സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സന്ധ്യ

പൂജ പി സുരേഷ്

രാവിൻ്റെ യും പകലിൻ്റെയും ഒരു പ്രേമസല്ലാപത്തിനു ശേഷം പാതിയായ ചന്ദ്രൻ നക്ഷത്രങ്ങൾക്കിടയിൽ വീണ്ടും ഏകനായി മാറിയിരുന്നു…. ശാന്തമായ മറ്റൊരു സായാഹ്നസന്ധ്യക്ക് ശേഷം സമയം ഏഴുമണിയോട് അടുത്തിരുന്നു… പലർക്കും സന്ധ്യ പ്രണയത്തിന്റെയും വിടവാങ്ങലിന്റെയും മറ്റൊരു മുഖമാണ്… എന്നാൽ അവൾക്ക് സന്ധ്യ രാവും പകലുമല്ലാത്ത മൂന്നാമതൊരു സമയമായിരുന്നു… വെയിലേറ്റു വാടി തളർന്ന തൻ്റെ കണ്ണുകൾക്കും ഇരുട്ടിൻ്റെ മറവിൽ തന്നെ കാത്തിരിക്കുന്ന കഴുകൻകണ്ണുകൾക്കും ഇടയിലുള്ള ആശ്വാസത്തിന്റെയും ചെറുത്തുനില്പിന്റെയുമായ “സന്ധ്യ “.അതുകൊണ്ട് തന്നെയാണ് തന്നിലെ ശക്തിയെ തിരിച്ചറിഞ്ഞു അവനിൽ നിന്ന് അവളിലേക്കുള്ള യാത്രയ്‌ക്കൊടുവിൽ സ്വയം സന്ധ്യയായ് മാറിയതും…ഇന്നവൾ എല്ലാവർക്കും സന്ധ്യയാണ്… വളർന്ന ഓർഫനേജിലെ കുട്ടികൾകൾക്ക് അമ്മയും…ഡാൻസ് ക്ലാസ്സിലെ കുട്ടികൾക്ക്

പ്രിയപ്പെട്ട ടീച്ചറുമാണ്…

പതിവ്പോലെ ഞായറാഴ്ച വൈകുന്നേരം ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓർഫനേജിൽ നിന്ന് അപ്പുവിന് പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയെന്ന് പറയാൻ സിസ്റ്റർ വിളിച്ചത്. കേട്ടപ്പോൾ തന്നെ അന്നത്തെ ക്ലാസ്സ്‌ നിർത്തി കുട്ടികളെ പറഞ്ഞയച്ച് അവൾ ഹോസ്പിറ്റലിലേക്ക് പോയി. ബസിൽ ഇരിക്കുമ്പോഴെല്ലാം അവൻ്റെ മുഖം മാത്രമായിരുന്നു മനസ്സിൽ. അവൻ അവിടെ വന്നിട്ട് അധികം നാളൊന്നും ആയിട്ടില്ല. ആറു വയസ്സുകാരൻ്റെ എല്ലാ കുസൃതിത്തരങ്ങളോടും കൂടിയ ഒരു കുട്ടി. അവളോടൊഴികെ അവിടെയുള്ള ആരോടും അവൻ അത്രവേഗം അടുത്തില്ല. അവൻ്റെ അമിതമായ വികൃതിയും ദേഷ്യവും കാരണം മറ്റുകുട്ടികളൊന്നും അവനോടു കൂട്ടുകൂടിയതുമില്ല. എല്ലാവരിൽനിന്നും അവൻ ഒറ്റപ്പെട്ടു. എന്തുകൊണ്ടോ അവനെ കാണുമ്പോഴെല്ലാം തൻ്റെ ബാല്യകാലമായിരുന്നു അവളുടെ മനസ്സിൽ നിറയുന്നത്. ഇന്ന് അവനു താനുള്ള പോലെ അവൾക്ക് അന്ന് എല്ലാം സിസ്റ്ററമ്മ ആയിരുന്നു. അവരില്ലായിരുന്നെങ്കിൽ ഒരുപക്ഷേ താനിന്ന് ……

