സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ധൂമകേതു

ട്രീസ ജോസഫ്

അച്ഛനും അമ്മയും ഒരുമിച്ച് അമ്പലക്കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട രാത്രിയിലാണ് ധൂമകേതുഎന്ന വാക്ക് അവൾ ആദ്യമായി കേൾക്കുന്നത്. മൂന്നാം ക്‌ളാസ്സിലെ പെരുക്കപ്പട്ടിക ചൊല്ലിപ്പഠിക്കുകയായിരുന്നുഅവൾ. അച്ഛനെയും അമ്മയെയും ഉമ്മറത്തു കിടത്തിയിരിക്കുന്നത് എന്തിനാണെന്ന് അവൾ അത്ഭുതപ്പെട്ടു. അമ്മയുടെ വയർ വീർത്തിരുന്നു. അച്ഛന്റേത് അവൾ ശ്രദ്ധിച്ചതേയില്ല. “അമ്മയുടെ വയറ്റിൽ ഉണ്ണിയുണ്ടാവോമുത്തശ്ശീ” എന്ന് ചോദിച്ച അവളെ ചെറിയച്ഛൻ വഴക്ക്‌ പറഞ്ഞു. “മിണ്ടാണ്ടിരുന്നോണം ഒരിടത്ത്. ഇനീപ്പോ എന്റെതലേൽ ആയല്ലോ ധൂമകേതു.”

ധൂമകേതു എന്ന വാക്കിന്റെ അർത്ഥം അവൾക്ക് തീരെ മനസ്സിലായില്ല. “ന്റെ കുട്ടി പോയിലോ” എന്ന് മുത്തശ്ശികരഞ്ഞു. അന്ന് മുതൽ അവൾ ധൂമകേതു ആയി.

മാലിനി എന്ന സ്വന്തം പേര് അവൾ വളരെ ചുരുക്കമായേ ഓർമ്മിച്ചിരുന്നുള്ളു. ചെറിയച്ഛന്റെ മകൻ രാജീവനാണ്അവളെ ധൂമകേതു എന്ന് അച്ഛൻ വിളിക്കുന്ന കാര്യം സ്കൂളിൽ പറഞ്ഞത്. കുട്ടികളുടെ കളിയാക്കലിൽ അവളുടെമനസ്സ്‌ മുറിഞ്ഞു. അന്ന് മുതൽ മഴ വരുന്നത് മുതൽ കണക്ക് ടീച്ചർ ക്‌ളാസിൽ ചോദ്യം ചോദിക്കുന്നത് വരെഅവളുടെ കുഴപ്പം കൊണ്ടായി. സ്കൂൾ യുവജനോത്സവത്തിൽ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ അവരുടെസ്കൂളിന് കിരീടം നഷ്ടമായ വൈകുന്നേരമാണ് അവളുടെ നെഞ്ച് പിളർത്തിക്കൊണ്ട് ഹെഡ്മാസ്റ്റർ ഉച്ചത്തിൽപറയുന്നത് ” സിസിലി ടീച്ചറിനോട് അന്നേരമേ ഞാൻ പറഞ്ഞതാ രാശിയില്ലാത്ത ഒന്നിനെയും സമൂഹഗാനത്തിന്ചേർക്കരുതെന്ന്. അതെങ്ങനാ അപ്പനെയും അമ്മയെയും കൊന്ന ജാതിയാ. എന്റെ റിട്ടയർമെന്റിന് മുൻപ്ഒരിക്കൽ കൂടി നമ്മുടെ സ്കൂളിന് കിരീടം കിട്ടേണ്ടതായിരുന്നു.”

താൻ സമൂഹ ഗാനത്തിന് ചേർന്നത് കൊണ്ട് സ്‌കൂളിന്റെ കിരീടം എങ്ങനെ നഷ്ടമായെന്ന് എത്രയാലോചിച്ചിട്ടുംമനസ്സിലായില്ല. തന്റെ സ്വരം നല്ലതാണെന്ന് പാട്ട് പഠിപ്പിക്കുന്ന സിസിലി ടീച്ചർ പല തവണ പറഞ്ഞിട്ടുണ്ട്. അവളുടെകണ്ണുകൾ നിറഞ്ഞു വന്നു. ഇനി ഒന്നിനും താൻ ചേരില്ല എന്നുറച്ച് അവൾ വീട്ടിലേക്ക് നടന്നു.

