നാരായണ ഗുരു കടന്നുപോയ കാലം കേരളമില്ലായിരുന്നു, മലയാളമേ ഉണ്ടായിരുന്നുള്ളു. ഗുരു കടന്നുപോയതിനു ശേഷം കേരളമുണ്ടായി, അപരിചിതനായ ഒരു മനുഷ്യനെപ്പോലെ കേരളത്തിന്റെ കാലവളർച്ചയുടെ ഓരോ ദശകത്തിലും നാരായണൻ മലയാളികളിൽ നിന്നും കൂടുതൽ കൂടുതൽ അകന്നുപോയി. നാരായണന് തിരിച്ചറിയാനാകാത്ത ശ്രീഭാരം തലയ്ക്ക് മുകളിൽ വെച്ചു. ബ്രഹ്മത്തിൽ നിന്നും ചാരിയെ മാറ്റിവെച്ച നാരായണൻ അദ്ദേഹം പൊഴിച്ചുകളഞ്ഞ അസ്തിത്വ അസംബന്ധങ്ങളിൽ മരണാനന്തരം ആവാഹിക്കപ്പെട്ടു. സ്തുതിയുടെയും നിന്ദയുടേയും കാപട്യങ്ങളിൽ നാരായണൻ മോഷ്ടിക്കപ്പെട്ടു. തിരിച്ചറിവിന്റെയും ജ്ഞാനത്തിന്റെയും വെളിച്ചത്തിൽ നിന്നും രൂപം മോഷ്ടിക്കപ്പെട്ട ഗുരു അസംബന്ധമായി മാറുമെന്ന് നാരായണ ഗുരുവിന്റെ മരണാനന്തര ജീവിതത്തിന്റെ വലിയൊരുകാലം തെളിയിച്ചു. അപ്പോഴും അവനവനെ വീണ്ടെടുക്കാനുള്ള അസാധ്യമായ ചരിത്രപരതയിൽ നാരായണൻ ഒരു വെള്ളമുണ്ടെടുത്ത് പുതച്ച് മലയാളിയുടെ ജീവിതത്തിലേക്ക് ഇറങ്ങി നടക്കുന്നുണ്ട്.
സംന്യാസികളായി അറിയപ്പെട്ട ശിഷ്യന്മാർ ഏറെയുണ്ടായിവന്നെങ്കിലും സംന്യാസത്തിൽ നാരായണ ഗുരുവിന് അത്യപൂർവ്വം ശിഷ്യന്മാരെ ഉണ്ടായുള്ളൂ. നാട്ടിലേക്കിറങ്ങി നടന്ന നാരായണന് പിന്മുറക്കാരായ സംന്യാസിമാർ വിരളമായിരുന്നു. പുറത്തേക്ക് നോക്കിയ നാരായണന്റെ ശിഷ്യന്മാർ മിക്കവാറും അകത്തേക്ക് നോക്കലിലാണ് ആത്മസുഖം കണ്ടെത്തിയത്. നാരായണന്റെ കലഹങ്ങൾ മലയാളദേശത്ത് കലാപങ്ങളായി മാറിയ രാഷ്ട്രീയത്തുടർച്ചകളുണ്ടായി. നാരായണ ഗുരുവിന്റെ നിർദ്ദേശത്തിലുണ്ടായ തൊഴിലാളി സംഘടന പിന്നീട് ചെങ്കൊടി ഉയർത്തി. സംന്യാസികൾ മല കയറിയപ്പോൾ നാരായണന്റെ പിന്മുറക്കാർ പാടത്തും തെരുവിലും മുഷ്ടി ചുരുട്ടി സമരങ്ങളുമായിറങ്ങി. മലയാളം എല്ലാ മലയാളികൾക്കും എഴുതാനും പറയാനുമുള്ള ഭാഷയായി.