കണ്ടക്ടർ മെഡിക്കൽ കോളേജ് എന്ന് നിർത്താതെ വിളിച്ചുപറയുന്നത് കേട്ടാണ് ചിന്തകളിൽ നിന്നവളുണർന്നത്. ബസ്സിറങ്ങി അവൻ കിടക്കുന്ന വാർഡ് തിരക്കി കണ്ടുപിടിച്ച് അവിടേക്ക് നടന്നു. തളർന്നുകിടന്നുറങ്ങുന്ന അപ്പുവിനെ കണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി.

സ്നേഹത്തോടെ അവൾ അവൻ്റെ കവിളിൽ തലോടി, അവൻ്റെ ശരീരം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.

ഇപ്പോ കുറവുണ്ട്, പറ്റിയാൽ രാവിലെ പോകാമെന്നും ഒരാൾക്ക് മാത്രമെ കൂട്ടിരിക്കാൻ അനുവാദമുള്ളൂ അതുകൊണ്ട് തിരികെ റൂമിൽ പോയിക്കൊള്ളാനും സിസ്റ്റർ അവളോട് പറഞ്ഞു. സിസ്റ്റർ പറഞ്ഞത് കേട്ടെങ്കിലും പിന്നെയും കുറച്ച് നേരം അവിടെ അവനോടൊപ്പം നിന്നതിനു ശേഷം മനസ്സില്ലാമനസ്സോടെ അവൾ തിരികെ യാത്രയായി.

ബസ്സിറങ്ങി അവൾ അലക്ഷ്യമായി നടന്നു. സമയം രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു. സ്നേഹത്തോടെ ഉള്ള ഒരു വിളികേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.

“മോളെ….ഇന്ന് എന്തെ മോൾക്ക് പാറുകുട്ടിയമ്മടെ കട്ടൻചായ വേണ്ടേ??? “

റോഡരികിൽ ചായക്കട നടത്തുന്ന പാറുക്കുട്ടി അമ്മയായിരുന്നു അത്.

എല്ലാ ദിവസവും വൈകിട്ട് അവിടുന്നൊരു ചായ പതിവാണ്. അനാഥത്വം ഇടക്കിടെ ഏൽപ്പിക്കാറുള്ള മുറിവിന്മേൽ ചിലപ്പോഴെല്ലാം ഒരു അമ്മയുടെ കരുതൽ പാറുക്കുട്ടിയമ്മ അവൾക്ക് നൽകാറുണ്ട്…

“അയ്യോ…എൻ്റെ പാറൂട്ടിടെ ചായയില്ലാതെ ഒരു ദിവസമോ??? ഞാൻ എന്തൊക്കെയോ ആലോചിച്ചു അങ്ങ് നടന്നു പോയതല്ലേ…

ഇനിയിപ്പോ പാറുക്കുട്ടിയമ്മ വിളിച്ചില്ലാരുന്നെങ്കിലും ദേ ആ പോസ്റ്റ്‌വരെ പോയിട്ട് ഞാൻ ഇങ്ങ് വന്നേനേം… “

അവൾ വെച്ചുകെട്ടിയ ഒരു ചിരിക്കുള്ളിൽ പറഞ്ഞൊപ്പിച്ചു … എങ്കിലും എന്തോ ഉള്ള് വല്ലാതെ നീറുന്നുണ്ടായിരുന്നു…

“ആഹ്.. അതെ അതെ ഞാനങ്ങു വിശ്വസിച്ചു…നീ അവിടിരിക്ക് ഞാൻ ചായയെടുക്കാം… “

പാറുക്കുട്ടിയമ്മ തൻ്റെ പരിഭവം നിറഞ്ഞ വാക്കുകളോടെ പറഞ്ഞു… അല്ലെങ്കിലും ചെറിയ കാര്യം മതി അവർക്കു അവളോട് പിണങ്ങാൻ… സ്നേഹക്കൂടുതലാണ് കാരണമെന്നതാണ് വിശദീകരണം.