എന്തിനാവും എല്ലാവരും തന്നെ ധൂമകേതു എന്ന് വിളിക്കുന്നതാവോ. രാജീവനേക്കാൾ നന്നായി താൻ പഠിക്കും. വീട്ടിലെ പണികളും ചെയ്യും. ആരോടും ഒരു പരാതീം പറയാത്ത തന്നെ എന്തിനാവും എല്ലാവരും ധൂമകേതു എന്ന്വിളിക്കുന്നത്. അത് എന്തോ അശുഭം പിടിച്ച വാക്കാണെന്നാണ് ആകെയുള്ള കൂട്ടുകാരി കുഞ്ഞുമേരി പറഞ്ഞത്. കുഞ്ഞുമേരിയുടെ അച്ഛനും അമ്മയും പണക്കാരല്ലാത്തതു കൊണ്ടാവുമോ അവർക്ക് മകളോട് ഇത്ര ഇഷ്ടം എന്ന്മാലിനി ഓർത്തു. അച്ഛന്റെയും അമ്മയുടെയും മുഖം പോലും അവൾ മറന്നു പോയിരുന്നു.

വയസ്സറിയിച്ച് കഴിഞ്ഞ ഒരു ദിവസമാണ് തോട്ടിലേക്കുള്ള ഇടവഴിയിൽ വച്ച് രാജീവൻ അവളെ തടഞ്ഞു നിർത്തിഅവൾ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞത്. പരിഭ്രമിച്ചു പോയ മാലിനി ചുറ്റും നോക്കി. രാജീവന്റെ കൈതട്ടിമാറ്റി ഓടുമ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു “ഓടണ്ട, നിന്നെ ഒരിക്കൽ എന്റെ കൈയിൽകിട്ടും.”

പിറ്റേന്ന് സ്‌കൂൾ വിട്ട് വരുമ്പോൾ കൂട്ടുകാർ ഒരുമിച്ച് അവളെ ധൂമകേതു എന്ന് വിളിച്ചു കളിയാക്കിയാണ് അവൻപകരം തീർത്തത്.

ഇനി തനിക്ക് എന്തെങ്കിലും കുഴപ്പം കാണുമോ എന്ന് അവൾ തന്നെ ചിന്തിക്കാൻ തുടങ്ങി. താൻ എവിടെചെന്നാലും അവിടെയൊക്കെ അശുഭമായി എന്തെങ്കിലും സംഭവിക്കുന്നു. വല്ലപ്പോഴും സ്നേഹം കാണിക്കുന്നമുത്തശ്ശിക്ക് പോലും ചില നേരത്ത് തന്നെ കാണുന്നത്‌ ചതുർഥിയാണ്.

പഠനം കഴിഞ്ഞ് ജോലിയായിട്ടും ചെറിയമ്മയുടെ മക്കളുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടും തന്റെ കാര്യത്തിൽ ഒരുതീരുമാനവും ആകാതെ വന്നപ്പോഴാണ് ട്രാൻസ്ഫർ വാങ്ങി മാലിനി ദൂരെയുള്ള നഗരത്തിലെത്തിയത്. അത്മാത്രമല്ല ചെറിയമ്മയുടെ കുത്തുവാക്കുകൾ അവൾക്ക് മടുത്തിരുന്നു. ഒരിക്കൽ അടുപ്പിച്ച് മൂന്ന് ദിവസം അവധികിട്ടിയപ്പോൾ വീട്ടിൽ ഒന്ന് പോയി വരാൻ അവൾ തീരുമാനിച്ചു. മുത്തശ്ശിയെ കണ്ടിട്ട് ഏറെ നാൾ ആയിരുന്നു. ദൂരെനഗരത്തിൽ നിന്ന് ബസ്സുകൾ മാറിക്കയറി വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. പാടത്തിനരികിൽനിന്ന് തവളകൾ പേക്രോം പേക്രോം എന്ന് കരയുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള ഒതുക്കു കല്ലിന്റെ എട്ടാമത്തെപടിചവിട്ടി ചരൽ വിരിച്ച മുറ്റത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോഴാണ് കറന്റ് പോകുന്നത്. പവര്‍കട്ടിന്റെസമയമാണെന്ന് ഓർക്കാതെ ചെറിയമ്മ ഉച്ചത്തിൽ ശകാരിക്കാൻ തുടങ്ങി. “അശ്രീകരം, നിറഞ്ഞ സന്ധ്യക്ക് മുറ്റത്ത്കാലു കുത്തീലോ. കണ്ടില്ലേ, കാല് കുത്തിയ നിമിഷം തന്നെ വെളിച്ചം കെട്ടത്. അതെങ്ങനാ….” ഇനി മുന്നോട്ടുള്ളപറച്ചിൽ കേട്ട് തഴമ്പിച്ചതാണ്. അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.

