സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സർഗ്ഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ…..

ഡോ .വിനി ദേവയാനി

ശാന്തിനികേതനിലെ തന്റെ കലയും ജീവിതവുമിഴചേർന്ന അനുഭവങ്ങൾ
പങ്കു വയ്ക്കുകയാണ് വെള്ളിനേഴിയിലെ വീട്ടിൽ നിന്നും ലതാ പൊതുവാൾ.
വെള്ളിനേഴിയിലെ കഥകളിമേളത്തിനിടയിലും പച്ചപ്പിന്റെ
മനോഹാരിതയിലും, കുടുംബ ജീവിതം നയിക്കുമ്പോഴും ലതാ
പൊതുവാളിന്റെ മനസ്സിൽ നിന്നും ശാന്തിനികേതനിലെ ശാന്തതയും
രബീന്ദ്ര സംഗീതവും മാഞ്ഞിട്ടില്ല. അത് അത്രമേൽ അഗാധമായി
നെഞ്ചേറ്റുന്ന ഓർമ്മകളാണ്.
ശാന്തിനികേതനിലെ ഓര്‍മ്മകള്‍

ശാന്തിനികേതനെ കുറിച്ച് ഏറെ പറയാറുണ്ട്.
ബറോ മാസെ തേരോ പാർവൺ -എന്നാണ് പറയുക. 12 മാസത്തിൽ 13
അനുഷ്ഠാനങ്ങൾ എന്നാണത്. എല്ലാ മാസവും ഒരെണ്ണമെങ്കിലും തീർച്ചയായും
ഉണ്ടാകും. അതിൽ കൂടുതൽ എന്നല്ലാതെ കുറയുകയില്ല. ഗ്രീഷ്മം, വർഷം,
ശരത് ,ഹേമന്തം, ശിശിരം, വസന്തം…. എല്ലാകാലവും ഉത്സവമാക്കുന്ന
ജനങ്ങങ്ങളാണ് അവിടെയുള്ളത്‌.
ഇതിൽ ഓരോ കാലത്തെപ്പറ്റിയും ടാഗോർ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ടാഗോറിന്റെ മനോഭാവം എന്നും കൂട്ടായ ആഘോഷവും നൃത്തങ്ങളും
വേണമെന്നുള്ളതായിരുന്നു. തനിച്ചിരിക്കുന്ന വിഷമം ഏറെ
അനുഭവിച്ചിട്ടുള്ള ആളായതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ഇങ്ങനെ ഒരു
ചിന്ത വന്നുചേർന്നത്. അതുകൊണ്ടുതന്നെ ടാഗോർ എഴുതിയ പാട്ടുകൾ
എല്ലാം സംഘഗാനം, സംഘനൃത്തം എന്നിവയ്ക്കാണ് ഏറെ യോജിച്ചു
പോന്നതും. പാട്ട്, നൃത്തം , വാദ്യങ്ങൾ എല്ലാം ചേരുന്ന ഒരു
കൂട്ടായ്മയായിരുന്നു അവിടത്തെ സംഗീത – നൃത്ത അരങ്ങുകൾ.
വാത്മീകി പ്രതിഭ, ശാപമോചൻ, ശ്യാമ , ചണ്ഡാലിക , ചിത്രാംഗദ –
നാടകങ്ങളാണെങ്കിലും ‘ഗീതി നാട്യം’ (സ്വയം പാട്ടു പാടി അഭിനയിച്ചു
കൊണ്ടുള്ള നാടകം) ആണതെല്ലാം. അതിലെല്ലാം പങ്കെടുക്കാൻ എനിക്കു
സാധിച്ചിട്ടുണ്ട്. ചിത്രാംഗദയിലെ അർജ്ജുനൻ, ശ്യാമയിലെ ശ്യാമ,
ചണ്ഡാലികയിലെ അമ്മ എന്നിങ്ങനെ പല വേഷങ്ങളിലും ഞാൻ
അരങ്ങിലെത്തി. അക്കാലത്ത് കലാമണ്ഡലം കേളു നായർ സംഗീത ഭവനിലെ
അദ്ധ്യാപകൻ ആയിരുന്നു.

സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ അഭ്യസിപ്പിക്കാൻ ഗുരു
കേളുനായരുടെ അടുത്തേക്കാണ് പറഞ്ഞയക്കുക. ഞങ്ങൾ നൃത്ത
വിദ്യാർത്ഥികളുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. വിശ്വഭാരതി
യൂണിവേഴ്സിറ്റിയുടെ പല പരിപാടികളിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
ഞാനായിരുന്നു പ്രായം കുറഞ്ഞ കുട്ടി. ഈ ഗ്രൂപ്പ് നൃത്തനൃത്യങ്ങളിൽ പേരു
കേട്ട ഒന്നായി മാറി. നൃത്തങ്ങളിൽ അധികവും ടാഗോർ ഗീതികളായിരിക്കും
വിഷയം. കഥകളിയുടെയും നൃത്തത്തിന്റെയും സങ്കേതങ്ങൾ, ചുവടുകൾ
അതതു പാട്ടുകൾക്കനുസരിച്ച് ചിട്ടപ്പെടുത്തി കേളു നായർ കുട്ടികൾക്ക്
പഠിപ്പിച്ചു കൊടുക്കും. കഥകളിത്തം വിടാതുള്ള മുദ്രകൾ, ചുവടുകൾ എല്ലാം
അതിലുണ്ടായിരിക്കും.
ഞാൻ കുട്ടിക്കാലത്ത് താമസിച്ചിരുന്ന ആ ക്വാർട്ടേഴ്സിന്റെ മുൻഭാഗത്തു
തന്നെയാണ് അച്ഛൻ ഔദ്യോഗിക പദവിയിലിരുന്ന വിശ്വഭാരതിയുടെ
കീഴിലുള്ള സംഗീതഭവൻ ഡിപ്പാർട്ടുമെന്റും. അവിടെ കഥകളി ചെണ്ട
വിഭാഗത്തിലായിരുന്നു അച്ഛൻ. ചെണ്ട, മദ്ദളം, ഇടയ്ക്ക, വേഷം
എന്നിവയിലെല്ലാം പ്രഗത്ഭനായിരുന്നു അച്ഛൻ – ആലിപ്പറമ്പ്
കേശവപ്പൊതുവാൾ. അമ്മ മാധവിപൊതുവാൾ. നാട്ടിൽ നിന്നും വാഴേങ്കട
കുഞ്ചു നായരാശാനാണ് അച്ഛനെ ശാന്തിനികേതനിലേയ്ക്കയച്ചത്. അക്കാലത്ത്
ഹരിദാസ് നായർ ശാന്തിനികേതനിലുണ്ടായിരുന്നു. അദ്ദേഹം നല്ലൊരു നൃത്ത
അദ്ധ്യാപകനായിരുന്നു.

നൃത്തമഭ്യസിച്ച കാലത്തെ വിശേഷങ്ങൾ

ടാഗോർ പല പരീക്ഷണങ്ങളും നൃത്തങ്ങളിൽ നടത്തി. അക്കാലത്ത് സ്ത്രീ
ജനങ്ങൾ അരങ്ങുകളിലേക്ക് അധികം ഇടപെടാത്ത കാലമായിരുന്നു. അന്ന്
ഗുരുദേവ്‌ തന്നെയാണ് സ്ത്രീകൾക്ക് ധൈര്യം നൽകി അരങ്ങുകളിൽ
ആടാനുള്ള അവസരങ്ങൾ ഒരുക്കി കൊടുത്തത്. ടാഗോറിന്റെ കുടുംബത്തിൽ
നൃത്തത്തിൽ പരിജ്ഞാനമുള്ള സ്ത്രീകൾ ഉണ്ടായിരുന്നു.
ഒരു മണിപ്പുരി സ്ത്രീയെ ഓര്‍മ്മവരുന്നു. പ്രായമേറെയുള്ളപ്പോഴും
ഞങ്ങളുടെ അടുത്ത് അവർ അന്നത്തെ കാര്യങ്ങൾ പറഞ്ഞിരുന്നു , ടാഗോർ
മുൻകൈ എടുത്ത് അവരെ നൃത്തമഭ്യസിപ്പിച്ച കാലത്തെ വിശേഷങ്ങൾ.
വളരെ ലളിതമായ ചലനങ്ങളും കൈമുദ്രകളും മാത്രമുള്ള
നൃത്തമായിരുന്നത്രേ അക്കാലത്തുണ്ടായിരുന്നത്. അക്കാലത്ത് ആർട്ടിസ്റ്റ്
നന്ദലാൽ ബോസിന്റെ ഭാര്യ യമുനാ ദീദിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
സ്ത്രീകൾ ഏതെല്ലാം വേഷം കെട്ടണം, എന്തെല്ലാം ആഭരണം ധരിക്കണം എന്നല്ലാം
നിശ്ചയിച്ചിരുന്നത് ടാഗോറാണ്.

