ഫരീദുദ്ദീന്‍ അത്താര്‍
മൊഴിമാറ്റം: ഷൗക്കത്ത്
ഒരു രാജാവിന് ആരുകണ്ടാലും മോഹിച്ചുപോകുന്ന ചന്ദ്രനെപ്പോലെ സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. അവളുടെ മായികമായ കണ്ണുകള്‍ ഏവരിലും ആസക്തിയുണര്‍ത്തി. അവളുടെ സാന്നിദ്ധ്യം ആരിലും ഉന്മത്തത നിറച്ചു. അവളുടെ മുഖം കര്‍പ്പൂരം പോലെ വെണ്മയുള്ളതായിരുന്നു. മുടിയാണെങ്കില്‍ കസ്തൂരിപോലെ കറുത്തതും. അവളുടെ മുഖത്ത് നാണം വന്നു നിറയുമ്പോള്‍ ആ മധുരമായ അധരങ്ങള്‍ ശുദ്ധജലത്തില്‍ കിടക്കുന്ന മുത്തു പോലെ ആകര്‍ഷകമാകും. അത് ആരിലും അസൂയ നിറയ്ക്കും
.
വിധിവശാല്‍, ഒരു ദര്‍വീശ് അവളെ കാണാനിടയായി. അവളെ കണ്ടതും അവൻ്റെ കയ്യിലുണ്ടായിരുന്ന റൊട്ടി അറിയാതെ ഊര്‍ന്ന് താഴെവീണു. ഒരു അഗ്‌നിനാളം പോലെ ആ രൂപം അവനില്‍ തുളഞ്ഞുകയറി. അവള്‍ അവനെ നോക്കി ഒന്നു മന്ദഹസിച്ചു. അതോടെ ദര്‍വീശ് എല്ലാം നഷ്ടപ്പെട്ടവനെപ്പേലെയായി. അവൻ്റെ ജീവിതത്തെയാകവെ, ഇരുള്‍ ഗ്രസിച്ചു. രാവും പകലും കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവന്‍ തള്ളിനീക്കി. അവളുടെ ആ പുഞ്ചിരിപോലെ അവനില്‍ നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടേയിരുന്നു.
ഭ്രാന്തമായ പ്രേമത്തോടെ തെരുവുനായ്ക്കളോടൊപ്പം ഏഴുവര്‍ഷം അവന്‍ അലഞ്ഞു നടന്നു. ശല്യം താങ്ങാതായപ്പോള്‍ അവളുടെ പരിചാരകന്‍ അവനെ പിടിച്ചു കൊന്നുകളയാന്‍ തീരുമാനിച്ചു. എന്നാല്‍ രാജകുമാരി അവനോട് രഹസ്യമായി സംസാരിച്ചു: ‘നീ ഉദ്ദേശിക്കുന്നതുപോലുള്ള ഒരു ബന്ധം നാം തമ്മില്‍ ഒരിക്കലും സംഭവിക്കില്ല. നീ പോവുക. അല്ലെങ്കില്‍ നീ കൊല്ലപ്പെടും. ഇനിയും നീ എൻ്റെ വാതിലിനുമുമ്പില്‍ കഴിയരുത്. എഴുന്നേറ്റു പോവുക. അതാണ് നിനക്ക് നല്ലത്’. ദീനനായ ദര്‍വീശ് പറഞ്ഞു:’നീയുമായി സ്‌നേഹത്തിലായ ദിവസം ഞാനെൻ്റെ ജീവിതത്തെ വിശുദ്ധമാക്കി, നിൻ്റെ സൗന്ദര്യത്തിനുമുമ്പില്‍ എത്രായിരങ്ങള്‍ അവരുടെ ജീവിതങ്ങള്‍ എന്നെപ്പോലെ ത്യജിച്ചിട്ടുണ്ട്. നിൻ്റെ ആളുകള്‍ നീതിയില്ലാതെ എന്നെ കൊല്ലുവാന്‍ പോകുകയാണെങ്കില്‍ എൻ്റെ നിസ്സാരമായ ഒരു ചോദ്യത്തിന് ഉത്തരമേകുക, എൻ്റെ മരണത്തിന് കാരണമായിത്തീരുവാന്‍ വേണ്ടി എന്തിനാണ് നീ എന്നെ നോക്കി മന്ദഹസിച്ചത്?’ ‘ ഹേ വിഡ്ഢീ’, അവള്‍ പറഞ്ഞു, ‘ നീ നിന്നെ സ്വയം അപമാനിക്കുന്നത് കണ്ടപ്പോള്‍ കനിവുതോന്നിയാണ് ഞാന്‍ പുഞ്ചിരിച്ചത്. പരിഹസിക്കാനല്ലാതെ, എന്നാല്‍ കാരുണ്യത്തോടെ പുഞ്ചിരിക്കാനുള്ള സമ്മതി എനിക്കുണ്ട്. അത്രയും പറഞ്ഞിട്ട് ദര്‍വീശിനെ ഒറ്റയ്ക്ക് വിട്ടിട്ട് ഒരു പുകയായി അവള്‍ അന്തരീക്ഷത്തില്‍ അപ്രത്യക്ഷമായി.