“എന്നാപ്പിന്നെ പതിവിലും കുറച്ച് കൂടുതൽ സ്നേഹം ചേർത്ത് നല്ല സ്ട്രോങ്ങ്‌ ചായ ആയിക്കോട്ടെ… നല്ല തലവേദന…”തളർച്ചയൊടെ അവൾ പറഞ്ഞു.

“എന്താ പറ്റിയെ???അല്ലാ… നീ എന്താ ഇന്ന് വൈകിയേ??? “

“മനസ്സിന് ഒരു സുഖമില്ല അമ്മേ…അപ്പൂന് പനിയായി ആശുപത്രിയിലാ… അവിടുന്നാ ഞാനിപ്പോ വരുന്നെ… അവിടെ നിക്കാൻ പറ്റില്ലത്രേ… എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്നേ ഞാൻ അവനൊപ്പം നിന്നേനേം….ഇതിപ്പോ ഒരു സമാധാനം ഇല്ലാതായി… “

അവളുടെ സങ്കടങ്ങൾക്കു പലപ്പോഴും പാറുകുട്ടിയമ്മയുടെ കയ്യിൽ ആശ്വാസവാക്കുകൾ ഉണ്ടായിരുന്നില്ല. പകരം അവർ വാത്സല്യത്തോടെ അവൾക്ക് ഒരു കട്ടൻചായ കൊടുക്കും. അതായിരുന്നു അവരുടെ ഭാഷ… കർത്താവിനോട് പ്രാർത്ഥിക്കാനും അവന് വേഗം ഭേദമാകുമെന്നും പറഞ്ഞ് ഇന്നും അവർ അവൾക്ക് ചായ നൽകി.

ഒരു ദീർഘനിശ്വാസത്തോടെ അവൾ ചായ വാങ്ങി കുടിച്ചു… പെട്ടന്ന് അവൾക്കൊരു കാൾ വന്നു. വാക്കുകൾ കുറഞ്ഞ ആ ചെറിയ സംഭാഷണത്തിനൊടുവിൽ വേഗം വരാം എന്ന് പറഞ്ഞ് അവൾ കാൾ കട്ട്‌ ചെയ്തു. പാതിയാക്കിയ ചായഗ്ലാസ്സ് പാറുക്കുട്ടിയമ്മക്ക് നൽകി യാത്ര പറഞ്ഞ് തിരികെ ബസ് സ്റ്റോപ്പിലേക്ക് ഓടി … എന്താ പറ്റിയതെന്ന് അവർ വിളിച്ചു ചോദിച്ചെങ്കിലും പേടിക്കണ്ട എന്ന് ഒരുവാക്കിൽ മറുപടി പറഞ്ഞ് അവൾ വേഗത്തിൽ ഓടി മറഞ്ഞു.