അന്ന് ഇന്നത്തെ പോലെയുള്ള ആടയാഭരണങ്ങളല്ല. പ്ലാവിന്റെ ഇലയിൽ
നന്ത്യാർവട്ടത്തിന്റെ പൂക്കൾ തുന്നിപ്പിടിപ്പിച്ച് മാലകളും കാതിലയും
തളകളും കിരീടവും ഉണ്ടാക്കുന്ന കാലം. മനോഹരമായിരുന്നു
അലങ്കാരങ്ങൾ. രണ്ടു മൂന്നു ദിവസത്തോളം വാടാതെയിരിക്കും.
ഉണ്ടത്തെച്ചിപ്പൂവു നടുവിൽ കെട്ടി പല ആകൃതിയിലും പ്ലാവില വെട്ടി
അതിൽ നന്ത്യാർവട്ടത്തിന്റെ മൊട്ടുകൾ തുന്നിപ്പിടിപ്പിച്ച് വളരെ
മനോഹരമായി അവ തയ്യാറാക്കിയിരുന്നു. കേശാലങ്കാരവും
സവിശേഷതയുള്ളവയായിരുന്നു. കലാപരമായ കാര്യങ്ങൾ നടത്തിയിരുന്ന
കലാഭവനിലെയും നൃത്തം നാടകം സംഗീതം പാട്ട് തുടങ്ങിയവയുള്ള സംഗീത
ഭവനിലെയും അദ്ധ്യാപകരുടെ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളാണ്
വിശ്വഭാരതി യൂണിവേഴ്സിറ്റിയുടെ കാതലായ വിഭാഗങ്ങൾ മുന്നോട്ടു
കൊണ്ടുപോയിരുന്നത് .

1954 മുതൽ 1985 വരെ അച്ഛൻ അവിടെ ജോലി ചെയ്തു. 6 വർഷത്തെ
ജോലി ബാക്കിയിരിക്കെയാണ് അച്ഛൻ മരിച്ചത്. കേളു നായരാശാൻ,
ഹരിദാസ് നായരാശാൻ, അച്ഛൻ ഇവരായിരുന്നു അവിടത്തെ കഥകളി
വിഭാഗത്തിലെ അദ്ധ്യാപകർ. രണ്ടു വേഷക്കാരും ഒരു ചെണ്ടക്കാരനും.
അച്ഛന് എല്ലാം വശമുള്ളതുകൊണ്ട് പാട്ട് പാടി കൊട്ടിയിട്ടാണ് ക്ലാസ്
എടുത്തിരുന്നത്. 18 കൊല്ലം അവിടെ പാട്ടും കൊട്ടും ഒരുമിച്ചു കൊണ്ടു
നടന്നിരുന്നു. ശേഷം കുട്ടികൾ കൂടിയപ്പോൾ അച്ഛൻ ഡിപ്പാർട്ട്മെന്റിൽ
അറിയിച്ചു, ഇത്‌ രണ്ട് വിഭാഗമാണ്, രണ്ടാൾക്കാർ വേണമെന്ന്. അങ്ങനെ
ഒരു പാട്ടുകാരനെ വേണമെന്ന അച്ഛൻറെ നിർദ്ദേശത്താൽ വെള്ളിനേഴി
ഉണ്ണികൃഷ്ണ കുറുപ്പാശാനെ നിയമിച്ചു. ഉണ്ണികൃഷ്ണൻ കുറു പ്പ്
അഹമ്മദാബാദിലൊക്കെ പോയി നാട്ടിൽ വന്നിരിക്കുന്ന കാലമായിരുന്നു
അത്. അങ്ങനെ വിഭാഗത്തിൽ നാല്‌ ആളുകളായി.
മൂന്നാല് വർഷം കഴിഞ്ഞപ്പോൾ അവിടുത്തെ ജോലിയിൽ നിന്നും
കുറുപ്പാശാന്‍ തിരികെ പോരുകയും ആ തസ്തികയിലേക്ക് എൻറെ
ഭർത്താവായ മോഹനകൃഷ്ണ പൊതുവാളിനെ ആശാനായി
നിയമിക്കുകയും ചെയ്തു. 1980 ൽ ഹരിദാസ് നായർ മരിച്ചു. ആ
പോസ്റ്റിലേക്ക് കലാമണ്ഡലം ശങ്കരനാരായണൻ ആശാൻ എന്ന മഞ്ചേരി
ശങ്കരനാരായണൻ നിയമത്തിനായി. കേളു നായരാശാൻ ആ സമയത്ത്
റിട്ടയർ ആയി. അതിലേക്ക് കലാമണ്ഡലം മുരളി
നിയമിതനായി. പുതിയ പോസ്റ്റിലേക്ക് കലാമണ്ഡലം വാസുണ്ണിയും വന്നുചേർന്നു
അങ്ങനെ അഞ്ചു പേരാണ് അവിടെ സ്ഥിരമായി ഉണ്ടായിരുന്നത്.