ഉമ്മറത്തിരിക്കുകയായിരുന്ന മുത്തശ്ശിക്ക് പോലും തന്റെ വരവിൽ ഒരു സന്തോഷമില്ലാത്തത് പോലെ. ഇനിവീട്ടിലേക്കില്ല എന്ന് തീരുമാനിച്ചാണ് പിറ്റേന്ന് രാവിലെ പടിയിറങ്ങിയത്. മറ്റുളളവരുടെ കാര്യങ്ങൾ ആരുംഅന്വേഷിക്കാത്ത ഒരിടത്തായിരുന്നു ജോലി. ജോലി ചെയ്യുക ബാക്കി സമയം യാത്ര ചെയ്യുക എന്നൊരുദിനചര്യയിലേക്ക് അവളുടെ ജീവിതം മാറി. ആരോടും അടുപ്പമില്ലാതെ, കൂട്ടുകാർ ആരും തന്നെയില്ലാതെ ഒറ്റപ്പെട്ടഒരു ജീവിതം.

വയസ്സ്‌ മുപ്പത് കഴിഞ്ഞിരിക്കുന്നു. കൺതടങ്ങളിൽ കറുപ്പുരാശി പടർന്നിട്ടുണ്ട്. തന്റെ ജീവിതത്തിലേക്ക് ഇനിആരെങ്കിലും വരുമെന്ന പ്രതീക്ഷയൊന്നും അവൾക്കില്ലായിരുന്നു. അല്ലെങ്കിലും ഒരു പ്രണയത്തിൽ വീഴാനുള്ളധൈര്യമൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. ജീവിതം വിരസതയുടെ നൂൽപ്പാലത്തിലൂടെ മുൻപോട്ട്പൊയ്ക്കൊണ്ടിരുന്നു.

അവിചാരിതമായാണ് ഒരു ദിവസം മാലിനിയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നത്. അവൾ പുസ്തകക്കടയിൽനിന്നും കുറെയേറെ പുസ്തകങ്ങൾ ഓർഡർ ചെയ്തിരുന്നു. ആർത്തിയോടെ പൊതിക്കെട്ട് തുറന്ന അവളെഅമ്പരപ്പിച്ചു കൊണ്ട് ഓർഡർ ചെയ്യാത്ത കുറേ പുസ്തകങ്ങൾ ചിരിച്ചു കൊണ്ട് അവളുടെ മുൻപിൽനിരന്നിരുന്നു.

അമ്പരപ്പ് മാറുന്നതിന് മുൻപാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും അവളുടെ ഫോണിലേക്ക് ഒരു കാൾവരുന്നത്‌. എടുക്കണോ വേണ്ടയോ എന്ന ശങ്കക്കൊടുവിൽ ഫോൺ ചെവിയിലേക്ക് ചേർത്ത് അവൾ ഹലോപറഞ്ഞു.

“ഹലോ മാലിനിയല്ലേ? എന്റെ പേര് അരുൺ”

അപ്പുറത്ത് നിന്ന് കേട്ട പുരുഷശബ്ദം ഒട്ടും പരിചയമില്ലാത്തതാണല്ലോ എന്ന് അവളോർത്തു. ഒപ്പം മാലിനി എന്നഅവൾ തന്നെ പലപ്പോഴും മറന്ന് പോകാറുള്ള അവളുടെ പേര് വിളിക്കുന്നത് ആരെന്നുള്ള സംശയവും അവളിൽനിറഞ്ഞു. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷമാണ് അവൾ

“അതേ മാലിനിയാണ്” എന്ന മറുപടി പറഞ്ഞത്.

