ആകാംക്ഷ.
കവികള്‍ മരിക്കുന്നില്ല; കവിതയില്‍. മരിക്കുന്നവര്‍; കവിയാവാതെ, കവിതയില്ലാതെ. അക്കിത്തം കവിജന്മമായി ജീവിച്ചു. കവിയായി മരിച്ചു.
ഒരു ജീവിതം കൊണ്ടു ഒരാൾ ഒറ്റ രചനയെ നടത്തുന്നുള്ളു. അയാളൂടെ ഐഡന്റിറ്റിയെ കാണിക്കുന്ന രചന. വിജയന്‍ ഖസാക്കിന്റെ ഇതിഹാസം കൊണ്ടും, എം.ടി രണ്ടാമൂഴം കൊണ്ടും പൂർണനാകുന്നത്പോലെ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കൊണ്ട് അച്ചുതൻ നമ്പൂതിരി മഹാകവി അക്കിത്തമായി മാറി.
1952 ല്‍ മാത്യഭൂമി ആഴ്‌ചപതിപ്പിലാണ് ഈ ഖണ്ഡകാവ്യം പ്രസിദ്ധീകരിക്കുന്നത്. കവിയുടെ തലവര മാറ്റിക്കുറിച്ച കാവ്യമായി പിന്നീട് മലയാള കവിതയില്‍ ഇത് മാറി. വലിയ വിമര്‍ശനങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും ഇടം നല്‍കിയ ഈ കാവ്യമാണ് മഹാകവിയുടെ ദാര്‍ശനിക പശ്ചാത്തലങ്ങള്‍ക്ക് മുഖക്കുറിപ്പായത്
ആരെയും കൈകൂപ്പി സ്വീകരിക്കുന്ന നിഷ്‌ക്കളങ്കഭാവമാണ് കവിയിലെ നിത്യയൗവനത്തിന്റെ സത്യം.
കണ്ണീരും സ്‌നേഹവും കവിയിലും കവിതയിലും ഒരുപോലെ വളരുന്നു. കവിക്കും കവിതക്കും മനുഷ്യനാണ് പ്രധാനം. മനുഷ്യത്വമാണ് പ്രധാനം.
കരഞ്ഞു ചൊന്നേന്‍ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ
വെളിച്ചം ദു:ഖമാണുണ്ണി!
തമസ്സല്ലോ സുഖപ്രദം.
ഇങ്ങനെ കരഞ്ഞു പറയുന്നിടത്താണ് അക്കിത്തം കവിയാവുന്നത്
മതമെന്താകിലുമാട്ടേ മനുജാത്മാവേ!
കരഞ്ഞിരക്കുന്നേന്‍,
നിരൂപാധികമാം സ്‌നേഹം
നിന്നില്‍ പൊട്ടിക്കിളര്‍ന്നു പൊന്തട്ടേ!
ഇവിടെയാണ് കവി ആധുനികനാവുന്നത്.
കവിയുമായി വലിയ മുന്‍പരിചയമൊന്നുമില്ലായിരുന്നു. ആദ്യമായി അദ്ദേഹത്തെ ചെന്ന് കണുന്നത് സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ ഇ.സുരേഷിന്റെ കൂടെയാണ്. വിക്ടേര്‍ഴ്‌സ് ചാനലിനു വേണ്ടി അരികിലക്കിത്തം ഡോക്ക്യുമെന്ററി ചെയ്യുന്ന സമയം. കോഴിക്കോട് നിന്ന് രണ്ടുപേർ അച്ഛനെ കാണാന്‍ വന്നിരിക്കുന്നു എന്ന് ഇളയ മകന്‍ നാരായണന്‍ അദ്ദേഹത്തെ അറിയിച്ചപ്പോള്‍, ഇരിക്കാനായി പറഞ്ഞതായി മറുപടി കിട്ടി. പത്ത് പതിനഞ്ച് മിനിട്ടിനകം ഇടനാഴിയിലൂടെ നടുമുറിയില്‍ ചെന്ന് അദ്ദേഹത്തെ കണാനിടവന്നു.. കട്ടിലില്‍ പ്രസന്ന ചിത്തനായി കവിയിരിക്കുന്നു. വാര്‍ധക്യത്തിന്റെയും രോഗത്തിന്റെയും അസ്വാസ്ഥ്യം പ്രകടമെങ്കിലും കൈകൂപ്പി സര്‍വ്വാംഗവിനീതനായി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. അക്കിത്തമെന്ന അത്ഭുതപ്രതിഭയുടെ മുന്നില്‍ ഏറെ സമയം നിശബ്ദനായി നില്‍ക്കാനെ അന്ന് കഴിഞ്ഞുള്ളൂ. ഹൃദയവിശാലതയില്‍ അദ്ദേഹത്തിന്റെ ചിരി വി.കെ.എന്നിനോളം തന്നെ നിഷ്‌കളങ്കമാണെന്ന് തിരിച്ചറിഞ്ഞു.