ഓടിക്കിതച്ച് അവൾ ബസ്റ്റോപ്പിൽ എത്തി. കുറച്ച് നേരം കാത്തിരുന്ന് ബസൊന്നും കാണാതായപ്പോൾ അവൾ ഓട്ടോ പിടിക്കാൻ തീരുമാനിച്ചു. പല വണ്ടിക്കും കയ്യ്കാണിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു ഓട്ടോ അവൾക്കുമുന്നിൽ നിർത്തി. ആശ്വാസത്തോടെ ചെന്ന് മെഡിക്കൽ കോളേജ് എന്ന് പറഞ്ഞ് ഓട്ടോയിൽ കയറുന്നതിനിടയിലാണവൾ ഡ്രൈവറെ ശ്രദ്ധിച്ചത്. ചുവന്ന് കലങ്ങിയ കണ്ണുകളും രൂക്ഷമായ ഗന്ധവും. അയാൾ മദ്യപിച്ചിരുന്നു എന്ന് മനസ്സിലായെങ്കിലും മറ്റ് മാർഗ്ഗമില്ലാത്ത കാരണം അവൾ ആ ഓട്ടോയിൽ യാത്ര തുടർന്നു . പലവട്ടം അയാൾ സൈഡ് മിററിലൂടെ അവളെ മോശമായി നോക്കുന്നത് അവൾ കണ്ടു, അപ്പോഴെല്ലാം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങാൻ തോന്നിയെങ്കിലും അവളെ കാത്ത്‌ ആശുപത്രികിടക്കിയിൽ കിടക്കുന്ന ജീവനെ ഓർത്ത് അവൾ എല്ലാം സഹിച്ചിരുന്നു. അപ്പോഴേക്കും തിരക്കുകൾ ഒഴിഞ്ഞ വിജനമായ വഴിയിൽ അവർ എത്തിയിരുന്നു. മങ്ങിയ വെളിച്ചമുള്ള ഒരു സ്ട്രീറ്റ് ലൈറ്റിനു കുറച്ചകലെ അയാൾ വണ്ടി നിർത്തി.

“എന്താ പറ്റിയെ??? എന്തെങ്കിലും പ്രശ്നമുണ്ടോ??? പരിഭ്രമത്തോടെ അവൾ അന്വേഷിച്ചു.

“ഒന്നൂല്ല വണ്ടി ചെറുതായിട്ട് ഒരു പണി തന്നോ എന്ന് സംശയം. കുട്ടി ഇരിക്ക് ഇത് ഞാൻ ഇപ്പോ ശരിയാക്കാം… “പാതി ബോധത്തിൽ അവൻ പറഞ്ഞു.

എനിക്ക് അല്പം തിരക്ക് ഉണ്ടെന്നും അവിടുന്നു നടക്കാനുള്ള ദൂരമേ ഉള്ളു എന്നും പറഞ്ഞു അവൾ ഇറങ്ങി നടന്നു.

രണ്ടടി വെച്ചപ്പോഴേക്കും

പിന്നിൽ നിന്നും അവൻ അവളെ കടന്നുപിടിച്ചു. ഒന്ന് ശ്വാസം എടുക്കുവാൻപോലും കഴിയാത്തവിധം അവൻ അവളുടെ മുഖം മൂടി. അവൻ്റെ ഫോൺ റിങ്ങ് ചെയ്ത ചെറിയ സമയത്തിനുള്ളിൽ

രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവൻ്റെ ശക്തമായ പ്രഹരമേറ്റ് അവൾ നിലം പതിച്ചു. പ്രതിരോധത്തിൻ്റെ ഓരോ ശ്രമത്തിലും അവൻ അവളെ കൂടുതൽ ആക്രമിച്ചു. അസഹനീയമായ വേദനയിൽ എപ്പൊഴോ രാത്രിയുടെ തണുത്ത കാറ്റ് അവളുടെ ശരീരത്തെ തഴുകുന്നതവൾ അറിഞ്ഞു.

നിർത്താതെ ഉള്ള ഫോണിൻ്റെ മുറവിളി കാരണം ദേഷ്യത്തിൽ അവൻ ഫോണെടുത്തു…

“എന്താ… നിൻ്റെ ആരെങ്കിലും ചത്തോ???

അടക്കാനാവാത്ത ദേഷ്യത്തിൽ അവൻ ചോദിച്ചു.

അപ്പോഴും ഒച്ചയെടുക്കാൻ കഴിയാത്ത വിധം അവൻ അവളുടെ വായപൊത്തിപിടിച്ചിരുന്നു.