“മാലിനി ഓർഡർ ചെയ്ത പുസ്തകങ്ങൾ എനിക്കാണ് എത്തിയത്. അതിന്റെ ബില്ലിൽ നിന്നാണ് ഈ ഫോൺനമ്പർ കിട്ടിയത്. എന്റെ പുസ്തകങ്ങൾ അവിടെയും എത്തിയിട്ടുണ്ടാവും. കടക്കാർക്ക് അഡ്രസ് മാറിപ്പോയെന്ന്തോന്നുന്നു. ബുദ്ധിമുട്ടാവില്ലെങ്കിൽ അതൊക്കെ അതിലെ ബില്ലിൽ കാണുന്ന അഡ്രസിലേക്ക് ഒന്നയക്കുമോ? നാളെത്തന്നെ നിങ്ങളുടെ ബുക്കുകൾ ഞാനയക്കുന്നുണ്ട്”. ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി.

ശരി എന്ന് പറഞ്ഞ് അവൾ ഫോൺ ഡിസ്കണക്ട് ചെയ്തു.

ആകെയൊരു വല്ലായ്ക. ആദ്യമായാണ് ഇങ്ങനെ ഒരു സന്ദർഭം അഭിമുഖീകരിക്കേണ്ടി വരുന്നത്‌. എന്ത്‌ചെയ്യണമെന്നറിയാതെ അവൾ ഇരുന്നു. പിന്നെ പതിയെ പുസ്തകങ്ങളോരോന്നായി എടുത്തു നോക്കി. കുറെയൊക്കെ വായിച്ചിട്ടുള്ളതാണ്. എന്തായാലും നാളെത്തന്നെ ഇതൊക്കെ അയക്കണമെന്ന് അവൾ കരുതി.

പിറ്റേന്ന് മിന്നൽപ്പണിമുടക്കായിരുന്നു. അതിന്റെ പിറ്റേന്ന് പൊതു അവധിയും. പുസ്തകങ്ങൾ അയക്കാൻ പറ്റാതെറൂമിലിരുന്ന അവൾ അവ ഓരോന്നായി മറിച്ചു നോക്കാൻ തുടങ്ങി. വായിച്ചു പോകുംതോറും ഇഷ്ടപ്പെടുന്ന കുറേപുസ്തകങ്ങൾ. അന്ന് വൈകിട്ട് മെസ്സിൽ ചപ്പാത്തിയും പരിപ്പു കറിയുമായിരുന്നു. അത് കഴിക്കാൻ പോകുന്നില്ലഎന്ന് തീരുമാനിച്ച് അവൾ പുസ്തക വായനയിൽ മുഴുകി.

പ്രവൃത്തി ദിവസങ്ങൾ ആരംഭിച്ച അന്ന് തന്നെ മാലിനി പുസ്‌കകങ്ങളൊക്കെ ബില്ലിൽ ഉള്ള അഡ്രസ്സിൽ അയച്ചു. അതിന് ശേഷം അവൾ ഫോൺ നമ്പറിൽ വിളിച്ചു. ഫോൺ എടുത്തയുടനെ “ഹലോ മാലിനീ, ഞാൻ ഈപുസ്തകങ്ങളൊക്കെ വായിച്ച് കഴിഞ്ഞ് അയച്ചാൽ മതിയോ? പകരം എന്റെ പുസ്തകങ്ങൾ മാലിനിയും വായിച്ചുകൊള്ളൂ” എന്നൊരു ശബ്ദം അവളുടെ ചെവിയിലെത്തി.

“ശരി അങ്ങനെയാകട്ടെ” എന്നേ അവൾക്ക് പറയാൻ പറ്റിയുള്ളൂ.

പിറ്റേന്ന് അയാൾ അവളെ വീണ്ടും വിളിച്ചു. “ഇന്ന് അവധിയെടുത്തു, പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞു. നാളെഎല്ലാം അയച്ചേക്കാം” എന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്ട് ചെയ്തു.

