സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചെറിയ ചെറിയ മോഹങ്ങൾഉപേക്ഷിച്ച് വലിയ മോഹങ്ങൾ വളർത്തുക.’

ഡോ. സ്വപ്ന സി കോമ്പാത്ത്

ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ ഉപദേശിച്ച കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരിയുടെ ആഹ്വാനമാണിത്.
ജീവിച്ചിരുന്ന കാലഘട്ടവും, അക്കാലത്തിന്റെ നീതിയും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എഴുത്തിന്റെ ശക്തിയും പരിഗണിച്ചാല്‍ മലയാളം കണ്ട ഏറ്റവും സ്വത്വബോധമുള്ള, ധിഷണാശാലിയായ എഴുത്തുകാരി ആരെന്ന ചോദ്യത്തിന് കെ. സരസ്വതിയമ്മ എന്നുത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അതുകൊണ്ടാണ് മലയാള ചെറുകഥയിലെ പെണ്ണിടത്തില്‍ നമ്മള്‍ പ്രഥമ പരിഗണന കെ. സരസ്വതിയമ്മക്ക് നല്‍കുന്നത്.

പത്തൊമ്പതാം വയസ്സില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സീതാഭവനമാണ് സരസ്വതിയമ്മയുടെ ആദ്യകൃതി.കാലം 1938 ‘.സ്വാതന്ത്ര്യപൂര്‍വ്വകേരളത്തിലെ സ്ത്രീയവസ്ഥകളെക്കുറിച്ച് നമ്മളെല്ലാവരും കേട്ടറിഞ്ഞിട്ടുണ്ട്. പലപ്പോഴും വായിച്ചിട്ടുമുണ്ട്. ആ കാലഘട്ടത്തില്‍ പോലും സമൂഹത്തില്‍ സ്ത്രീയുടെ തുല്യതയും നീതിയും ഉറപ്പാക്കുകയും സ്ത്രീയുടെ സ്വാതന്ത്ര്യാഭിലാഷം വ്യക്തമാക്കുകയും ചെയ്ത ധീരയായ എഴുത്തുകാരി എന്നു വേണം സരസ്വതിയമ്മയെ നമ്മള്‍ വായിക്കേണ്ടത്.

നമ്മുടെ എഴുത്തുകാരെല്ലാം കുടുംബം എന്ന വ്യവസ്ഥാപിതസങ്കല്പത്തിനുള്ളില്‍ നിന്ന് കൊണ്ട് പൊരുതുമ്പോള്‍ ആ സങ്കല്പത്തെ തന്നെ മാറ്റിവെച്ചു കൊണ്ട്, ‘വിവാഹം ‘ എന്നതല്ല ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും മുന്‍ഗണന കൊടുത്തേണ്ട വിഷയം എന്ന് സ്വന്തം ജീവിതം കൊണ്ട് വ്യക്തമാക്കാനും അവര്‍ക്ക് സാധിച്ചു. ഒട്ടും സാമ്പത്തികശേഷിയില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, നന്നായി പഠിച്ച്, സ്വന്തമായി ഒരുവീടുണ്ടാക്കി, ഉള്ളിലെ സര്‍ഗാത്മകതയെ / തന്റെ സ്വതന്ത്രനിലപാടുകളെ തടസ്സപ്പെടുന്ന വൈകാരികംശങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞ ഒരു എഴുത്തുകാരിയെന്ന നിലയില്‍ വ്യക്തിജീവിതത്തിലും സര്‍ഗാത്മകജീവിതത്തിലും ഏറ്റവും ആദരണീയയായ വ്യക്തിത്വമാണ് കെ. സരസ്വതിയമ്മ.

പുരുഷലോകത്തെ പാടേ നിരാകരിക്കുകയോ പുരുഷന്മാരില്ലാത്ത സ്ത്രീലോകം എന്ന ഉട്ടോപ്യന്‍ സങ്കല്പത്തെ മുന്‍നിര്‍ത്തി യുക്തിയില്ലാത്ത വാഗ്‌ധോരണി കൊണ്ട് സ്ത്രീജനങ്ങളെ കബളിപ്പിക്കുകയോ ആയിരുന്നില്ല സരസ്വതിയമ്മയുടെ ലക്ഷ്യം. സ്ത്രീയവസ്ഥകളെ തുറന്നു കാണിക്കുക, സ്ത്രീനീതികള്‍ക്കായുള്ള കാഹളം മുഴക്കുക, പുരുഷലോകത്തിന്റെ കാപട്യവും, സ്ത്രീലോകത്തിന്റെ അരക്ഷിതാവസ്ഥയും ചിത്രീകരിക്കുക, പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിങ്ങനെ സമഗ്രമായ സ്‌ത്രൈണ ചേതസ്സായിരുന്നു അവരുടെ രചനകള്‍.

മലയാളത്തിലെ സ്ത്രീപക്ഷരചനകളെ സരസ്വതിയമ്മക്കു മുമ്പും പിമ്പും എന്ന് വിഭജിക്കാവുന്ന രീതിയില്‍ പില്‍ക്കാല രചയിതാക്കള്‍ക്കിടയില്‍ അത്രമാത്രം സ്വാധീനം ചെലുത്താന്‍ സരസ്വതിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര കഥാപാത്രത്തിന്റെ വീക്ഷണഗതിയിലൂടെ മുന്നേറുന്ന കഥാതന്തുവിനെ പരിചരിക്കുന്ന ഏകാഗ്രതയാണ് അവരുടെ രചനകളുടെ സവിശേഷത.

