ് യഹൂദിയായിലെ എന്ന പാട്ട് ഞാന്‍ ആദ്യം കേട്ടത്. ആശയമൊന്നും പിടികിട്ടിയില്ലെങ്കിലും ഈണം കൊള്ളാമല്ലോ എന്ന് തോന്നി. വളരെ ലളിതമാണ്. അതേ സമയം ഏതു സാധാരണ ശ്രോതാവിന്റെയും ഹൃദയത്തെ തൊടുന്നതും. അന്ന് കേട്ട ട്യൂണിനൊപ്പിച്ചു എഴുതിയതാണ് ഇപ്പോള്‍ നിങ്ങള്‍ കേട്ടപാട്ട്. എന്നെങ്കിലും പാട്ടിന്റെ ശില്‍പ്പിയെ കണ്ടാല്‍ എന്റെ സ്‌നേഹാന്വേഷണം അറിയിക്കണം, അദ്ദേഹം കാരണമാണല്ലോ എനിക്കീ പ്രശസ്തി’.

നീണ്ട പതിനേഴുവര്‍ഷം കഴിഞ്ഞ് ആ പാട്ടിന്റെ യഥാര്‍ത്ഥ ശില്‍പിയെ ആദ്യമായി മുഖാമുഖം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മെന്‍ഡിസ് അച്ചന്റെ വാക്കുകളാണ്. സ്വന്തം സൃഷ്ടി താന്‍ പോലുമറിയാതെ അന്യഭാഷയിലേക്ക് പരകായപ്രവേശം നടത്തി ഹിറ്റായ കഥ അറിഞ്ഞപ്പോള്‍ മനസ്സ് നിറഞ്ഞു ചിരിച്ചു ആറുപറയില്‍ ജോണ്‍ജോസഫ്. എന്നിട്ട് പറഞ്ഞു: ‘ ആ പാട്ട് ഞാന്‍ ചെയ്തതാണെന്ന് അറിയാത്തവര്‍ ഇന്നുമുണ്ട്. മറ്റു പലരുടെയും പേരില്‍ എന്റെ പാട്ട് അറിയപ്പെടുന്നതില്‍ ആദ്യമൊക്കെ വേദന തോന്നിയിരുന്നു. ഇപ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു ഞാന്‍. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന പാട്ടിന്റെ പിന്നില്‍ അജ്ഞാതനായി മറഞ്ഞിരിക്കുന്നതും ഒരു രസം തന്നെ, അല്ലേ?’ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എ ജെ ജോസഫിന്റെ ജീവിതത്തില്‍ ഈ വിചിത്രാനുഭവപരമ്പര. 1980 കളുടെ മധ്യത്തില്‍ തരംഗിണിയുടെ ലേബലില്‍ ‘സ്‌നേഹ പ്രതീകം’ പുറത്തിറക്കിയ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസിനോളം പഴക്കമുണ്ടതിന്. ആ ക്രിസ്തുമസിന്റെ തലേന്ന് രാത്രി കോട്ടയത്തെ എന്റെ വീട്ടില്‍ കരോളുമായി ഒരുകൂട്ടം പിള്ളേര്‍ വന്നു. ഒന്നോ രണ്ടോ സ്ഥിരംപാട്ടുകള്‍ പാടിയ ശേഷം അതി ലൊരു പയ്യന്‍ ‘ യഹൂദിയായിലെ എന്ന പാട്ട് പാടുന്നു. അത്ഭുതം തോന്നി എനിക്ക്. ‘ആരുടെ പാട്ടാണ് ഇതെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ക്കും ഒപ്പമുള്ള മുതിര്‍ന്നവര്‍ക്കും ഒന്നും അറിയില്ല. അടുത്തിറങ്ങിയ നല്ലൊരു പാട്ടാണ് യേശുദാസ് പാടിയതാണ് എന്ന് മാത്രമറിയാം. പാടിയ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ഞാന്‍ പറഞ്ഞു. മോനെ ഇത് ഈ അങ്കിള്‍ എഴുതിയ പാട്ടാണ്. എന്റെ പേര് ഇനിയെങ്കിലും ഓര്‍ത്തുവെക്കണം- ‘എ.ജെ ജോസഫ്’. കുട്ടികള്‍ക്ക് വലിയ അത്ഭുതവും സന്തോഷവും. വയറുനിറയെ ഭക്ഷണവും നല്ലൊരുതുക സമ്മാനവും കൊടുത്താണ് അന്ന് ഞാന്‍ അവരെ പറഞ്ഞയച്ചത്. നമ്മുടെ പാട്ട് ആളുകള്‍ ഇഷ്ടപ്പെട്ടു എന്ന് ആദ്യമായി തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. പിന്നീട് അതു പോലെ എത്രയെത്ര അനുഭവങ്ങള്‍ പക്ഷെ ആദ്യാനുഭവത്തിന്റെ മധുരം ഒന്ന് വേറെ തന്നെ.