മൂന്ന് ദിവസത്തിന് ശേഷം അവളുടെ പുസ്തകകങ്ങൾ തപാലിലെത്തി. അവൾ പൊതിയഴിക്കുന്ന അതേ നിമിഷംഫോൺ ബെല്ലടിച്ചു, അതേ നമ്പർ. ദാ പുസ്തകകങ്ങൾ ഇപ്പോൾ കിട്ടിയതേയുള്ളു എന്ന് പറഞ്ഞ അവളോട് ” ഇതാണ് നിമിത്തം എന്ന് പറയുന്നത്‌” എന്ന് പറഞ്ഞ് അരുൺ പൊട്ടിച്ചിരിച്ചു. പതിയെ പതിയെ അവരുടെസംഭാഷണം പുസ്തകങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും ഒക്കെയായി.

“അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടാണ്മക്കളാണ്. വീട് ആലപ്പുഴ. മാലിനിയുടെ വീട്ടിൽ ആരൊക്കെയുണ്ട്?” ഒരിക്കൽ അരുൺ തിരക്കി. ഒരു നിമിഷം അവളൊന്നറച്ചു. എന്ത്‌ പറയും? തനിക്ക് ആരുമില്ലെന്നോ, അതോ തന്റെഭാഗ്യദോഷം കൊണ്ടാണ് അച്ഛനും അമ്മയും മരണപ്പെട്ടതെന്നോ? ധൂമകേതു എന്ന് വിളിച്ച് പരിഹസിക്കുന്നചെറിയമ്മയുടെ മുഖം അവളുടെ ഓർമ്മയിൽ തെളിഞ്ഞു. അവളുടെ ഭാഗ്യത്തിന് അപ്പോൾ അരുണിന് ഓഫീസിൽതിരക്കാവുകയും ‘പിന്നെ വിളിക്കാട്ടോ’ എന്നൊരു ക്ഷമാപണത്തോടെ അയാൾ ഫോൺ വെയ്ക്കുകയും ചെയ്തു.

അരുണിന് പറയാൻ ഏറെയുണ്ടായിരുന്നു. പുതിയതായി ഇറങ്ങിയ പുസ്തകങ്ങളെക്കുറിച്ചും പരീക്ഷിച്ചുപരാജയപ്പെട്ട പാചകക്കുറിപ്പിനെ കുറിച്ചും അയാൾ പറഞ്ഞു. എന്ത്‌ കാര്യത്തെക്കുറിച്ചും വ്യക്തമായകാഴ്ചപ്പാടുണ്ടായിരുന്നു അയാൾക്ക്. ഒരിക്കൽ പോലും അവളുടെ സ്വകാര്യതകളിലേക്ക് അന്വേഷണങ്ങൾനീളാത്ത സംഭാഷണങ്ങളായിരുന്നു അവർക്കിടയിൽ കൂടുതലും.

“മാലിനീ എനിക്ക് നിന്നോട് മറയില്ലാതെ സംസാരിക്കാൻ പറ്റുന്നുണ്ട്. സംസാരിക്കുമ്പോൾ ഒട്ടും അപരിചിതത്വംതോന്നുന്നതേയില്ല. ഈ സൗഹൃദം തീർച്ചയായും എനിക്കൊരു പോസിറ്റീവ് ഫീലിംഗ് തരുന്നുണ്ട്. നമുക്ക്‌ഒരുമിച്ചൊരു ജീവിതം തുടങ്ങിക്കൂടേ? സമ്മതമാണെങ്കിൽ ഒരു ദിവസം അച്ഛനെയും അമ്മയെയും കൂട്ടി ഞാൻവരാം.” സംസാരത്തിനിടയിൽ ഒരിക്കൽ അരുൺ ചോദിച്ചു. നേരിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്നെ എന്ത്‌ധൈര്യത്തിലാണ് കൂടെക്കൂടാൻ വിളിക്കുന്നതെന്ന് അവൾ അരുണിനോട് ചോദിച്ചു. “ഓ അതിലൊന്നും വലിയകാര്യമില്ല. നേരിൽ കണ്ടും ജാതകപ്പൊരുത്തം നോക്കിയും ജീവിച്ചു തുടങ്ങിയിട്ട് ഇപ്പോൾ നേരിൽ കണ്ടാൽ കടിച്ചുകീറാൻ നിൽക്കുന്ന ഒരു ചേട്ടനും ചേട്ടത്തിയമ്മയുമുണ്ട് വീട്ടിൽ. മടുത്തിട്ടാണ് അച്ഛനെയും അമ്മയെയും കൂട്ടിഞാൻ ഇവിടെ വന്ന് താമസിക്കുന്നത്.” അരുൺ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ആദ്യമായി ഒരു ചെറിയനൊമ്പരം മാലിനി തിരിച്ചറിഞ്ഞു.