നാല്‍പ്പതുകളില്‍ വളരെ സജീവമായി സ്ത്രീരാഷ്ട്രീയത്തെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ സരസ്വതിയമ്മ, സ്ത്രീപുരുഷബന്ധത്തില്‍ നമ്മളിന്നും പുലര്‍ത്തി പോരുന്ന നിരര്‍ത്ഥകമായ പല സങ്കല്പങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. പുരുഷനിരാസമല്ല, പുരുഷന്റെ സ്ത്രീസങ്കല്പത്തെ പൊളിച്ചെഴുതുകയാണ് വേണ്ടതെന്നാണ് സരസ്വതിയമ്മ ആഹ്വാനം ചെയ്തത്.
തന്റെ കഥകളെ പുരുഷവിദ്വേഷത്തിന്റെ കഥകള്‍ എന്നു വിളിച്ചിരുന്നത് അവരെ അലോസരപ്പെടുത്തിയെന്നു വേണം അനുമാനിക്കാന്‍ . മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരഭിമുഖത്തി അവര്‍ തന്നെയത് വിശദീകരിക്കുന്നുമുണ്ട്. ‘ പതിനേഴാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ തണലില്ലാതെ എനിക്കു ബാഹ്യലോകത്തെ അഭിമുഖീകരിക്കേണ്ടിവന്നു. പുറത്തിറങ്ങി, പുരുഷന്മാരുടെ ലോകത്ത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു സ്ത്രീയായി ജനിച്ചതിന്റ പരിമിതികള്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. അന്നുണ്ടായിരുന്നത് തീര്‍ത്തും പുരുഷ്നമാരുടെ ലോകമാണ്. പുരുഷന് എന്തും ചെയ്യാം. സ്ത്രീകള്‍ക്ക് യാതൊന്നും വയ്യ. എല്ലാവരും പുരുഷന്റെ അധീശാധികാരം സമ്മതിച്ചുകൊടുത്താലേ ജീവിക്കാന്‍ പറ്റൂ. സ്ത്രീ എപ്പോഴും ഏറ്റവും താഴ്ന്ന പടിയില്‍ നിന്നുകൊളളണം. ഇതു സമ്മതിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പ്രതിരോധത്തിനു മാത്രമല്ല, പ്രത്യാക്രമണത്തിനും ഞാന്‍ സന്നദ്ധയായിരുന്നു. ഇതായിരിക്കണം പുരുഷവിദ്വേഷം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ‘ കെ. സരസ്വതിയമ്മയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഈ അഭിമുഖം പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ ഒന്നുമെഴുതാതെ തന്നിലേക്കു തന്നെ അവര്‍ ചുരുങ്ങിപ്പോയി. പൊന്നിന്‍കുടം എന്ന നോവലിലൂടെ പൊന്നിന്‍കുടം സരസ്വതി എന്നും വിളിക്കപ്പെട്ട ഈ എഴുത്തുകാരി അമ്പത്തിയാറ് വയസ്സില്‍ മരിക്കുമ്പോള്‍
മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ബന്ധുക്കളില്ലായിരുന്നു. സാമൂഹിക സാംസ്‌കാരിക നായകരോ രാഷ്ട്രീയക്കാരോ ആരും സാന്നിധ്യമറിയിച്ചില്ല. പെണ്ണുങ്ങളോട് കരച്ചിലും ചിരിയും മാറ്റി വെച്ച് ബുദ്ധിയും വിവേകമുള്ളവരായി മാറാന്‍ ആവശ്യപ്പെ ട്ട , അവരുടെ മരണം ഒരു വാര്‍ത്ത പോലുമായില്ല. നാട്ടുകാര്‍ ആശുപത്രിയില്‍നിന്നു മൃതദേഹമേറ്റുവാങ്ങി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അന്ത്യയാത്രയില്‍ അവര്‍ക്ക് യാത്രാമൊഴിയേകാന്‍ ഒരു സ്ത്രീ പോലുമുണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരം

ഇത് കാലമാവശ്യപ്പെടുന്ന ഒരു തിരുത്താണ്. പെണ്ണിടത്തില്‍ നിന്നു നമുക്കത് തുടങ്ങാം .കെ സരസ്വതിയമ്മ എന്ന സാഹിത്യത്തിലെ ഉജ്ജ്വലപ്രതിഭ ഇനിയും നമ്മുടെ വായനയിലും ജീവിതത്തിലും നിറയട്ടെ ! 80 വര്‍ഷം മുമ്പ് സരസ്വതിയമ്മ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്ന നമുക്ക് വലിയ മോഹങ്ങളും ലക്ഷ്യബോധങ്ങളും ഉണ്ടാകട്ടെ .വായനയിലൂടെ ഇനിയെങ്കിലും നമുക്കവര്‍ക്ക് ഉചിതമായ അന്ത്യോപചാരം അര്‍പ്പിക്കാം.

സരസ്വതിയമ്മയുടെ കൃതികള്‍

1 )കഥാസമാഹാരങ്ങള്‍
പെണ്‍ബുദ്ധി
കനത്ത മതില്‍
കീഴ്ജീവനകാരി
ചോലമരങ്ങള്‍
ഒരുക്കത്തിന്റെ നടുവില്‍
വിവാഹസമമാന0
സ്ത്രീജന്മം
ചുവന്നപൂക്കള്‍
കലാമന്ദിരം
പ്രേമപരീക്ഷണം
എല്ലാം തികഞ്ഞ ഭാര്യ
ഇടിവെട്ടുതൈലം

2)നോവല്‍
പ്രേമഭാജനം
പൊന്നിന്‍കുടം

3)നാടകം
ദേവദൂതി

4ലേഖനസമാഹാരം
പുരുഷന്‍മാരില്ലാത്ത ലോകം

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…