സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അച്ഛന്റെ പുഴ (2)


സുധീഷ് – നടുത്തുരുത്തി


പൊട്ടിപൊളിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം,അച്ഛന്റെ ഓർമ്മകൾക്ക് കൂട്ടിരിക്കാൻ പലപ്പോഴും ‘ കടവിനരികിലെത്തും.കടത്തു കഴിഞ്ഞ് തോണിക്കാരൻ പോയിട്ടുണ്ടാകും.വേലിയേറ്റത്തിൽ
പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ രാത്രിസഞ്ചാരികളെ,
പരന്നൊഴുകുന്ന നിലാവിൽ,
അകലങ്ങളിൽ കാണാം.
തണുത്ത കാറ്റിൽ മരവിച്ചിരിക്കുമ്പോഴും, നക്ഷത്രങ്ങൾ
കണ്ണു ചിമ്മി ഓർമ്മകളെ
വിളിച്ചുണർത്തും.
കുട്ടിക്കാലത്തെ
നനവൂറും ഓർമ്മകളിൽ
സമ്പുഷ്ടമാക്കിയിരുന്നു അച്ഛൻ.

രാവിലെ ആറു് മണിക്ക് കടവിലെത്തിയാൽ രാത്രി പത്ത് മണി കഴിഞ്ഞ് കടവ് പൂട്ടിയായിരുന്നു അച്ഛൻ വീട്ടിലെത്താറ്. ഭക്ഷണങ്ങൾ അമ്മയോ, ഞാനോ കടവിലേക്കെത്തിക്കാറായിരുന്നു പതിവ്. രാത്രിയിൽ അച്ഛന്റെ വരവിനായി കാത്തിരിക്കുക എന്റെയൊരു ശീലമായിരുന്നു.
വന്ന് കയറിയ ഉടനെ പൈസയിട്ട പാട്ട കയ്യിൽ തന്നിട്ട് എണ്ണി തിട്ടപ്പെടുത്തി വെക്കാൻ പറയും- ആരും കാണാതെ ഇരുപഞ്ച് പൈസയോ, അമ്പത് പൈസയോ എടുത്ത് മാറ്റിവെയ്ക്കും -അത് സ്കൂളിലേക്കുള്ള യാത്രയിൽ ജാഫർക്കാന്റെ കടയിൽ നിന്നും ഉപ്പിലിട്ട മാങ്ങയോ ഈന്തപ്പഴമോ വാങ്ങി കഴിക്കാനായിരിക്കും –
കുളിക്കാൻ പോകുന്നതിന് മുൻപായി അമ്മയോട് “പിള്ളേര് ചോറ് കഴിച്ചോ? എന്നൊരു ചോദ്യമുണ്ട് – ഇല്ലാ എന്നാണ് മറുപടിയെങ്കിൽ അടുക്കളയിൽ നിന്നും വലയുമെടുത്ത് വീടിന്റെ പുറകിലേക്ക് നടക്കും.
പുഴയിൽ കരയ്ക്ക് ചേർന്ന് വെള്ളത്തിലുള്ള തെങ്ങിൻ കുറ്റിയാണ് ലക്ഷ്യം – അതിനെ വലയെറിഞ്ഞ് മൂടി അച്ഛൻ വെള്ളത്തിലേക്കിറങ്ങും. തെങ്ങിൻകുറ്റിയുടെ അടിയിലെ പൊത്തിലുള്ള മീനിനെ തപ്പിപ്പിടിച്ച് കരയിലേക്കെറിയും -അപ്പോഴേക്കും അമ്മ ഒരു ചട്ടിയിൽ അൽപ്പം വെള്ളവുമെടുത്ത് മീൻ മുറിക്കാനുള്ള കത്തിയും, മുട്ടിയുമായി പുഴക്കരയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. കരയിലേക്കെറിയുന്ന ഓരോ മീനും ചട്ടിയിലേക്കെത്തിക്കുന്നത് ഞാനായിരുന്നു.
മീൻ പിടിച്ച് കഴിഞ്ഞ് അച്ഛൻ കരയ്ക്ക് കയറും. കുളി കഴിഞ്ഞ് വരുമ്പോഴേക്കും അമ്മ ചോറ് വിളമ്പിയിരിക്കും.
ഉറങ്ങിക്കിടക്കുന്ന അനിയനെയും, അനിയത്തിയെയും വിളിച്ചുണർത്തി ഭക്ഷണം കഴിക്കുമ്പോൾ പൊരിച്ച മീനുകൾ ഞങ്ങൾക്കായി വീതിച്ച്, മൊളക് കറിയും കൂട്ടി, മുക്കാൽ വെന്ത മീനൊന്ന്
നുള്ളിക്കഴിച്ചെന്ന് വരുത്തി, ഞങ്ങൾ ഉണ്ട് നിറയുന്ന സംതൃപ്തിയിൽ അച്ഛൻ ഉറങ്ങാൻ കിടക്കും.
വേനലവധിയ്ക്ക് കൂണുകൾ മുളച്ച് പൊന്തും പോലെ ,അവിടവിടെയായി കുട്ടികൾ ചെറിയ പെട്ടിക്കടകൾ തുറക്കുമായിരുന്നു. വീടിനടുത്ത് തൊട്ടടുത്ത പറമ്പിലെ മാവിൻ ചുവട്ടിലും ഒരു പെട്ടിക്കട ഉയർന്നു. പൊട്ടുന്ന കുപ്പികളിൽ വർണ്ണശബളമായി മിഠായികൾ നിരന്നിരിക്കും.കടയുടമയായ കൂട്ടുകാരനും,
മിഠായി വാങ്ങാനെത്തിയ കൗതുകം വിടർന്ന കണ്ണുകളും നോക്കിയിരിക്കാൻ രസകരമായിരുന്നു. ഒരു ദിവസം അവരെന്നോട് പറഞ്ഞു . “നീ ഇവിടെ നിൽക്കണ്ട …വീട്ടിൽ പോയ്ക്കോ- നിന്റെ അസുഖം പകരും …”
ഒറ്റക്കാവുന്നതിന്റെ അമർഷമോ, ദേഷ്യമോ ഒക്കെ ആയിരിക്കണം, അവിടത്തന്നെ നിന്ന് പ്രതിഷേധമറിയിച്ചപ്പോൾ, മിഠായി കുപ്പികൾ തക്കാളി പെട്ടിയിൽ നിറച്ച് അവർ മറ്റൊരു സ്ഥലം തേടിപ്പോയി. അക്കാലത്ത് നിർത്താതെയുള്ള ചുമ വല്ലാതെ തളർത്തിയിരുന്നു്. അച്ഛന്റെ കയ്യും പിടിച്ച് എത്ര തവണ ഹോസ്പ്പിറ്റലിന്റെ വരാന്തകൾ കയറിയിറങ്ങി. തളർന്ന എന്നെയും എടുത്ത് നടക്കുമ്പോൾ, പൊള്ളുന്ന ടാറിന്റെ ചൂടിലും, ചെരിപ്പിടാത്ത അച്ഛന്റെ കാലുകൾ വെന്തു നീറുമ്പോഴും, ആ മാറിലെ ചൂടിൽ ഞാൻ സുരക്ഷിതനായിരുന്നു.
എലത്തൂരിലെത്തി മധുരിമ സുരേഷേട്ടന്റെ ബേക്കറിയിൽ നിന്നും വെള്ളം കുടിക്കുന്ന സമയത്താണ്, വരാന്തയിൽ തൂക്കിയിട്ടിരുന്ന അമർ ചിത്രകഥകൾ കണ്ണിൽപ്പെട്ടത്. ഒറ്റപ്പെടലിന്റെ വെറുപ്പിൽ നിന്നും മോചിതനാകാൻ വായന ഉപകരിക്കും എന്ന് അച്ഛനും കരുതിയിരിക്കാം -ചിത്രങ്ങളും, കഥകളും നിറഞ്ഞ പൂമ്പാറ്റയെന്ന ആഴ്ചപ്പതിപ്പ് കയ്യിൽ വച്ച് തരുമ്പോൾ ആയിരം നക്ഷത്രങ്ങളുടെ തിളക്കത്തോടെ മനസ്സ് പ്രകാശിതമായിരുന്നു…

