
ചായ വിൽക്കാൻ നടക്കുന്ന കൊച്ചുപയ്യന്റെ നിർത്താതെ ഉള്ള ‘ചായ’ വിളിയായിരുന്നു മയക്കത്തിൽ നിന്നും പെട്ടെന്നു ഞെട്ടിയുണരുവാൻ ഉണ്ടായ കാരണം.തെല്ലൊന്നു ആലോസരപ്പെടുത്തിയെങ്കിലും അവന്റെ മുഖത്തെ പുഞ്ചിരിയോട് കൂടിയുള്ള നിസഹായഭാവം എന്നെ ശാന്തമാക്കി.
“സാറേ….ഒരു ചായ എടുക്കട്ടേ…..
“ഓ…..അതിനെന്താ…..
പത്തു വയസ്സു തോന്നിക്കും.ചായയയുടെ പാത്രത്തിൽ നിന്നും ഗ്ലാസ്സിലേക്കു ചായ ഒഴിക്കാൻ അവൻ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.മെലിഞ്ഞു ഉണങ്ങിയ ശരീരം.എല്ലുകൾ ഓരോന്നും വ്യക്തമായി എണ്ണിയെടുക്കാം.കഴുത്തിലൊരു ചരടിൽ കൃഷ്ണന്റെ രൂപം ലോക്കറ്റ് ആക്കി വച്ചിട്ടുണ്ട്.
“ട്രെയിൻ ഒന്നും ഇപ്പൊ പോവില്ല സാറേ…ഈ സ്റ്റേഷനിൽ എന്തായാലും ഒരു അരമണിക്കൂർ പിടിച്ചിടും”….
“എനിക്കു വല്യ തിരക്കൊന്നും ഇല്ലടോ…തിരക്കുള്ളവർ ആദ്യം പൊക്കോട്ടെ….”
എന്റെ തമാശ കലർന്ന മറുപടിയിൽ അവനൊന്നു ഇളകി ചിരിച്ചു.അവന്റെ ചിരിയിൽ എല്ലുകളും കൂട്ടുകൂടിയത് പോലെ അവ ഓരോന്നും പുറത്തേക്കു തള്ളി വന്നിരുന്നു.എന്റെ കൈയിലെ കാശും വാങ്ങി ,ചൂട് ചായയും തന്നു കൊണ്ടു അവൻ നടന്നു നീങ്ങി.കാശു കൊടുത്തപ്പോൾ അവനതു കണ്ണുകളിൽ മാറി മാറി വച്ചു കൊണ്ടു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
ചായ കുടിക്കാൻ ഒരുങ്ങവെ…നേർത്ത പുകയോടൊപ്പം ഉയർന്നു വന്ന ഗന്ധം ഞാൻ ആഞ്ഞൊന്നു ഉള്ളിലേക്കു ശ്വസിച്ചു.അതിലെ ഗന്ധത്തിന്റെ ഓരോ കണികയും നാസികയുടെ പാളികളിൽ തട്ടി തട്ടി സഞ്ചരിച്ചപ്പോൾ ഓർമകളുടെ ഭാണ്ഡക്കെട്ടുകൾ എന്നെ കൊണ്ടെത്തിച്ചതു ഇരുപത് വർഷങ്ങൾക്കു പിറകിലാണ്.
