സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധവും സമാധാനവും

ഡി. വിനയചന്ദ്രൻ

ഇരുട്ട് വീണു തുടങ്ങിയിട്ടും നാൽക്കവലയിൽ നിന്നുപോകാതിരുന്ന കുട്ടിയോട് വല്യപ്പൻ ചോദിച്ചു. “ നീ എന്താ പോകാത്തത്

” എലികൾ രാത്രിയിൽ ഉറങ്ങുകയില്ലെന്ന് സാർ പഠിപ്പിച്ചിട്ടുണ്ടെന്ന് അവൻ പറഞ്ഞു.
“ അതിന് നിനക്കെന്താ” വല്യപ്പൻ.
“ അല്ലാ എന്റെ ചേട്ടന്റെ , യുദ്ധത്തിൽ മരിച്ച ചേട്ടന്റെ അസ്ഥികൾ ഇവിടെ എവിടെയോ ആണ്” കുട്ടി പറഞ്ഞു.

യുദ്ധത്തിന്റെ പരോക്ഷ – പ്രത്യക്ഷങ്ങളുടെ വ്യാപ്തിയും അതിനെ പ്രതിരോധിക്കുന്ന പ്രാർത്ഥനയുടെ വിശുദ്ധിയും നിസ്സഹായതയും ഈ ജർമ്മൻ കഥയിലുണ്ട്.

അറിവായകഥമുതലേ ഹിംസയും അതിനെ ചെറുക്കുന്ന യത്നങ്ങളുമുണ്ട്. വംശമഹത്വം, കരുത്തു, ആയുധബലം, അപകർഷതാബോധം, ഭയം, ആസൂയ, ഭീരുത്വം എന്നിവയെല്ലാം യുദ്ധമുണ്ടാക്കും. മുദിതവും മൈത്രിയും കരുണയുമുള്ള അനസൂയമായ മനസ്സിന്റെ ധീരതയിൽ നിന്നേ അഹിംസയുടെ ആർദ്രതയുണ്ടാകൂ.

പുരാതന ഭാരത യവന സാഹിത്യങ്ങളാണ് യുദ്ധപ്രകരണത്തിൽ, അതുണ്ടാക്കിയ ദുരന്തത്തിൽ, യുദ്ധവിരുദ്ധ മനോഭാവങ്ങൾക്ക് ശക്തമായ ശില്പങ്ങൾ നൽകിയിട്ടുള്ളത്.

ആരണ്യവാസത്തിന് തയ്യാറാകുന്ന രാമനോട്, രാമലക്ഷ്മണൻമാർ വനവാസത്തിനു പോകുമ്പോൾ ഇത്രയധികം ആയുധങ്ങൾ എടുക്കുന്നത് പിശകല്ലേ എന്നു സീത ചോദിക്കുന്നുണ്ട്. കാട്ടിലെത്തി മഹർഷിമാർക്കുവേണ്ടി ആദി കാനനവാസികളെ കൊന്നൊടുക്കാമെന്ന് രാമൻ പ്രതിജ്ഞ ചെയ്യുമ്പോഴും
“ഇങ്ങോട്ടുപദ്രവിക്കാത്തവരെ കൊല്ലാമെന്ന് പ്രതിജ്ഞ ചെയ്തതു തെറ്റല്ലേ ” എന്നു ജാനകി വിമർശിക്കുന്നുണ്ട്.

ആനന്ദവർദ്ധനൻ എന്നു പേരുണ്ടെങ്കിലും പുരോഹിതപ്രജ്ഞ നയിച്ച രാമൻ അതു കേട്ടില്ല. അങ്ങനെ ആയുധത്തിന്റെ വമ്പുകൊണ്ടു ആവശ്യമില്ലാതെ ശൂർപ്പണഖയുടെ അംഗച്ഛേദം നടത്തിയത്, ഒടുവിൽ സീത നഷ്ടമാകുന്നതിലും നൂറുകണക്കിന് അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്നതിലും കലാശിച്ചു.