ക്വോർട്ടേഴ്സിന് മുന്നിൽ തന്നെയായിരുന്നു സംഗീതഭവൻ. അക്കാലത്തവിടെ വേലി ഒന്നും ഇല്ല. എവിടേക്കും യഥേഷ്ടം ഓടി നടക്കാം. ധാരാളം
ഊടു വഴികളിലൂടെ ക്യാമ്പസ്സിന്റെ എവിടേക്കും എത്താം. വീട്ടിൽ നിന്നും
നേരിട്ട് റോഡിലൂടെ ചെന്നാൽ സംഗീത ഭവനായി. അവിടെ അച്ഛൻ
കൊട്ടുന്ന കളരിയുടെ ജനലിൽ പിടിച്ച് ക്ലാസ് എടുക്കുന്നത്
കാണുകയായിരുന്നു എൻറെ കുട്ടിക്കാലത്തെ പ്രധാന കാഴ്ച. ഹരിദാസ് നായരാശാൻറെ ക്ലാസുകളിൽ ബംഗാളി കുട്ടികൾ ചുവടുകൾ
തെറ്റിക്കുമ്പോൾ ആശാൻ ആദ്യം മലയാളത്തിൽ വഴക്കു പറയും. അത്
കേട്ട് മനസ്സിലാകാതെ മുഖത്തുനോക്കുന്ന കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി
പിന്നീട് ബംഗാളിയിലേക്ക് മൊഴിമാറ്റി പറയും. കളരിയെല്ലാം കണ്ട് ഞാൻ
വീട്ടിൽ വന്നു ഓരോ ചുവടുകൾ കളിക്കും. ആരും അറിയാതെ…….
വളരെയധികം ചിട്ടയോടു കൂടി അഭ്യസിപ്പിച്ച ആശാനായിരുന്നു അദ്ദേഹം.
മനസ്സിൽ ഏറെയുള്ള ആഗ്രഹമായിരുന്നു എന്നാണ് കളരിക്കുള്ളിൽ
ഹരിദാസ് നായരാശാന്റെ ശിഷ്യയായി കളിക്കാൻ പറ്റുക എന്നത്.1980 കളിൽ ഹരിദാസ് നായരാശാൻ മരിച്ചു. 81ലാണ് എനിക്ക്
ഡിപ്പാർട്ട്മെന്റിൽ ചേരാനുള്ള പ്രായമായത്- ബി മ്യൂസിക്കിൽ. (ഡിഗ്രി
ബാച്ചിലർ ഓഫ് മ്യൂസിക് ) ഹരിദാസ് നായരാശാൻറെ ശിഷ്യയാവാനുള്ള
ഭാഗ്യം എനിക്കുണ്ടായില്ല. അദ്ദേഹം മരിക്കുന്ന സമയം ഞങ്ങളെല്ലാവരും
അടുത്തുണ്ടായിരുന്നു. ഞങ്ങൾ കുടുംബ സുഹൃത്തുക്കളും ആയിരുന്നു.