മായാത്ത പ്രസാദാത്മകത കൊണ്ട് പ്രതിഭകളായിരിക്കുന്നവര്‍.
ഡോക്യുമെന്ററിയുടെ ഭാഗമായി കുറച്ചു ദിവസം അദ്ദേഹത്തിന്റെ അരികില്‍ നില്‍ക്കാനാവുകയും ജീവിതവും സംസ്‌കാരവും സമന്വയിച്ച ആ തറവാട് വീടിന്റെ ഇടനാഴികളില്‍ സഞ്ചരിക്കാനും കഴിഞ്ഞിരുന്നു. കവി പി എം നാരായണന്‍, നോവലിസ്‌റ്റ് സി.രാധാകൃഷ്‌ണന്‍, പ്രസിദ്ധ ചിത്രകാരന്‍ നാരായണന്‍(പാരീസ്), മക്കളായ വാസുദേവന്‍, നാരായണന്‍, ശ്രീജ, ഇന്ദിര, പാര്‍വതി, ലീല, ഭാര്യ ശ്രീദേവി അന്തര്‍ജനം എല്ലാവരുമുണ്ടായിരുന്നു പ്രായമായ അച്ഛനെ നോക്കൻ ബിസിനസ് ഉപജീവനമാക്കിയ ഇളയമകന്‍ നാരായണന്റെ ശ്രദ്ധയും കരുതലും എത്ര വലുതാണെന്ന് ബോധ്യമായി.
കുട്ടിക്കാലത്തെ എം.ടി യുടെ ജീവിതം മുതല്‍ വി.ടി യും ഇ.എം.എസും ഇടശ്ശേരിയും സഞ്ചരിച്ച വഴികള്‍…അനുഭവങ്ങള്‍, ചെറുചിരിയോടെ അദ്ദേഹം പറയുന്നത് നേരില്‍ കേട്ടു.
അച്ഛന്റെ കവിത പാടി ശ്രീജയും ഞങ്ങളോടോപ്പമുണ്ടായിരുന്നു.
ഡോക്യുമെന്ററിയുടെ ഭാഗമായുള്ള എല്ലാസമീപനങ്ങള്‍ക്കും അനുസരണയോടെ പ്രതികരിച്ച കവിയെ ഓര്‍ത്തു പോകുന്നു. ഒരു സായംസന്ധ്യയില്‍ ശ്രീദേവി അന്തര്‍ജനത്തിന് ഒരു മുല്ലപ്പൂവ് ഇറുത്തെടുത്ത് കൊടുത്ത് സ്‌നേഹമസൃണമായി ചിരിച്ച അക്കിത്തത്തിന്റെ മുഖം ഉള്ളിലൊരു സ്‌മാരകമായിതീരുന്നു. അലിവും സ്‌നേഹവും വാര്‍ദ്ധക്യത്തിന് പകിട്ടേകുന്നത് അക്കിത്തത്തിലുടെ കണ്ടു. വാര്‍ദ്ധക്യത്തിന് ഇത്ര യൗവ്വനം കവിത സമ്മാനിച്ചത് തന്നെ.
വെറുതയല്ല, വാക്കിന്റെ ശക്തിയില്‍ കവിത പറയുന്ന കെ.ജി.എസ് എഴുതിയത്:
പിഴ(കവിത)
നിരത്തില്‍ ഊട്ടുന്നൊരമ്മ, തന്നുടലിനാല്‍,
കാകരെ കൃമികീടങ്ങളെ
മര്‍ത്യക്കുരുന്നിനെ
ധര്‍മ്മരോഷങ്ങളെ: കാറ്റില്‍
വാസനാഗതികളെ.
ആള്‍ദൈവമല്ലവള്‍
ഇല്ലനുഗ്രഹ നിഗ്രഹ സിദ്ധി.
ഇല്ലവള്‍ പുരാണത്തില്‍:
അവള്‍ മൃണ്‍മയി, മണ്‍മൊഴി.
പലര്‍ പിഴയാടി
പലര്‍ പഴിയാടി
പലര്‍ പൊരുള്‍, ശാന്തി,
അഴകും തകര്‍ത്തവള്‍.
എച്ചിലില്‍ വളര്‍ന്നവള്‍
എച്ചിലായ് വളര്‍ന്നവള്‍
ചത്തവള്‍.
ചരിത്രം
ഒരു വന്‍ തെരുവായ് അവളില്‍ ദ്രവിക്കുന്നു,
‘തെരുവില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പിവലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി’
(അക്കിത്തം)