യുദ്ധോപകരണ നിർമ്മാണത്തിലൂടെയും ആണവഹേമന്തത്തിലൂടെയും എപ്പോഴും പൊട്ടിത്തെറിക്കാൻ സാധ്യതയോടെ കുന്നുകൂട്ടിയിരിക്കുന്ന ആയുധമാരണങ്ങൾ പ്രതിരോധത്തിന് ഭീമസംഖ്യകൾ വകവെക്കുന്നതിലൂടെയും ആധുനിക ഭരണകൂടങ്ങൾ മനുഷ്യ -ജൈവനാശത്തിന് തിടുക്കത്തിൽ വഴിയൊരുക്കുകയാണ്.

പരിസ്ഥിതി സാക്ഷരതയുള്ളവർ ഭരിക്കണമെന്ന് ആധുനിക പരിസ്ഥിതിജ്ഞാനികൾ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ജ്ഞാനവും ദയവും ഒരുമിച്ചുണ്ടാവണം.

ധർമ്മയുദ്ധവും പരിണതിയും

യുദ്ധത്തിന് വ്യക്തികളും രാഷ്ട്രങ്ങളും ചില നൈതിക നിയമങ്ങൾ കല്പിച്ചിട്ടുണ്ടെങ്കിലും സങ്കരം ആരംഭിച്ചാൽ ധർമ്മവിരുദ്ധമായ മാർഗ്ഗങ്ങൾ ജയിക്കാൻ സ്വീകരിക്കും. ഇന്ദ്രൻ ( പടനായകൻ ) വൃതനെയും വലനെയും നിഗ്രഹിക്കുന്നത് ചതിച്ചാണ്. പാണ്ഡവർ ഭീഷ്മരെ വീഴ്ത്തുന്നതും ദ്രോണരെയും കർണ്ണനെയും ജയദ്രഥനെയും ദുര്യോധനനെയും കൊല്ലുന്നതും, അശ്വത്ഥാമാവും സുഹൃത്തുക്കളും ധൃഷ്ടദ്യുമ്നനെയും പാഞ്ചാലിയുടെ മക്കളെയും കൊല്ലുന്നതും ക്ഷത്രിയോചിതമോ യുദ്ധനീതിയനുസൃതമോ അല്ലാത്ത അധർമ്മമാർഗ്ഗങ്ങളിലൂടെയാണ്.

അമേരിക്ക വിയറ്റ്നാമിലും ഇറാഖിലും ഖാണ്ഡഹാറിലും വർഷിച്ച ആയുധക്കൂമ്പാരങ്ങൾപോലെ ജൈവനാശവും പരിസ്ഥിതി മലിനീകരണവും നമ്മുടെ ചരിത്രത്തിലുണ്ടായിട്ടില്ല.

യുദ്ധവിരുദ്ധ മുഹൂർത്തങ്ങൾ

തേജോമയമായ യുദ്ധവിരുദ്ധ മുഹൂർത്തങ്ങൾ “ട്രോജൻ സ്ത്രീകൾ” എന്ന യവന നാടകത്തിലും മഹാഭാരതത്തിലെ ഗാന്ധാ രീവിലാപത്തിലും,അനാഥരും വിധ വകളും പുത്രർ നഷ്ടപ്പെട്ടവരുമായ സ്ത്രീകളുടെ ദാരുണദുഃഖങ്ങളിലൂടെ സംവേദിപ്പിക്കുന്നതുപോലെ ആക്കത്തോടെ ഒരു സാഹിത്യകൃതി യിലും സാക്ഷാത്കരിച്ചിട്ടില്ല.

