സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വെളുത്ത സാരിയും ചുവന്ന കണ്ണുകളും

വിനോദ് വിയാർ

ഇരുട്ടിനുള്ളിലെ ലോകത്തെപ്പറ്റി അവനെ പഠിപ്പിച്ചത് സമൂഹമാണ്. അവിടെ മരിച്ചവരുടെ ആത്മാക്കൾ സ്വൈര്യവിഹാരം നടത്തുന്നു. അവർ പാട്ടുപാടും, ആ ഈണങ്ങൾക്ക് താളമിട്ട് കരിമ്പനയോലകളാടും… പാലപ്പൂ പൊഴിയും. എവിടെ നിന്നോ വെളുത്ത പുകപടലങ്ങൾ അന്തരീക്ഷത്തിൽ വന്നുനിറയും. പ്രത്യേകിച്ചും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും; ബാക്കി ദിവസങ്ങൾ ഇല്ലെന്നല്ല, പക്ഷേ ചൊവ്വ, വെള്ളി ആ ദിവസങ്ങൾ അവർക്ക് പതിച്ചുകൊടുത്തതു പോലെയാണ്. അന്ന് അവരെ കാണാൻ കഴിഞ്ഞേക്കും. കണ്ടവരുണ്ടെന്ന് അവനോട് അവർ പറഞ്ഞു.

നീ ഒരു കാര്യം ചെയ്യുക. ഒരു ചൊവ്വയോ വെള്ളിയോ തെരെഞ്ഞെടുക്കുക. അന്ന് ഉറങ്ങാതിരിക്കുക. രണ്ടു കഷണം പച്ചീർക്കിൽ വളച്ച് കൺപോളകളിൽ കുത്തിനിർത്താം. അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ കാലുകൾ മുക്കിവെയ്ക്കാം. എന്തായാലും വേണ്ടില്ല. രാത്രി പന്ത്രണ്ട് മണി വരെ കണ്ണുകൾ തുറന്നിരിക്കണം.

ടാങ്… ടാങ്… മണി പന്ത്രണ്ട്

കട്ടിലിൽ നിന്ന് പതിയെ എഴുന്നേൽക്കുക. തലവഴി മൂടിപ്പുതയ്ക്കാനല്ല പറഞ്ഞത്. പേടിക്കാതെ എഴുന്നേൽക്കുക.

ങും… എഴുന്നേൽക്കാൻ…

ലൈറ്റിടരുത്. ജനാലകളാണ് ലക്ഷ്യം. ജനലിന്റെ കൊളുത്തെടുക്കാൻ തുനിയുമ്പോൾ വിരലുകൾ വിറകൊള്ളും, മുഖത്തു ഭീതി വന്നുനിറയും. ഉദ്യമത്തിൽ നിന്നും പിൻമാറരുത്.

ഡിങ്. കൊളുത്ത് മാറുന്നു. ടർർർ… പാളി പതിയെ തുറക്കുന്നു. പുറത്തേക്കു കണ്ണുതുറിക്കുമ്പോൾ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല. ഇരുട്ടതിന്റെ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞ നിമിഷമല്ലേ. കണ്ണുകൾ ഒന്നുകൂടി തുറിക്കുക. അപ്പോൾ കൂടുതൽ കറുത്ത ചില നിഴലുകൾ കണ്ട് നിന്റെ ഹൃദയം അത്യുച്ചത്തിൽ നിലവിളിക്കും. പേടിക്കണ്ട. അത് നിന്റെ വീടിന്റെ പിന്നാമ്പുറത്തെ മരത്തിന്റെ നീളമുള്ള ശാഖകളാണ്.

പെട്ടെന്ന് ജനൽ വലിച്ചടയ്ക്കാനാണ് നിനക്ക് തോന്നുക. അരുത്, അങ്ങനെ ചെയ്യരുത്. ഒരുപക്ഷേ ചെയ്യാൻ തുടങ്ങുന്നതിനു മുൻപേ ശക്തിയായ ഒരു കാറ്റടിക്കും. അപ്പോൾ നീ നേരത്തേ കണ്ടില്ലേ… കരിനിഴലുകൾ, അവയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കും. ആ കാറ്റ് നിന്നെ ശക്തിയായി പിന്നിലേക്കു തള്ളാൻ ശ്രമിക്കും. മാർബിൾ തറയിൽ തലയിടിച്ച് വീഴാതിരിക്കാനായി ജനൽക്കമ്പികളിൽ മുറുകെപ്പിടിച്ചു നിൽക്കാൻ ശ്രദ്ധിക്കണം. കാറ്റ് നിന്നിലൊരു തരിപ്പ് പകർന്ന് മുറിയിലേക്കണയുമ്പോൾ മുറി കൂടുതൽ പ്രകാശിതമാകുന്നതു കാണാം.

ങേ! ഞെട്ടിപ്പോയി അല്ലേ! ആ ഞെട്ടൽ ഉള്ളിന്റെ ഉള്ളിൽത്തന്നെ അമർത്തി വീണ്ടും പുറത്തേക്കു നോക്കുക.

