സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അസാധാരണമായി ഉപകരിക്കപ്പെട്ട ജീവിതം

കല്‍പ്പറ്റനാരായണന്‍

ദാസന്‍മാഷ് ആറ്റൂര്‍രവിവര്‍മ്മയുടെ പട്ടാമ്പിയിലെ ശിഷ്യരില്‍ പ്രധാനിയാണ്. അവിടെ പി.എന്‍. ദാസിന് രണ്ട് അധ്യാപകരെ കിട്ടി. കെ.ജി. ശങ്കരപ്പിള്ളയും ആറ്റൂര്‍ രവിവര്‍മ്മയും. അന്ന് ഈ വടക്കു നിന്ന് ചെന്ന ചെറുപ്പക്കാര്‍ക്ക് വലിയ പ്രാധാന്യം തന്നെ പട്ടാമ്പി സംസ്‌കൃത കോളേജില്‍ ലഭിച്ചു. ദാസന്‍ മാഷ് അവിടുത്തെ ഒരു മാസികയുടെ പത്രാധിപരായി. ‘മനഷ്യന്‍’ എന്നായിരുന്നു ആ മാസികയുടെ പേര്. അതു മുതല്‍ പട്ടാമ്പി കോളേജില്‍ അദ്ദേഹം ‘മനുഷ്യന്‍ ദാസന്‍’ എന്നും അറിയപ്പെട്ടു. ‘മനുഷ്യന്‍ ദാസന്‍’ സൗമ്യത കൊണ്ടും വിനയം കൊണ്ടും സ്‌നേഹം കൊണ്ടും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.

ആ സമയത്ത് കുറേശയായി കേരളത്തില്‍ ഒരു നവീനമായ ഉണര്‍വ്വ് വന്നു കൊണ്ടിരിക്കയായിരുന്നു. ഒരു പ്രസ്ഥാനത്തിന്റ ഭാഗമായി കെ. ജി. ശങ്കരപ്പിള്ള, മലയാളം അതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പുതിയൊരു ഫോര്‍മേറ്റോടു കൂടിയ സി.എന്‍ കരുണാകരന്റെ ഡിസൈന്‍ ചെയ്ത ‘പ്രസക്തി’ എന്ന മാസിക ആരംഭിക്കുന്നു. അതില്‍ പത്രാധിപരായിരുന്നത് ദീപാങ്കുരന്‍ എന്ന് പേര് സ്വീകരിച്ച പി എന്‍ ദാസ് ആണ്. മലയാളത്തിലെ ഏറ്റവും വേറിട്ട് നിന്ന ഈ പ്രസിദ്ധീകരണത്തിലൂടെയാണ് കവിതയുടെ വേറിട്ട ഒരു യുഗം ആരംഭിക്കുന്നത്. ചിന്തയുടെ ഒരു യുഗം ആരംഭിക്കുന്നത്. ബി. രാജീവന്‍ പ്രത്യക്ഷപ്പെടുന്നത് ഈ മാസികയിലൂടെയാണ്. കെ.ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാള്‍’ പ്രത്യക്ഷപ്പെടുന്നത് ഈ ലക്കത്തോട് കൂടിയാണ്. അതിന്റെ എല്ലാപേജുകളും വ്യത്യസ്തങ്ങളായിരുന്നു. വുഡ്കട്ടുകളുപയോഗിച്ച ചിത്രങ്ങള്‍ അതിലെ ഓരോ പേജിനും വല്ലാത്ത ഒരു ഉണര്‍വ്വിന്റെ, പുതുമയുടെ പ്രസരിപ്പ് നല്‍കി. ഈ പ്രസരിപ്പിന് പിന്നില്‍ പി.എന്‍. ദാസ് എന്ന് പറയുന്ന സുത്രധാരന്‍ വലിയ പങ്ക് വഹിച്ചു.

പിന്നീട് പി. എന്‍ ദാസ,് കെ.വേണുവുമായുള്ള ബന്ധത്തിന്റെ പേരില്‍-തീര്‍ച്ചയായും പ്രസ്ഥാനത്തോടുള്ള അടുപ്പത്തിന്റെ പേരില്‍, അടിയന്തിരാവസ്ഥയോടുള്ള വിയോജിപ്പിന്റെ പേരില്‍, നീതി ബോധത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെടുന്നു. വലിയ ദുരിതമുളള ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു.

ദാസന്‍ മാഷ് പ്രത്യക്ഷത്തിലത്ര ശക്തിയുളളവനൊന്നുമല്ല, പക്ഷെ അസാധാരണമായ ആത്മബലമുളള ഒരാളായിരുന്നു, അദ്ദേഹം തന്റെ കൂട്ടുകാരില്‍ ഒരാളെപോലും ഒറ്റിക്കൊടുത്തിരുന്നില്ല. അടിയൊക്കെ സഹിച്ചുകൊണ്ടിരുന്നു.

ജയില്‍ വിമോചിതനായശേഷം, നാട്ടിലേക്ക്, എലത്തൂരിലെ സ്‌ക്കൂളിലേക്ക് മാഷ് വരുന്നു. അങ്ങനെയിരിക്കെ,അക്കാലത്ത് ഞാന്‍ ക്ലാര്‍ക്കായിരുന്നു. മടുത്തു. ലോസ് ഓഫ് പേയില്‍ വന്നു ടീച്ചേര്‍സ് ട്രെയിനിംഗ് കഴിച്ചു. ട്രെയിനിംഗ് സ്‌ക്കൂളില്‍ വന്നപ്പോയാണ് അവിടെ ഇങ്ങനെ ഒരു അല്‍ഭുത മനുഷ്യനുള്ളതായറിയുന്നത്.

