സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കടല് കാണുന്നവർ

Dr. ഹന്ന മുഹമ്മദ്‌
          ട്രെയിനിറങ്ങി അയാൾ ഒരു ഓട്ടോ പിടിച്ചു. ടൗൺ വരെ മാത്രം. അതയാൾ യാത്രയുടെ തുടക്കത്തിൽ തന്നെ ഉറപ്പിച്ചിരുന്നതാണ്. പണിക്കരുടെ പറമ്പിനപ്പുറമുണ്ടായിരുന്ന പൊന്തക്കാട് കണ്ട്, ഭാസ്കരേട്ടന്റെ ചായപ്പീടിക കണ്ട്, ടൈലർ റസാഖിന്റെ തുണിക്കട കണ്ടങ്ങനെ നടന്നുതന്നെ പോകണമെന്ന്.അല്ലെങ്കിലും ഈ യാത്രക്ക് ദൃതിയേതുമില്ലല്ലോ..!

മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി, ഇരുവഴിയായതും, അത് പിന്നീട് പലവഴിയായതും അനുഭവിച്ചിരുന്നതിനെ പറ്റി, പാലായനങ്ങളുടെ ഓർമപുസ്തകത്തിൽ അയാൾ കുറിച്ചു വെച്ച് കഴിഞ്ഞതാണ്.ഇനി യാത്രകൾ ഇല്ല. തിരക്കുകളും.അച്ചാച്ചനെ ഒന്ന് കാണണം. തരപ്പെട്ടാൽ ഭാസ്കരേട്ടനെയും. അത്രയേ ഉള്ളു യാത്രയുടെ ഉദ്ദേശം.

മഹാഗണിമരം കടന്നു വളവുതീരുന്നിടത്താണ് തറവാട് വീട്. വഴിയിൽ നിന്നേ കേൾക്കാനാവുന്നുണ്ട് അച്ചാച്ചന്റെ മന്ത്രോച്ചാരണങ്ങളുടെ ഒഴുക്ക്. ദൈവങ്ങൾ കുടിയിരിക്കുന്ന പൂജാമുറിയിൽ, ജപമാലയിലെ മണികളിൽ സ്വയം കുരുങ്ങി ജീവിതം തീർക്കുന്ന സാത്വികനായ അച്ചാച്ചനെ കുറിച്ചു ഓർത്തുകൊണ്ടാണ് മുറ്റത്തേക്ക് കയറിയത്.കാളിങ് ബെല്ലമർത്തി അയാൾ കാത്തുനിന്നു. പുറത്തു മഴ ചാറി തുടങ്ങി.

അച്ചാച്ചന്റെ ജപമാലകൾക്ക് കണ്ണെത്താത്തിടത്തു ഒളിച്ചുജീവിച്ചിരുന്ന ഒരു പേരക്കുട്ടിയെ അയാൾ ഓർമകളിൽ തിരഞ്ഞു. സ്‌മൃതികളിലെ വഴികളെല്ലാം ആ വലിയ മഹാഗണിമരത്തിലേക്ക് ചെന്നെത്തിനിന്നു. അതിനപ്പുറമുള്ള പുതിയ വഴികളിലേക്ക് എത്തിനോക്കാൻ അവനു അനുവാദമുണ്ടായിരുന്നില്ല. എല്ലാ വഴികളുമൊടുക്കം, ഇരുനില വീടിന്റെ അകത്തു കെടാതെരിയുന്ന നിലവിളക്കിലേക്ക് തന്നെ തിരിച്ചെത്തും. ജപമാലയിലെ മന്ത്രങ്ങൾക്കെല്ലാം തന്നെ, ഭേദിക്കപ്പെടേണ്ടതില്ലാത്ത അതിർവരമ്പുകളെ കുറിച്ചുള്ള ശാസനകളുടെ സ്വരമായിരുന്നു.

