സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അച്ഛന്റെ പുഴ

സുധീഷ് നടുത്തുരുത്തി


അച്ഛൻ ഒരു വിലപ്പെട്ട സത്യമായി തീരുകയാണ് സുധീഷിന്റെ ജീവിതത്തിൽ. എഴുത്തിന്റെ യുവത്വം കൊണ്ട് ഈ രചന ശ്രദ്ധിക്കപ്പെടുന്നു.

പുതപ്പിനുളളിലെ ചൂടിൽ സുഖം പറ്റിച്ചേർന്ന് കിടക്കുമ്പോഴാണ് ഉറക്കത്തിനലോസരമുയർത്തി അലാറമടിക്കുന്നത്. മുറിഞ്ഞുപോയ സ്വപ്നവും അവളുടെ മുഖവുമോർത്തുകൊണ്ട്, ആരെയൊക്കെയോ പ്രാകി പുലമ്പിക്കൊണ്ടായിരിക്കും ഓരോ മഞ്ഞുകാലദിനവും പുലരുന്നത്.
പല്ലുതേപ്പ് കഴിഞ്ഞ് മുഖവും കഴുകി വരുമ്പോഴേക്കും അമ്മ പൈസ പാട്ടയും തോർത്തുമുണ്ടുമായി വരും.
തോർത്തുമുണ്ട് കഴുത്തിൽചുറ്റി ചുക്കാനുമെടുത്ത് കടവിനരികിലേക്ക് നടക്കും.

പുഴയിൽ വെള്ളം വറ്റിയിട്ടുണ്ടെങ്കിൽ തോണി ചളിയിൽ പതിഞ്ഞിരിക്കും. കെട്ടഴിച്ച് തോണി ചളിയിൽനിന്നും വെള്ളത്തിലിറക്കുക ശ്രമകരമായ പണിയാണ്. തിരക്കിട്ടുപോകുന്ന യാത്രക്കാരുണ്ടെങ്കിൽ അവരും കയറു പിടിച്ചുവലിച്ച് തോണി വെള്ളത്തിലിറക്കാൻ സഹായിക്കും. ആദ്യ യാത്രക്കാരനെ അക്കരെയെത്തിച്ചാൽ രണ്ടുരൂപയോ അഞ്ചുരൂപയോ തരും. ആ കൈനീട്ടത്തിൽ നിന്നായിരിക്കും അന്നത്തെ ദിവസം തുടങ്ങുന്നത്.

മണി ആറേകാലാകാറാകുമ്പോഴേക്കും അമ്പതിനോടടുത്ത് പ്രായമുള്ള ആ സ്ഥിരം യാത്രക്കാർ കടവിനരികിലുണ്ടാകും. എലത്തൂരിലെ ബാലേട്ടന്റെ ഹോട്ടലിൽ നിന്നും ചായ കുടിക്കാനുള്ള യാത്ര. ക്ലബിലേക്കുള്ള പത്രവുമായി തിരിച്ചുവരുന്ന അയാളെ അക്ഷമരായ പല കണ്ണുകൾ കാത്തിരിക്കും. പത്രത്താളുകളിലെ വിശേഷങ്ങൾ പങ്കുവച്ച് അവർ തിരിച്ചുപോയികഴിഞ്ഞായിരിക്കും ക്ലബിലേക്കള്ള മറ്റുപത്രങ്ങൾ തലക്കുളത്തൂരിൽനിന്നും പാലം വഴി സൈക്കിളിൽ എത്തുന്നത്.

വെള്ളമിറക്കത്തിൽ *വലു മുട്ടുമ്പോൾ, *ചേരി പൂത്താനായി തോർത്തുമുണ്ടുടുത്ത് *പടന്നയും തേക്കുട്ടയുമായി ഒരു സംഘമെത്തും. വെയിൽ ചൂടുപിടിച്ചുവരുമ്പോൾ കടവിനരികിലെ തിരക്ക് കൂടുകയായി. എലത്തൂർ അങ്ങാടിയിലേക്കുപോകുന്നവർ, ജോലിക്കാർ, സ്ക്കൂൾ കുട്ടികൾ അങ്ങിനെയനവധി യാത്രികർ.

