സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവൻ മശായിമാർ എഴുതാറില്ല

പി.എൻ.കിഷോർ കുമാർ

കെ.വി.അനൂപ് അനുസ്മരണം

ചില വ്യക്തികളുമായി യദൃശ്ചയാ നമ്മൾ പരിചയപ്പെട്ടതും പിന്നീടവർ നമുക്കു വളരെ വേണ്ടപ്പെട്ടവരായി
മാറുന്നതുമായ സംഭവങ്ങൾ
ഓർത്താൽ അദ്ഭുതം തോന്നും.
ദാമ്പത്യത്തിൻ്റെ കാര്യത്തിൽ മാത്രമല്ല സൗഹൃദങ്ങളുടെ കാര്യത്തിലും “ഇന്നാർക്ക് ഇന്നാരെന്ന് എഴുതിവെച്ചിട്ടുണ്ടാവാം ദൈവം കല്ലിൽ.”

എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.വി.അനൂപിനെ ഞാൻ പരിചയപ്പെടുന്നത് 2009-തിലാണ്.
മാതൃഭൂമി സ്പോർട്സ് മാസികയുടെ സീനിയർ സബ് എഡിറ്ററായി അനൂപ് ജോലി ചെയ്യുന്ന സന്ദർഭം.അക്കാലത്ത് സ്പോർട്സ് മാസികയിൽ “ഓപ്പൺ ട്രയൽസ് “എന്നൊരു പംക്തിയുണ്ട്.
സ്പോർട്സുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു വിഷയം മാസിക നൽകും.പ്രസ്തുത വിഷയത്തെ കുറിച്ച് വായനക്കാർ രണ്ടു പേജിൽ ഒതുങ്ങുന്ന കുറിപ്പ് എഴുതണം. മികച്ച കുറിപ്പിന് സമ്മാനമുണ്ട്.
2009 ഫെബ്രുവരി ലക്കത്തിൽ “ലോക ഫുട്ബോളിലെ മികച്ച താരം ആര് “എന്നതായിരുന്നു വിഷയം. ഫുട്ബോൾ,ബൂട്ട്,ഷോക്സ്,ജഴ്സി എന്നിവയെല്ലാം അടങ്ങുന്ന ഫുട്ബോൾ കിറ്റ് ആയിരുന്നു സമ്മാനം.എന്റെ ഇളയ മകൻ ഫുട്ബോൾ ഭ്രാന്തനായി നടക്കുന്ന കാലമാണത്.മേൽപ്പടി കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾക്ക് ആയിരം രൂപയിലേറെ വില വരും. എഴുതി നോക്കാമെന്നു ഞാൻ നിശ്ചയിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും
ലയണൽ മെസിയും ഇന്നത്തെപ്പോലെ തന്നെ
പ്രതാപത്തിൽ നിൽക്കുന്ന കാലമാണ്.എങ്കിലും എൻ്റെ കാഴ്ചപ്പാടിൽ ആ വർഷത്തെ മികച്ച കളിക്കാരൻ ഹോളണ്ടിൻ്റേയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൻ്റേയും
ഗോൾകീപ്പറായ എഡ്വിൻ വാൻഡർ സാർ ആയിരുന്നു.

കുറിപ്പ് എഴുതി അയച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ വന്നു.

“പി.എൻ.കിഷോർ കുമാർ
അല്ലേ.”എന്ന് ചോദ്യം.

“അതെ.”എന്ന് എന്റെ മറുപടി.

“ഞാൻ കെ.വി.അനൂപ്.മാതൃഭൂമി സ്പോർട്സ് മാസികയിൽ നിന്നാണ് വിളിക്കുന്നത്.”വിളിച്ചയാൾ സ്വയം പരിചയപെടുത്തിയ ശേഷം ചോദിച്ചു.”നിങ്ങൾ കഥകൾ എഴുതുന്ന പി.എൻ.കിഷോർ കുമാർ ആണോ.?”

“അതെ.”

“നിങ്ങളുടെ കഥകൾ എനിക്ക് ഇഷ്ടമാണ്.പരിചയപ്പെടണമെന്ന് കരുതിയിരുന്നു.”

എനിക്കതു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.

“പിന്നെ ഞാനിപ്പൊ വിളിച്ചത്…
നിങ്ങൾ ഓപ്പൺ ട്രയൽസിലേക്ക് വാൻഡർസറെ കുറിച്ചെഴുതിയ കുറിപ്പില്ലേ,അതൊന്നു വിസ്തരിച്ചെഴുതൂ.നമുക്കത് മാസികയിലെ സ്റ്റാർ ഫോക്കസ് എന്ന പംക്തിയിൽ
കൊടുക്കാം.”അനൂപ് പറഞ്ഞു.