ഞാനും മാഷുമായുള്ള ബന്ധമാരംഭിക്കുന്നത്, വൈദ്യശസ്്ത്രം ആരംഭിക്കുന്നതിന് കുറച്ചു മുന്‍പാണ്. മഹാസംഭാഷണപ്രിയനായിട്ടല്ല, മഹാശ്രദ്ധകൊടുക്കുന്ന ആളായിട്ട് ഞാനങ്ങനെ പരിചയപ്പെടുകയും ചെയ്തു. മാഷ് കേട്ടു. ഞാനെഴുത്തുകാരനാണെന്ന് മനസ്സിലാക്കി. എന്റെ താല്പര്യങ്ങള്‍ മനസ്സിലാക്കി. ആ താല്പര്യങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള എന്നോടുമാത്രമെ മാഷ് സംസാരിച്ചിട്ടുള്ളു, അഥവാ എന്റെ ‘ഐഡന്റിറ്റി’യോട് മാത്രമെ മാഷ് സംസാരിച്ചിട്ടുള്ളു. പുറമെ കാണുന്ന എന്നോട് സംസാരിച്ചിട്ടേയില്ല. മറിച്ച് എന്റെ സാധ്യതകളാണല്ലോ ഞാന്‍. അതിനോടാണ് മാഷ് സംസാരിച്ചത്. അതുകൊണ്ടു മാഷോട് സംസാരിക്കുമ്പോഴൊക്കെ എനിക്ക് വലിയ ആശ്വാസമുണ്ടായി. ആദ്യമായിട്ടാണ് ഒരാള്‍ എന്നെ ഇങ്ങനെ കേള്‍ക്കുന്നത്. സില്‍വിയ പ്ലാത്ത് പറയുന്നത് പോലെ ‘നിങ്ങളാണ് എന്നോട് ആദ്യം സംസാരിച്ചത്’ എന്ന് പറയാന്‍ തോന്നുന്ന വിധത്തിലുള്ള സംഭാഷണമാണ് ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്. അഥവാ ഞാനാണ് എപ്പോഴും കൂടുതല്‍ സംസാരിക്കുന്നത്. അത് ദാസന്‍ മാഷോട് സംസാരിക്കുന്ന എല്ലാവരുടെയും അനുഭവമാണ്. എന്റേയും അനുഭവമാണ്. അങ്ങനെ ആ സംഭാഷണങ്ങളിലൂടെയാണ് ‘വൈദ്യശസ്ത്രം’ എന്ന് പറയുന്ന ഒരു മാസിക രൂപം കൊള്ളുന്നത്.