പുഴയിൽ മണൽ വാരുന്നവരോടു കുശലംപറഞ്ഞും, ചിലർ കടവിനരികിൽ നിന്നും മണൽ വാരുന്നതിന് പരാതിപറഞ്ഞും കടത്തുതോണിയിറങ്ങും.
പത്തുമണി കഴിയുന്നതോടെ കടവിലെ തിരക്കൊഴിയുമ്പോൾ അമ്മ ചായയുമായി എത്തും. ചായ കുടിച്ചുതുടങ്ങുമ്പോഴായിരിക്കും, കോരപ്പുഴ ഷാപ്പിലേക്കുള്ള കള്ളുമായി സജീവേട്ടനെത്തുക. നെറ്റിയിൽ ചുവന്നകുറിയും, കയ്യിൽ കറുത്തചരടുമായി പ്രസന്നവദനനായി ചുണ്ടിൽ മൂളിപ്പാട്ടുമായി വരുന്ന ആളൊരു രസികനായിരുന്നു. ഷാപ്പിലെ കള്ള് അളന്നു കൊടുത്ത് തിരികെ വരുമ്പോൾ പലപ്പോഴും കയ്യിൽ അരക്കിലോ പോത്തിറച്ചിയുണ്ടാകും.
അന്നും തോണി നടുപ്പുഴയിൽ എത്തിയപ്പോൾ വെള്ളത്തിനടിയിൽനിന്നും കുമിളകൾ ഉയരാൻ തുടങ്ങി, ഉച്ച സമയത്താണ്. ഞാനാണ് ആ അദ്ഭുതം പലപ്പോഴായികാണാറുള്ളത്.
പക്ഷെ അതിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല, അന്ന് പുഴക്ക് മുകളിലേക്ക് ഉയർന്നു പൊന്തി വന്ന അവനെ ഞാൻ കണ്ടു. ഒരു ആമ, അത്രയും വലിയൊരു ആമയെ ഞാൻ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു. അച്ഛനോടും, മറ്റു പലരോടും ഇതിനെക്കുറിച്ചുപറഞ്ഞപ്പോൾ ആമ ദൈവത്തിന്റെ പ്രതിരൂപമാണെന്ന മറുപടി, അമൃതിനായി പാലാഴി കടയുമ്പോൾ താണുപോയ മന്ഥരപർവ്വതത്തെ താങ്ങിനിർത്തി ദേവന്മാരെ രക്ഷിച്ച കൂർമ്മം, അച്ഛൻ പലപ്പോഴായി അവനെ കണ്ടിട്ടുണ്ടത്രേ.

ഉച്ചഭക്ഷണം കഴിഞ്ഞ്, വെയിലിന്റെ തളർച്ചയിൽ ക്ലബിനകത്തെ ബെഞ്ചിൽ കയറിക്കിടക്കും, നാളത്തെ കടത്തുകാരൻ അച്ഛനാണെന്ന് ആശ്വസിക്കുമ്പോഴായിരിക്കും അക്കരെനിന്നും യാത്രക്കാരന്റെ കൂക്കുവിളി ഉയരുക.
തലക്കുടയും ചൂടി അക്കരെയ്ക്ക് തോണി തുഴയുമ്പോൾ പൊള്ളുന്നവെയിലിൽ കയ്യിലെ ഇറച്ചി വെന്തുമണക്കുന്നുണ്ടാകും.

കടവിലെ നടവഴിയിൽ വെയിൽ താഴുമ്പോൾ വേനൽത്തുമ്പികൾ പറക്കാൻ തുടങ്ങും. ഇരുട്ടുപരക്കുമ്പോൾ പതിയെപ്പതിയെ അവയെല്ലാം അപ്രത്യക്ഷമാകും. രാത്രിസമയങ്ങളിൽ പൊതുവെ തിരക്കു കുറവായിരിക്കും. തോണി കുറ്റിയിൽ കെട്ടിയിട്ട് അമരത്ത് കയറിക്കിടക്കും. പരന്നൊഴുകുന്ന നിലാവിൽ *ഓര്കാറ്റ് വന്ന് തഴുകിത്തലോടും.