കുടിവെള്ളമോ, കട്ടൻ ചായയുമായിട്ടോ ആയിരിക്കും സന്ധ്യാ സമയങ്ങളിൽ കടവിലേക്കെത്തുക -തിരക്കൊഴിയും വരെ അച്ഛനെ കാത്തിരിക്കും.
ചായ പാത്രങ്ങളും, ഒഴുകി കിട്ടിയ തേങ്ങയുമായി തിരിച്ചു വരുമ്പോൾ അച്ഛന്റെ കറുത്ത ഷർട്ട് തോളിൽ തൂങ്ങി കിടപ്പുണ്ടാകും – ഒരു ദിവസത്തെ ചൂടിൽ കുതിർന്ന അച്ഛന്റെ വിയർപ്പിന്റെ ഗന്ധം മൂക്കിലേക്കടിച്ചുയരുമ്പോൾ,
അദ്ധ്വാനത്തിന്റെ, സ്നേഹത്തിന്റെ ആ സുഗന്ധം ഞാനെന്റെ ഹൃദയത്തോട് കൊരുത്തിടും …..

പുഴ ഒഴുകുകയും,
മഞ്ഞു തുള്ളികൾ നിലാവിൽ തൊട്ട്
ഭൂമിയെ
ചുംബിക്കുകയും ചെയ്യുമ്പോൾ
കടത്തു തോണിയിൽ അച്ഛനുണ്ട്.,
അവസാന യാത്രക്കാരനെയും പ്രതീക്ഷിച്ചു കൊണ്ട്…..

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…