സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തുരുത്ത്

റിഷ നസ്രിൻ

പ്രതീക്ഷയുടെ ദീർഘനിശ്വാസവും നിലക്കുന്ന നേരത്ത് ജീവിതത്തിന്റെ കച്ചിത്തുരുമ്പ് പോലെ ചില തുരുത്തുകൾ കണ്ടുകിട്ടും.
ചിലപ്പോൾ ചില മനുഷ്യരുടെ രൂപത്തിൽ..!

ഹൃദയത്തിന്റെ നിറമുള്ള പനിനീർപ്പൂക്കൾ മാറോടു ചേർത്തു പിടിച്ച് അവൾ ആ കല്ലറക്ക് മുമ്പിൽ മൗനിയായി നിന്നു. കണ്ണുകളടച്ച് പ്രാർത്ഥിക്കണമെന്ന് തോന്നി. പക്ഷെ, മനസ്സ് ശൂന്യമായിരുന്നു..
മുടിയിഴകളെ തൊട്ടുതലോടി കടന്നുപോയ ഇളം കാറ്റിലൊക്കെയും പുണ്യാത്മാക്കളുടെ സാമീപ്യമുണ്ടെന്ന് തോന്നി. മുഖത്തേക്ക് പാറിവീണ മുടിയിഴകളെ ചെവിക്കുമീതെ തിരുകി വെക്കുന്നതിനിടയിൽ അവൾ തന്റെ കൈവിരലുകളിലേക്ക് നോക്കി, ചുവന്ന കല്ലുപതിപ്പിച്ച സ്വർണ്ണമോതിരം! അവസാന കാഴ്ച്ചയിൽ അയാൾ അണിയിച്ച പിറന്നാൾ സമ്മാനമായിരുന്നത്.
ആ മേനിയിലാദ്യമായൊരു സ്വർണ്ണത്തരി വീഴുന്നതന്നാണ്.
പൊടുന്നനെ, പൂർണ്ണതയെ ഭേധിച്ച് ചിന്തകൾ മറ്റൊരു ദിശയിലേക്കാരാഞ്ഞു.
എല്ലാത്തിനും തുടക്കം അവിടെയാവണം.
അച്ഛൻ!
അന്ന് ആറടി താഴ്ച്ചയിലേക്ക് അച്ഛന്റെ ജഡത്തിനൊപ്പം തന്റെ സന്തോഷങ്ങളും സ്വപ്നങ്ങളുടെചിറകുകളും കൂടി മണ്ണിട്ടുമൂടുകയാണെന്ന് തോന്നിയിരുന്നു..
ദിവസക്കണക്കുകൾ പിഴച്ച് എത്ര രാത്രികൾ കഴിച്ചുകൂട്ടിയെന്ന് നിശ്ചയമില്ല.
“എന്തെങ്കിലും കഴിക്കൂ കുട്ടീ“- എന്ന ഇടക്കിടെയുള്ള അമ്മമ്മയുടെ ശകാരമൊഴിച്ചാൽ
വീട്ടുകാർക്കു നടുവിലും താൻ ഒറ്റക്കാണെന്ന് തോന്നി.
മരണാനന്തര ചടങ്ങുകളെല്ലാം പൂർത്തീകരിച്ചെന്നു വരുത്തിതീർത്തപ്പോൾ അമ്മമ്മയും തറവാട്ടിലേക്ക് തിരിച്ചു പോയി. അവർക്കും മടുത്തിരിക്കണം!
ഇനിയുമിത് തുടർന്നുകൂടാ; ജീവിച്ചേ മതിയാവു.
പ്രാരാബ്ധത്തിന്റെ നൂലാമാലകളൊക്കെയും ശിരസ്സിലണിഞ്ഞ് വിചാരിച്ചതിലും വേഗതയിൽ ജീവിതം മുന്നോട്ട് പോവുകയായിരുന്നു.
താനാഗ്രഹിച്ച ജോലി!
ഗ്രാമത്തിൽ നിന്ന് കുറച്ചധികം അകലെയാണെങ്കിലും അതിലൊരു സംതൃപ്തി ഉണ്ടായിരുന്നു.

എന്നാലതിന്റെ തൂക്കുകയറും വിദൂരമായിരുന്നില്ല!
വിധി വീണ്ടും വിജനതയിലേക്ക് വഴിമാറി.
പതിനൊന്നാം നമ്പർ അപ്പാർട്ട്മെന്റിലെ ഏറെ വൈകിയുള്ള ഓഫീസ് ചർച്ചകളും, പ്രീ പ്ലാനിങ്ങുകളും കഴുകക്കണ്ണുകൾക്ക് ശരീരം കൊത്തിവലിക്കാനുള്ള ഉപാധി മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്..!
മുറിക്കുള്ളിൽ പ്രതിധ്വനിച്ച തന്റെ അലർച്ചയും,
കാലുകൾക്കിടയിൽ നിന്നുതിർന്ന ചുടുരക്തത്തിന്റെ ദുർഗന്ധവും, മാറുപിളർക്കുന്ന വേദനക്കൊപ്പം ശരീരംതീനികളുടെ അട്ടഹാസവും..
നെറ്റിയിൽ ആഴത്തിൽ പതിഞ്ഞ മുറിവ് അബോധാവസ്ഥയിലേക്ക് വീഴ്ത്തിക്കളഞ്ഞു.. ശൂന്യത.!