ഗുരു കേളുനായരുടെ അടുത്ത് ഞാൻ കുട്ടിക്കാലം മുഴുവൻ നൃത്തം
അഭ്യസിച്ചിട്ടുണ്ട് .അദ്ദേഹത്തിൻറെ അർജുനൻ പ്രസിദ്ധമായിരുന്നു. ടാഗോർ
ചിത്രാംഗദ കഥ എഴുതിയത് കലാമണ്ഡലം കേളുനായരെ കണ്ടിട്ടാണെന്ന്
വരെ പറഞ്ഞു കേട്ടിട്ടുണ്ട്. കഴുത്തൊപ്പം നീളമുള്ള മുടിയും നല്ല
ശരീരഘടനയും അദ്ദേഹത്തെ മറ്റു കലാകാരന്മാരിൽ നിന്നും
വ്യത്യസ്തനാക്കി. പല വിദേശ നാടുകളിലും യാത്ര ചെയ്തു തിരിച്ചു
വരുമ്പോൾ അതതു നാടുകളിലെ സ്റ്റാമ്പ്, ബ്രോഷറുകൾ എന്നിവ കുട്ടിയായ
എനിക്ക് കൊണ്ടു തരുമായിരുന്നു. വളരെ ഇഷ്ടമായിരുന്നു എന്നെ.
ഉണ്ണിക്കൃഷ്ണക്കുറുപ്പാശാൻ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അവിടെവിടെ
മുറുക്കി തുപ്പുന്ന ശീലമായിരുന്നു ആശാന്. അച്ഛൻ മുറുക്കി തുപ്പാനുള്ള
ഒരു സംവിധാനം ഉണ്ടാക്കി കൊടുത്തു. ഇതിൽ മാത്രം തുപ്പിയാൽ മതി
എന്ന് പറഞ്ഞു. ചെരുപ്പിട്ടു നടന്നു ശീലമില്ലാത്ത കുറുപ്പാശാൻ നടക്കുമ്പോൾ
ആദ്യം ചെരുപ്പ് മുമ്പിൽ എത്തും. പിന്നാലെയേ ആശാനെത്തൂ ..ആശാന്റെ

വലിച്ചു വലിച്ചുള്ള നടത്തം ഇപ്പോഴും ഓർമ്മയിലുണ്ട്. അച്ഛനായിരുന്നു
ജുബ്ബയും പൈജാമയും ധരിപ്പിച്ചുകൊടുത്തിരുന്നത്. കുറുപ്പാശാൻ എന്നെ
പാട്ട് പഠിപ്പിച്ചിട്ടുണ്ട്. ശരിയാവാത്തതിനാൽ അച്ഛനും ആശാനും എന്നെ
കളിയാക്കുമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം മോഹനൻ സിംഗ് കമ്ഹ്ര
എന്ന സംഗീതജ്ഞനിൽനിന്നും കുറച്ചു പഠിക്കുകയുണ്ടായി. പാട്ടിനേക്കാൾ
എനിക്കിഷ്ടം നൃത്തമായിരുന്നു. അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പാട്ട് , ചിത്രം, നൃത്തം, ക്ലേ
മോഡലിംഗ് ഇതെല്ലാം പഠനപദ്ധതിയുടെ ഭാഗമായിരുന്നു. ഒരു കുട്ടിക്ക്
പത്താം ക്ലാസ് കഴിയുമ്പോഴേക്കും ഏത് മേഖലയിലേക്ക് തിരിയണമെന്ന
ബോധം ഉണ്ടാകുന്ന തരത്തിൽ ആയിരുന്നു അവിടത്തെ വിദ്യാഭ്യാസ
സമ്പ്രദായം. റസിഡൻഷ്യൽ യൂണിവേഴ്സിറ്റി സിസ്റ്റം
ആയിരുന്നു വിശ്വഭാരതിയിൽ. രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള
പഠനം. അവിടെ മാതാപിതാക്കൾ കുട്ടികളെ കൊണ്ടു വന്നാക്കി പോകും.
ടാഗോറിന്റെ വീടിൻറെ ഉള്ളിൽ കയറാനും അദ്ദേഹത്തിന് കിട്ടിയ നോബൽ
പ്രൈസ് തൊടാനുമുള്ള ഭാഗ്യം വരെ ഉണ്ടായിട്ടുണ്ട് എനിക്ക്. അന്നെല്ലാം
അത്ര കർക്കശമായ നിയമങ്ങൾ വന്നിട്ടുണ്ടായിരുന്നില്ല. ആളുകളും
തിരക്കുകളും എല്ലാം വർധിച്ചപ്പോൾ നിയമങ്ങളെല്ലാം കർക്കശമാക്കി.