അച്ചനില്ലാതെ, അമ്മയില്ലാതെ, തറവാടിന്റെ ഇരുട്ടിലേക്ക് പറ്റിച്ചേർന്ന് ജീവിച്ച ഒരു കൗമാരക്കാരൻ. അവനിൽ നിന്നും അയാളിലേക്കുള്ള വർഷങ്ങളുടെ ദൂരം അയാൾ നടന്നു കഴിഞ്ഞതാണ്. ഓർമ്മകളിൽ തികട്ടി വന്ന വൈകുന്നേരങ്ങളെ കുറിച്ചേർക്കുകയായിരുന്നു അയാളപ്പോൾ. അച്ചാച്ചൻ കാണിച്ചു കൊടുക്കുന്ന വഴികളിൽ മാത്രം സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു കൗമാരക്കാരൻ ഓർമകൾക്കപ്പുറത്തു നിന്നും അയാളോട് ചിരിച്ചു. അയാൾ വീണ്ടും വഴികൾ തിരഞ്ഞു. വർഷങ്ങൾക്ക് മുൻപ് അവൻ തിരഞ്ഞുകൊണ്ടിരുന്ന വഴി. അച്ഛാച്ഛനിൽ നിന്നും രക്ഷപെട്ടോടിയിരുന്ന വഴി. പൂർണമായും കൊട്ടിയടക്കപ്പെട്ട വഴികൾക്ക് മുന്നിൽ നിന്നും അവൻ ഓടിപ്പോകാറുണ്ടായിരുന്ന വൈകുന്നേരങ്ങളെ കുറിച്ചയാൾ ഓർത്തു.

പലപ്പോഴും ആ വൈകുന്നേരങ്ങളെല്ലാം അവസാനിച്ചിരുന്നത് ഭാസ്കരേട്ടന്റെ ചായപ്പീടികക്ക് പിറക് വശത്താണ്. വൈകുന്നേരച്ചായയുടെ ആളുകൾ പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ അവനു വേണ്ടി മാത്രമുള്ള സമയമാണ്. ഭാസ്കരേട്ടന് നിറയെ കഥകൾ അറിയാം. അവനേറ്റവും പ്രിയം കടലിനെ കുറിച്ചുള്ള കഥകൾ ആണ്.കഥകൾക്കൊടുക്കം ഏറിവരുന്ന ചൂടിൽ മണിക്കൂറുകളോളം തടവിൽ കിടക്കുക എന്നതായിരുന്നു അവന്റെ വലിയ സന്തോഷങ്ങളിൽ ഒന്ന്.

കഥകളിൽ നിറയുന്ന കടലും നെഞ്ചിലേറ്റി അവൻ ഉറങ്ങാതെയിരിക്കാറുണ്ട്. വീണ്ടും വീണ്ടും ആ ചൂടിലേക്ക് തിരിച്ചുപോകാൻ തോന്നിയിട്ടുമുണ്ട്.എന്നിട്ടും അയാളുടെ കഥകളിലെ മുഴുവൻ ഭാഗവും അവനു മനസ്സിലായിരുന്നില്ല. പക്ഷെ, അയാൾ പറഞ്ഞാൽ അവനു വിശ്വാസമാണ്. ഭാസ്കരേട്ടൻ കുറേ കടല് കണ്ടതാണ്. കടലുകൾ ഏറെ കണ്ട അയാളോട് മാത്രമാണ് അവന് ബഹുമാനമുള്ളത്, സ്നേഹമുള്ളത്. മാത്രമല്ല, ഭാസ്കരേട്ടന്റെ കഥകൾക്കൊടുക്കം മാത്രമാണ് അവന്റെയുള്ളിൽ നിന്നും ചൂട് പൊന്തി വരാറുള്ളത്. ആ ചൂടിൽ മാത്രമാണ് അവനു വിവരിക്കാനാവാത്ത സന്തോഷം തോന്നാറുള്ളത്.