അന്നാണ് അച്ഛനും അമ്മയും അമ്പലക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതിനെക്കുറിച്ചും തന്റെ ജന്മദോഷംകൊണ്ടാണ് അത് സംഭവിച്ചതെന്ന് എല്ലാവരും പറയുന്നതിനെക്കുറിച്ചും മാലിനി അയാളോട് പറയുന്നത്. ധൂമകേതു എന്നാണ് ചെറിയമ്മ തന്നെ വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നനഞ്ഞിരുന്നു. അരുൺഅത് കേട്ട് പൊട്ടിച്ചിരിച്ചു. ” നിനക്കെന്താ ഭ്രാന്തുണ്ടോ പെണ്ണേ?” ഈ കാലത്തും ഇങ്ങനത്തെ ഓരോവിശ്വാസങ്ങൾ”

അരുൺ ചിരിച്ചു കൊണ്ടിരുന്നു. “മനുഷ്യ മനസ്സിന് ഒരു പ്രത്യേകതയുണ്ട്, ആരെങ്കിലും നമ്മളെപ്പറ്റി എന്തെങ്കിലുംപറഞ്ഞാൽ അത് ശരിയാണോ എന്ന് തന്നെ മനസ്സ്‌ ആലോചിച്ചു കൊണ്ടേയിരിക്കും. അങ്ങനെ പതിയെപ്പതിയെഅത് സത്യമായിത്തീരും. അങ്ങനെയാണ് നീ എവിടെച്ചെന്നാലും പ്രശ്നമാണെന്ന് നിനക്ക് തന്നെതോന്നിത്തുടങ്ങിയത്. ഒരു കാര്യം ചെയ്യൂ, ഇത് വരെ നമ്മൾ നേരിൽ കണ്ടിട്ടില്ലല്ലോ. അടുത്ത ശനിയാഴ്ച്ച ഇങ്ങോട്ട്വരൂ. അമ്മയ്ക്ക് യാത്ര വയ്യ. അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട് വന്നേനെ.” അരുൺ പറഞ്ഞു.

മാലിനി ഒന്ന് മടിച്ചു. തമ്മിൽ ഇത് വരെ കണ്ടിട്ടില്ല. ഫോൺ വിളികളിൽ കൂടി മാത്രമേ പരിചയമുള്ളൂ. എന്തിനാണ്അരുണിനെ താൻ കാണുന്നത് എന്നൊരു നിമിഷം അവളോർത്തു. വേണ്ട, നിറം കെട്ട ഈ ജീവിതം തനിയെജീവിച്ചു തീർക്കുന്നതാണ് നല്ലത്, മാലിനി ഓർത്തു. അവളുടെ ശബ്ദം കേൾക്കാതായപ്പോൾ അരുൺ പറഞ്ഞു. “ഒരു കാര്യം ചെയ്യൂ, അമ്മയോട് സംസാരിക്കൂ. എന്നിട്ട് തീരുമാനിച്ചാൽ മതി.” ഫോണിന്റെ മറുതലക്കൽ അമ്മവന്നപ്പോൾ മാലിനിയുടെ മനസ്സ്‌ ഒരു വെപ്രാളത്തിൽ പെട്ടുലഞ്ഞു. എന്ത്‌ പറയും താൻ? അവളോർത്തു. ഒന്നുംമിണ്ടാതെ നിൽക്കുന്ന മാലിനിയുടെ കാതിലേക്ക് ‘മോളേ’ എന്നൊരു ശബ്ദം അലിഞ്ഞിറങ്ങി. ഒരു കരച്ചിൽഅവളുടെ തൊണ്ടയിൽ തടഞ്ഞു. ഒരു സന്ധ്യയ്ക്ക് ഉമ്മറത്ത് കൊണ്ടുവന്ന് കിടത്തിയ അമ്മയുടെ വീർത്ത വയറുംവിറങ്ങലിച്ച ദേഹവും അവളുടെ മുൻപിൽ തെളിഞ്ഞു. അമ്മയുടെ നിർബന്ധം കൂടിയപ്പോൾ പാതി മനസ്സോടെഅവൾ സമ്മതം മൂളി. വെറുതെ അവിടെ വരെ ഒന്ന് പോകാം. അച്ഛനും അമ്മയും ഉണ്ടല്ലോ. പേടിക്കാനൊന്നുമില്ല, അവളോർത്തു.