അന്നു മുതല്‍ ഞാന്‍ ദാസന്‍ മാഷുടെ സുഹൃത്താണ്, സഹപ്രവര്‍ത്തകനാണ്. ഒക്കെയാണ്. ആ ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഞങ്ങളിരുവരും ആണ്-ദാസന്‍മാഷ് മുഖ്യമായിട്ടും ആണ് വൈദ്യശസ്ത്രം മാസിക ആരംഭിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ദാസന്‍ മാഷോളം തന്നെ താല്പര്യം ആദ്യഘട്ടത്തില്‍ ഞാനെടുത്തിരുന്നു. പിന്നെ എനിക്ക് ക്ഷമയൊക്കെ കുറവായത് കൊണ്ടു ഞാന്‍ പിന്‍വാങ്ങി. മഹാക്ഷമയുള്ള ദാസന്‍മാഷ് അതുമായിട്ട് പല പരാജയങ്ങള്‍ സംഭവിച്ചുവെങ്കിലും മുന്നോട്ടു പോവുക തന്നെ ചെയ്തു. എന്തായിരുന്നു ദാസന്‍ മാഷിന്റെ മാസികയുടെ വ്യത്യാസം എന്നു പറഞ്ഞാല്‍ അത് വായനക്കാരെ കേട്ടു. അഗാധമായി ശ്രദ്ധിച്ചു എന്നതാണ്്. അതുവരെ പറയപ്പെടാത്ത വായനക്കാരന്റെ, അതുവരെ ആവിഷ്‌കരിക്കപ്പെടാത്ത വായനക്കാരന്റെ ഐഡന്റിറ്റിയെ അത് അഭിമുഖീകരിച്ചു. അങ്ങിനെ അഭിമുഖീകരിക്കാവുന്ന വിധം ശാന്തവും ഹൃദ്യവും ആത്മീയവുമായ രചനകള്‍ ദാസന്‍ മാഷ് തിരഞ്ഞെടുത്തു. ഹെര്‍മന്‍ ഹെസെയുടെ സിദ്ധാര്‍ത്ഥ മുതല്‍ വില്യംസരോയന്റെ ഹ്യൂമന്‍കോമഡി വരെ ഒരുപാട് സമാനങ്ങളായ കൃതികള്‍ അതിലൂടെ പ്രകാശിപ്പിക്കുവാന്‍ കഴിഞ്ഞു. അത്തരം മനസ്സുളള ഒരുപാട് ആളുകളെ കൊണ്ട് അതില്‍ എഴുതിയ്ക്കുകയും, അങ്ങനെ വ്യത്യസ്തമായി കേള്‍ക്കുന്ന ഒരു മാസിക മലയാളത്തില്‍ ഉണ്ടാവുകയും ചെയ്തു. അതുവരെയും മലയാളത്തിലില്ലാത്ത പ്രസക്തി പോലെ ത്തന്നെ ഒരു വലിയ പുതുമ, മറ്റൊരര്‍ത്ഥത്തില്‍ ഒരു ‘ഹോളിസ്റ്റിക്ക് വിഷ്യന്‍’ ആദ്യമായിട്ട് മലയാളത്തില്‍ വൈദ്യശസ്ത്രത്തിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്. വൈദ്യശസ്ത്രത്തില്‍ വളരെ വ്യത്യസ്തരായിരുന്ന, അക്കാലം അറിഞ്ഞിട്ടുള്ള ഒരുപാട് എഴുത്തുകാര്‍ കടന്നുവരുന്നു. അത് വലിയ ആശ്വാസമുണ്ടാക്കി. സ്വാന്തനം എന്ന് പറയുന്നത് മാസികയുടെ മാധ്യമമോ, സന്ദേശമോ ആയി മാറുകയാണ്. അതിനു വേണ്ടി സദാസമയവും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു ദാസന്‍ മാഷ്. അതിലൂടെ മാഷ് തന്റെ ഒരു പുതിയ ഭാവുകത്വം- ഒരു പക്ഷെ ‘ആരണ്യക്’ എന്ന് പറയുന്ന നോവലില്‍, ‘ആരോഗ്യ നികേതനം’ എന്ന് പറയുന്ന നോവലില്‍, വില്ല്യം സരോയന്റെ ‘ഹ്യുമന്‍ കോമഡി’യില്‍, രവീന്ദ്രനാഥിന്റെ കൃതികളില്‍, ഗാന്ധിയില്‍, ടോള്‍സ്‌റ്റോയിയില്‍ എല്ലാം കാണുന്ന ഒരു വലിയ മനസ്സിലാക്കലിന്റെ ഭാഷ. understanding ന്റെ ഭാഷ ഒരു മാസികയുടെ ഓരോ താളിലും വരികയാണ്. അങ്ങിനെ ഒരു മാസിക ഒരു പക്ഷെ, അതിന്റെ ആദ്യഘട്ടങ്ങളോളം കേമമായിട്ടുള്ള ഒരു മാസിക ഉണ്ടായിട്ടില്ല മലയാളത്തില്‍ എന്ന് തോന്നുന്നു. ഇങ്ങനെ മനുഷ്യനെ കേള്‍ക്കുന്ന, മനുഷ്യനെ ഗാഢമായി ശ്രദ്ധിക്കുന്ന ഒരു മാസിക, ദാസന്‍ മാസ്റ്ററുടെ സ്വഭാവ വിശേഷങ്ങളെല്ലാം ശ്വാംസീകരിച്ച ഒരു മാസിക, ഹൃദയമുള്ള ഒരു മാസിക, ആ വിധത്തില്‍ കുറച്ചു പേരാലാണെങ്കിലും അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്തു.

എന്തായാലും ഈ ഘട്ടത്തില്‍ വളരെ ഒഴിഞ്ഞ്, അകന്ന് വന്ന, ഒരു ആത്മവിശ്വാസവുമില്ലാതിരുന്ന എന്നെ, ഒരഹങ്കാരിവരെയാക്കാന്‍ മാഷിന് കഴിഞ്ഞു. എന്നെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കും എന്നെ പറയിപ്പിച്ചുകൊണ്ടിരിക്കും. ഓരോ ആളുകളിലും എന്തെന്ത് സവിശേഷതയാണുളളതെന്ന് മനസ്സിലാക്കി, അതിനെ അഭിനന്ദിച്ചുകൊണ്ടിരിക്കും. നമ്മള്‍ നമ്മളായി തീര്‍ന്നതില്‍ അഭിമാനത്തോടുകൂടിയല്ലാതെ ദാസന്‍ മാസ്റ്ററുടെ അടുത്തുനിന്ന് മടങ്ങിപോകുകയില്ലന്നര്‍ത്ഥം. ഇത് എനിക്ക് മാത്രമല്ല, അദ്ദേഹത്തെ കണ്ടിട്ടുള്ള എല്ലാവരും, അദ്ദേഹം പഠിപ്പിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും തികഞ്ഞ ആത്മബോധമുള്ളവരും വിശ്വാസമുള്ളവരുമൊക്കെ ആയിതീരുന്ന വിധത്തില്‍ സൗമ്യമായി മാത്രം സംസാരിക്കുന്ന ദാസന്‍ മാഷ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മാഷ് അസാധാരണമായി കേള്‍ക്കും. കേള്‍ക്കുക; അതൊരു സിദ്ധിയാണ്. ലിസണിംഗ് എന്ന് പറയുന്ന സിദ്ധി ഈ മനുഷ്യനില്‍ കണ്ടതുപോലെ മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം കേട്ടുകൊണ്ടിരുന്നാല്‍ മതി.

