സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നടുത്തുരുത്തിയിലെ ഓർമ്മകൾ-7

സുധീഷ് നടുത്തുരുത്തി

മഴ തകർത്തു പെയ്യുകയാണ്
ചോരുന്ന ഓലപ്പുരയിലും.
നനയുന്ന കട്ടിൽ ചോരാത്തൊരിടത്തേക്ക് മാറ്റിയിട്ട് , കർക്കിടകത്തിലെ ദുരിതപ്പെയ്ത്തിനെ ശപിച്ച് കൊണ്ട് വലയുമെടുത്ത് അച്ഛൻ കടവിലേക്ക് നടന്നു.
ട്രൗസറിന്റെ പോക്കറ്റിൽ അച്ഛനുള്ള സിഗരറ്റും , തീപ്പെട്ടിയും , മറ്റൊരു പോക്കറ്റിൽ ഒരു പ്ലാസ്റ്റിക് കവർ തിരുകി കുടയുമായി പുറകെ ഞാനും നടന്നു. കടവിലേക്കുള്ള നടവഴിയിലും പാതാറിലും വെള്ളം ഉയർന്നിരിക്കുന്നു. രണ്ടു ദിവസമായി മീൻ വിൽപ്പനക്കാർ നടുത്തുരുത്തി കടവ് കടന്ന് ഇക്കരേക്ക് വന്നിട്ട്. എലത്തൂരങ്ങാടിയിലേക്ക് പോകുന്നവർ വിരളം. തണുത്തുറഞ്ഞ കാറ്റിൽ പലരും പുറത്തേക്കിങ്ങാതെയായി …
അച്ഛൻ പുഴയിലേക്ക് വലയെറിഞ്ഞു.
മാലാനും പരൽ മീനുകളും മാത്രം ….പോക്കറ്റിൽ തിരുകിയ പ്ലാസ്റ്റിക് കവററെടുത്ത് അവയെല്ലാം അതിലേക്ക് പെറുക്കിക്കൂട്ടും. ശരീരം തണുത്തുറയുമ്പോൾ അച്ഛനെന്റെ കുടക്കീഴിലേക്ക് വന്ന് ഞാനുടുത്തിരുന്ന ട്രൗസറിൽ നനഞ്ഞ കൈ അമർത്തി തുടച്ച് ഒരു സിഗരറ്റ് വാങ്ങി തീ കൊളുത്തി പുകയുതിർക്കും. അച്ഛന്റ വിയർപ്പിന്റെ സുഗന്ധം പോലെ ഞാനാ മണത്തെയും ഹൃദയത്തോട് കൊരുത്തു വച്ചിരുന്നു.

നനഞ്ഞു കുതിർന്ന ഓലപ്പുരയ്ക്ക് മുകളിലൂടെ പുകച്ചുരുളുകൾ അന്തരീക്ഷത്തിലേക്ക് ഉയരുകയാണ്. മഴയ്ക്ക് അൽപം ശമനമുണ്ട്. അടുക്കളയിൽ നിന്നും മീൻ മുറിച്ച് ചെകിളയും അവശിഷ്ടങ്ങളും പറമ്പിലെ ഒരറ്റത്തേക്ക് കളഞ്ഞ് വരുമ്പോഴാണ്
തൊട്ടടുത്ത വീട്ടിലെ ചെത്തുകാരൻ ശിവേട്ടൻ അമ്മയെ വിളിച്ചു ചോദിക്കുന്നത്.
” സുനിതേ…, കൂട്ടാനെന്താ കിട്ടിയത്….”

“ഓര് വിയ്യാൻ പോയിനും. മാലാനും കുറച് പരലും കിട്ടീട്ടുണ്ട്.”
അമ്മയുടെ മറുപടി.
“കുറച്ച് മീൻ കറി തര്യോ …. ഇവിടെ സാമ്പാറാ വച്ചത്. “
മീൻ കറി ഒരു ചെറു പാത്രത്തിലാക്കി ചോറ്റുപാത്രത്തിന്റെ മൂടി കൊണ്ട് മൂടി അമ്മ കയ്യിൽ തന്നപ്പോൾ ഞാനതുമായി ശിവേട്ടന്റെ വീട്ടിലേക്ക് നടന്നു. മുട്ടറ്റം വെള്ളം നിറഞ്ഞ്, താണ് കിടക്കുന്ന പറമ്പു താണ്ടി വേണ്ടി ശിവേട്ടന്റെ വീടെത്താൻ. വെള്ളത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ സുഖ നിദ്രയിലാണ്ട് കിടന്ന മിട്ടിലിക്കുട്ടങ്ങൾ വശങ്ങളിലേക്ക് ഓടി മാറി. തണുത്തുറഞ്ഞ വെള്ളത്തിലൂടെ ഓളങ്ങൾ പരത്തി നടന്ന്, കറി കൊടുത്ത് പാത്രങ്ങൾ വാങ്ങി തിരികെ വരുമ്പോൾ പാത്രങ്ങൾക്ക് അതേ കനമായിരുന്നു. മൂടി തുറന്നു നോക്കിയപ്പോൾ മൂക്കിലേക്കടിച്ചുയർന്നത് സാമ്പാറിന്റെ മണമായിരുന്നു.
രണ്ട് ദിവസം മുന്പ് ഹിസ്റ്ററി ക്ലാസിലെ സുജാത ടീച്ചർ പറഞ്ഞു പഠിപ്പിച്ച
ബാർട്ടർ സമ്പ്രദായമായിരുന്നു മനസ്സിൽ നിറഞ്ഞുനിന്നത്.