ദാ ദൂരെ… അങ്ങു ദൂരെ… വെളുത്ത പാട പോലെ എന്തോ ഒന്ന് ഒഴുകുന്നതു കാണുന്നില്ല, അതെ; അവിടെത്തന്നെ നോക്കൂ. ഒന്നല്ല! അത് രണ്ടാകുന്നു! മൂന്നാകുന്നു! അതിന്റെ എണ്ണം പെരുകുന്നു. അതവരാണ്, വെളുത്ത സാരി ചുറ്റി അവരെത്തിക്കഴിഞ്ഞു. ആ വെളുത്ത നിഴലുകൾ അടുത്തേക്കടുത്തേക്ക് വരും. അപ്പോൾ നിന്റെ മുറിയിലെ വസ്തുക്കൾ അങ്ങോട്ടുമിങ്ങോട്ടും ഒഴുകാൻ തുടങ്ങും. നിനക്ക് ശ്വാസം നിലയ്ക്കുന്നതു പോലെ തോന്നാം. പതറരുത്. ജനൽ വലിച്ചടയ്ക്കുക. വലിച്ചടയ്ക്കാൻ…

ടക്… അടയലും എന്തോ വന്ന് ജനാലയ്ക്കൽ ഇടിയ്ക്കലും ഒരു നായയുടെ മോങ്ങലിന്റെ പശ്ചാത്തല ശബ്ദത്തിൽ നീയറിയും. ‘ഹാ…’ ഒരു നിശ്വാസം നിന്നിൽ നിന്ന് പുറപ്പെടും.

ഇപ്പോൾ എല്ലാം ശാന്തമല്ലേ… പ്രകാശം വന്ന വഴി പോയി. മുറിയിലെ വസ്തുക്കളെല്ലാം പഴയപടി തന്നെയിരിപ്പുണ്ട്. വിശ്വാസമായോ അവർ ഇരുട്ടിനുള്ളിൽ തന്നെയുണ്ടെന്ന്. വെളുത്തസാരി ചുറ്റി ആഘോഷിക്കുന്ന രാത്രികളിൽ ഒന്നുത്സാഹിച്ചാൽ നമുക്കവരെ കാണാം.

വേറെന്തൊക്കെ കാര്യങ്ങൾ കാണാൻ കിടക്കുന്നു. എന്നിട്ടും ചുറ്റുമുള്ളവർ അവനെ അതു കാണണമെന്ന് നിർബന്ധിച്ചു. കാണിച്ചേ അടങ്ങൂ എന്ന വാശിയുള്ളതു പോലെയാണ് അവർ പെരുമാറിയത്. ജനലു തുറന്നപ്പോൾ അയലത്തെ വീട്ടിലെ അയയിൽ തൂക്കിയിട്ടിരിക്കുന്ന കുട്ടപ്പേട്ടന്റെ വെള്ള മുണ്ട് കണ്ട് അവൻ ഭയന്നുനിലവിളിച്ചു ബോധം കെട്ടുവീണു. രണ്ടാഴ്ച പനിച്ചുകിടന്നു.

പനിയുടെ സമയത്തും ചുറ്റുമുള്ളവർ അവന് പുരാണങ്ങളിലെ യക്ഷിക്കഥകൾ പറഞ്ഞുകൊടുത്തു. എന്തു ചെയ്യാം, രോമകൂപങ്ങളിൽ പോലും പേടിയുടെ വിത്ത് വിതച്ചു വളമിട്ട് അവർ പൊട്ടിച്ചിരിച്ചു.

അവൻ അവരുടെ വലയ്ക്കുള്ളിൽ കിടന്ന് പിടഞ്ഞു. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. ചുറ്റുമുള്ളവരെല്ലാം ആത്മാക്കളായി ഇടയ്ക്ക് തോന്നി. അമ്മയുടെ സാരിയുടെ നിറം വെള്ളയായി മാറുന്നതുപോലെ, അമ്മയ്ക്ക് ദംഷ്ട്രകൾ വളരുന്നു. അച്ഛന് കൈനഖങ്ങൾ നീണ്ടുവരുന്നു. സുഹൃത്തുക്കളുടെ മുഖം വികൃതമാകുന്നു. ഏറ്റവും ഇഷ്ടമുള്ള പെൺകുട്ടിയ്ക്കിപ്പോൾ തലയില്ല, തലയോട്ടി മാത്രം. അവൻ അലറിവിളിച്ചു. പനിച്ചുകിടന്നു.