യാദവകൃഷ്ണനും കൃഷ്ണദ്വൈപായനനും

പതിനെട്ട് ആക്ഷൗഹിണിയുടെ നടുക്കുനിന്നുകൊണ്ട് ഗുരുനാഥന്മാരെയും ബന്ധുക്കളെയും കൊന്നിട്ടുള്ള ജയം ജയമല്ലെന്ന് വേദവ്യാസന്റെ കൊച്ചുമകനായ അർജ്ജുനൻ സന്ദേഹിക്കുന്നുണ്ട്.
“അർജുനവിഷാദ യോഗം” എന്നാണ് ആ അദ്ധ്യായത്തിന്റെ പേരും.

ചിന്തയുടെയും വാക്കിന്റെയും ലോകോത്തര
സാധകമായ “ഭഗവത്ഗീത ശ്രീകൃഷ്ണൻ പ്രപഞ്ചനം ചെയ്തു പാർത്ഥനെ യുദ്ധ സന്നദ്ധനാക്കുന്നുണ്ട്. ഭഗവദ്ഗീതയുടെ ദാർശനിക കാവ്യപദ്ധതിയുടെ തേജസ്സിനെ അതിജീവിക്കുന്ന വാങ്മയങ്ങൾ ലോകത്ത് അപൂർവ്വമാണ്, പക്ഷെ യുദ്ധാനന്തരമുണ്ടായ കെടുതികളും ധർമ്മസങ്കടങ്ങളും അർജ്ജുനവിഷാദമായിരുന്നില്ലേ ശരി എന്നു മുനി കാവ്യനീതിയിലൂടെ ചോദിക്കുന്നുണ്ട്. എല്ലാവരുടെയും നാക്കും വാക്കും സാന്ത്വനവുമായിരുന്ന വിദൂരർ സ്വത്വനിഷേധത്തിലൂടെ “ഇനി മേലാൽ ഉരിയാടുകയില്ല” എന്നു പറഞ്ഞു വായിൽ കല്ലെടുത്തിട്ടു മൗനം ഭജിക്കുന്നതുപോലെ ദുരന്ത ഗംഭീരവും യുദ്ധവിരുദ്ധ പ്രോജ്ജ്വലവുമായ ഒരു മുഹൂർത്തം ലോക സാഹിത്യത്തിലില്ല. പതിനെട്ടാദ്ധ്യായമുള്ള ഗീതയുടെ പരിവേഷത്തെ അപ്രസക്തമാക്കുണ്ട് ഈ പ്രതിജ്ഞാബദ്ധ മൗനത്തിന്റെ വേദവ്യാസഗൗരവം.
“യുദ്ധവും സമാധാനവും” “മണിമുഴങ്ങുന്നതാർക്കുവേണ്ടി”
എന്നിവയിൽ യുദ്ധ പ്രകരണത്തിലും അധിനി വേശത്തിന്റെ അനന്തരഫലങ്ങ ളായി “The book of laughter and forgetting ( മിലാൻ കുന്ദേര) ” I served the King of England ” ( ഹാബൽ ) എന്നീ നോവലുകളിലും മനുഷ്യാത്മാവിന്റെ സമാധാനോന്മുഖങ്ങളായ പ്രത്യാശയും നിരാലംബത്വവും ക്രമത്തിൽ ആഴത്തിൽ ആവിഷ്ക്കരിക്കുന്നു. പോളണ്ട്, ചെക്കോസ്ലോവാക്യ, പാലസ്തീൻ, ശ്രീലങ്കൻ തമിഴ് സാഹിത്യത്തിലെ ആധുനിക കവിതകളിലും നാസി പരാക്രമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ജർമ്മൻ, ഇസ്രേൽ, ജൂതസാഹിത്യത്തിലും യുദ്ധാനന്തര ധർമ്മസങ്കടങ്ങൾ സംക്രമിപ്പിക്കുന്ന കാവ്യസമ്പ ന്നതകളുണ്ട്.( വൈദ്യശസ്ത്രം മാസിക 2002 ജനവരി)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…