ഭാസ്കരേട്ടന്റെ കഥകളിൽ കുടുങ്ങി തിരികെ വരുന്ന ഒരു വൈകുന്നേരമാണത് സംഭവിച്ചത്. വഴിയിൽ തടഞ്ഞുനിർത്തി അവൻ ധൈര്യത്തിൽ ചോദിച്ചു, കടൽ കാണാൻ കൂടെ പോരുന്നോ എന്ന്. പാതിയഴിഞ്ഞ സാരി കൂട്ടിപ്പിടിച്ച് പണിക്കരുടെ പറമ്പിന്റെയറ്റത്തുള്ള പൊന്തക്കാട്ടിൽ നിന്നും ഇറങ്ങിയോടുന്ന വഴിക്ക് വെച്ചായിരുന്നു അത്. സാരി നേരെയാക്കിയിടാനൊന്നും മിനക്കെടാതെ അവനെ തന്നെ നോക്കി കടലങ്ങനെ നിന്നു. വെറുതെ നോക്കി നിൽക്കുകയാണ്. വെറുതെ ..!!

എന്നിട്ടും അവനു മഴക്കോള് കൊണ്ട് പനി പിടിച്ചു. പുതച്ച് മൂടി ചുരുണ്ട് കിടന്ന് പനിച്ചു. പണിക്കരുടെ പറമ്പിലക്കൊന്നും പോകരുതെന്ന് എത്ര പറഞ്ഞാലും നീ അനുസരിക്കില്ലെന്ന് പറഞ്ഞു അച്ചാച്ചൻ ജപിച്ചൂതി. മന്ത്രങ്ങളുടെ പൊള്ളുന്നചൂടിൽ മഴക്കോളുകൾ കെട്ടടങ്ങി. പക്ഷേ, ഉള്ളിലപ്പോഴും കടലായിരുന്നു. പകുതിയഴിഞ്ഞ സാരിയിൽ ദൃതി പിടിച്ചോടിയിരുന്ന കടൽ. അതിൽ പിന്നെയാണ് കടലു കാണാനുള്ള അവന്റെ ആഗ്രഹത്തിന് ശക്തിയേറിയത്. പനി പൂർണമായും വിടുന്നതിന് മുമ്പേ അവന് കടല് കാണാനുള്ള വഴി ഭാസ്കരേട്ടൻ തന്നെ ശരിയാക്കി കൊടുത്തു.

അന്നവൻ നേരത്തെ ഉണർന്നു കുളിച്ചൊരുങ്ങി സുന്ദരനായി കണ്ണാടിക്ക് മുന്നിൽ നിന്നു. മഹാഗണി മരത്തിലേക്ക് തിരിച്ചെത്തേണ്ടതില്ലാത്ത അവന്റെ ആദ്യയാത്രയാണ്. അതും അത്രയേറെ ആഗ്രഹിച്ചു ചെയ്യുന്ന യാത്ര. എന്ത് പ്രായമുണ്ടാവും എന്നൊന്നും അവൻ ഭാസ്കരേട്ടനോട് ചോദിച്ചിരുന്നില്ല. അല്ലെങ്കിലും പ്രായമല്ലല്ലോ പ്രധാനം. വീടെവിടെയാണെന്നോ വീട്ടിലാരെക്കൊയുണ്ടെന്നോ ഒന്നും ചോദിച്ചിരുന്നില്ല. അതിലൊന്നുമില്ലല്ലോ..! കടല് കാണുക. അതാണ് പ്രധാനം. അതിന് വേണ്ടി മാത്രമാണല്ലോ പോകുന്നത്. കടലിനടിത്തട്ട് കാണാൻ. മുങ്ങാം കുഴിയിട്ട് പോയി അടിതട്ടിലെ പവിഴപുറ്റ് കാണാൻ. ഏറേ നാളായില്ലേ..! കടലിങ്ങനെ ദൂരെ നിന്നും മാത്രം കാണുന്നു. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ, പണിക്കരുടെ വീടിനടുത്ത്, ഉച്ചതിരിഞ്ഞാൽ റസാഖിന്റെ ടൈലർഷോപ്പിനുള്ളിൽ, അങ്ങനെ പലയിടത്തും. ഭാസ്കരേട്ടനാണ് പറഞ്ഞ്, കടൽ അടുത്ത് നിന്ന് കാണുന്നതിനെ പറ്റി. മുങ്ങാം കുഴിയിട്ട്, പവിഴപുറ്റുകൾ കാണുന്നതിനെ പറ്റി അതിനുമപ്പുറം, കെട്ടിക്കിടക്കുന്ന മഴകൾ, കടലിലേക്ക് പെയ്തുതോരുന്നതിനെ പറ്റി.