കൺമുൻപിൽ അവളുടെ ചിത്രം തെളിയാൻ തുടങ്ങും. രണ്ടുവർഷത്തെ പ്രണയം, പറിച്ചെറിയാൻ കഴിയാത്തവിധം ആഴത്തിൽ പതിഞ്ഞുപോയവൾ. ഉള്ളുപിടയുന്ന നോവായി അവളുടെ ഓർമ്മകൾ മദിച്ചെത്തുമ്പോൾ അക്കരെനിന്നും അവസാനയാത്രക്കാരന്റെ കൂക്കുവിളി ഉയരും. മധുരിമ സുരേഷേട്ടൻ, എലത്തൂരിൽ ബേക്കറി നടത്തുകയാണ്, രാത്രി കടപൂട്ടാൻ നേരത്ത് സുഹൃത്തുക്കളോടൊപ്പം രണ്ടെണ്ണമടിച്ചുള്ള വരവാണ്.
കടത്തിറക്കി, തോണി കെട്ടി വരുമ്പോൾ, കൂലിയായി പത്തുരൂപയും തന്ന് ആ മനുഷ്യൻ ഇരുളിലേക്കു നടന്നകലും. അപ്പോഴേക്കും തോണിയിലെ ചവിട്ടുപലകയെല്ലാം കഴുകി വൃത്തിയാക്കി വെള്ളം *കോച്ച്യാള കൊണ്ട് വറ്റിച്ച് ചുക്കാനും പൈസ പാട്ടയുമെടുത്ത് നടക്കുമ്പോൾ, നടപ്പാതയിലെ *വാളംപുല്ലിൽ പിടിച്ച് വലിച്ച് കയ്യിലുണ്ടാകുന്ന മുറിവിലെനീറ്റലിൽ അവളുടെ ഓർമ്മകളെ മറക്കാൻ ശ്രമിക്കും……

നടുത്തുരുത്തി കടവിലെ കടത്തുകാർക്കിടയിൽ ഓർമ്മിക്കപ്പെടുന്ന
ചില മുഖങ്ങളുണ്ട്. അത് കോരനേട്ടനും, എര്യച്ഛനുമാണ്.

വാർദ്ധക്യത്തിന്റെ അവശതകളിലും,
ചെറിയ വള്ളത്തിൽ കണ്ടാടി വലയുമായി മീൻപീടിക്കാൻ ഇറങ്ങുന്ന അവർ പലപ്പോഴും
നടുത്തുരുത്തി കടവിലെ കടത്തുകാരന്റെ വേഷമണിയും…..
മഴയിലും, മഞ്ഞിലും, വേനലിലും
അവരുടെ ചുക്കിച്ചുളിഞ്ഞ
ശരീരം കീഴ്‌പ്പെടാൻ തയ്യാറായിരുന്നില്ല –
ഒരിക്കൽ, കടലിൽ മീൻ പിടിക്കാൻ പോയ ബോട്ട് തിരികെ വരുമ്പോൾ അതിന്റെ സ്പീഡിലുണ്ടായ ഓളത്തിൽ
കടവിന് സമീപം വലയിട്ട് കൊണ്ടിരുന്ന എര്യച്ഛൻ തോണി മറിഞ്ഞ് വെള്ളത്തിൽ പോയി- ആരൊക്കെയോ ചേർന്ന് അദ്ദേഹത്തെ കരക്കെത്തിച്ചു – പാപ്പന്റെ വീട്ടിൽ നിന്നും ഒരു ഗ്ലാസ് കട്ടൻ ചായ വാങ്ങി കുടിമ്പോൾ എര്യച്ഛന്റെ ശരീരം തണുത്ത് വിറക്കുന്നുണ്ടായിരുന്നു –

തിരശ്ശീലക്ക് പിന്നിൽ മറഞ്ഞിട്ട്
വർഷങ്ങളായെങ്കിലും,
കടവിനരികിലിരിക്കുമ്പോൾ
എര്യച്ഛന്റെയും, കോരേട്ടന്റെയും
ഓർമ്മകൾ വേദനിപ്പിക്കുന്നു..

ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്താണ് ആദ്യമായി തോണിയിലൊരു കുറ്റ്യാടി യാത്ര തരപ്പെട്ടത്- ആയൊരു കാലത്ത് അച്ഛന് ധാരാളം തോണികൾ ഉണ്ടായിരുന്നു – കുറ്റ്യാടി പുഴയിൽ മണൽ വാരുന്നതിന് തോണി വാടകക്ക് കൊടുത്ത് അതിലൂടെ ഒരു വരുമാന മാർഗ്ഗം അച്ഛൻ കണ്ടെത്തിയിരുന്നു-
അങ്ങനെയൊരു തോണിയുമായി ഞാനും ഏട്ടനും സന്ധ്യക്ക് യാത്ര തുടർന്നു -തോണിയിൽ ഒരു ദിവസത്തേക്കുള്ള കുടിവെള്ളവും ലഘുഭക്ഷണവുമുണ്ടായിരുന്നു-പഴങ്ങളും ബിസ്ക്കറ്റും. രാത്രി കഴിക്കാനുള്ള ചോറ് വാഴയില വാട്ടി അമ്മ പൊതിഞ്ഞു തന്നതു അണിയത്ത് ഭദ്രമായി വെച്ചു. വേലിയേറ്റം തുടങ്ങിയപ്പോൾ ഞങ്ങൾ യാത്ര തുടർന്നു – ഞങ്ങളിൽ ഒരാൾ തുഴ കുത്തുമ്പോൾ മറ്റേയാൾ വിശ്രമിക്കും -വേലിയേറ്റത്തിന് ശക്തി കൂടുന്നതിനനുസരിച്ച് യാത്ര കൂടുതൽ സുഖപ്പെട്ടു തുടങ്ങി-
ഓരോ കടവും കടന്നു പോകുമ്പോൾ പുഴയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ മീൻ പിടിക്കാനിറങ്ങിയ ചെറിയ തോണികൾ കാണാമായിരുന്നു – മൂന്നു നാലു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് വിശ്രമമേകി ഏട്ടൻ തോണിയുടെ നിയന്ത്രണം ഏറ്റെടുത്തു – അൽപം വെള്ളവും, രണ്ട് ബിസ്ക്കറ്റും കഴിച്ച് ഞാൻ നടുപ്പടിയിൽ കയറി ഇരുന്നു –

ഓരുകാറ്റ് ചെറിയൊരു കുളിരു കോരി കടന്നു പോയപ്പോൾ അവളെക്കുറിച്ചുള്ള ഓർമ്മകൾ ക്ഷണിക്കാതെ കടന്നു വന്ന അതിഥിയായി….
അവൾക്കെന്നോടുള്ള പ്രണയത്തിന്റെ ചിറകിൽ നിന്നും നിറമുള്ള തൂവലുകൾ നിഷ്ക്കരുണം പൊഴിച്ചു കളഞ്ഞപ്പോൾ രക്തം കിനിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു…
കോളേജ് വരാന്തയിലൂടെ നടന്നുപോകുന്ന പാദസരത്തിന്റെ കിലുക്കം കാതുകളിൽ മുഴങ്ങുന്നു – കാത്തിരുന്ന് മുഷിഞ്ഞ്, പരിഭവം നിറഞ്ഞ എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ നടന്നകലും-
ഉറക്കം കണ്ണുകളിൽ തൂങ്ങിയാടുന്നു.
പതിയെപ്പതിയെ അവളോടുള്ള പ്രണയത്തിന്റെ നനുത്ത ഓർമ്മകളിലേക്ക്…പിന്നെ
നിദ്രയെന്നെ പുണർന്നു.

