സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അച്ഛന്റെ പുഴ (3)

സുധീഷ് നടുത്തുരുത്തി

ഓര്‍മ്മകള്‍ പകുത്തെടുത്ത് നോക്കവെ,
കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ സുഗന്ധം പരത്തി കടന്നു പോയ ജന്മങ്ങള്‍ എത്രയെത്ര…നടുത്തുരുത്തിയുടെ മണ്ണില്‍ കാലുറപ്പിച്ച് കളിച്ച്, രസിപ്പിച്ച്…..
ഒടുവില്‍ രംഗബോധമില്ലാതെ കടന്നു വന്ന കോമാളിയുടെ കൂടെ,
മായാത്ത ചിരി സമ്മാനിച്ച് യാത്രയായ സുനിയേട്ടന്‍..

അച്ഛനുള്ള ചായയുമായിട്ടാണ് രാവിലെ കടവിലേക്കെത്താറ് – ചെറിയൊരു കോപ്പയില്‍ കറിയും, അതിന് മുകളില്‍ ഒരു പ്ലേറ്റില്‍ പത്തിരിയോ, പുട്ടോ മൂടിവെച്ച് നടക്കുമ്പോള്‍, ടിപ്പിന്‍ പാത്രത്തിലെ ചായയും ഗ്ലാസും വിരലുകള്‍ക്കിടയില്‍ നിന്നും വിറയാര്‍ന്ന് താഴേക്ക് വഴുതി പോകാന്‍ പാകമായി നില്‍ക്കുന്നുണ്ടാകും.അത്യധികം ജാഗ്രതയോടെ കടവിലേക്ക് നടക്കുമ്പോള്‍, വേലിയിറക്കത്തില്‍ വറ്റിവരണ്ട ചേരിക്കുഴിപ്പുറത്തെ പച്ചപ്പാടിന് മുകളിലും, നടവഴികളിലും വേനല്‍തുമ്പികള്‍ വട്ടമിട്ട് പാറി പറക്കുന്നുണ്ടാകും. അച്ഛനുള്ള ചായയും, കൂട്ടാനും ക്ലബിലെ മേശമേല്‍ പത്രങ്ങള്‍ക്കരികില്‍ വെച്ച് ദീര്‍ഘനിശ്വാസം വിടുമ്പോള്‍, വിരലുകള്‍ കറിപാത്രത്തിന്റെ ചൂടില്‍ തട്ടി ചുവന്ന് തുടുത്തിട്ടുണ്ടാകും. യാത്രികരുമായി തിരിച്ചു വരുന്ന അച്ഛനു നേരെ മിഴികള്‍ പായിച്ചിരിക്കുമ്പോള്‍, അക്കരെ കടവിനരികെ,
ഉദയസൂര്യന്റെ കിരണങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി
മെടഞ്ഞ മുഴുവനോലയെടുത്ത് ചേരിച്ചോറില്‍ കുത്തി നിര്‍ത്തി,
ചേരി തല്ലുന്ന മാധവ്യേടത്തിയും യശോധേടത്തിയും കാര്‍ത്ത്യായനിയമ്മയും കാഴ്ചകളില്‍ നിറയും…..

പുലര്‍ച്ചെ കടവുണരും മുന്‍പെ സുനിയേട്ടന്‍ അക്കരെ കടക്കും. വടകരയ്ക്കുള്ള ആദ്യ ബസ്സിന് പയ്യോളി ഇറങ്ങി, ആവള കടവിലേക്കുള്ള യാത്ര ജീപ്പില്‍ തുടരും.മണല്‍ വാരി തോണി കടവില്‍ കെട്ടിക്കൊടുത്ത് ഉച്ചയാകുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തിയാല്‍ ശരീരമാസകലം എണ്ണയും തേച്ച് കടവിനരികില്‍ പത്രം വായിച്ചും, കൂട്ടുകാര്‍ക്കൊപ്പം തമാശ
പറഞ്ഞുമിരിക്കും….
അന്നൊക്കെയും നടുത്തുരുത്തിയിലെ ഭൂരിഭാഗം പേരും മണലെടുക്കുകയോ, തേങ്ങാപ്പണിയോ, മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരോ, ചേരിപ്പണിക്കാരോ ആയിരുന്നു.

ഭക്ഷണവും കഴിച്ച് ഉച്ചയുറക്കവും കഴിഞ്ഞ് പീടികയ്ക്ക് അരികിലേക്ക് വരുന്ന സുനിയേട്ടനെ പത്തു വയസ്സില്‍ താഴെ പ്രായമുള്ള ഞങ്ങള്‍ കാത്തിരിക്കും. കീശയില്‍ നിന്നും വിസിലെടുത്ത്
ഊതുമ്പോള്‍ ഞങ്ങളെല്ലാവരും സുനിയേട്ടന് ചുറ്റും കൂടിയിരിക്കും.പിന്നീട് ഓട്ടം, ചാട്ടം തുടങ്ങിയ മത്സരത്തിനുള്ള നിര്‍ദ്ദേശങ്ങളും, അടയാളപ്പെടുത്തലുകളുമാണ്. ജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും ദേവദാസേട്ടന്റെ പീടികയില്‍ നിന്നും മിഠായിയോ, പലഹാരങ്ങളോ വാങ്ങി തരും.