തമിഴ് നാട്ടില്‍ ഒരു സംഗീത ഭ്രാന്തനുണ്ടു. എന്നു പറഞ്ഞാല്‍ എപ്പോഴും സംഗീതം കേട്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഒന്നും മിണ്ടുകയൊന്നുമില്ല. എപ്പോഴും സംഗീതം കേട്ടുകൊണ്ടിരിക്കും. ഇയാളെ സംഗീതം കേള്‍പ്പിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്നും മാലി പൗര്‍ണമി ദിവസം കൊല്ലത്തിലൊരിക്കല്‍ മദിരാശിയില്‍ വരും. എന്നിട്ട് പുലരും വരെ അദ്ദേഹം ഓടക്കുഴല്‍ വായിക്കും. തിരിച്ച് പോകുമ്പോള്‍ പൂര്‍ണമായ ആത്മ വിശ്വാസത്തോടുക്കൂടിയാണ് പോവുക. ഒരു വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്തു എന്നാണ് അദ്ദേഹം പറയുക. ഇങ്ങനെ ദാസന്‍ മാഷെ അടുത്ത് വന്ന ആളുകള്‍ ഒരു വര്‍ഷത്തേക്കല്ല പിന്നീട് അദ്ദേഹത്തെ കാണുന്നതുവരെയുളള കാലത്തേക്ക് ചാര്‍ജു ചെയ്ത് മടങ്ങി പോയിട്ടുണ്ട്.

ഗാന്ധി വളരെ കഷ്ടപ്പെട്ടിട്ടുണ്ട് ലൈംഗികമായി ആസക്തിയില്ലാതെ സ്ത്രീകളെ സമീപിക്കാന്‍. ദാസന്‍മാഷ് ജന്മനാസുകൃതം ചെയ്ത ആളായിരുന്നു. അദ്ദേഹത്തിന് ഒരാസക്തിയുമില്ലാതെ ഏത് പുരുഷന്റെ ദുഖവും കേള്‍ക്കുന്നതുപോലെ ഒരു മമതാധിക്യവുമില്ലാതെ സ്‌നേഹപുര്‍വം, കാരുണ്യപൂര്‍വം ഏത് സ്ത്രീയേയും കേട്ടുകൊണ്ടിരിക്കാം. എത്ര നേരവും കേട്ടുകൊണ്ടിരിക്കാം. അവരൊക്കെ അയാളുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് കരയുന്നത് വരെ അദ്ദേഹം കേട്ടുകൊണ്ടിരിക്കുക മാത്രം ചെയ്്തു. ഞാന്‍ ദാസില്‍ കണ്ടിട്ടുള്ള അസാധാരണമായ ഒന്നു എന്നു പറയുന്നത് he was a great listener . എന്തൊരു കേള്‍വിക്കാരനായിരുന്നു അദ്ദേഹം. നിങ്ങള്‍ എന്തു പറഞ്ഞാലും ശ്രദ്ധാപൂര്‍വ്വം അതു കേട്ടു കൊണ്ടിരിക്കും. അത്ര ആര്‍ദ്രതയോടുകൂടിയുളള ആ listening നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ സാധ്യമല്ല. ആളുകള്‍ക്ക് അതു വലിയ ആശ്വാസമാണ്. അവര്‍ മാനസാന്തരം വന്നിട്ടാണ് തിരിച്ചു പോകുന്നത്. മാഷോ, മാഷെ കുറിച്ചൊന്നും പറയില്ല. ഇങ്ങനെ കേള്‍ക്കുകയല്ലാതെ കേട്ടു കൊണ്ടു സമാശ്വസിപ്പിക്കുകയല്ലാതെ, ആവശ്യമായ ചെറു ഉപദേശങ്ങള്‍ നല്‍കുകയല്ലാതെ, ഓരോ ആളുകള്‍ക്കും വേണ്ട അനിവാര്യമായ ചിലത് പറഞ്ഞ് കൊടുക്കുകയല്ലാതെ മാഷ് മാഷെ കുറിച്ചൊന്നും ഒരു അഹംഭാവവും ഉണ്ടാക്കിയിട്ടില്ല.