 കുടുംബജീവിതം

42 വർഷം ഞാൻ ശാന്തിനികേതനത്തിൽ ഉണ്ടായിരുന്നു. എൻറെ
ജീവിതത്തിലെ വലിയൊരു ഭാഗം ചെലവഴിച്ച മനോഹരമായ ഓർമ്മകൾ
തന്ന ഇടമായിരുന്നു അത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ കല്യാണം
കഴിഞ്ഞു. പിന്നീട് ഉപരിപഠനം. ബിരുദം കഴിഞ്ഞപ്പോഴേക്കും മൂത്ത
മകനായി. മൂത്ത മകൻ ഉണ്ടായ ശേഷമാണ് കഥകളിക്ക് നാഷണൽ
സ്കോർഷിപ്പ് ലഭിച്ചത്. മോഹിനിയാട്ടത്തിനും കഥകളിക്കും ഒരുമിച്ച്
സ്കോളർഷിപ്പ് ലഭിച്ചു. കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടത്തിനു
ചേരാനുള്ള കത്ത് ലഭിച്ചു. അച്ഛൻറെ മരണത്തെ തുടർന്ന് അമ്മയും
അനിയത്തിയും വീട്ടിൽ തനിച്ചായി. പിന്നീട് അച്ഛൻറെ ജോലി അമ്മയ്ക്ക്
ലഭിച്ചു. അനിയത്തി ചെറുതായതുകൊണ്ട് എന്നെ പുറത്തേക്ക് വിടാൻ
ആർക്കും താല്പര്യമുണ്ടായിരുന്നില്ല. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എനിക്ക്
തുടർന്ന് പഠിക്കാൻ സാധിച്ചേനെ എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്.

വലിയ മോഹം ആയിരുന്നു കലാമണ്ഡലത്തിൽ മോഹിനിയാട്ടം
പഠിക്കാൻ. സാഹചര്യം സമ്മതിച്ചില്ല. മറ്റ് നിവർത്തിയില്ലാതെ
ശാന്തിനികേതനിൽ കഥകളിക്ക് തന്നെ ചേർന്നു. നാട്ടിലേതുപോലെയുള്ള
ചൊല്ലിയാട്ട കളരി ആയിരുന്നില്ല അവിടെ. പീരീഡ്‌ വൈസ് ആയിരുന്നു.
നാഷണൽ സ്കോളർഷിപ്പ് ചെയ്യുന്ന സമയത്ത് രുഗ്മാംഗദ ചരിതം, ബാലി
വിജയം വാസുണ്ണി ആശാൻറെ അടുത്ത് പഠിച്ചു.
ഗുരുനാഥനായി ഉണ്ടായിരുന്നത് കലാമണ്ഡലം ശങ്കരനാരായണൻ മാഷാണ്.
പ്രൈവറ്റായി കലാമണ്ഡലം മുരളി ആശാൻറെ അടുത്തും പഠിച്ചു. ക്ലാസിൽ
പാടാൻ എൻറെ ഭർത്താവായ കലാമണ്ഡലം മോഹനകൃഷ്ണൻ
തന്നെയായിരുന്നു. കൊട്ടിന് കലാമണ്ഡലം ശങ്കരനാരായണൻ എന്ന് പേരായ
കുട്ടൻ ആയിരുന്നു. 1985 എൻറെ കഥകളി ക്ലാസ് കഴിഞ്ഞു. നാലുവർഷം
വളരെ ആസ്വദിച്ച് കഥകളി പഠിച്ചു. അച്ഛൻ കൊട്ടാനും ഭർത്താവ് പാടാനും
ശങ്കരനാരായണനാശാൻറെ ശിഷ്യത്വത്തിൽ കളിക്കാനും ഉള്ള
ഭാഗ്യമുണ്ടായിട്ടുണ്ട്.