‘ക്രൈസ്തവര്‍ മാത്രമല്ല അന്യമതക്കാരും നിരീശ്വരവാദികളും വരെയുണ്ട് ആ പാട്ടിന്റെ ആരാധകരില്‍.’ ഓരോ തവണയും ആ പാട്ട് കേള്‍ക്കുമ്പോള്‍ മരിച്ചുപോയ എന്റെ മകനെ ഓര്‍മവരും. ആ പാട്ടിന്റെ ആദ്യത്തെ ആസ്വാദകന്‍ അവനായിരുന്നല്ലോ. ജോസഫിന്റെ ശബ്ദം ഇടറുന്നു. ‘പള്ളികളില്‍ ക്രിസ്മസ് വേളയിലും മറ്റും വായിച്ചു കേള്‍ക്കാറുള്ള പ്രവാചകരുടെ പുസ്തകത്തിലെ ‘യൂദയായിലെ ഗ്രാമമേ’ എന്ന് തുടങ്ങുന്ന ഒരു വരിയില്‍ നിന്നാണ് ആ ഗാനം ഉണ്ടായത്. യാദൃഛികമായി മനസ്സില്‍ പൊട്ടിവിരിയുകയായിരുന്നു പാട്ടിന്റെ പല്ലവി; ഒരു ദിവസം കുളിച്ചുകൊണ്ടിരിക്കുമ്പോള്‍. പിന്നെ സംശയിച്ചില്ല. തല തോര്‍ത്താന്‍ പോലും നില്‍ക്കാതെ ടര്‍ക്കിടവ്വലും ഉടുത്ത് നേരെ കീബോര്‍ഡിനു മുന്നിലേക്ക്. വരികളും അവയ്ക്കിണങ്ങുന്ന ഈണവും ഒരുമിച്ചാണ് വന്നത്, ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ദൈവം തന്നെയാണ് ആ ഗാനത്തിന്റെ രചയിതാവും സംഗീത സംവിധായകനും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, കീബോര്‍ഡിന്റെ ശബ്ദംകേട്ട് ജോസഫിന്റെ എട്ടുവയസ്സുള്ള മകന്‍ ഡാനി ജോണ്‍സ് മുറിയിലേക്ക് ഓടിയെത്തി. സംഗീതം വലിയ ഇഷ്ടമാണ് അവന്. പാട്ട് മുഴുവന്‍ കേട്ടശേഷം അവന്‍ പറഞ്ഞു: അപ്പായി… സുപ്പര്‍ ആയിരിക്കുന്നു. എല്ലാവരും അപ്പായിയെ സ്‌നേഹിക്കും ഈ പാട്ട് കേട്ടാല്‍. കുഞ്ഞുമനസ്സില്‍ നിന്നൊഴുകി വന്ന നിഷ്‌കളങ്കമായ ആ വാക്കുകള്‍ സത്യമായിത്തീര്‍ന്നതിന് കാലം സാക്ഷി. നിര്‍ഭാഗ്യവശാല്‍ 32 വയസ്സിനപ്പുറം ആയുസ്സുണ്ടായില്ല ഡാനിക്ക്. ജോസഫിനെ ആകെ തകര്‍ത്തുകളഞ്ഞ വേര്‍പാട്. മരണം വരെ നൊമ്പരമുണര്‍ത്തുന്ന ആ ഓര്‍മ്മ മനസ്സില്‍ കൊണ്ടുനടന്നു ജോസഫ്. 2015 ആഗസ്റ്റ് 19 ന് എഴുപതാം വയസ്സിലായിരുന്നു ജോസഫിന്റെ വേര്‍പാട്.