ഉറക്കമുണർന്ന് ചുറ്റും നോക്കിയപ്പോൾ അകലാപ്പുഴ കഴിഞ്ഞിരിക്കുന്നു – ഏട്ടനപ്പോഴും തുഴ കുത്തുകയാണ് –
” ഏട്ടാ ഞാൻ തുഴയാം ” എന്നും പറഞ്ഞ്
ഉറങ്ങിപ്പോയതിന്റെ കുറ്റബോധം കാരണം ഞാൻ ചാടി എഴുന്നേറ്റു.
“മുഖം കഴുകി നീ
കുറച്ച് നേരം ഇരിക്കി –
ഉറക്കമൊന്നുപോട്ടെ” –
എന്നും പറഞ്ഞ് ഏട്ടൻ തുഴച്ചിൽ തുടർന്നു.
പുഴയിൽ നിന്നും കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി കുറച്ച് കഴിഞ്ഞ്
അമരത്ത് കയറി തുഴ കുത്തി യാത്രയുടെ ആവേശം വീണ്ടെടുത്തു.
പുലർച്ചെ അഞ്ച് മണി ആകുമ്പോഴേക്കും പയ്യോളി ചീർപ്പിനടുത്തെത്തി.
“ആറു മണി കഴിഞ്ഞേ ചീർപ്പ് തുറക്കു……
സമയമുണ്ട് “എട്ടൻ പറഞ്ഞു.
പുഴ വെള്ളത്തിൽ മുഖം കഴുകി,
പ്രാഥമികാവശ്യങ്ങൾ നിവർത്തിച്ച്, ചായ കുടിച്ച് വരുമ്പോഴേക്കും
ചീർപ്പ് തുറന്നിരുന്നു –
കുറ്റ്യാടി പുഴയിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതും
ക്ലേശകരവുമായിരുന്നു –
പുഴയിലെ ആഴം കാരണം എരങ്കോൽ കുത്താൻ പറ്റുമായിരുന്നില്ല. കാറ്റും ഒഴുക്കും ഞങ്ങൾക്ക് പ്രതികൂലമായി- വെയിലിന്റെ കാഠിന്യം വല്ലാതെ തളർത്തി – വീതി കുറഞ്ഞ പുഴയുടെ അരികു പിടിച്ച് ഞങ്ങൾ തുഴഞ്ഞു. വൃക്ഷത്തലപ്പുകളിൽ അവിടവിടെയായി ധാരാളം പ്ലാസ്റ്റിക് കവറുകൾ അള്ളി പിടിച്ചിരുന്നത്, മഴക്കാലത്ത് ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോൾ പുഴയിൽ എത്രത്തോളം ഉയരത്തിൽ വെള്ളം പൊന്തിയിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. വൈകുന്നേരത്തിനോടടുത്ത് ഞങ്ങൾ ലക്ഷ്യത്തിലെത്തി – പറഞ്ഞുറപ്പിച്ച കൂലിയും വാങ്ങി തിരിച്ചു വരുമ്പോൾ കടവിലെ പലരും വന്ന് കുശലാന്വേഷണം നടത്തി- എനിക്ക് പരിചിതരല്ലാത്ത അവർക്ക് എന്റെ
മുഖം അച്ഛന്റെ രൂപത്തിൽ പരിചിതമായിരുന്നു.
കുറ്റ്യാടി പുഴയിലെ പല കടവുകളിലും
അത്രയേറെ സൗഹൃദങ്ങൾ
അച്ഛനുണ്ടായിരുന്നു –
വീട്ടിലെത്തി കുളി കഴിഞ്ഞ് ഭക്ഷണവും കഴിച്ച് യാത്രയുടെ ആലസ്യത്തിൽ,
നഷ്ട്ടപ്പെട്ടെങ്കിലും
പ്രതീക്ഷയുടെ കണികകൾ ബാക്കിയാക്കി
അവളുടെ ഓർമ്മകളിൽ
പുതച്ചു കിടന്നു…

പണ്ടുകാലത്ത് വലിച്ചേറ്റിക്കടവ് എന്നറിയപ്പെട്ടിരുന്ന കടവിൽ അച്ഛാഛനായിരുന്നു ആദ്യമായി കടത്തുതോണി കൊണ്ടുവന്നത്. വെള്ളം വറ്റലിൽ സുഗമമായി നടന്നുപോകാവുന്നതും, വേലിയേറ്റത്തിൽ ഉടുതുണി പൊക്കിപ്പിടിച്ച് പോകേണ്ടിവരുമെന്നതിനാലുമാണ് ഈ കടവിന് വലിച്ചേറ്റിക്കടവ് എന്ന പേരുവന്നത്. പണ്ടുകാലത്ത് ആളുകൾ നടന്നുപോയിരുന്ന കടവിൽ ഇന്ന് മണലെടുത്ത് ആഴം കൂടിയിരിക്കുന്നു.

