സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ; കാശ്‌മീർ താഴ്വരയുടെ സംഗീതം


നദീം നൗഷാദ്


സംഗീതകാരന്‍മാരെക്കുറിച്ചുള്ള ഡോക്യുമെൻറ്ററികള്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികം പുറത്തു വന്നിട്ടില്ല. സംഗീതം എങ്ങനെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുമെന്ന സന്ദേഹം തന്നെയായിരിക്കും ഇതിന് കാരണം. വിശ്രുത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാറിനെക്കുറിച്ച് ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത അന്തര്‍ധ്വനിയെന്ന 68 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെൻറ്ററി സംഗീതകാരന്മാരെക്കുറിച്ച് പുറത്തു വന്ന ചിത്രങ്ങളില്‍ മികച്ചതാണ്. അംബേദ്കര്‍ എന്ന സിനിമയിലൂടെ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പി്ച്ച സംവിധായകനാണ് ജബ്ബാര്‍ പട്ടേല്‍.

കാശ്മീര്‍ താഴ്വരയിലെ നാടോടി സംഗീത പാരമ്പര്യത്തില്‍ പിറന്ന സന്തൂര്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയാണ്. തബലയില്‍ തുടങ്ങിയ തൻ്റെ സംഗീതയാത്ര വിവരിച്ചുകൊണ്ടാണ് ഡോക്യുമെൻറ്ററി ആരംഭിക്കുന്നത്. ഒരിക്കല്‍ ശിവകുമാറിൻ്റെ പിതാവ് തന്നെയാണ് സന്തൂര്‍ കൈയിൽ നല്‍കി ഇത് പഠിക്കണമെന്ന് മകനെ ഉപദേശിക്കുന്നത്. ശര്‍മ്മയെ വാദ്യോപകരണം പഠിപ്പിച്ചതും അദ്ദേഹം തന്നെയാണ്.

വായിക്കാന്‍ അത്ര എളുപ്പമൊന്നുമല്ല സന്തൂര്‍. അതുകൊണ്ടായിരിക്കാം ആദ്യകാലങ്ങളില്‍ ക്ലാസിക്കല്‍ സംഗീതത്തിൻ്റെ മുന്‍നിരയില്‍ സന്തൂറിന് സ്ഥാനമുണ്ടായിരുന്നില്ല. ശിവകുമാര്‍ ശര്‍മയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട പരിശ്രമം കൊണ്ടാണ് സന്തൂറിന് ഇന്നുള്ള മാന്യമായ സ്ഥാനം ലഭിച്ചത്. ഹരിപ്രസാദ്, ചൗരസ്യ, പണ്ഡിറ്റ് ജസ്‌രാജ്, സക്കീര്‍ഹസൈന്‍, യാഷ്‌ചോപ്ര, മകന്‍ രാഹുല്‍ ശര്‍മ എന്നിവര്‍ ശിവകുമാര്‍ ശര്‍മയുമായുള്ള തങ്ങളുടെ അനുഭവം ഡോക്യുമെൻറ്ററിയില്‍ പങ്കുവെക്കുന്നുണ്ട്.

ഓരോ രാഗവും അത് കേള്‍ക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ കേള്‍ക്കുന്ന സ്ഥലം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.ശിവകുമാർ ശർമ്മ തൻ്റെ അനുഭവം വിവരിക്കുന്നു “ഒരിക്കല്‍ ലൈവ് റേഡിയോ പരിപാടി അവതരിപ്പിക്കാന്‍ ഞാന്‍ എന്‍റെ ഗ്രാമമായ ജമ്മുവില്‍ പോയി. അവിടെ സ്റ്റുഡിയോവില്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഗുജ്രി തോഡി രാഗം വായിക്കാന്‍ തുടങ്ങി. ശോക ഭാവം ഉണര്‍ത്തുന്ന രാഗമായിരുന്നു അത് അവര്‍ രണ്ടു പേരിലും ഒരേ സമയം രണ്ടു രീതിയിലുള്ള പ്രതികരണം ആയിരുന്നു ഉണ്ടാക്കിയത് . ആദ്യത്തെ സ്ത്രീ ഒരു ഗായിക കൂടി ആയിരുന്നു. രണ്ടാമത്തെ ആള്‍ സംഗീതത്തില്‍ വലിയ വിവരമോന്നുമില്ലാത്ത ഒരു സാധാരണ സംഗീത ആസ്വാദകയായിരുന്നു. പാട്ടുകാരിയായ സ്ത്രീ തല കുലുക്കി ഗംഭീരമായി എന്ന മട്ടില്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ മറ്റേ സ്ത്രീയില്‍ നിന്ന് ഒരു പ്രതികരണവും കണ്ടില്ല. എങ്കിലും അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരേ രാഗം രണ്ട് വ്യക്തികള്‍ രണ്ടു വിധത്തില്‍ ആസ്വദിക്കുകയായിരുന്നു.”

അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തൂര്‍ കാശ്മീര്‍ താഴ്വരയ്ക്ക് അപ്പുറം അറിയപെട്ടിരുന്നില്ല. വേനല്‍കാല തലസ്ഥാനമായ ജമ്മുവില്‍ പോലും വേണ്ടത്ര പ്രചാരം ഉണ്ടായിരുന്നില്ല. പല ആളുകളും സന്തൂര്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ഞാന്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ അവഗണിക്കാന്‍ തുടങ്ങി. മറ്റൊരു സംഗീതജ്ഞനും ഈരോവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ചില ആളുകള്‍ പറഞ്ഞു. “ശാസ്ത്രീയ സംഗീതം ഈ ഉപകരണത്തില്‍ വായിക്കുക അസാധ്യം.” സുഹൃത്തുക്കളായ ഗായകര്‍ ശിവകുമാർ ശർമ്മയോട് പറഞ്ഞു.’ നിങ്ങള്‍ കൂടുതല്‍ പരിശീലനം നേടിയ ഒരു സംഗീതജ്ഞനാണ് . ബുദ്ധിമാനാണ്. നിങ്ങള്‍ തിരഞ്ഞെടുത്ത ഉപകരണം തെറ്റി പോയി. മാറ്റി ചിന്തിക്കാന്‍ ഇപ്പോഴും സമയമുണ്ട്. നിങ്ങള്‍ക്ക് കിട്ടിയ സംഗീത പരിശീലനം കൊണ്ട് നിങ്ങള്‍ സിതാറോ സാരോദോ വായിച്ചാല്‍ കൂടുതല്‍ പ്രശസ്തനാവും .എന്നാല്‍ ഈ ഉപകരണം കൊണ്ട് അത് പറ്റില്ല.” ഇതായിരുന്നു അപ്പോഴത്തെ അവസ്ഥ ഇന്ന് സന്തൂര്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഒരിക്കല്‍ ദ്രുപദ് ഗായകനായ ഉസ്താദ് റഹീമുദ്ധീന്‍ ഖാന്‍ സാഹിബ്‌ ഒരു പരിപാടി അവതരിപ്പിക്കാന്‍ വന്നു. വിശിഷ്ട വ്യക്തികള്‍ എല്ലാവരും തന്നെ എത്തി ചേര്‍ന്ന ഒരു ചെറിയ സദസ്സായിരുന്നു. അദ്ദേഹം പാടുന്നതിന് മുമ്പ് കുറച്ചു നേരം സന്തൂര്‍ വായിക്കാന്‍ ശിവകുമാർ ശർമ്മയോട് ആവശ്യപെട്ടു. എല്ലാവരും താങ്കളുടെ പരിപാടിയെ കേള്‍ക്കാന്‍ ആണ് വന്നത് എന്ന് ശർമ്മ പറഞ്ഞു.ഒടുവില്‍ അദേഹത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ശർമ്മ സന്തൂര്‍ വായിക്കാന്‍ തുടങ്ങി ഒരു തബല കൂടി ഉണ്ടായിരുന്നില്ല. ഒരു പക്കവാജ് മാത്രം. യമന്‍ രാഗം ഒരു മണിക്കൂറോളം വായിച്ചു. ഏതോ പ്രചോദന മെന്ന പോലെ ശർമ്മ ആനന്ദത്തിന്‍റെ ഉന്നതിയില്‍ എത്തി ശർമ്മയുടെ വായന അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അദ്ദേഹം ശിവകുമാർ ശർമ്മയെ ആശ്ലേഷിച്ചു.

കാശ്മീര്‍ താഴ് വരയില്‍ നിന്നും സന്തൂറുമായി ബോംബെയിലെത്തിയ ശിവകുമാര്‍ശര്‍മ പ്രശസ്ത സംവിധായകന്‍ ശാന്താറാമിൻ്റെ ജനക് ജനക് പായല്‍ എന്ന സിനിമയിലെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചതും സില്‍സില എന്ന സിനിമക്ക് വേണ്ടി ചൗരസ്യയും ശിവകുമാര്‍ ശര്‍മയും ചേര്‍ന്ന് ശിവ-ഹരി എന്ന പേരില്‍ സംഗീത സംവിധാനം ചെയ്ത കാലത്തെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യയും യാഷ് ചോപ്രയും ഓര്‍ക്കുന്നുണ്ട്. അല്ലാരാഖയും മകന്‍ സാക്കിര്‍ ഹസൈനുമായുള്ള ബന്ധം ഒരു കുടുംബം പോലെയായിരുന്നെന്ന് ശര്‍മ പറയുന്നു. സക്കീര്‍ഹുസൈനും ശിവകുമാര്‍ ശര്‍മയുമുള്ള സ്റ്റേജ് പരിപാടിയും മകന്‍ രാഹുല്‍ശര്‍മ സന്തൂറും ശിവകുമാര്‍ തബലയും (തബലയിലായിരുന്നു ശിവകുമാര്‍ശര്‍മയുടെ തുടക്കം) വായിക്കുന്നതും അദ്ദേഹം പാടുന്നതുമെല്ലാം സംഗീതപ്രമേകള്‍ക്ക് ഡോക്യുമെൻറ്ററിയിലൂടെ കാണാം . കാശ്മീരില്‍ വെച്ച് ചിത്രീകരിച്ച ഡോക്യുമെൻറ്ററി രാജ്യത്ത് നടക്കുന്ന മത വര്‍ഗീയ സംഘര്‍ങ്ങളിലുള്ള തന്‍റെ ഉത്കണ്ഠ അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…