സിനിമയിലും മനോഹരമായ ഗാനങ്ങള്‍ സംഭാവന ചെയ്‌തെങ്കിലും ( എന്റെ കാണാക്കുയിലിലെ ഒരേസ്വരം ഒരേനിറം, കുഞ്ഞാറ്റക്കിളികളിലെ പ്രഭാതം വിടര്‍ന്നു) 1987 ല്‍ പുറത്തു വന്ന ‘സ്‌നേഹപ്രതീകം’ തന്നെ ജോസഫിന്റെ മാസ്റ്റര്‍പീസ് ആല്‍ബം. ജോസഫ് എഴുതി ഈണമിട്ട് യേശുദാസും സുജാതയും പാടിയ ആ സമാഹാരത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ദൈവസ്‌നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യമേ, അലകടലും കുളിരലയും, രാത്രി രാത്രി രജതരാത്രി, കാവല്‍ മാലാഖമാരെ, ഉണരൂ മനസ്സേ, ദൂരെ നിന്നും….. ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്‍ബങ്ങളില്‍ ഒന്ന് കൂടിയാണ് സ്‌നേഹപ്രതീകം. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ ആ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍, ഏറ്റവും മികച്ച കലാകാരന്മാരെ തന്നെ ഓര്‍ക്കസ്ട്രയില്‍ അണി നിരത്തണമെന്ന ഒരൊറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ സംഗീത സംവിധായകന്. യേശുദാസിനും ഇല്ലായിരുന്നു അക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം. ‘കീബോര്‍ഡില്‍ മാനുവലും ബോബനും; തബലയില്‍ കൊച്ചാന്റിയും മച്ചാന്റിയും; വയലിനില്‍ മോഹന്‍ സിതാര; ഗിറ്റാറില്‍ ജര്‍സന്‍ ആന്റണിയും ജോണിയും; ഫ്്‌ളൂട്ടില്‍ സണ്ണി -ആ ഗാനങ്ങളുടെ മികവിന്റെ നല്ലൊരു ശതമാനം ക്രെഡിറ്റ് ഈ കലാകാരന്മാര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. പത്തു വയലിനും മൂന്ന് വയോളയും ചെല്ലോയും ഉള്‍പ്പെടെ വിപുലമായ ഒരു ഓര്‍ക്കസ്ട്ര പശ്ചാത്തലത്തില്‍ വന്നപ്പോള്‍ ഗാനങ്ങളുടെ സ്വഭാവം തന്നെ മാറി. കുറെ കൂടി റിച്ച് ആയി അവ. ഗാനങ്ങളുടെ വാദ്യവിന്യാസത്തില്‍ ജോസഫിനെ സഹായിച്ചത് പ്രമുഖ സംഗീത സംവിധായകന്‍ കൂടിയായ രാജാമണി ആണ്. രാജാമണിയുടെ പിതാവ് ചിദംബരനാഥിനും ഏറെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു ‘സ്‌നേഹപ്രതീകത്തി’ലേത്.

‘അറിയുമോ? അരനൂറ്റാണ്ടു പിന്നിടുന്ന സംഗീതജീവിതത്തില്‍ നിന്ന് നയാപൈസ പോലും റോയല്‍റ്റിയായി കിട്ടിയിട്ടില്ല എനിക്ക്: യഹൂദിയായിലെ എന്ന പാട്ടിന്റെ പേരില്‍ പോലും. എന്റെ റോയല്‍റ്റി നിങ്ങളെപ്പോലുള്ളവരുടെ സ്‌നേഹമാണ്. അതിലും ആസ്വാദകരമായി മറ്റൊരു പ്രതിഫലമുണ്ടോ? അതുമതി എനിക്ക് എല്ലാ ദുഖങ്ങളും മറക്കാന്‍’ യാത്രയാക്കുമ്പോള്‍ വിഷാദമധുരമായ ഒരു ചിരിയോടെ ജോസഫ് പറഞ്ഞ വാക്കുകള്‍ ഇതാ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…