പുറത്തിറങ്ങാൻ നേരം അച്ചാച്ചൻ ജപമാലയുമായി ഉമ്മറത്തു നിൽപ്പുണ്ട്.
“എങ്ങോട്ടാണ്.?”
-കടല് കാണാൻ-
“കൂട്ടുകാരാരുമില്ലേ..?”
-തനിച്ചു കടല് കാണാനൊരാഗ്രഹം..!-
“ഉം..” അച്ചാച്ചൻ ഇരുത്തിയൊന്നു മൂളി.
അവൻ ഇറങ്ങിനടന്നു.
“ടൗണിൽ നിന്നും പടിഞ്ഞാട്ടേക്കുള്ള ബസിൽ കയറണം. വഴി തെറ്റരുത്.” പിന്നിൽ നിന്നും ജപമാലകൾ വിളിച്ചുപറഞ്ഞു.
വഴിതെറ്റുന്നതിനെ കുറിച്ചവൻ ആലോചിച്ചിരുന്നില്ല. വഴികളെ കുറിച്ചൊന്നും തന്നെ അവൻ ആലോചിച്ചിരുന്നില്ല. വഴികൾ അല്ലല്ലോ, ലക്ഷ്യമല്ലേ പ്രധാനം..!!

ടൗണിൽ നിന്നും തെക്കെട്ടേക്കുള്ള വണ്ടിയിൽ കയറിയിരുന്നു.

‘റൂം നമ്പർ 32

വൈറ്റ് ഫെതർ ലോഡ്ജ്

പുളിമുക്ക്‌’

ഓർമകളിലേക്ക് ചേർത്തുവെക്കപ്പെടാൻ പോകുന്ന അഡ്രസ്സും നോക്കി അവൻ ബസിലിരുന്നു. ഇന്നലെ രാത്രിയിരുന്നു മനഃപാഠമാക്കിവെച്ചിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടുമവൻ അതെടുത്തു നോക്കി രസിച്ചു. ഭാസ്കരേട്ടനാണവന് എല്ലാം. അയാൾ ഇല്ലായിരുന്നുവെങ്കിൽ..! അവൻ വെറുതെ ഓർത്തു.

റൂം നമ്പർ 32 ന്റെ വാതിൽ പതിയെ തുറക്കപ്പെട്ടു. ചുവന്ന സാരിയിൽ കട്ടിലാകെ പരന്നൊഴുകുന്ന കടൽ. അവനു മുന്നിൽ പുതിയ വഴികൾ കാണപ്പെട്ടു. കടലിലേക്കവൻ എടുത്തുചാടി. പവിഴപുറ്റുകൾക്കിടയിൽ വേലിയേറ്റവും വേലിയിറക്കവും സംഭവിച്ചുകൊണ്ടേയിരുന്നു. അവൻ ആദ്യമായി കടല് കണ്ടു. പവിഴപ്പുറ്റുകൾ കണ്ടു. കടലിൽ പെയ്യുന്ന മഴ കണ്ടു. അവൻ അവനെ കണ്ടു.
ഒരു മഴ പലമഴയായി പെയ്തുതോർന്നവൻ കടല് മുഴുവനായും കണ്ടു.

ദിശതെറ്റി കടലിലേക്ക് പെയ്തുതോർന്ന മഴക്കാലം അവസാനിച്ചു. വിയർപ്പുപൊടിഞ്ഞ മൂക്കിന് താഴെ അവനു തണുപ്പ് തോന്നി. കടല് കണ്ട തണുപ്പ്..!
അരണ്ടവെളിച്ചത്തിൽ അഴിഞ്ഞുവീണ സാരിയും ബെൽബോട്ടം പാന്റും ചുറ്റിപ്പിണഞ്ഞു കിടന്നു. കടൽ നടുനിവർത്തി കട്ടിലിരുന്നവനെ നോക്കി. ആ നോട്ടത്തിൽ അവനു മഴക്കോള് കെട്ടുകയോ പനിക്കുകയോ ചെയ്തില്ല.