ജോലി തേടി മദ്രാസിലേക്കു വണ്ടി കയറിയ എന്റെ കൈയിൽ ഒന്നും ഇല്ലായിരുന്നു.പഠിച്ചു നേടിയ സർട്ടിഫിക്കേറ്റുകളും,ഒന്നു മാറി ഉടുക്കാൻ തുണി പോലും ഇല്ലാതെ മദ്രാസിലെ വഴികളിലൂടെ ദിവസങ്ങളോളം അലഞ്ഞു നടന്നു.ഒരുതരം അലച്ചിൽ ആയിരുന്നു.എപ്പോഴോ തളർന്നു ബോധം മറഞ്ഞു പോയപ്പോൾ എനിക്ക് തണലായി നിന്നതു ചന്ദ്ര അക്കയായിരുന്നു.സ്ത്രീയെ ആവാഹിച്ച പുരുഷ ശരീരം.ഏതോ ഓവുചാൽ അരികിൽ വീണു കിടന്ന എന്നെ അക്കയായിരുന്നു എഴുന്നേൽപ്പിച്ചത്.ഒന്നും ചോദിക്കാതെയും,പറയാതെയും തന്നെ അവരെന്നിക്കു ഒരു ഗ്ലാസ് ചായ വാങ്ങി തന്നു.ഒഴിഞ്ഞ ഒട്ടി കിടന്ന എന്റെ വയറിനും,അലവിളി കൊണ്ട വിശപ്പിനും അക്ക തന്ന ചായ സമാധാനം കണ്ടെത്തി.ജീവൻ തിരിച്ചു തന്ന അവർക്ക് പകരം കൊടുക്കാൻ വാക്കുകൾ പോലും കടം കിട്ടാതായ പോലെ തോന്നി.നിറഞ്ഞ മിഴികൾ അല്ലാതെ മറ്റൊന്നും എന്റെ കൈയിൽ ഉണ്ടായിരുന്നില്ല.അവരതു ആഗ്രഹിച്ചിട്ടും ഇല്ല.
“തമ്പി…നാൻ ചന്ദ്ര.ആമ്പിള്ളൈയാന്ന അഴക കൂടാത്.ധൈര്യമാ വാഴ്ന്തിട് .പണം ഇല്ലാന്ന ഇന്ത ഉലകത്തിലേ ഉന്നക് മതിപ്പ് കെടയാത്……”
എന്നു പറഞ്ഞു കൊണ്ടു പത്തുരൂപ നോട്ടുകൾ എന്റെ കൈയിൽ വച്ചു കൊണ്ടു അവരു പോയപ്പോൾ നോക്കി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.വഴിയിൽ ആരൊക്കെയോ അവരെ തള്ളി മാറ്റുന്നുണ്ടായിരുന്നു,ചീത്ത പറയുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും വക വയ്ക്കാതെ അവർ മുന്നോട്ടു തന്നെ നടന്നു.കാണുന്നവർക്കു അവർ ആണും പെണ്ണും കേട്ട ജന്മം ആയിരിക്കും.എന്നാൽ എനിക്കങ്ങനെ ആയിരുന്നില്ല.അവരുടെ കണ്ണുകളിൽ എന്നോട് തോന്നിയ ദയയ്ക്കു എന്റെ ജീവിതത്തിന്റെ വിലയുണ്ട്.
ഓർമകളെ നെടുകെ ഭേദിച്ചു കൊണ്ടു ട്രെയിൻ ചൂളം വിളിച്ചു.ഓർമകളുടെ ഭാരത്താൽ ആവണം വീണ്ടും ഒരു മയക്കം എന്റെ കണ്ണുകൾ ആഗ്രഹിക്കുന്നുണ്ടായിരുന്നു.ട്രെയിൻ പതുക്കെ നീങ്ങാൻ തുടങ്ങിയപ്പോൾ ഒരു വട്ടം കൂടി ഞാൻ ആ പയ്യനെ കണ്ടു.ഇപ്പോൾ അവന്റെ നടത്തം പതുക്കെയാണ്.പക്ഷെ ‘ചായ’എന്നുള്ള വിളി ഇപ്പോഴും എനിക്കു കേൾക്കാം.പോക പോകെ തീവണ്ടിയുടെ അലർച്ചയിൽ അവന്റെ ശബ്ദം നേർത്തു വന്നു.ഒരു ഗന്ധത്താൽ എന്റെ കഴിഞ്ഞ കാലങ്ങളിലേക്കു ഊളിയിട്ടു നീന്താൻ അവന്റെ ചായയ്ക്ക് കഴിഞ്ഞിരിക്കുന്നു.അപ്പോഴും ചായയുടെ രസതരികൾ എന്റെ സ്വാദ്മുകുളങ്ങളിൽ അടിഞ്ഞു ചേർന്നു കൊണ്ടേ ഇരുന്നു…