സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഡോ: എം.കുഞ്ഞാമൻ

സതീഷ് തോട്ടത്തിൽ

”ഞങ്ങള്‍ക്ക് വ്യവസ്ഥിതിയോട്
എതിര്‍പ്പുണ്ട്.അത് അവസരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കും.
ഭവിഷ്യത്ത് ഓര്‍ത്ത് പ്രകടിപ്പിക്കാതിരിക്കില്ല.
താങ്കള്‍ ബ്രീട്ടീഷ്ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്.
താങ്കള്‍ ഉയര്‍ന്നുവന്നത് ഇത്തരം അനുകൂലസാഹചര്യങ്ങളിലൂടെയാണ്.
ഞാനൊക്കെ ഭക്ഷണംകഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വളര്‍ന്നുവന്നവരാണ്…
അതിന്റെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിക്കും…
അതെന്റെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്വമാണ്…
താങ്കള്‍ എന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ സ്കൂള്‍ പരീക്ഷ പാസാകില്ലായിരുന്നു.
ഞാന്‍ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കില്‍
ഒരു നോബല്‍ സമ്മാന ജേതാവായേനേ.
ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട് ”

ഒരിക്കല്‍ ഡോ. കെ.എന്‍.രാജുമായുള്ള സംഭാഷണത്തില്‍ ഡോ.എം.കുഞ്ഞാമന്‍ ചങ്കൂറ്റത്തോടെ പറഞ്ഞതാണിത്.
അന്ന് കുഞ്ഞാമന്റെ പി.എച്ച്.ഡി. ഗെെഡുകൂടിയാണ് ഡോ.കെ.എന്‍.രാജ്.
ക്രൂരമായ ഒരു സംവീധാനത്തിനോടും കീഴടങ്ങാതെ അതിനോട് എക്കാലവും പൊരുതിമുന്നേറിയ മനുഷ്യനാണ് കുഞ്ഞാമന്‍..
അതിനാല്‍ പലതും ഇദ്ദേഹത്തിന് ബോധപൂര്‍വം നിരസിക്കപ്പെട്ടു.
പലരാലും തിരസ്കരിക്കപ്പെട്ടു.
വച്ചുനീട്ടിയ പല സ്ഥാനമാനങ്ങളും പുനരാലോചനപോലുമില്ലാതെ ഇദ്ദേഹം നിരസിച്ചു..

”എന്നെ പാണന്‍ എന്ന് വിളിക്കരുത് ‘ എന്ന തലക്കെട്ടോട് കൂടിയാണ്
എം.കുഞ്ഞാമന്റെ ‘എതിര് ‘ എന്ന ഓര്‍മ്മകളുടെ ഒന്നാം അധ്യായം ആരംഭിക്കുന്നത്.
സാഹിത്യഅക്കാദമീ അവാര്‍ഡും ‘എതിര് ‘ നേടിയിട്ടുണ്ട്.
കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെട്ട ജാതിയും ഇരുട്ടുനല്‍കിയ ബാല്യംകാലത്തിലൂടെയാണ് ഈ അധ്യായം തുടരുന്നത്.
വീടെന്ന് പറയാനാവില്ല ഒരു ‘ചാള ‘ യിലാണ് താമസം.
ആകെയൊരു മണ്ണെണ്ണവിളക്കേയുള്ളൂ ആ ചാളയില്‍.
അത് അടുക്കളക്കുകൂടി അവകാശപ്പെട്ടതായതിനാല്‍
പഠിക്കാനിരിക്കുമ്പോഴെല്ലാം അമ്മയതുമായ് അടുക്കളയിലേക്ക് പോകും.
മനസ്സും ശരീരവും ഇരുട്ടുകൊണ്ട് പൊതിയും.

വയറുകാളുമ്പോള്‍ ജന്മിമാരെ വീടുകളാണ് ആശ്രയം.
കഞ്ഞി പാത്രത്തില്‍ കൊടുക്കില്ല.
തൊടിയില്‍ ഒരു കുഴികുഴിച്ച് അതില്‍ ഇലയിട്ട് ഒഴിച്ചുകൊടുക്കും.
ഒരിക്കല്‍ മണ്ണില്‍ ഇലയിട്ട് കഞ്ഞികുടിക്കാനിരിക്കുമ്പോള്‍
അതു കുടിക്കാന്‍ ഒരു പട്ടിയേയും അഴിച്ചുവിടുന്നുണ്ട് ജന്മി.
കഞ്ഞികുടിക്കാനുള്ള പട്ടിയുടെ ആര്‍ത്തിയില്‍ കടിയും കിട്ടുന്നുണ്ട്.

സമുദായത്തിന്റെ പ്രധാന ജോലി ഓലക്കുടയുണ്ടാക്കലായിരുന്നു.
ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ എന്തെങ്കിലും ചടങ്ങുകള്‍ നടക്കുമ്പോള്‍ വാഴയില മുറിച്ചുകൊടുക്കലും ജോലിയായിരുന്നു.
സദ്യകഴിഞ്ഞാല്‍ എച്ചിലെടുക്കലും ജോലിതന്നെ. എച്ചില്‍ കളയാനായിരുന്നില്ല. കഴിക്കാനായിരുന്നു.
പലപ്പോഴും എച്ചിലിനായ് മത്സരിക്കലും നടന്നു.