മഴപെയ്ത്തിനാവസാനം ബാക്കിയാവുന്ന കടലിനു ബസ്റ്റോപ്പിൽ കണ്ടപ്പോഴുള്ള ചന്തമില്ലന്ന് അവന് തോന്നി. അവൻ നോക്കി നിൽക്കെ കടലിനു ചാരനിറമേറി വന്നു.

ഈ നിറം മുൻപും അവൻ കണ്ടിട്ടുണ്ട്. തെക്കിനിയിൽ നാക്ക് പുറത്തേക്കുന്തിയ നിലയിൽ തൂങ്ങിമരിച്ച അച്ഛമ്മക്ക് ഈ നിറമായിരുന്നില്ലേ.? അച്ഛൻ നാടുവിട്ട രാത്രി, പുഴയിൽ പൊങ്ങിയ വാസന്തിച്ചേച്ചിയുടെ ഇളയമകൾക്ക് ഈ നിറമായിരുന്നില്ലേ..? കണ്ടവന്റെ കൂടെ ഇറങ്ങിപോയവൾ എന്ന് അച്ചാച്ചൻ മുറ്റത്തേക്ക് നീട്ടിത്തുപ്പാറുള്ള അമ്മയ്ക്കും ഈ നിറമായിരുന്നില്ലേ..?
ആയിരുന്നു. ദിശതെറ്റി ഒഴുകേണ്ടി വന്ന കടലുകൾക്കെല്ലാം ഒരു നിറമായിരുന്നു. ജീവിതം വെന്തുതീർന്നതിൽ പിന്നെ ബാക്കിയാകുന്ന ഒരേയൊരു നിറം. ചാരനിറം.

അവൻ ദൃതിയിൽ പാന്റ് വലിച്ചിട്ടു. കടൽ ഇളകാതെയിരുന്നു. അവനു അച്ചാച്ചനെ ഓർമവന്നു.

‘പിഴച്ചവർ..’

അച്ഛമ്മയും അമ്മയും വാസന്തിച്ചേച്ചിയുടെ മകളുമെല്ലാം ഓർമകളിൽ തികട്ടുമ്പോൾ അച്ചാച്ചൻ ഉരുവിടാറുണ്ടായിരുന്ന മന്ത്രമാണത്. പക്ഷെ, ആരാണ് പിഴച്ചവർ..? അതവന് അറിയില്ല.

കടൽ അവനെ അലിവോടെ നോക്കി. അവനു ആദ്യമായി കടലു കാണെ പേടി തോന്നി. വീണ്ടും പനിക്കാതിരിക്കാൻ അവൻ കണ്ണുകളടച്ചിരുന്നു. കടലവന് കഥകൾ പറഞ്ഞുകൊടുത്തു. കണ്ണടച്ചവൻ കഥ കേട്ടു. അച്ഛമ്മയുടെ, അമ്മയുടെ, വാസന്തിച്ചേച്ചിയുടെ ഇളയ മകളുടെ കഥ. പവിഴപുറ്റുകൾക്കപ്പുറത്തേക്കും വിശാലമായ കാഴ്ചകൾ ഉണ്ടായിരുന്ന കടലിന്റെ കഥ. സ്വപ്നങ്ങളുടെ നിറങ്ങൾക്ക് പലവർണങ്ങളുണ്ടായിരുന്ന കുട്ടിക്കാലത്തിന്റെ കഥ. ചവിട്ടിയരക്കപ്പെട്ടതിൽ പിന്നെ, നിറങ്ങളെല്ലാം കെട്ടുപോയി ചാരനിറമായ ജീവിതങ്ങളുടെ കഥ.