അതു കേട്ടപ്പോൾ “ചിൽഡ്രൻസ് ഓഫ് ഹെവൻ “എന്ന ഇറാനിയൻ സിനിമയിലെ നായകനായ ആൺകുട്ടി ഓട്ടമൽസരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ സങ്കടപ്പെട്ട് കരയുന്ന അവസ്ഥയിലായി ഞാൻ.രണ്ടാം സമ്മാനമായ ചെരുപ്പു കിട്ടാൻ വേണ്ടിയാണ് സിനിമയിലെ കുട്ടി
ഓട്ടമൽസരത്തിൽ പങ്കെടുത്തത് എന്നതുപോലെ ഓപ്പൺ ട്രയൽസിൽ സമ്മാനം കിട്ടുന്ന ഫുട്ബോൾ കിറ്റിനു വേണ്ടിയാണ് ഞാൻ കുറിപ്പ് എഴുതിയത്. എന്നിട്ടിപ്പൊ…

വിവരം ഞാൻ അനൂപിനോട് തുറന്നു പറഞ്ഞു.അവനപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.”അതിനു വേണമെങ്കിൽ നിങ്ങൾ വേറെ എഴുതി അയച്ചോളൂ.പിന്നെ…
സ്റ്റാർഫോക്കസ് എന്ന പംക്തിയിൽ എഴുതുന്നതിനു പ്രതിഫലമുണ്ട്.”

അതു കേട്ടപ്പോൾ സംഗതി
തരക്കേടില്ലെന്ന് എനിക്കു തോന്നി. ഒരു ഭാഗത്ത് പാലുകാച്ചൽ,മറു ഭാഗത്ത് താലികെട്ടൽ എന്നു പറഞ്ഞതു പോലെ ഒരു ഭാഗത്ത് ഫുട്ബോൾ കിറ്റ്,മറുഭാഗത്ത്
പ്രതിഫലമായി കിട്ടുന്ന രൂപ.

ഏപ്രിൽ ലക്കം മാസികയിൽ വാൻഡർസറെ കുറിച്ചുള്ള എൻ്റെ ലേഖനം പ്രസിദ്ധീകരിച്ചു.അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
പിന്നീടും ലേഖനങ്ങൾ എഴുതി. ഒരിക്കൽ അനൂപ് ആവശ്യപ്പെട്ട പ്രകാരം സ്പോർട്സ് മാസികയിൽ കൊടുക്കാൻ വേണ്ടി “ചാമ്പ്യൻ” എന്ന പേരിൽ ഞാനൊരു കഥയും എഴുതുകയുണ്ടായി.

പിന്നീട് അനൂപ് ചിത്രഭൂമി സിനിമാ വാരികയുടെ ചീഫ് സബ് എഡിറ്റർ തസ്തികയിലേക്കു മാറി.അപ്പോൾ റിലീസ് സിനിമകൾ ആദ്യ ദിവസം തന്നെ കണ്ട് അതിനെക്കുറിച്ച് CINEMA TODAY എന്ന പംക്തിക്കു വേണ്ടി എഴുതുന്ന “പണി”ക്കും അവനെന്നെ നിയോഗിച്ചു.ഒന്നോ ഒന്നരയോ പേജ് എഴുതി കൊടുത്താൽ അതിന് ആയിരം രൂപ പ്രതിഫലം കിട്ടിയിരുന്നു.

2009 -തിലാണ് ഞങ്ങൾ തമ്മിൽ മുഖദാവിൽ പരിചയപ്പെട്ടതെങ്കിലും വ്യാഴവട്ടക്കാലം മുൻപു തന്നെ അനൂപ് എന്ന എഴുത്തുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു.1990-കളിൽ
കോളേജിൽ പഠിക്കുമ്പോൾ തന്നെ എഴുത്തുകാരൻ എന്ന നിലയിൽ അനൂപ് ശ്രദ്ധേയനായിരുന്നു. മുട്ടത്തു വർക്കി ഫൗണ്ടേഷൻ്റെ കലാലയ കഥാ പുരസ്ക്കാരം,ഉറൂബ് സ്മാരക കലാലയ നോവൽ പുരസ്കാരം എന്നിവയൊക്കെ അക്കാലത്ത് അവൻ നേടിയിട്ടുണ്ട്.

42-ാം വയസിൽ അകാലത്തിൽ ആയിരുന്നു അവൻ്റെ മരണം.