സ്കൂളില്‍ പോകുമ്പോള്‍ പുസ്തകവും സ്ലേറ്റും ഷര്‍ട്ടുമുണ്ടായിരുന്നില്ല.
ആകെ ഒരു പിഞ്ഞാണം മാത്രമുണ്ടാകും.
ഹെെസ്കൂളുകളില്‍ അന്ന് കഞ്ഞിയില്ലെങ്കിലും
ചില വിശേഷദിവസങ്ങളില്‍ കഞ്ഞി വിളമ്പും.
അല്ലാത്ത ദിവസങ്ങളില്‍ പച്ചവെള്ളം കുടിച്ച് വയറിനെ കാക്കും.

LP സ്കൂളിലെ കുട്ടികള്‍ക്ക് ഉപ്പുമാവുണ്ടാവും.
ഹെെസ്കൂളിലായതിനാല്‍ അതും കിട്ടില്ല.
കഞ്ഞിവെക്കുന്ന ലക്ഷ്മിയേടത്തി ഉപ്പുമാവ് പൊതിഞ്ഞ് മൂത്രപുരയിലെത്തിച്ചുകൊടുക്കും.
ആരും കാണാതെ കഴിക്കണം.
കണ്ടാല്‍ ലക്ഷ്മിയേടത്തിയുടെ പണിപോകും.
അന്നവര്‍കൊടുത്ത ഉപ്പുമാവായിരുന്നൂ ജീവന്‍ നിലനിര്‍ത്തിയത്.
എം.എ. യ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ ആദ്യംപോയി കണ്ടത് ലക്ഷ്മിയേടത്തിയെയാണ്.
ലക്ഷ്മിയേടത്തി അഭിമാനത്തോടെ പറഞ്ഞു
”എടാ, എന്റെ ഉപ്പുമാവ് തിന്ന് പഠിച്ചിട്ടാണ് നിനക്ക് റാങ്ക് കിട്ടിയത് ‘

ഒരധ്യാപകന്‍ ഒരിക്കലും പേരുവിളിച്ചില്ല.
അന്ന് മൂന്നാം ക്ലാസിലാണ്.
‘എട പാണാ’ എന്നാണ് കുട്ടികള്‍കേള്‍ക്കെ ഉറക്കെ വിളിക്കുക.
ബോര്‍ഡില്‍ കണക്കെഴുതി മാഷ് ചോദ്യമുന്നയിക്കും
‘പാണന്‍ പറയെടാ….’
സഹികെട്ടപ്പോള്‍ ഒരിക്കല്‍ പ്രതികരിക്കിന്നുമുണ്ട്
‘സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്,
കുഞ്ഞാമന്‍ എന്നു വിളിക്കണം.”
ഇതു കേള്‍ക്കലും മാഷിന് കലികയറി
‘എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍
ഒപ്പം ചെകിടത്തൊരു ആഞ്ഞടിക്കലും.
പുസ്തകം ചോദിക്കുമ്പോള്‍ ഒരിക്കലും ഉണ്ടാവില്ല
പഠിക്കാനല്ലല്ലോ കഞ്ഞികുടിക്കാന്‍ മാത്രമാണല്ലോ സ്കൂളില്‍ വരവ് എന്ന പരിഹാസങ്ങള്‍ ക്ലാസില്‍ മുഴങ്ങും.

ഒരിക്കല്‍ ഈ അധ്യാപകന്‍തന്നെ തന്റെ നിലപാടില്‍ മാറ്റം വരുത്തുന്നുണ്ട്.
കഞ്ഞി കുടിക്കാന്‍ കുഞ്ഞാമനെ നിര്‍ബന്ധിക്കുന്നുണ്ട്.
”വേണ്ട സാര്‍ ” എന്നായിരുന്നു മറുപടി.
ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണാേ ? എന്ന മാഷെ ചോദ്യത്തിന്
‘സര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല.
കഞ്ഞികുടിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വന്നിരുന്നത്.
ഇനി എനിയ്ക്ക് പഠിക്കണം
അതൊരു തിരിച്ചറിവായിരുന്നു.
തുടര്‍ച്ചയായി വായന തുടങ്ങി.
വായനശാലകളിലെ നിത്യസന്ദര്‍ശകനായി.