അവനാ കാലിൽ തൊട്ടു ചേർന്നിരുന്നു. പണിക്കരുടെ പറമ്പിൽ നിന്നും പകുതിയഴിഞ്ഞ സാരിയിൽ ഓടിവന്ന അതേ കാലുകൾ. അവ ചേർത്തുപിടിച്ചിരിക്കെ, അവനു ശ്വാസം ഉയർന്നുപൊങ്ങുകയോ ഉള്ളിൽ ചൂട് അനുഭവപ്പെടുകയോ ഉണ്ടായില്ല. കടൽത്തീരത്തു തീരത്തു ബാക്കിയായ കാൽപാടുകൾ പറഞ്ഞ കഥകളെ കുറിച്ചോർക്കുകയായിരുന്നു അവനപ്പോൾ. ചാരനിരത്തിനുമേൽ അധികാരം സ്ഥാപിച്ചു പതിഞ്ഞുപോയ അനേകായിരം കാൽപാടുകൾ. അവക്ക് പറയാനുണ്ടായിരുന്ന ജീവനില്ലാത്ത കഥകൾ.
അതിൽ ഹിന്ദുവും മുസ്ലിനും ക്രിസ്ത്യാനിയും ബുദ്ധമതക്കാരനും ജൈനമതക്കാരനും വിദേശിയും സ്വദേശിയും ഉണ്ടായിരുന്നു. കടൽ തീരം നിറയെ കടല് കണ്ടവർ ബാക്കിയാക്കിയ മുഷിഞ്ഞ കാൽപാടുകൾ.

പിന്നീടവൻ ഒരിക്കൽ പോലും കടല് കാണുകയുണ്ടായില്ല. അച്ചാച്ചന്റെ മന്ത്രങ്ങൾ കേൾക്കുകയോ ഭാസ്കരേട്ടന്റെ ചായപ്പീടികയിലെ വൈകുന്നേരങ്ങളിൽ മുങ്ങിത്താഴുകയോ ചെയ്തിട്ടില്ല. അയാൾ കടലും കരയും കടന്നു കഥകൾ കേട്ടു. കാഴ്ചകൾ കണ്ടു. പക്ഷെ, റൂം നമ്പർ 32ലിരുന്ന് കടല്കണ്ട ദിവസത്തിനോളം മൂർച്ചയേറിയ ഒരു കാഴചയും അയാൾ കണ്ടിട്ടില്ല. അതിനോളം ചാരനിറമുള്ള കഥകളൊന്നും തന്നെ അയാൾ കേട്ടിട്ടുമില്ല.

അലച്ചിനിനൊടുവിൽ വഴികളെല്ലാം ചാരനിറമുണ്ടായിരുന്ന ആ ദിവസത്തിലേക്ക് ചുരുങ്ങിപോയ അന്നാണ് അയാൾ വീണ്ടും തറവാട് വീടോർത്തത്. അച്ചാച്ചന്റെ മന്ത്രങ്ങളെ കുറിച്ചോർത്തത്. കെടാവിളക്കിന് മുന്നിലിരുന്ന് ചുമച്ചും കിതച്ചും അച്ചാച്ചൻ ഇപ്പോഴും മന്ത്രങ്ങളിൽ സ്വയം മറന്നിരിക്കുന്നുണ്ടാകുമെന്നോർത്തത്.

“അച്ചാച്ചാ.. “

അയാൾ കാളിങ് ബെൽ വീണ്ടുമമർത്തി.

“വഴിതെറ്റരുതെന്നു ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ..?”

ജപമാലകൾ ശാസിക്കാനൊരുങ്ങി.

-വഴിതെറ്റിയിട്ടില്ല അച്ചാച്ചാ..-

-ഒരിക്കൽ തെറ്റിയ വഴിയാണ് ബാക്കിയുള്ള നേരായ വഴികളെല്ലാം എനിക്ക് കാണിച്ചുതന്നത്- അയാൾ വിറച്ചുപോകാതിരിക്കാൻ പാടുപെട്ടു.