2014 സെപ്തംബർ 14.
രാത്രി ഉറക്കം വരാതെ ഞാൻ കിടക്കുമ്പോൾ ഫോണിലേക്ക് ഒരു മെസേജ് വന്നതിൻ്റെ ഒച്ച കേട്ടു. നോക്കിയപ്പോൾ സുഹൃത്തും പ്രശസ്ത കഥാകൃത്തുമായ
പി.വി.ഷാജികുമാർ അയച്ച
മെസേജ് കണ്ടു.”Kv anoopettan…”

അപ്പോൾ സമയം രാത്രി
പതിനൊന്നര.ഞാൻ അപ്പോൾ തന്നെ ഷാജികുമാറിനെ ഫോണിൽ വിളിച്ചു.അത് സ്വിച്ച് ഓഫ് ആയിരുന്നു.മെസേജിലെ
“Kv anoopettan…”കഴിഞ്ഞിട്ടുള്ള കുത്തുകൾ പൂരിപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.
നിദ്രാവിഹീനമായ രാത്രി. ഷാജികുമാറിൻ്റെ ഫോണിലേക്ക്
ഞാൻ പിന്നെയും പലവട്ടം വിളിച്ചു. അപ്പോഴൊക്കെ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.

അനൂപിന് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നതും തുടർന്ന്
അമ്മയുടെ വൃക്ക അവന് മാറ്റി
വെച്ചിരുന്ന കാര്യവുമൊക്കെ എൻ്റെ മനസിലൂടെ കടന്നു പോയി. അനൂപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്,എൻ്റെ മനസ് മന്ത്രിച്ചു.അല്ലാതെ പാതിരാത്രി ഇങ്ങനെയൊരു മെസേജ് ഷാജികുമാർ അയക്കില്ല.

അനൂപും ഷാജികുമാറും
സുഹൃത്തുക്കളാണ്.ഇരുവരും ജോലി ചെയ്യുന്നത് മാതൃഭൂമിയുടെ
കോഴിക്കോട് ഓഫീസിൽ.
പിറ്റേന്ന് പുലർച്ചെ തന്നെ കോഴിക്കോട്ടേക്ക് പോവാൻ ഞാൻ തീരുമാനിച്ചു.

അനൂപിന് എന്തു സംഭവിച്ചു എന്നുള്ള ആകുലതയാൽ ആ രാത്രി ഉറക്കം സാധ്യമായില്ല.
കിടക്ക വിട്ട് എഴുന്നേറ്റ ഞാൻ
പുസ്തകങ്ങൾ സൂക്ഷിക്കുന്ന അലമാര തുറക്കുകയും അനൂപ് കയ്യൊപ്പിട്ടു തന്ന “ആനന്ദപ്പാത്തുവിൻ്റെ പ്രസംഗങ്ങൾ” “കാഴ്ച്ചയ്ക്കുള്ള വിഭവങ്ങൾ”എന്നീ കഥാസമാഹാരങ്ങൾ എടുക്കുകയും ചെയ്തു.ശേഷം അരുമ കുഞ്ഞുങ്ങളെ എന്നോണം ആ പുസ്തകങ്ങളെ ഞാൻ
ലാളിച്ചു.

പിറ്റേന്ന് പുലർച്ചെ തന്നെ
കോഴിക്കോട്ടേക്കുള്ള ബസിൽ ഞാൻ കയറി.യാത്രക്കിടയിലും കോഴിക്കോട് ബസിറങ്ങിയ ശേഷവും ഞാൻ ഷാജികുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.
അപ്പോഴൊക്കെയും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് മാതൃഭൂമിയിൽ ജോലി ചെയ്യുന്ന മറ്റൊരു പരിചയക്കാരനെ
വിളിച്ചപ്പോൾ,അനൂപ് മിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന മറുപടി ലഭിച്ചു.ഉടനെ
ഞാൻ അങ്ങോട്ടേക്കു പോയി.
വെൻ്റിലേറ്ററിൽ ബോധമില്ലാതെ കിടക്കുന്ന അനൂപിനെ ഞാൻ ജീവനോടെ കണ്ടു.

അന്ന് ഉച്ചയോടെ അനൂപിൻ്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ചെറൂട്ടി റോഡിലുള്ള മാതൃഭൂമിയുടെ ഓഫീസിലേക്കും പിന്നീട് പുറക്കാട്ടിരിയിലുള്ള വീട്ടിലേക്കും കൊണ്ടു പോവുമ്പോൾ ആ ആംബുലൻസിൽ ഞാനും ഉണ്ടായിരുന്നു.

എഴുത്തുമായി ബന്ധപ്പെട്ട് ഞങ്ങൾക്കിടയിൽ പൊതുവായ ഒരു കാര്യമുണ്ടായിരുന്നു.രാഷ്ട്രീയം പ്രമേയമായി വരുന്ന കഥകൾ എഴുതാനാണ് ഞങ്ങൾ ഇരുവരും
ഇഷ്ടപ്പെട്ടിരുന്നത്.