പഠനം മികവോടെ തുടര്‍ന്നു.
ആ ദേശത്ത് ദളിത് വിഭാഗത്തില്‍നിന്നും ആദ്യമായൊരാള്‍ പത്താംക്ലാസ് പാസായി.
അതും നല്ല മാര്‍ക്കോടെ.
കോളേജില്‍ ചേര്‍ന്നു.ഒപ്പം ജോലിയും ചെയ്തു.
കോളേജില്‍ ചേരാന്‍പോകുമ്പോള്‍
അച്ഛനെപോയികണ്ടു
പാടത്ത് കന്നുപൂട്ടുകയായിരുന്നൂ അച്ഛന്‍.
അച്ഛന്‍ പറഞ്ഞു
‘കഴുക്കോലിന്റെ വടക്കേപടിഞ്ഞാറുഭാഗത്ത് ഒരു പൊതിയുണ്ട്.
അതില്‍ മുപ്പത്തിയേഴ് പെെസയുണ്ട്.
അതാണ് എന്റെ ജീവിതത്തിലെ മുടക്കുമുതല്‍ ‘

കോളേജിലെത്തിയതോടെ വായനയുടെ വ്യാപ്തികൂടി.
അവിടെയെത്തിയാല്‍ ഉടുക്കാന്‍ നാട്ടിലെ രണ്ടുപേര്‍ ഒരു മുണ്ടും ഷര്‍ട്ടും കൊടുത്തിരുന്നു.
ജന്മിമാര്‍ക്ക് കോളേജില്‍പോകുന്നത് ഇഷ്ടമായിരുന്നില്ല.
സ്കൂളില്‍ പഠിക്കണ കാലത്ത് കേട്ട ചോദ്യമിതായിരുന്നു
‘സ്കൂളില്‍ പഠിക്കുന്ന ഒരു ഹരിജന്‍ ചെക്കനില്ലേ ഇവിടെ ?
കോളേജിലെത്തിയപ്പോള്‍
‘കോളേജില്‍ പഠിക്കുന്ന ഒരു ഹരിജന്‍ കുട്ടിയില്ലേ ഇവിടെ ? എന്നായത് മാറി.

എം.എ.ക്ക് വിക്ടോറിയ കോളേജിലായിരുന്നു.
അന്നും ദാരിദ്ര്യം വിട്ടിട്ടില്ല.
റൂം മേറ്റിനോട് ഒരു പെണ്‍കുട്ടി ചോദിക്കുന്നു
ആരാണ് കൂടെ താമസിക്കുന്നത് ?
കുഞ്ഞാമന്‍ അവന്‍ ഉത്തരം കൊടുത്തു.
‘ദാറ്റ് ബെഗ്ഗര്‍ ‘ അവളെ മറുപടിയും വഴിയേ വന്നു.
പിന്നീട് ഈ പെണ്‍കുട്ടിയെ കാണന്നുണ്ട്‌ കുഞ്ഞാമന്‍
അവള്‍ക്കുള്ള മറുപടിയും കൊടുക്കുന്നുണ്ട്
”കുട്ടി ഒരു തെറ്റും പറഞ്ഞിട്ടില്ല,
ഞാന്‍ പിച്ചക്കാരനാണ്.
എന്റെ മാതാപിതാക്കളും പിച്ചക്കാരാണ്.
അതിലൊന്നും ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ‘

1974 ല്‍ സാമ്പത്തികശാസ്ത്രത്തില്‍ എം.എ. ഒന്നാംറാങ്കോടെ പാസ്സായി.
കെ.ആര്‍.നാരായണന് ശേഷം ഒന്നാംറാങ്ക് കിട്ടുന്ന ദലിത് വിദ്യാര്‍ത്ഥി എന്നൊക്കെ പത്രത്തിലും വന്നു.
റാങ്ക് കിട്ടിയപ്പോള്‍ ഒരു സ്വര്‍ണമെഡലും കിട്ടി.
വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ അത് പണയം വെച്ചു.
കാരണം വീട്ടിലന്നും കൊടും പട്ടണിയായിരുന്നു.
റാങ്കും സ്വര്‍ണ്ണമെഡലും വലിയ കാര്യമായ് തോന്നിയില്ല.

താന്‍ പിറന്നുവീണ ജാതിതന്നെയാണ് തന്റെയെല്ലാ ഒറ്റപ്പെടുത്തുലകള്‍ക്കും കാരണമെന്നറിഞ്ഞിട്ടും
ആ ക്രൂരമായ യാഥാര്‍ത്ഥ്യത്തോട് ബൗദ്ധികമായ് പോരാടുകയായിരുന്നൂ കുഞ്ഞാമന്‍…
ഷര്‍ട്ടിടാതേയും പുസ്തകങ്ങളില്ലാതേയും വിശപ്പില്‍നിന്നും മോചനം കിട്ടാന്‍ പിഞ്ഞാണവുമായി സ്കൂളിലേക്ക് പോയ കുഞ്ഞാമന്‍
സാമ്പത്തികശാസ്ത്രത്തില്‍ എം.എ. യ്ക്ക് ഒന്നാംറാങ്കും,
കുസാറ്റില്‍നിന്നും പി.എച്ച്.ഡി .യും
യു.ജി.സി.കമ്മീഷന്‍ അംഗവും,
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായും
കേരളത്തിനുപുറത്ത് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യന്‍സയന്‍സില്‍ പ്രൊഫസറായും ജീവിച്ചുപോന്ന
ഒരു അസാധാരണ ജീവിതത്തിന്റെ തുറന്നുപറച്ചില്‍കൂടിയാണ്
‘എതിര് ‘….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…