മെല്ലെ അവൻ്റെ കയ്യ് അയഞ്ഞു. ക്രോധമലിഞ്ഞ് നിർവികാരമായ ഏതോ നിശ്ചല രേഖയായ് അവൻ്റെ മുഖത്ത് തെളിഞ്ഞു. താമസിക്കാതെ അവൻ തിരികെ ഓടി ഓട്ടോയിൽ കയറി. ഫോണിന്റെ മറുപുറത്ത് ആരാണെന്ന്  അവൾക്കറിയില്ലായിരുന്നു എങ്കിലും അജ്ഞാതമായ അവൾ കേൾക്കാത്ത ആ നിശബ്ദ ശബ്ദത്തിൽ അവൾ ദൈവത്തെ അറിഞ്ഞ നിമിഷമായിരുന്നു അത്. രക്ഷപെടലിൻ്റെ ആശ്വാസത്തിന് തെല്ലും സമയം നൽകാതെ കീറിയ ബ്ലൗസ് വാരിചുറ്റിയ സാരിത്തലപ്പുകൊണ്ട് മറച്ച് അവൾ അവിടെ നിന്നു നടന്നു. അവശതയിലും മനസ്സിൻ്റെ ബലത്താൽ പൂർവ്വാധികം ശക്തിയോടെ തന്നെ…

വേഗം തന്നെ ആശുപത്രിയിൽ എത്തി. സിസ്റ്ററിനെ വിളിച്ച് നടന്നതൊന്നും വിശദമാക്കാൻ കാത്തുനിൽക്കാതെ അവർക്കൊപ്പം ഐ. സി. യുവിലേക്ക് അവൾ നടന്നു. അവിടെ ജീവൻ നിലനിർത്താൻ തൻ്റെ രക്തവും കാത്ത് കിടക്കുന്ന പ്രായമായ ഒരമ്മക്കരികിലേക്ക്…

അമ്മയുടെ ജീവൻ രക്ഷിക്കാൻ വന്നവളെ കണ്ട് ആ മകൻ്റെ മനസ്സ് ഒരുപക്ഷേ കുറ്റബോധത്തിൻ്റെ പേമാരിയായ് കുത്തിയൊലിച്ച് ആയിരം വട്ടം അവളുടെ കാൽക്കൽ വീണിരുന്നിരിക്കണം. അകലങ്ങളിൽ ചുവന്ന് കലങ്ങിയ ആ കണ്ണുകൾ അവളും കണ്ടിരുന്നു. നിമിഷങ്ങൾക്കിപ്പുറം ലഹരിയുടെ ഭ്രാന്തൻ കണ്ണുകൾക്കുമേൽ നിസ്സഹായാവസ്ഥയുടെ ചെങ്കടൽ മൂടപെട്ടതായി അവൾക്ക് തോന്നി. പിന്നെ പാതിമരിച്ച മനസ്സുമായി അവൾ ആ ജീവൻ രക്ഷിച്ചു.

“ഇത് അവരുടെ രണ്ടാം ജന്മമാണ് കുറച്ചുകൂടി ആ കുട്ടി വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല… “

ഓപ്പറേഷന് ശേഷം കാത്തുനിന്ന രോഗിയുടെ ബന്ധുക്കളോട് ഡോക്ടർ പറഞ്ഞു.

നേരം പുലർന്നപ്പോൾ അമ്മയുടെ ജീവൻ രക്ഷിച്ചതിനുള്ള നന്ദിയുമായി അപ്പുവിൻ്റെ വാർഡിൽ അവൻ ചെന്നെങ്കിലും അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. ഒരു നന്ദിവാക്ക് പറയാനുള്ള യോഗ്യത തനിക്കില്ലെന്ന് തോന്നിയെങ്കിലും…അവൻ്റെ മനസ്സെന്തോ അവളെ ഒന്ന് കാണാൻ വല്ലാതെ കൊതിച്ചു.