ഓർമ്മവെച്ച കാലംമുതൽ നടുത്തുരുത്തിയിലെ കടത്തുകാരൻ അച്ഛനായിരുന്നു. അച്ഛനെക്കുറിച്ചോർക്കുമ്പോൾ കറുത്തഷർട്ടും, കാവിമുണ്ടും തലയിലൊരു തോർത്തുമുണ്ടും കെട്ടിയുള്ള അച്ഛന്റെ രുപം മനസ്സിൽ തെളിയും.
ചെറിയ തോണിയിൽ തിരക്കുള്ള സമയങ്ങളിൽ പത്തോ പന്ത്രണ്ടോ പേർ കയറും. എല്ലാവർക്കും മുൻപെ അക്കരെയെത്തണം. രണ്ടിഞ്ച് കനത്തിൽ വെള്ളം കയറിയാൽ ഓർമ്മചിത്രങ്ങളായി മാറുന്ന അവസ്ഥ. അച്ഛനാണ് കടത്തുകാരനെങ്കിൽ യാത്രക്കാർ തോണിയിൽനിന്ന് ചലിക്കുകയോ, എന്തിന് ശ്വാസം വിടാൻപോലും പ്രയാസപ്പെട്ടായിരിക്കും കടത്തിറങ്ങുക. സ്ക്കൂൾ കുട്ടികൾക്ക് യാത്ര സൗജന്യമാണ്, കോളേജിൽ പഠിക്കാൻ പോകുന്നവരിൽനിന്നും അച്ഛൻ കടത്തുകൂലി ചോദിച്ചു വാങ്ങും.

വൈകുന്നേരങ്ങളിൽ അച്ഛന് ചായ നിർബന്ധമാണ്. തിരക്കൊഴിയുന്ന സമയങ്ങളിൽ ഗോതമ്പ് പത്തിരിയും പൊരിച്ച മീനും കറിയുമായി കടവിലെത്തിയാൽ അമരത്തിരുന്ന് കുപ്പിയിൽനിന്നും കുടിവെള്ളമെടുത്ത് കൈകഴുകി അച്ഛൻ വിശപ്പകറ്റും.
ഒരുദിവസം അച്ഛൻ പൊരിച്ചഅയലയും കൂട്ടി പത്തിരി കഴിക്കുമ്പോൾ പോലീസുകാരൻ പ്രദീപേട്ടൻ ഓടിയെത്തി അയല കൈക്കലാക്കാൻ നോക്കി. അച്ഛൻ പാത്രം മറുപുറത്തേക്ക് നീട്ടി
തൂ, തൂഫ് എന്ന് ഒച്ചയുണ്ടാക്കി, തുപ്പൽ പുരണ്ടെന്ന തോന്നലിൽ അയലയിലുള്ള പ്രദീപേട്ടന്റെ ആശ പൊലിഞ്ഞ് …
“മോനെ, ഒരുദിവസം എന്റെ കയ്യിൽ കിട്ടും” എന്നുംപറഞ്ഞ് പ്രദീപേട്ടൻ വെയിറ്റിംഗ് ഷെഡ്ഡിൽ കയറിയിരുന്ന് അച്ഛനോട് കുശലം പറഞ്ഞിരിക്കും. അങ്ങനെ എത്രയെത്ര ഓർമ്മകൾ!

മഴക്കാലത്ത് നടുത്തുരുത്തി പുഴ വെള്ളിയരഞ്ഞാണം കെട്ടിയ കണക്കെ കരനിറഞ്ഞൊഴുകും. ഒഴിവുസമയങ്ങളിൽ അച്ഛനെ സഹായിക്കാൻ അണിയത്തിരുന്ന് ഞാനോ അനിയനോ തുഴയെടുക്കും. ഉപ്പുവെള്ളം മാറി പുഴയിൽ നല്ല വെള്ളം വരുന്നതോടെ അച്ഛന്റെ കയ്യിലും കാലിലും വെള്ളം തിന്നാൻ തുടങ്ങിയിട്ടുണ്ടാകും.
വൈകുന്നേരമാകുമ്പോൾ തെക്കെപുരയിലെ ചെക്ക്വച്ഛന്റെ വീട്ടിൽനിന്നും മൈലാഞ്ചി പറിച്ചുകൊണ്ടുവന്ന് അമ്മ ഉപ്പും കൂട്ടി അരച്ചുവെക്കും. കടവുപൂട്ടി വന്ന് കുളി കഴിഞ്ഞ് ചൂടുവെള്ളത്തിൽ കയ്യും കാലും കഴുകി, അടുത്ത ദിവസത്തെ തുഴയെടുക്കാനുള്ള തയ്യാറെടുപ്പിനായി മൈലാഞ്ചി പുരട്ടി ആ നീറ്റലിൽ അച്ഛൻ ഉറക്കത്തിലേക്ക് വഴുതും.