ധാരാളം പരിപാടികൾക്ക് ഞങ്ങൾ ഒരുമിച്ച് പുറത്തു പോയിട്ടുണ്ട്. നാലാം
ക്ലാസിൽ ഞാൻ ഭരതനാട്യം അഭ്യസിച്ചിരുന്നു.
ശങ്കരനാരായണൻ മാഷുടെ സഹോദരിയായിരുന്ന കൽക്കട്ട
കലാമണ്ഡലത്തിലെ തങ്കമണിക്കുട്ടി ടീച്ചർ ആയിരുന്നു എന്റെ ഗുരുനാഥ. ടീച്ചറുടെ ഭർത്താവ്ഗോവിന്ദൻകുട്ടി ആശാൻ അച്ഛൻറെ സുഹൃത്തു കൂടിയായിരുന്നു. ടീച്ചറുടെ
കൂടെ തന്നെ താമസിച്ച് അവരുടെ കുട്ടികളായ മോഹനൻ സോമു, സുകു
എന്നിവരുടെ കൂടെ തന്നെ ഒരുമിച്ച് കളിച്ചു ഇരിക്കും. അവിടെ ചെണ്ട
കൊട്ടാൻ ഉണ്ടായിരുന്നത് പോരൂർ കേശവമാമ എന്ന കലാമണ്ഡലം
കേശവപ്പൊതുവാൾ ആയിരുന്നു. കലാക്ഷേത്രയിൽ പോയി പഠിക്കണമെന്ന്
വലിയ ആഗ്രഹമായിരുന്നു ദൂരമായതിനാൽ വിട്ടില്ല. പരിപാടികൾക്ക്
വേഷം കെട്ടിക്കാൻ അമ്മ കൂടെ വരും. അനിയത്തി എട്ടു വയസ്സിന്
താഴെയാണ്. നന്നായി നാടോടി നൃത്തം ചെയ്യും. ഞങ്ങൾ കുടുംബാംഗങ്ങൾ
എല്ലാവരും നൃത്തവും പാട്ടുമായി ജീവിതം സന്തോഷത്തോടെ നയിച്ചു
പോന്നു. കല്യാണം കഴിഞ്ഞ് 85 മുതൽ ഞാന്‍ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു.
ബംഗാളിയും മലയാളവും എനിക്കറിയാമായിരുന്നു. ആശാൻ മലയാളത്തിൽ
പറഞ്ഞു തരുമ്പോൾ ബംഗാളിയിലേക്ക് തർജ്ജമ ചെയ്ത കുട്ടികൾക്ക്
പറഞ്ഞുകൊടുത്തിരുന്നത് ഞാനായിരുന്നു. ഒരു മീഡിയേറ്റർ ആയി ഞാൻ
ക്ലാസ്സിൽ സജീവമായി. ബംഗാളി കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുന്നതില്‍ നിന്നും