“കാഴ്ചയ്ക്കുള്ള വിഭവങ്ങൾ “എന്ന കഥാസമാഹാരത്തിൻ്റെ അനുബന്ധമായി എഴുതിയ കുറിപ്പിൽ “സമൂഹത്തിൻ്റെ നാഡി പിടിച്ചു നോക്കി രോഗം കണ്ടെത്താൻ കഴിയുന്നവനാകണം എഴുത്തുകാരൻ.എഴുത്താവട്ടെ അവയെ ചികിത്സിക്കാനുള്ള ശ്രമവും”എന്ന് അനൂപ് എഴുതിയിട്ടുണ്ട്.

ആരോഗ്യകരമായ ജനാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അനൂപ് എഴുതിയ മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ എഴുത്തുകാരന് സാധ്യമാവണം.എന്നാൽ കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിൽ
ഒരിടത്തും എഴുത്തുകാരന് ഭീതി കൂടാതെ സമൂഹത്തിൻ്റെ രോഗം നിർണ്ണയിച്ചു കൊണ്ടുള്ള സാഹിത്യരചന നിർവ്വഹിക്കാനുള്ള സാഹചര്യമില്ല എന്നതാണ് വസ്തുത.

ഇന്ന് “സമൂഹത്തിൻ്റെ നാഡി പിടിച്ചു നോക്കി രോഗം”ഇന്നതാണെന്നും
അതിന്ന കാരണത്താൽ
ഉണ്ടായതാണെന്നും വെളിപ്പെടുത്തുന്ന ഒരു സാഹിത്യ സൃഷ്ടി രചിച്ചാൽ വായനക്കാരൻ അതിനോടു പ്രതികരിക്കുക,
പ്രസ്തുത രചന തൻ്റെ ജാതിക്ക്,മതത്തിന്,രാഷ്ട്രീയ
കക്ഷിക്ക് അത് അനുകൂലമാണോ പ്രതികൂലമാണോ എന്നു നോക്കിയിട്ടാവും.അനുകൂലമെങ്കിൽ പൂമൂടലും പ്രതികൂലമെങ്കിൽ പൂരത്തെറിയും എന്നതാണ്
അനൂപാനന്തര ലോകത്തിൻ്റെ
രീതി.

മേൽപ്പറഞ്ഞതായ
കഥാസമാഹാരത്തിൻ്റെ അനുബന്ധ കുറിപ്പിൽ”മറ്റെല്ലാ സമൂഹങ്ങളേയും പോലെ കേരളീയ സമൂഹത്തിനും രോഗങ്ങളുണ്ടെന്നും ഈ പ്രശ്നങ്ങളെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന ജീവൻ മശായിമാരെയാണ് കാലം ആവശ്യപ്പെട്ടുന്നത് “എന്നും
അനൂപ് എഴുതിയിട്ടുണ്ട്.

ഈ സന്ദർഭത്തിൽ ഞാനെൻ്റെ ഒരനുഭവം പറയാം.ഒരു വർഷം
മുൻപ് ഞാനൊരു കഥ എഴുതി. അനൂപ് എഴുതിയതു പോലെ “സമൂഹത്തിൻ്റെ നാഡി പിടിച്ചു നോക്കി രോഗം”ഇന്നതാണെന്നു കണ്ടെത്തുന്ന പ്രമേയമുള്ള
ഒരു കഥ.പോലീസ് ഉദ്യോഗസ്ഥനും കഥാകൃത്തുമായ ഒരു സുഹൃത്തിന് ഞാനത് വായിക്കാൻ കൊടുത്തു. അദ്ദേഹം അതു വായിച്ചിട്ടു പറഞ്ഞു.”അവൻമാർ നിങ്ങളെ ശരിയാക്കും.കേസ് തെളിയില്ലെന്ന് ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട,
പ്രതികളെ ഞാൻ പിടിച്ചോളാം.”

തെല്ലൊരു തമാശ മട്ടിലാണ് അദ്ദേഹം അന്നങ്ങനെ
പറഞ്ഞതെങ്കിലും അതിൽ
വസ്തുതയുണ്ട് എന്നതിന്
കേരളത്തിൽ നടന്നിട്ടുള്ള മുൻകാല സംഭവങ്ങൾ തന്നെ ഓർത്താൽ മതിയാവും.

അനൂപിൻ്റെ ഏഴാം ചരമ വാർഷികത്തിൽ അവൻ്റെ സുഹൃത്തായിരുന്ന എൻ്റെ മുന്നിലുള്ള ചോദ്യം,ജീവൻ മശായി ആയി ജീവൻ നഷ്ടപ്പെടുത്തണോ,
അതോ ജീവൻ രക്ഷിക്കാൻ വേണ്ടി ജീവൻ മശായി പട്ടം വേണ്ടെന്നു വെക്കണോ എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…