ജപമാലയിൽ മണികൾ പരസപരം നോക്കി. അയാൾ കയ്യിൽ കരുതിയിരുന്ന തോർത്തു പുറത്തെടുത്തു. ശ്വാസം മുട്ടുമ്പോഴും കണ്ണുകൾ പിന്നിലേക്കമരുമ്പോഴും അച്ചാച്ചൻ പിടിതരുന്നുണ്ടായിരുന്നില്ല. അച്ചാച്ചനൊരിക്കലും ആർക്കും പിടികൊടുത്തിട്ടില്ലല്ലോ. അച്ഛമ്മക്കോ അമ്മക്കോ വാസന്തിച്ചേച്ചിയുടെ മകൾക്കോ, ആർക്കും. മന്ത്രങ്ങളാൽ കൊട്ടിയടച്ച മുറിക്കുള്ളിൽ കയറി അച്ചാച്ചനെ തൊടാൻ ആർക്കാണ് ധൈര്യമുണ്ടായിരുന്നത്..?

അച്ചാച്ചൻ പൂർണമായും നിശ്ചലമായി. ജപമാലകൾ വർഷങ്ങളായുള്ള തങ്ങളുടെ ജോലി അവസാനിപ്പിച്ചു. പുറത്തു മഴ കൂടി വന്നു. പെയ്തുതീരാൻ കാത്തുനിൽക്കാതെ അയാൾ ഇറങ്ങി നടന്നു.

ഭാസ്‍കരേട്ടനെ ഒന്ന് കാണണം. നടത്തത്തിനിടയിൽ അയാൾ വീണ്ടും റൂം നമ്പർ 32 ഓർത്തു. കടല് കണ്ടതും പവിഴപ്പുറ്റുകൾ കണ്ടതും നിറങ്ങൾ ഏറെയുണ്ടായിരുന്നു സാരിത്തലപ്പുകൾ പറഞ്ഞ കഥകളുമോർത്തു. തീരത്തടിഞ്ഞ കാല്പാടുകളിലെ മുഖങ്ങൾ ഓരോന്നായി വേർതിരിച്ചുവെച്ചതിനെ പറ്റിയോർത്തു. കാല്പാടുകളിൽ ആഴമേറിയതിനെല്ലാം അച്ചാച്ചന്റെ പേരായിരുന്നു. ഭാസ്കരേട്ടന്റെ പേരായിരുന്നു. പണിക്കരുടെ പറമ്പിലെ പൊന്തക്കാട്ടിനുള്ളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും വന്ന പലരുടെയും പേരായിരുന്നു.

ജപമാലയിലെ അവസാനമണിയിൽ അച്ചാച്ചൻ മുറുകെപ്പിടിച്ചിരുന്ന ചില പ്രത്യേക മന്ത്രങ്ങളെ കുറിച്ച് കടൽ പറഞ്ഞ കഥയെ പറ്റി ഓർക്കുകയായിരുന്നു അയാൾ. പൊന്തക്കാട്ടിലും അല്ലാതെയുമുള്ള സാരിത്തലപ്പുകൾ പൂജാമുറിക്കകത്തു നിശബ്ദമായിരുന്നതും, അവ ഭേദിക്കാൻ ശ്രമിച്ചിരുന്ന അച്ഛമ്മയെ പൂർണമായും നിശ്ശബ്ദയാക്കിയതിനെ കുറിച്ചുമുള്ള കഥകൾ. കണ്ടുമടുത്ത കാഴ്ചകളോട് പ്രതികരിക്കാൻ ശക്‌തിയില്ലാതെ വീടുവിട്ടിറിങ്ങിപോയ അമ്മയുടെ കഥകൾ. അങ്ങനെ പലതും. മുഷിഞ്ഞ കാല്പാടുകൾ ബാക്കിയാക്കി, കടല് കണ്ടിരുന്നവരിൽ പ്രധാനി അച്ചച്ചനായിരുന്നു എന്നു തിരിച്ചറിയുമ്പോൾ മരവിപ്പ് മാത്രമാണ് തോന്നിയിരുന്നത്. അയാൾ അച്ചാച്ചനെ വീണ്ടുമോർത്തു. സാത്വികൻ..!