നാളുകൾക്ക് ശേഷം…

“എന്നാലും ഏട്ടാ…നമ്മുക്കൊരിക്കലും അച്ഛനമ്മമാരാകാൻ പറ്റില്ലാലോ… ഞാൻ കാരണം ഏട്ടന് കൂടി…. “അവളുടെ വാക്കുകൾ മുറിഞ്ഞു…

“ദേ പെണ്ണെ… ഇതിനുള്ള മറുപടിയൊക്കെ ഞാൻ നിന്നെ അന്ന് കാണാൻ വന്നപ്പൊ തന്നെ പറഞ്ഞതല്ലേ… അന്ന് പിന്തിരിയാൻ നീ ചോദിച്ച ഓരോ ചോദ്യങ്ങളും എനിക്കു നിന്നെ ചേർത്തു പിടിക്കാനുള്ള ഓരോ കാരണങ്ങളാരുന്നു…മുഴുക്കുടിയനായിരുന്നെങ്കിലും ആ നശിച്ച നിമിഷത്തിൽ ആദ്യമായാഡോ അന്ന് ഞാൻ !!! അതൊക്കെ പോട്ടെ ഇനി അതൊന്നുമോർക്കാൻ വയ്യാ… പിന്നെ… കുഞ്ഞുങ്ങളെപ്പറ്റി ഓർക്കുമ്പോ എന്തിനാ നിനക്ക് ഇത്ര സങ്കടം??? എന്തിനാടോ വെറുതെ… നമുക്ക് അപ്പുവില്ലേ… മാത്രമല്ല… ഓർഫനേജിലെ കുട്ടികളെല്ലാം നമ്മുടെ മക്കളല്ലേടോ…. “

“ആഹ്ഹ്.. അതെ ഏട്ടാ… എങ്കിലും ഇനിയും എന്തൊക്കെയോ ബാക്കിയാണെന്നൊരു തോന്നൽ…. ചില ഇടങ്ങളിൽ

അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും നേരിടുന്ന അവഗണനകൾക്കാണ് ഇന്നും ഞങ്ങൾക്കിടയിൽ മുൻ‌തൂക്കം… നർത്തകി നടരാജനെ പോലെയൊക്കെ എന്നെങ്കിലും എനിക്കും ഈ കാലത്തെ മറി കടക്കണം…. “

“അയ്യോ… വേണ്ട… എന്നിട്ട് വേണം എൻ്റെ പത്നി പദ്മശ്രീ കിട്ടുമ്പോ ഈ പാവം എന്നെ മറക്കാൻ… “

“നോക്കട്ടെ… തിരക്കുകൾക്കിടയിൽ താങ്കളെ ഞാൻ പരിഗണിക്കാൻ ശ്രമിക്കുന്നതാണ്… ഉറപ്പൊന്നുമില്ലാട്ടോ…” കള്ളച്ചിരിയോടെ അവൾ പറഞ്ഞു.

തമാശകൾക്കും നീണ്ട പൊട്ടിച്ചിരികൾക്കുമൊടുവിൽ അവിടെ നിശ്ശബ്‌ദത പടർന്നു….

ഇരുട്ടിൽ ജനൽപാളികൾ വഴിതെളിച്ച നിലാവിന്റെ വെളിച്ചത്തിൽ അവൾ അവന്റെ നെഞ്ചിലമർന്നു…

ഏട്ടാ…തീർച്ചയായും ഞാൻ നിങ്ങളെ മറന്ന് വെക്കും….ദീർഘനാൾ… ശ്വാസം നിലയ്ക്കുവോളം…. എൻ്റെ ഹൃദയത്തിനുള്ളിൽ!!!

അപ്പോഴേക്കും അവൻ നിദ്രയിൽ ആഴ്ന്നിരുന്നു….

One Response

  1. ഓരോ നിമിഷവും ക്ലൈമാക്സ്‌ പ്രതീഷിക്കുമ്പോഴും അവിടെ നിന്ന് പുതിയ കഥ ഗതി ആരംഭിക്കുന്നു 👏👏👏നല്ലൊരു കഥ വായിച്ച സന്തോഷം
    കൂടുതൽ രചനകൾ പ്രതീഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…