കോൺക്രീറ്റ് പാലവും റോഡും വന്നതോടെ നടുത്തുരുത്തിയും മാറ്റത്തിന്റെ പാതയിലായി. മിക്കവീടുകളിലും സ്വന്തമായി വാഹനങ്ങളായി. പതിയെ പതിയെ കടവിലെ തിരക്ക് കുറയാൻ തുടങ്ങി.വളരെ അപ്രതീക്ഷിതമായാണ്
അച്ഛൻ കടവ് ഉപേക്ഷിച്ച് ചെന്നെയിൽ അനിയന്റെ ഹോട്ടലിലെ കാഷ്യർ ജീവിതത്തിലേക്ക് ചേക്കേറിയത്. ചെന്നൈയിലെ ചൂടും, ഭക്ഷണവും അച്ഛന് അസഹ്യമായി തീർന്നിരിക്കണം, അമ്മ വെച്ചുവിളമ്പുന്ന ചോറും കറിയും കഴിക്കാൻ അച്ഛൻ മാസത്തിലൊരിക്കൽ നാട്ടിലേക്ക് തിരിക്കുമായിരുന്നു.

അന്നൊരിക്കൽ പണിതിരക്കിനിടയിൽ ഫോൺ ബെല്ലടിക്കുന്നതുകേട്ട് ഓടിച്ചെന്ന് ഫോണെടുത്ത് “എന്തേ വിളിച്ചത്” എന്ന എന്റെ ശബ്ദത്തിൽ അല്പം ഗൗരവം നിറഞ്ഞിരുന്നു.
“നിന്റെ ശബ്ദമൊന്ന് കേൾക്കാൻവേണ്ടി വിളിച്ചതാണ്” എന്ന മറുതലക്കൽനിന്നും ഇടറുന്ന ശബ്ദവുമായി അച്ഛന്റെ മറുപടി കേട്ട് കണ്ണുനിറഞ്ഞ് വാക്കുകൾ കിട്ടാതെ ഞാനുഴറി.

പറയാൻ ബാക്കിവെച്ച വാക്കുകളുമായി യാത്രയായപ്പോൾ അച്ഛന്റെ ചിതാഭസ്മം കടവിന്റെ മടിത്തട്ടിൽ വിലയം പ്രാപിച്ചു.
നീന്തിത്തുടിച്ചും മണൽവാരിയും, ചകിരി പൂഴ്ത്തിയും കടത്തുകാരനായും അച്ഛനാ കടവിലായിരുന്നു.
അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന നടുത്തുരുത്തി കടവ്.

അച്ഛന്റെ ഓർമ്മകൾക്ക് കൂട്ടിരിക്കാൻ പലപ്പോഴും സന്ധ്യാസമയങ്ങളിൽ കടവിനരികിൽ ചെന്നിരിക്കും. കൂടണയുന്നതിനായി പറന്നുപോകുന്ന പക്ഷികൾ, ഇരുൾ പുഴയുടെ വിജനതയിൽനിന്നും അവസാനയാത്രികനുമായി തിരികെ വരുന്ന കടത്തുതോണി. മനസ്സിൽ ശൂന്യത നിറയുന്ന അവസരത്തിൽ റോസ്മേരിയുടെ ഒരു ദിനാന്ത്യക്കുറിപ്പ് എന്ന കവിത മനസ്സിൽ ഒഴുകിയെത്തും.

ഈ സാന്ധ്യ വിമൂകത
എത്രമേൽ
ഹൃദയഭേദകം’….
എത്രമേൽ വ്യഥിതമീ,
വിഫലജീവിത ദിനാന്ത്യവേളകൾ…


*ഓര്കാറ്റ് – ഉപ്പു് കാറ്റ്
*വലു-ഒഴുക്ക്
*ചേരി- ചകിരി
*പടന്ന – ‘കൈക്കോട്ട്
*വാളം പുല്ല് – ബ്ലേഡ് പോലെ മൂർച്ചയുള്ള നീളം കൂടിയ ഒരു പുല്ല് – പുഴക്കരയിൽ ധാരാളമായി കാണപ്പെടും..
*കോച്ച്യാള – തോണിയിൽ നിന്നും വെള്ളം ഒഴിവാക്കാനായി ഉപയോഗിക്കുന്നത്- പാള എന്നും പറയും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…