മുന്നിൽ കരഞ്ഞുതീർത്ത കടലിനെയയാൾ ഓർത്തെടുത്തു. ആ കരച്ചിലിലേക്ക് അച്ഛമ്മയും അമ്മയും വാസന്തിച്ചേച്ചിയുടെ മകളും വന്നുചേർന്നതോർത്തു. കടൽ കാണുമ്പോഴെല്ലാം, ചാരനിരമണിഞ്ഞ വലിയ കരച്ചിലുകൾ അവനിലേക്ക് പെയ്തുകൊണ്ടേയിരുന്നു. മഴയിലൂടെ അയാൾ നടന്നു.

“ഭാസ്കരേട്ടാ.. ഇങ്ങള് ശരിക്കും കടൽ കണ്ടിട്ടുണ്ടോ..?” നനഞ്ഞൊട്ടി ചായപീടികയിലേക്ക് കയറി അയാൾ ചോദിച്ചു.

വാർധക്യത്തിലും ഒരു വഷളൻ ചിരിയയാൾ ചിരിച്ചു.

“ഞാൻ കണ്ടത്ര കടൽ ആര് കണ്ടിരിക്കുന്നു കുട്ട്യേ..” വാക്കുകളിൽ അഭിമാനം പുതഞ്ഞയാൾ നിന്ന് കിതച്ചു.

ചായപ്പീടികയിൽ മറ്റൊരു വൈകുന്നേരം കൂടെ അവസാനിച്ചു. ഭാസ്കരേട്ടനെ അയാൾ വലിച്ചു നിലത്തുകിടത്തി. മഴയിലേക്കിറങ്ങിയയാൾ വീണ്ടും നടന്നു. കഥകൾ കേൾക്കാൻ. ചാരനിറം മനോഹരമായ നിറങ്ങളാകുന്ന പുതിയ കഥകൾ കേൾക്കാൻ.

“അച്ഛമ്മക്ക് നഷ്‌ടമായ നിറങ്ങൾ തിരികെ ലഭിച്ചുവോ എന്നെനിക്ക് അറിയില്ല. പക്ഷെ, അച്ഛമ്മയിൽ നിറയെ നിറങ്ങളുണ്ടായിരുന്നു. അമ്മയിലും, വാസന്തിച്ചേച്ചിയുടെ മകളിലും നിറങ്ങൾ ഉണ്ടായിരുന്നു. റൂം നമ്പർ മുപ്പത്തിരണ്ടിനകത്തും പുറത്തും അഴിഞ്ഞുവീണ സാരികൾക്കൊക്കെയും നിറങ്ങൾ ഉണ്ടായിരുന്നു. ചാരനിറമാവുന്നതിനും മുന്നേ, ചവിട്ടിയരാക്കപ്പെടുന്നതിനും മുന്നേ, സ്വപ്‌നങ്ങൾ നിറഞ്ഞുനിന്നിരുന്ന പലപല നിറങ്ങുളുണ്ടായിരുന്നു. അതിൽ പച്ചയും മഞ്ഞയും വെള്ളയും ചുവപ്പും ഉണ്ടായിരുന്നു. നിനക്കാതെ പെയ്ത മഴയിൽ നേർത്തുനേർത്തവയെല്ലാം ചാരനിറമാവുകയായിരുന്നു.”

സഞ്ചിയിൽ തിരുകിവെച്ച ഡയറിയിൽ അയാൾ അങ്ങനെ കുറിച്ചിട്ടിരുന്നു.

One Response

  1. നന്നായിട്ടുണ്ട് ഹന്ന. കടലും അഴിഞ്ഞു വീഴുന്ന സാരി തലപ്പുകളും.. കഥയും കഥാപാത്രങ്ങളും ഒക്കെ കണ്മുന്പിൽ കാണുന്ന പോലെ തോന്നി. നല്ലതു വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…