കേരളമുണ്ടായപ്പോഴേക്കും ശ്രീ നാരായണ സംഘം നാരായണനെന്ന കലാപകാരിയിൽ നിന്നും അകലങ്ങളിലേക്ക് മാറിപ്പോയിരുന്നു. ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിൽ നാരായണ ധർമ്മമൊഴികെ മറ്റെല്ലാമുണ്ടായി. കണ്ടാലറിയാത്ത ജാതി പറഞ്ഞാലറിയുമോ എന്ന് ചോദിച്ച നാരായണനോട് കേരളം ജാതി പറഞ്ഞറിയിച്ചുകൊണ്ടിരിക്കുന്നു.
ദാർശനികതയുടെ അഭൗമഭാരം ഒരു കാലത്തും നാരായണ ഗുരുവിനുണ്ടായിരുന്നില്ല. ബ്രാഹ്മണ്യത്തിന്റെ ആശയപദ്ധതികൾക്കു പുറത്തു ജീവിച്ചപ്പോഴും അതിന്റെ ആശയപദ്ധതികളുടെ അകത്തായിരുന്നതിന്റെ വൈരുദ്ധ്യത്തെ ഗുരു പ്രസരിപ്പിച്ചു. വൈരുദ്ധ്യത്തെ ജീവിതം കൊണ്ട് നേരിടാനുള്ള വിപ്ലവകരമായ ദർശനഗരിമ നാരായണ ഗുരുവിനുണ്ടായിരുന്നു. താൻ ജീവിച്ച കാലത്തിന്റെ സങ്കീർണ്ണതകളിലും സാമൂഹ്യ വൈരുദ്ധ്യങ്ങളിലുമാണ് നാരായണ ഗുരു തന്റെ ദർശനം പ്രവർത്തിയിലേക്കെത്തിച്ചത്. നാരായണ ഗുരുവിന്റെ കൃതികൾ ഒരു പക്ഷെ ഗുരുവിന്റെ സാമൂഹ്യ ദർശനത്തിന്റെ ചെറിയൊരു ഭാഗമേ പ്രതിഫലിപ്പിക്കുന്നുള്ളു. നാരായണൻ നടന്ന വഴികളിൽ നട്ട മരങ്ങളാണ് നാരായണ ഗുരുവിന്റെ ദർശനച്ഛായകൾ.
ആധുനികതയുമായുള്ള മലയാളിയുടെ ആദ്യസന്ധികളിൽ നാരായണ ഗുരുവുണ്ടായിരുന്നു. വിദ്യാഭ്യാസവും വ്യവസായവും സംഘടനയുമെല്ലാം ചേർന്ന ആധുനിക കാലത്തേക്കുള്ള മലയാളിയുടെ യാത്രയെ കൃത്യമായി അറിഞ്ഞ മനുഷ്യനായിരുന്നു നാരായണൻ. അലക്കാനും ഉടുക്കാനുമെളുപ്പം എന്നേ തന്റെ വെള്ളമുണ്ടിന്റെ സംന്യാസ ശാസ്ത്രമുള്ളു എന്ന സത്യസന്ധത തന്റെ സംന്യാസദർശനത്തിലുടനീളം അദ്ദേഹം പുലർത്തി.
ബ്രിട്ടീഷുകാരാണ് നമുക്ക് സംന്യാസം തന്നത് എന്ന ജാതിവ്യവസ്ഥയുടെ കൊളോണിയൽ ആധുനികത പുലർത്തിയ ബന്ധത്തെ, അതിൽ നടത്തിയ ഇടപെടലുകളെ ഗുരു തിരിച്ചറിഞ്ഞു. ബ്രിട്ടീഷുകാർ നാരായണനെ തൊട്ടു. എന്നാൽ ഗാന്ധി നാരായണ ഗുരുവിനെ തൊട്ടില്ല. രണ്ടും ജാതി കൊണ്ടായിരുന്നു.
പിൽക്കാല കേരളത്തിൽ നാരായണ ഗുരു പദ്യകീർത്തനങ്ങളുടെ വിരസ വായന മാത്രമായി. കേരളത്തിന്റെ ഇടവഴികളിൽ ഇറങ്ങിനടന്ന നാരായണൻ തന്റെ ജീവിതത്തിന്റെ ഉറയൂരിയിട്ട കാലം മലയാളിക്ക് ഇനിയും കാണാൻ ബാക്കിയാകുന്നു.