ആശുപത്രിമുറിക്കുള്ളിലെ മരുന്നുകൾക്കും ചികിത്സക്കുമൊടുവിൽ എല്ലാം മതിയാക്കി വീട്ടിലേക്ക് ഓടിയെത്താനാണ് തോന്നിയത്!
എന്നാൽ അതിനുമുൻപ് എന്തെങ്കിലും ചെയ്തുതീർക്കണമെന്ന തോന്നലായിരിക്കാം പിന്നെയും അവിടെ നിർത്തിയത്.
ദിവസങ്ങളോളം കോടതി വരാന്തകളിൽ കയറിയിറങ്ങി.
ഒരു വക്കീലിനെ കണ്ടുകിട്ടാൻ തന്നെ ഏറെ പ്രയാസപ്പെട്ടു, അതും യാതൊരു മുൻപരിചയവുമില്ലാത്തൊരിടത്ത് തനിച്ച്.!
നിയമമറിയാം, നീതി വേണം.
പിടിച്ചു നിൽക്കാൻ പണമുണ്ടോ!? എങ്കിൽ പോരിനിറങ്ങാം..!
മറുത്തൊന്നാലോചിക്കാൻ കൂടിയുള്ള ധൈര്യമുണ്ടയിരുന്നില്ല.
ഒടുവിൽ എല്ലാം മതിയാക്കി തിരിച്ച് വീണ്ടും വീട് തേടി വന്നപ്പോഴാണ് കാലത്തിനൊപ്പം സ്വന്തക്കാരുടെ സമീപനങ്ങളും ഏറെ സഞ്ചരിച്ചിരിക്കുന്നുവെന്ന്
മനസ്സിലാക്കിയത്..!
അന്ന്, പ്രതീക്ഷ വറ്റുന്നിടത്ത് ദൈവത്തിന്റെ കച്ചിത്തുരുമ്പ് കണ്ടുകിട്ടുമെന്ന് പറയുന്നോണം രണ്ടു കരങ്ങൾ കണ്ടു.
അത് അയാളുടേതായിരുന്നു.. ജീവിതത്തിൽ താൻ കണ്ടെത്തിയ തുരുത്ത്..!

ഹൃദയത്തിൽ പഴുതിട്ടടച്ചു വെച്ച ദുഖങ്ങളൊക്കെയും മാറിൽ അമർന്ന് പെയ്തൊഴിയിക്കാൻ പാകത്തിന്.,
അച്ഛന് ശേഷം നഷ്ടമായ കരുത്തുറ്റ കൈകളുടെ സംരക്ഷണ വലയമാവാൻ പാകത്തിന്.,
ചോരയും മാംസവും വറ്റിയ ശരീരത്തിനപ്പുറം പെണ്ണിന്റെ മനസ്സ് കാണാൻ പാകത്തിന്., ജീവിതം കൊണ്ടെത്തിച്ച തുരുത്ത്..
ശുഭാപ്തി വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ തക്കവണ്ണം ശേഷിയുണ്ടായിരുന്നു ആ കണ്ണുകൾക്ക്..
വീണിടത്ത് നിന്ന് അത്യധികം ആർജ്ജവത്തോടെ വീണ്ടും ഉയർത്തെഴുന്നേൽക്കണമെന്ന് ആദ്യം പഠിപ്പിച്ചത് അയാളാണ്.
ആ കൈകളിൽ മുറുകെ പിടിച്ച് നിയമപീഠത്തിലേക്ക് വീണ്ടും കയറിച്ചെന്നു.
താൻ അനുഭവിച്ച വേദനകൾക്കൊക്കെയും അന്ന് പകരം ചോദിക്കുകയായിരുന്നു.

അച്ചന് ശേഷം ഹൃദയം തുറന്ന് ചിരിച്ച് കാണിക്കുന്നതും, കണ്ണുകൾ കഥ പറയുന്നതും, അയാളോടായിരിക്കണം.
ആ തലോടലും മൂർദ്ധാവിലെ ചുടുചുംബനവും ഇക്കഴിഞ്ഞ നിമിഷമായിരുന്നെന്ന് തോന്നി!
ഓർമകളെ ഭേധിച്ച് അവൾ ഒരിക്കൽ കൂടി നിശ്വസിച്ചു.
കണ്ണുകളിൽ കവിഞ്ഞ മിഴിനീരിനെ പുറമെ വരാനനുവദിച്ചുകൂടാ..ഒരുപക്ഷെ അത് വന്നു പ്രഹരമായി വമിക്കുന്നത് അയാളുടെ ഹൃദത്തിലായിരിക്കും..
വിയർപ്പിൽ കുതിർന്ന പനിനീർപ്പൂക്കൾ അയാൾക്കോരം വെച്ച് അവൾ തിരിഞ്ഞ് നടന്നു..
ആ കണ്ണുകൾ പകർന്നു നൽകിയ ഉൾക്കരുത്തത്രയും ആവാഹിച്ച് തുരുത്ത് വിട്ട് വീണ്ടും ജീവിതത്തിന്റെ തിരമാലകളെ ഭേധിക്കാൻ..!

പുണ്യാത്മാക്കളുടെ സാമീപ്യമുള്ള ഇളംകാറ്റ് വീണ്ടും അവളുടെ മുടിയിഴകളെ താലോലിച്ച് കടന്നു പോയി..
മനസ്സിനെ തണുപ്പിക്കുമാറ് നനുവാർന്നൊരു കുളിർമഴയും!
ആ നീർതുള്ളികൾക്ക് അയാൾക്കൊപ്പം നനഞ്ഞ മഴയുടെ ഗന്ധമായിരുന്നു..!


Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…