മാര്‍ട്ടിന്‍ ബെബര്‍ എന്നു പറയുന്ന ഒരു വലിയ ചിന്തകന്‍ ഉന്നതമായ ഭാഷണത്തെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: I it എന്നാണ് സാധാരണ ഭാഷണങ്ങളുടെ ഒരു രീതി. ഭര്‍ത്താവ് ഭാര്യയോട്, അച്ഛന്‍ മകനോട്, അധ്യാപകന്‍ ശിഷ്യനോട്, ഒക്കെ സംസാരിക്കുമ്പോള്‍ I it എന്ന രീതിയിലാണ് സംസാരിക്കുക. തുല്യനിലയിലല്ല, മറിച്ച് രണ്ടുപേര്‍ തുല്യനിലയില്‍ സംസാരിക്കുമ്പോള്‍ I though എന്ന നിലയിലാണ് സംസാരിക്കുക. അങ്ങനെ സംസാരിക്കുമ്പോഴാവട്ടെ, സംസാരിച്ചു കൊണ്ടിരിക്കെ ഉന്നതനായ ഒരു ‘i’ രൂപം കൊള്ളുകയും ഉന്നതനായ ഒരു though രൂപം കൊള്ളുകയും ചെയ്യുന്നു. ഉന്നതമായ ഈ സംഭാഷണത്തിന്റെ ന്യായം ദാസന്‍മാഷിന്റെ സംഭാഷണത്തിലുമൊക്കെ കാണാം. അദ്ദേഹം സംസാരിക്കുന്ന ആളോട് ഒരിക്കലും I it എന്ന ഒരു സമ്പ്രദായം പ്രകടിപ്പിക്കാറെയില്ല. അതുകൊണ്ടു ദാസന്‍മാഷെ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ തുല്യമായി പരിഗണിക്കപ്പെട്ട ഒരാള്‍ക്കുള്ളതുപോലുള്ള കൃതാര്‍ത്ഥത ഞാന്‍ കണ്ടിട്ടുണ്ടു. മാഷിന്റെ അടുത്ത് സങ്കടങ്ങള്‍ പറയാന്‍ വരുന്നവരൊക്കെ തുല്യരായി പരിഗണിക്കപ്പെട്ട ഒരാളുടെ സന്തോഷത്തോടെ തിരിച്ചു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ടു. ഈ അസാധാരണമായ കേള്‍വി, സഹായകമായി തീരണം. അതായത് കേള്‍വി, തന്നെ കുറിച്ചുള്ള തിരിച്ചറിവായി മാറും. അങ്ങിനെ മാറാന്‍ സഹായിക്കുന്ന ഒരു പരിസ്ഥിതി, സന്ദര്‍ഭം അദ്ദേഹം സൃഷ്ടിച്ചു കൊണ്ടിരിക്കും.

മാഷിന്റെ അവസാനകാലം; എല്ലാകാലത്തും അദ്ദേഹം ആളുകളെ കേട്ടുകൊണ്ടിരുന്നു. അവസാനകാലത്താകട്ടെ കേള്‍ക്കാനുള്ള ഒരു ടെക്‌നോളജി വന്നു. അതായത് ഫോണ്‍. ഫോണ്‍ വന്നു കഴിഞ്ഞപ്പോള്‍ ദാസന്‍ മാഷ്‌ക്ക് സംഭവിച്ച ഒരു പ്രശ്‌നം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പലരും വിശ്വസിക്കുന്നത് ഈ ഫോണിന്റെ അമിതമായ ഉപയോഗം അദ്ദേഹത്തിന്റെ രോഗത്തെ വര്‍ദ്ധിപ്പിച്ചോ എന്നോ ഉണ്ടാക്കിയെന്നോ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനുള്ള ഒരു കാരണം, ദാസന്‍ മാഷിന്റെ കേള്‍വി തന്നെയായിരുന്നു. കാപ്പിക്ക് വിളിച്ചാല്‍, ചായക്ക് വിളിച്ചാല്‍, ഊണിന് വിളിച്ചാല്‍ ഒന്നും അച്ഛന്‍ വരില്ല. പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അപ്പോഴൊക്കെ പറയുകയല്ല മാഷ് കേട്ടുകൊണ്ടിരിക്കുകയാണ്. ഫോണില്‍ തങ്ങളുടെ സങ്കടങ്ങള്‍, വിഷമങ്ങള്‍, ഒരുപാട് പ്രയാസങ്ങള്‍, പ്രശ്‌നങ്ങള്‍ ഇതൊക്കെ സദാ പറഞ്ഞുകൊണ്ടേയിരിക്കും ആളുകള്‍. മാഷ് അത് കേട്ടുകൊണ്ടേയിരിക്കും. ഒരിക്കലും മാഷ് ആയിട്ട് ആ സംഭാഷണത്തിന് ഒരു വിരാമമുണ്ടാക്കില്ല. അങ്ങനെ അഭിരാമങ്ങളായ ഈ സംഭാഷണങ്ങള്‍ നിരന്തരം തുടരുകയും മാഷ് അറിയാതെ വലിയ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ആരുടെ സങ്കടവും കേള്‍ക്കുന്ന ഒരിടമായിരുന്നു അത്. അങ്ങനെ കേള്‍ക്കുന്നത് മുഴുക്കെ ഒരു പരാതിക്കാരന്‍ പറയുന്ന സംഗതി കേള്‍ക്കലല്ല. തുല്യനായ ഒരാള്‍ അനുഭവിക്കുന്ന ആ സാഹചര്യത്തെ മനസ്സിലാക്കി, കേള്‍ക്കുകയും അതിനൊരു പോം വഴി ആ കേള്‍വിയിലൂടെ തന്നെ നല്‍കുകയും ചെയ്യുന്ന അസാധാരണ ലിസണിംഗ്. മാഷ്‌ക്ക് തന്നെ അത് വിഷമമായി എന്ന് മാഷിന്റെ വീട്ടുകാര്‍ പറയുന്നു. രാവിലെ ഉണര്‍ന്നാല്‍ അന്നേരമുണ്ടാവും മാഷോട് സങ്കടം പറയാന്‍ ആളുകള്‍. ഫോണ്‍ താഴെ വയ്ക്കാന്‍ മാഷ്‌ക്ക് സാധിച്ചില്ല. അവസാനം, ഒരുപക്ഷെ ഈ കേള്‍വിയുടെ ഒരു ദുഷ്ഫലമായിട്ടാണോ ഈ ട്യൂമറുണ്ടായതെന്ന് നമുക്കറിഞ്ഞുകൂടാ. ഏതായാലും ഈ യന്ത്രത്തിന്റെ സാമിപ്യം മാഷ്‌ക്ക് അവസാനഘട്ടത്തില്‍ അപകടം ചെയ്തു എന്നു കേട്ടിട്ടുണ്ടു. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധ..