ഗുളികയ്ക്കൊപ്പം മൂന്നു നേരവും പ്രേതകഥകൾ വിളമ്പാൻ അവർ വീണ്ടുമെത്തി. അവരിലൊരാൾ എന്തോ ഒരു ‘ബോർഡ്’ കണ്ടുപിടിച്ചിരിക്കുന്നു. ആ ബോർഡിൽ ഒരു നാണയം വച്ച് നീളം കുറഞ്ഞ മന്ത്രമൊന്നു ചൊല്ലിയാൽ ആത്മാക്കളുമായി സംസാരിക്കാം പോലും. വേറെന്തെല്ലാം നല്ല കാര്യങ്ങൾ കണ്ടുപിടിക്കാമായിരുന്നു. മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ മന്ത്രം ചൊല്ലാതെ തന്നെ അവരോടു സംസാരിക്കാമായിരുന്ന അവസ്ഥയിലും അതിനു മുതിരാതെ മരിച്ചുകഴിഞ്ഞതിനു ശേഷം വിളിച്ചുവരുത്തി സംസാരിക്കുന്നു. വല്ലാത്ത ലോകം തന്നെ!

അവൻ ആ ബോർഡും പരീക്ഷിച്ചു. വീണ്ടും വിറച്ച് മൂന്നാഴ്ച തള്ളിനീക്കി. പരീക്ഷണം ഒരു വൻവിജയമായിരുന്നു. ഒരു പെൺപ്രേതം വന്നുകുടുങ്ങി. അവൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചതായി അവൻ സാക്ഷ്യപ്പെടുത്തി.

പിന്നീട് അവൻ തന്റെ ചിട്ടകളിൽ നിന്ന് പതിയെ പിൻവലിയാൻ തുടങ്ങി. സ്വന്തം മുറി ഉപേക്ഷിച്ചു. അച്ഛനും അമ്മയ്ക്കും നടുക്ക് ഉറങ്ങാൻ സ്ഥലം കണ്ടുപിടിച്ചു. പുതപ്പ് ഇഷ്ടമില്ലാതിരുന്ന അവൻ തലവഴി പുതപ്പിട്ടു മൂടി വേനൽക്കാലവും കഴിച്ചുകൂട്ടി.

അവന്റെ പേടിയ്ക്കു മുകളിലൂടെ വർഷങ്ങൾ കടന്നുപോയി. പേടി കൂടുതൽ വർദ്ധിച്ചെങ്കിലും അത് പുറത്തു കാട്ടാതെ അഭിനയിക്കാൻ ഇപ്പോൾ അവൻ പഠിച്ചിരിക്കുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സുഹൃത്തുക്കളുമായി ഏതോ സിനിമ കാണാൻ കയറി വീട്ടിലേക്കു മടങ്ങുമ്പോൾ അൽപം വൈകി. അവസാനത്തെ കൂട്ടുകാരനും ആ വളവിൽ വെച്ച് പിരിയുമ്പോൾ പിന്നെയും വീട്ടിലേക്ക് ഒരു പതിനഞ്ച് മിനിട്ടിന്റെ കാൽനടദൂരം ബാക്കി. അവനിൽ ഉറങ്ങിക്കിടന്ന ഭയം പതിയെ തലപൊന്തിക്കാൻ തുടങ്ങി. കൃത്യം വീടിന്റെ പത്തു ചുവടകലെ വെച്ച് കറൻറും പോയി. ഒന്നും കാണാൻ വയ്യ. സർവ്വത്ര ഇരുട്ട്. അവനിൽ ഒരു വിറയൽ ബാധിച്ചു. അൽപനേരം കൊണ്ട് അവൻ വിയർത്തുകുളിച്ചു.

നിനച്ചിരിക്കാതെ വഴിയരികിൽ നിന്നും ഒരു വെളുത്ത രൂപം റോഡിലേക്കു ചാടി. ഒരു സ്ത്രീരൂപം! ഒരു കൈയുടെ അകലത്തിൽ! അവൾ ചിരിച്ചു. പുറത്തേക്കുന്തി വരുന്ന ദംഷ്ട്രകൾ!

‘ആ… അമ്മേ…’ അവൻ അലറിവിളിച്ചു. അവളുടെ കണ്ണുകളിലേക്ക് ചോര ഇരച്ചുവരുന്നതു കണ്ട് അവൻ പിന്നിലേക്കു മലച്ചു. ഇരുട്ടിൽ പുതഞ്ഞു കിടന്ന ഏതോ കല്ലിൽ തല ശക്തിയായി ഇടിച്ചു. അവൾ എങ്ങോട്ടോ പോയി.

“എന്താ… എന്താ?”

“ഒന്നിരുന്നപ്പഴാ ഒരുത്തൻ വരുന്നത് കണ്ടത്. എണീറ്റ് മാറാൻ തുടങ്ങുമ്പോ എന്നെക്കണ്ട് അവൻ ബോധംകെട്ടുവീണു.”

“മേക്കപ്പില്ലാതെ തന്നെ നിന്നെക്കണ്ടാ ആളുകൾ ബോധം കെടും. അപ്പപ്പിന്നെ ഈ വേഷത്തിലാവുമ്പൊ പറയണോ.”

എല്ലാവരും ചിരിച്ചു. അവർ വണ്ടിയിലേക്ക് കയറി. വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ വണ്ടിയുടെ മുകളിൽ ഒരു ബോർഡ് തിളങ്ങുന്നുണ്ടായിരുന്നു

പ്രേതഭവനം

രചന, സംവിധാനം : കരയംചാൽ സുധീപൻ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…