മൂടു് പിന്നിയ ട്രൗസറിൽ പരിഹാസം ചൊരിഞ്ഞ കൂട്ടുകാർക്കിടയിൽ, അച്ഛന്റെയും , അച്ഛന്റെ ജ്യേഷ്ഠാനുജന്മാരുടെയും കാർക്കശ്യ നിയന്ത്രങ്ങളുള്ള ആ കുട്ടിക്കാലത്തിലെവിടെയോ ആയിരുന്നു കുട്ട്യാതമ്മയെ ഞാൻ കണ്ടിരുന്നത്. മുടി വെളുത്ത് നരച്ചിരുന്നു. തൂങ്ങിയാടുന്ന കാതുകളിൽ കനം വെച്ച കമ്മലുകൾ ഉണ്ടായിരുന്നോ? കോലായിലെ അടച്ചിട്ട ഗ്രിൽസിനുള്ളിൽ വിഷാദഛവിയോടെ കസേരയിൽ ഇരിക്കുന്ന കുട്ട്യാതമ്മയുടെ നിറമില്ലാത്ത ചിത്രം ബാല്ല്യത്തിന്റെ തെളിച്ചമുള്ള ഓർമ്മകളിൽ ഇപ്പോഴും എപ്പയൊക്കെയോ ഉള്ളിൽ നിറയുന്നു.

വിരസമായ സായാഹ്നങ്ങളിൽ കടവിനരികിലെ ഷെഡ്ഡിൽ സ്ഥാനമുറപ്പിക്കും. കടത്തുതോണിയും, കാറ്റും, പറന്നു പോകുന്ന പക്ഷികളും , ഒഴുകുന്ന പുഴയും……
ഇരുൾ മൂടി തുടങ്ങുന്ന ആ സന്ധ്യയിൽ നേരം കൊല്ലാൻ വേണ്ടി എഴുപതിനോട് അടുത്ത് പ്രായമുള്ളവരാരെങ്കിലും കടവിലേക്കെത്തും. അവരിൽ നിന്നാണ് പണക്കാരൻ ചന്തുവിന്റെ ഭാര്യ,
അലിവും സ്നേഹവും നിറഞ്ഞ കുട്ട്യാതമ്മയെക്കുറിച്ച് കൂടുതലറിഞ്ഞത്. ദാരിദ്ര്യം വയറ്റൊത്തൊട്ടിപ്പിടിച്ച സമയങ്ങളിൽ അവർ പണക്കാരൻ ചന്തുവിന്റെ വീട്ടിനു മുന്നിലെ നടവഴിയിലൂടെ അങ്ങോട്ടു മിങ്ങോട്ടും നടക്കുമായിരുന്നു. കുട്ട്യാത മ്മയുടെ കണ്ണിൽപ്പെടാനുള്ള ആ ശ്രമത്തിൽ അവരുടെ കണ്ണിൽപ്പെട്ടാൽ കഞ്ഞിയോ , കഞ്ഞി വെള്ളമോ കുടിച്ച് വയറ് നിറഞ്ഞ ഓർമ്മകൾ അയവിറക്കും….
ഒരു ദിവസം പുലർകാലെ അപസ്മാര രോഗ ബാധിതനായ കുഞ്ഞിനെ മല്ലിന്റെ തുണിയിൽ പൊതിഞ്ഞ് വെങ്ങളത്തെ ചന്തപ്പൻ വൈദ്യനെ കാണിക്കാനായി പോകുമ്പോൾ പണക്കാരൻ ചന്തു ചോദിച്ചു ……
“അല്ല കുട്ട്യാതെ … ഇഞ്ഞീ രാവിലെ തന്നെ മഴത്തോലോം കഴുത്തിലിട്ട് എങ്ങോട്ടാണ്…
അറം പറ്റുന്ന വാക്കുകൾ പോലെ (വൈദ്യനടുത്തെത്തും മുൻപെ കുട്ടി മരണപ്പെട്ടു എന്നും ധ്വനിയുണ്ട് ) ദിവസങ്ങൾക്കകം വീട്ടിനടുത്തുള്ള കുളത്തിൽ വീണ് ആ കുഞ്ഞ് മരിച്ചപ്പോൾ തോരാത്ത കണ്ണീരുമായി കുട്ട്യാതമ്മ …..
വർഷങ്ങൾക്കിപ്പുറം, ഇന്ന്
ബൈക്ക് ആക്സിഡന്റിൽപ്പെട്ട് മരണപ്പെട്ട മകനെയോർത്ത് , കുട്ട്യാതമ്മയുടെ പിൻമുറക്കാരി
തെക്കെപ്പറമ്പിലെ മാവിൻ ചുവട്ടിലേക്ക് ഗ്രിൽസിനരികിലെ ചുവരും താങ്ങി ഉദയ സൂര്യന്റെ പൊൻകിരണങ്ങളിൽ, അകം വേവുന്ന നോവുമായി നോക്കി നിൽക്കുമ്പോൾ…..
വർഷങ്ങൾക്കിപ്പുറം കുട്ട്യാതമ്മ ഇപ്പോഴും ജീവിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…