കിട്ടിയ ഉത്സാഹമാണ്‌ ഈ മേഖലയിൽ എനിക്ക് മുന്നേറാൻ പറ്റുമെന്ന തോന്നലു
ണ്ടാക്കിയത്‌. 25 വർഷത്തോളം പ്രൈവറ്റ് ആയി ഞാൻ കുട്ടികളെ നൃത്തം പഠിപ്പിച്ചു. പിന്നീട് കൂടുതൽ പഠിക്കുന്നതിനായി നാട്ടിൽ വന്ന് കവളപ്പാറ അടുത്തുള്ള
കലാമണ്ഡലം ശ്രീദേവി ടീച്ചറുടെ അടുത്ത് പോയി അഭ്യസിച്ചു. ശേഷം
ചെറിയ ചെറിയ പദങ്ങൾ കമ്പോസ് ചെയ്യാൻ തുടങ്ങി. ജതിസ്വരം, തില്ലാനകൾ എല്ലാം കമ്പോസ് ചെയ്തു. രുഗ്മിണി അരുണ്ഡേലിന്റെ
ശിഷ്യനായിരുന്ന ഗുരു ഗഗേന്ദ്രനാഥ് വർമ്മൻ ഗുരുജി ആയിരുന്നു രവീന്ദ്ര
ഭാരതി യൂണിവേഴ്സിറ്റിയിലെ ഭരതനാട്യത്തിന്റെ അധ്യാപകൻ.
ഗുരുജിയുടെ അടുത്ത് ക്ലാസ് ചെയ്തിരുന്നു. അദ്ദേഹത്തെ ശാന്തിനികേതനിൽ
കൊണ്ടുവന്നു വർക് ഷോപ്പ് നടത്തി. നാട്ടിൽ പാട്ടിന്
കലാമണ്ഡലം എമ്പ്രാന്തിരി ആശാന്റെ പരവൂരിലെ വീട്ടിൽ താമസിച്ച്
കലാമണ്ഡലം സുഗന്ധി ടീച്ചർ, ചന്ദ്രിക ടീച്ചർ എന്നിവരുടെ അടുത്തുനിന്നും
നൃത്തം പഠിച്ചു.
മോഹിനിയാട്ടവും ഭരതനാട്യവും കഥകളിയും മണിപ്പുരിയും എല്ലാം
ചേർത്ത് രവീന്ദ്രസംഗീതം നൃത്തങ്ങളിലേക്ക് കമ്പോസ് ചെയ്യാനായി.
വർമ്മൻ ഗുരുജി ഡിപ്പാർട്ട്മെന്റിലുള്ള കാലം രവീന്ദ്ര ഭാരതിയിൽ
കുട്ടികളുടെ എക്സാമിനർ ആയിരിക്കാനുള്ള അവസരം ഉണ്ടായി. പല
സ്ഥലങ്ങളിലും ഡാൻസ് ഡ്രാമാ ഡയറക്ഷൻ, ടെലിവിഷൻ ഷോകൾ,
കുട്ടികൾക്ക് നാഷണൽ സ്കോളർ ഷിപ് പരിശീലനം തുടങ്ങി ഈ മേഖല
സജീവമായി അവിടെ തുടർന്ന് പോന്നു. പാഠ ഭവനിലെ ശ്രീനികേതനിലുള്ള
കുട്ടികൾക്ക് നൃത്താധ്യാപികയായും പ്രവർത്തിച്ചു. അവിടത്തെ
പ്രിൻസിപ്പൽ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ ജേഷ്ഠൻ പീയൂഷ്
മുഖർജിയായിരുന്നു. അദ്ദേഹം നല്ലൊരു നൃത്ത സംഗീത ഉപാസകനായിരുന്നു.

കലാപരമ്പര്യമുള്ള തന്റെ കുടുംബജീവിതത്തെ മുറുകെപ്പിടിച്ച് തന്നെ
നർത്തന ജീവിതം മറുനാട്ടിൽ സ്വാർത്ഥകമാക്കിയ സന്തോഷമുണ്ടെന്ന്‌ ലത ചേച്ചി അഭിമാനത്തോടെ പറയുന്നു. ഭർത്താവ് കലാമണ്ഡലം മോഹന കൃഷ്ണൻ പൊതുവാൾ-
കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ ആശാന്റെ മകനാണ്.1978
ഡിസംബർ മുതൽ ശാന്തി നികേതൻ വിശ്വഭാരതിയിൽ Asst.lecturer in Kathakali
dance (song) എന്ന തസ്തികയിലെ അദ്ധ്യാപക പദവിയിൽ സ്ഥിരം ജോലിയിൽ പ്രവേശിച്ചു. ഇരുപത്തിയാറു കൊല്ലത്തിനു ശേഷം സ്വയം വിരമിക്കൽ
എടുത്ത് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിര താമസം ആക്കി. തന്റെ
അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ആശാൻ എഴുതിയ പുസ്തകമാണ് ആശ്രമജീവിതം (Author Publication ). അദ്ദേഹം പാലക്കാട് വെള്ളിനേഴി പഞ്ചായത്തിന്
(കുളക്കാട്) സമീപം കുടുംബജീവിതം നയിക്കുന്നു. കഥകളി അരങ്ങുകളിലെ
സജീവപ്രവർത്തകനാണ്. രണ്ട് ആൺമക്കൾ: രാകേശ്(അപ്പു)മരുമകൾ സുനയന
(സോനു). രോഹിത് (കണ്ണൻ).

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…