വാസ്തവത്തില്‍ എന്തോ ഒന്ന് ഗാന്ധിയിലുള്ളത് ദാസന്‍മാഷില്‍ ഉണ്ടെന്ന് തോന്നുന്നു. ഗാന്ധി സൗമ്യമായി കേള്‍ക്കുമായിരുന്നോ എന്ന് എനിക്ക് അറിഞ്ഞു കൂടാ. മാഷ് ഒരു ക്ഷോഭവുമില്ലാതെ കേട്ടു. വലിയ ക്ഷോഭമുള്ള ഒരു പ്രസ്ഥാനത്തിന്റെ വക്താവായി വന്നിട്ടുള്ള ഒരാളുകൂടിയാണ് മാഷ് എന്നോര്‍മ്മിക്കണം. പക്ഷെ, അന്നും മാഷ് മനുഷ്യനെന്ന് പേരുള്ള പൗരനായിരുന്നില്ല. അതുകൊണ്ടു പിന്നീട് രാഷ്ട്രീയത്തില്‍ മാഷ് ഉണ്ടായിരുന്നില്ല. പൗരസങ്കടങ്ങളില്‍ മാഷ്‌ക്ക്് അത്ര പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. മര്‍ത്യസങ്കടങ്ങളില്‍ മാഷ്‌ക്ക് വലിിയ താല്പര്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ്്് ആരോഗ്യനികേതനം, ആരണ്യക്, രവീന്രനാഥ ടാഗോറിനെ പോലുള്ള ഒരാള്‍, ടോള്‍സ്‌റ്റോയിയിലെ പോലെ ഒരു എഴുത്തുകാരന്റെ ക്്‌ളാസിക്കുകളൊക്കെ വായിച്ചു. അതെല്ലാം വളരെ കുറച്ചു മാത്രം നിലനിര്‍ത്തി. പില്‍ക്കാലം മറ്റുള്ളവറുടെ സേവനത്തിനായി താനെ നിന്നു.

മെലിഞ്ഞ, തളര്‍ന്ന ആ ശരീരം അവസാനം കയ്യും കാലും തളര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ കയ്യിലെടുത്തു നോക്കിയിട്ടുണ്ടു. താളുപോലിരിക്കണു, ആ കൈകള്‍. ഇങ്ങനെ വേണ്ടാത്തതൊന്നും മാഷിന് ഉണ്ടായിരുന്നില്ല. പക്ഷെ മാഷോളം ഉപകരിക്കപ്പെട്ട ഒരാള്‍ ഉണ്ടാവാനിടയില്ല. ആ സാന്ത്വനം കിട്ടിയ അനേകം ആളുകളുണ്ട്, ഈ അനേകം ആളുകളില്‍ നിന്ന് നിങ്ങള്‍ക്കുറപ്പിച്ചു പറയാം, ഇങ്ങനെ മനസമാധനം കൊടുത്ത ഒരാള്‍ ഇല്ല. ഇങ്ങനെ നിരുപാദികമായി ആളുകളെ പരിഗണിച്ച ഒരാളില്ല. ഒരാളോടും ക്ഷോഭിക്കില്ല. ഒരാളോടും ഈര്‍ഷ്യയില്ല. ഗോ എന്നുപറയുന്നത് സമീപത്തൊന്നുമില്ല. കുനിഞ്ഞ,സൗഹൃതത്തോടെ ചിരിച്ച്, സ്‌നേഹത്തോടെ തൊട്ടു, നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം നിങ്ങളെ കൊണ്ടു പറയിപ്പിച്ച്, നിങ്ങളെ ആശ്വസ്ഥനാക്കി ദാസന്‍ മാഷ് വിട്ടയച്ചു.