രാത്രി എട്ട് മണിയോടടുക്കുമ്പോള്‍ പീടികയ്ക്ക് സമീപം തടിച്ചുകൂടുമായിരുന്നു നടുത്തുരുത്തിയിലെ യുവത്വങ്ങള്‍…. ക്ലബുകള്‍ സജീവമായി നിലനിന്നിരുന്ന ആ നാളുകളില്‍ ,വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന കമ്പവലി മത്സരത്തിന്റെ റിഹേഴ്‌സലിനായി എത്തിയവര്‍…. പരിശീലന മത്സരത്തിന്റെ ഭാഗമായി നടുത്തുരുത്തിയിലെ എ ടീം, ബി ടീമുമായി ഏറ്റുമുട്ടും. വടംവലി തുടങ്ങുമ്പോള്‍ രണ്ട് ടീമും കാലുറപ്പിച്ച് വെയ്ക്കാന്‍ കമ്പോ, ചിരട്ടയോ ഉപയോഗിച്ച് ചെറിയ കുഴികള്‍ കുത്തുമായിരുന്നു.
ആര്‍പ്പുവിളികള്‍ക്കിടയിലും ഒരു നാടിന്റെ സ്പന്ദനം മുഴങ്ങിക്കേട്ട നാളുകളായിരുന്നു അന്ന്.

പുതിയോട്ടില്‍ കടവില്‍ ജാസ് ക്ലബിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി രാത്രിയില്‍ സ്റ്റേജില്‍ കലാപരിപാടികള്‍ അരങ്ങേറുകയാണ്.കാണികളുടെ കൂട്ടത്തില്‍ സുനിയേട്ടനുമുണ്ട് .പ്രച്ഛന്നവേഷ മത്സരത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍, അടുത്തുള്ള വീട്ടില്‍ നിന്നും ഒരു ചണച്ചാക്കും, പറമ്പില്‍ നിന്നും ഒരു തവളയെയും പിടിച്ച്, മുണ്ടൊന്ന് മാറ്റിക്കുത്തി സുനിയേട്ടന്‍ സ്റ്റേജില്‍ കയറി.കയ്യിലിരുന്ന തവളയെ സ്റ്റേജിലിട്ട് ഒരു തവളപിടുത്തക്കാരന്റെ വേഷം അനായാസം ഫലിപ്പിച്ച് സ്റ്റേജില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ആ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയും,
മൂക്കിന്‍ തുമ്പത്തെ കാക്കാപ്പുള്ളിയുടെ തെളിച്ചവും ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു…

ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് കോരപ്പുഴയിലെ സ്‌പൈമോക്ക് പരിപാടികള്‍ സംഘടിപ്പിക്കാറ്. വിവിധങ്ങളായ പരിപാടികളില്‍ വശ്യമായ കാഴ്ചയില്‍ നിറഞ്ഞിരുന്ന ജലഘോഷയാത്രയില്‍ പങ്കാളിത്വം ഉറപ്പിച്ച് കൊണ്ട് നടത്തുരുത്തിയിലെ കലാസ്‌നേഹികളും കൈകോര്‍ക്കും. വിഷയസ്വീകരണത്തിന് ശേഷം രണ്ട് വലിയ തോണികള്‍ കൂട്ടിക്കെട്ടി പലകയടിച്ച് ഒരു സ്റ്റേജ് ഒരുക്കുക എന്നതാണ് ആദ്യഘട്ടം. ഓല മേഞ്ഞ ചെറിയൊരു കൂരയും, സമീപത്തായി തെങ്ങിന്‍ ചോട്ടിലിരുന്ന് ശീട്ട് കളിക്കുന്ന ചെറുപ്പക്കാരും, മീന്‍ കൊട്ടയുമായി വഞ്ചിക്കാരെ കാത്തിരിക്കുന്ന പെണ്ണുങ്ങളും, സൈക്കിളിലെ കച്ചവടക്കാരും, വലയുമായി ചെറിയ തോണിയിലേക്ക് നടന്നു നീങ്ങുന്നവരും, എല്ലാവര്‍ക്കും മുന്നില്‍ തലക്കുടയും ചൂടി വല വീശാനായി നില്‍ക്കുന്ന സുനിയേട്ടനും…..
ഒരു കടപ്പുറത്തിന്റെ പശ്ചാത്തലമൊരുക്കിക്കൊണ്ടായിരുന്നു
ആ വര്‍ഷത്തെ ഒന്നാം സമ്മാനത്തിനര്‍ഹമായ ദൃശ്യവിസ്മയമൊരുക്കിയത്.

ഇന്ന് നാട് മറന്ന കാഴ്ചകള്‍ക്കൊപ്പം,
ന്യൂവോയ്‌സ് ക്ലബ് കടവിന് സമീപം, പൊളിഞ്ഞ് വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമായി ശേഷിക്കുകയാണ്.

ആഘോഷനാളുകളിലെ മത്സരങ്ങള്‍ക്കോ, അതിജീവനത്തിനോ വേണ്ടി ഒരു ജനത കൈകോര്‍ത്തു ചേര്‍ന്നു നിന്ന നാളുകളില്‍, പാരസ്പര്യവിശ്വാസവും, സാഹോദര്യവും പുത്തനുണര്‍വ്വുകളും സമ്മാനിച്ച കുട്ടിക്കാലത്തിന്റെ ചിത്രം പൂര്‍ണ്ണമാകുന്നത്, സുനിയേട്ടന്റെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കുമ്പോഴാണ്…….

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…