് പി എന്‍ ദാസ് ഒരേ സമയം ഒരു വിപ്ലവകാരിയുടെയും ഒരു സന്യാസിയുടേയും അന്തരംഗങ്ങള്‍ ഉള്ള ഒരു വ്യക്തിയാണ്. ദാസ് സാധാരണ പറഞ്ഞു പോരാറുള്ള ഒരു കഥയുണ്ട് . ഒരു അന്ധനായ ഒരാള്‍ ഒരു വീട്ടില്‍ വിരുന്നിനു പോയി. വിരുന്ന് കഴിഞ്ഞ് നേരം വളരെ വൈകി, രാത്രിയായി തിരിച്ച് വീട്ടിലേക്ക് പോകുകയാണ്. അപ്പോള്‍ ആ വീട്ടുകാര്‍ പറഞ്ഞു ഒരു വിളക്ക് കരുതിക്കോളാന്‍. അന്ധനായ യുവാവ് ചോദിച്ചു എനിക്കെന്തിനാ വിളക്ക്, രാവും പകലും എനിക്ക് ഒരു പോലെ അല്ലെ ? അങ്ങനെ അല്ല. മറ്റൊരാള്‍ അങ്ങയുടെ ശരീരത്തിലേക്ക് കയറി വരാതിരിക്കാന്‍ ഉതകും. അതുകൊണ്ട് താങ്കള്‍ ഈ വിളക്ക് കരുതണം. അങ്ങനെ അന്ധന്‍ വിളക്കുമായി നടക്കുകയും കുറച്ചു നടന്നപ്പോള്‍ ഒരു അപരിചിതന്‍ അദ്ദേഹത്തിന്റെ മേലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അന്ധന്‍ അയാളോട് ചോദിച്ചു: എന്റെ കയ്യില്‍ വിളക്കുകാണുന്നില്ലെ. അപ്പോള്‍ അപരിചിതന്‍ പറഞ്ഞു: കൂട്ടുകാരാ, അതെപ്പോഴോ കെട്ടുപോയിരിക്കുന്നു. കെട്ടുപോയ ഒരു വിളക്കല്ല അന്ധന് ആവശ്യം, കെടുന്ന ഒരു വിളക്കല്ല അന്ധന് ആവശ്യം, അവനവന് ഉതകുന്ന, അവനവന്റെ ആവശ്യത്തിന് ഉതകുന്ന ഒരു വിളക്കാണ്. ആ വിളക്കു കൊണ്ടു അനുഗ്രഹിക്കപ്പെട്ടവരാണ് എല്ലാം. ഈ വിളക്ക് ഇദ്ദേഹത്തിന്റെ കയ്യില്‍ ഇല്ലായിരുന്നു എന്ന് കരുതുക. ചലനങ്ങളില്‍, ശബ്ദങ്ങളില്‍ നിന്ന് മനസ്സിലാക്കി ഇദ്ദേഹം പോകുമായിരുന്നു.

ഇത്തരമൊരു കാഴ്ച; അതായത് നീ തന്നെ വേണം നിനക്കുതകാന്‍. മറ്റുള്ളവരുടെ സഹായങ്ങള്‍ ഒരു പരിധിവരെ മാത്രമേ നിനക്ക് സഹായകമായി തീരു, ഒരു പരിധി കഴിഞ്ഞ് അത് ഉപദ്രവമായി തീരും എന്നുള്ള ഒരു ദര്‍ശനം കാലാന്തരത്തില്‍ അദ്ദേഹം വളര്‍ത്തിയെടുത്തതു കൊണ്ടാവണം ഈ കഥ കൂടെ കൂടെ പറയുന്നത്.

മാഷ് വലിയ സാഹസിയായിരുന്നു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഒരിക്കല്‍ മാഷ് ചെന്നിരിക്കാറുള്ള ലോഡ്ജിന്റെ മുറിയിലെ താക്കോല്‍ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതല്ല, ആ മുറിയുടെ അകത്ത് താക്കോല്‍ വച്ചിട്ട് പുറമെ നിന്നു പൂട്ടിപോയതാണ്. അമര്‍ത്തിയാല്‍ മതി അങ്ങനത്തെ പൂട്ടാ. തക്കോല്‍ അകത്തുവച്ചിട്ട് വന്ന ഏതോ സുഹൃത്തുക്കളില്‍ ഒരാള്‍, പുറത്തു പോയതാണ്. മാഷ്‌ക്ക് അതൊന്നും പറ്റുകയില്ല. വളരെ ശ്രദ്ധയോടെയാണ് എല്ലാ പ്രവര്‍ത്തികളും ചെയ്യുക. ദാസന്‍മാഷ് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കൊക്കെ ദാസന്‍മാഷോട് വലിയ സ്‌നേഹവും നന്ദിയുമുണ്ടാകും. ആ വിധത്തില്‍ ശ്രദ്ധിച്ചു കൊണ്ടാണ് എല്ലാം. ‘സെന്‍ ആന്റ് മോട്ടോര്‍ സൈക്കിള്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ അസാധരണമായ ശ്രദ്ധയോട് കൂടി റീ അസംബ്ലി ചെയ്തതോടെ ആ മോട്ടോര്‍ സൈക്കിള്‍ സുഖമമായി തീര്‍ന്നു. അതുപോലെ വസ്തുക്കളൊക്കെ അദ്ദേഹത്തിന്റെ സ്പര്‍ശം കൊണ്ടു സുഖമമായിതീരുന്ന വിധത്തിലുള്ള ശ്രദ്ധ അദ്ദേഹം പകര്‍ന്നിരുന്നു.

ഏതായാലും ദാസന്‍ മാഷ് ഈ താക്കോല്‍ എങ്ങനെയെടുക്കും. അതൊരു ചെറിയ മുറിയാണ്. അവിടെയിരുന്നാണ് ഞങ്ങള്‍ വര്‍ത്തമാനം പറയുന്നത്. അവിടെ വെച്ചാണ് വൈദ്യശസ്ത്രം രൂപം കൊള്ളുന്നത്. ഞാന്‍ അന്തം വിട്ടിരിക്കുമ്പോള്‍ മാഷ് ഈ മുറിയിലേക്ക് വലിഞ്ഞു കയറുകയാണ്. ചുമരിലൂടെ പിടിച്ച് ഒരു കുഞ്ഞു ജനലിലൂടെ അദ്ദേഹം കാല് താഴേക്കിട്ട് ഉടല്‍ താഴോട്ടിട്ട് ഒരു മഹാസമര്‍ത്ഥനായ കള്ളന് മാത്രം കഴിയുന്ന രീതിയില്‍ അതിനകത്ത് പ്രവേശിച്ച് താക്കോലെടുത്ത് എനിക്ക് പുറത്തേക്ക് തന്നു. ഞാന്‍ മുറി തുറന്നു.

ദാസന്‍ മാഷ് ഒരു വിപ്ലവകാരിയായിരുന്നു എന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. നെക്‌സലേറ്റ് പ്രസ്ഥാനവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കുകയില്ല. കാരണം, അത്ര ഒരു യോഗിക്കു ചേര്‍ന്ന കണ്ണുകളും യോഗിക്ക് ചേര്‍ന്ന വാക്കുകളും യോഗിക്ക് ചേര്‍ന്ന പെരുമാറ്റ വിശേഷങ്ങളും ഉണ്ടായിരുന്ന ഒരാള്‍. പക്ഷെ, ദാസന്‍ മാഷ് ആയിരുന്നു ആ വിപ്ലവകാരികളില്‍ വെച്ച് ഏറ്റവും ശക്തമായ മനസ്സുണ്ടായിരുന്ന ഒരാള്‍. കാരണം എത്ര മര്‍ദ്ദിക്കപ്പെട്ടിട്ടും തന്റെ കൂട്ടുകാരില്‍ ഒരാളെ പോലും ഒറ്റു കൊടുത്തിട്ടില്ല എന്നാണ് ഞാന്‍ കേട്ടത്. നിശബ്ദനായി അദ്ദേഹം സഹിച്ചു.

അങ്ങനെ നിശബ്ദനായി സഹിച്ച ഒരാളാണ്. മനുഷ്യന്‍ എന്ന പേര് നേരത്തെ ആര്‍ജിച്ച ഒരാളാണ്. ഒരുപാട് ആളുകളുടെ ജീവിതം കേട്ട ഒരാളാണ് ‘മനുഷ്യന്‍: ഒരു ഓര്‍മ്മകുറിപ്പ്’ എന്ന അസാധാരണമായ കുറിപ്പ് എഴുതിയത്. മള്‍ബറി പുറത്തിറക്കിയ ഓര്‍മ്മ എന്ന പുസ്തകത്തില്‍ അതിലെ ഏറ്റവും മനോഹരമായ കുറിപ്പ്, മനോഹരം എന്നു പറഞ്ഞുകൂടാ, നമ്മള്‍ വിങ്ങിപ്പൊട്ടും ആ കുറിപ്പ് വായിച്ചാല്‍. റെയില്‍വെ സ്‌റ്റേഷനില്‍ കിടക്കുകയായിരുന്ന, മരിച്ചു കിടക്കുകയായിരുന്ന, ആരും ഇല്ലാതിരുന്ന ഒരനാഥ ബാലനെ അദ്ദേഹം കൊണ്ടുപോയി സംസ്‌കരിക്കുന്നു. ലോകത്തിന്റെ പേരില്‍ അദ്ദേഹം ആ കുഞ്ഞിനോട് മാപ്പു പറയുന്നു. തിരിച്ചു പോന്നു, വീണ്ടും അദ്ദേഹം ആ ഇടം കാണാന്‍ ചെന്നപ്പോള്‍ കുഞ്ഞിനെ മറവു ചെയ്ത ഇടം, തിരിച്ചറിയുന്നില്ല. മറഞ്ഞവരുടെ കൂടെ അവന്‍ മറഞ്ഞിരുന്നു. അങ്ങനെ അസാധാരണമായ നേര്‍മ്മയേറിയ ഒരു ഭാഷയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. എത്ര നേര്‍മ്മയേറിയ ഭാഷ. അതിശയം തോന്നിയിട്ടുണ്ടു. അത് പറ്റുമെങ്കില്‍ എവിടെയെങ്കിലും കിട്ടുമെങ്കില്‍ പുന:പ്രസിദ്ധീകരിക്കേണ്ടതാണ്. കാരണം അത്ര നമ്മുടെ മനസ്സിനെ അലിയിക്കും എന്നതല്ല, ദാസന്‍ മാസ്റ്ററുടെ ഒരാമുഖമാണ് യഥാര്‍ത്ഥത്തില്‍. മറ്റെവിടെയും കിട്ടാത്ത ഒരാമുഖം. ഒരു പോര്‍ട്രേയിറ്റിനും മാഷെ, ഈ വിധത്തില്‍ വിശദീകരിക്കാനാവില്ല. അവ ലേഖനം പോലെ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. എല്ലാവരും കാണേണ്ടതാണെന്ന് ഞാന്‍ വിചാരിക്കുന്നു. അത് ഹൃദ്യമായവാക്കുകളില്‍ ശബ്ദത്തില്‍ സൗമ്യമായി വായിച്ചു കൊണ്ടു ഫാദര്‍ ജോണ്‍ മണ്ണാറത്ത് തന്റെ യൂട്ട്യൂപില്‍ സ്വീകരിക്കണം.

ഈ നൈര്‍മല്യവും നേര്‍മ്മയും ഈ പരിഗണനയും ശ്രദ്ധയും ഈ അപൂര്‍വ്വമായ ശാക്തികതയും എല്ലാം യോജിച്ച അസാധാരണനായ ഒരാളായിരുന്നു ദാസന്‍ മാഷ്. അസാധാരണമായി ഉപകരിക്കപ്പെട്ട ആ ജീവിതത്തെ ഞാന്‍ നന്ദിയോടെ ഓര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…