എന്നിട്ടും ശനിയാഴ്ച്ച പോകണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ വെള്ളിയാഴ്ച വൈകുന്നേരം വരെതള്ളി നീക്കി. ഒടുവിൽ എന്തായാലും പോകാം എന്ന് തന്നെ തീരുമാനിച്ചു. തനിയെ ഉള്ള ഈ ജീവിതം മടുത്തുതുടങ്ങിയെന്ന് അവളോർത്തു. “കൂടുന്നോ എന്റെ ജീവിതത്തിലേക്ക്” എന്ന് ചോദിച്ചാൽ “ഉവ്വ്” എന്ന് മറുപടിപറഞ്ഞാലോയെന്ന് അവൾ ആലോചിച്ചു.

പിന്നെ ഒരു സന്തോഷത്തള്ളിച്ചയിൽ പിറ്റേന്നത്തേക്കുള്ള ബാഗ് പായ്ക്ക് ചെയ്യാൻ തുടങ്ങി.

അരുണിന്റെ ഫോട്ടോ നോക്കി വരച്ച ഓയിൽ പെയിന്റിങ് ബാഗിന്റെ ഏറ്റവും അടിയിൽ ഭദ്രമായി വെച്ചു. അമ്മയ്ക്ക് വേണ്ടി പണ്ടൊരിക്കൽ വാങ്ങിയ കസവു സാരിയും അച്ഛന് വേണ്ടി വാങ്ങിയ നീളം കൂട്ടുകയുംകുറക്കുകയും ചെയ്യാവുന്ന വാക്കിങ് സ്റ്റിക്കും അവൾ എടുത്തു വെച്ചു. തന്റെ അച്ഛനും അമ്മയുംഉണ്ടായിരുന്നെങ്കിൽ എന്ന നൊമ്പരം ഇത്ര നാളായിട്ടും മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ എന്നൊരു സങ്കടത്തിൽഅവൾ ഉറങ്ങാൻ കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ അവൾ മയങ്ങിപ്പോയി. ട്രെയിന് സമയമായോ എന്ന വേവലാതിയിൽ കണ്ണ് തുറക്കുമ്പോൾ അടുത്ത അമ്പലത്തിൽ നിന്ന് “കൗസല്യാസുപ്രജാ….” കേൾക്കുന്നുണ്ടായിരുന്നു. വേഗം തന്നെ അവൾ കുളിച്ചൊരുങ്ങി. കണ്ണാടിയുടെ മുൻപിൽ നിന്ന്പൊട്ടു തൊടുമ്പോൾ താൻ ചിരിക്കാൻ തുടങ്ങിയെന്ന് അവൾ അത്ഭുതപ്പെട്ടു.

ട്രെയിനിൽ ഇരിക്കുമ്പോഴാണ് അവൾക്ക് അരുണിന്റെ മെസ്സേജ് വരുന്നത്‌. തന്നെ കൂട്ടാൻ അച്ഛനും അമ്മയും ഒപ്പംകാണുമെന്ന് അവൻ പറഞ്ഞിരുന്നത് അവളോർത്തു.

“സ്റ്റേഷനിലേക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ അച്ഛന്റെ കാല് ഒന്ന് ഉളുക്കി. സ്റ്റെപ് ഇറങ്ങിയതാണ്. അത് കൊണ്ട്അമ്മ മാത്രമേ കാണൂ.” അരുണിന്റെ മെസ്സേജ് വായിച്ചതും അവളുടെ നെഞ്ചിൽ ഒരാന്തൽ. “ധൂമകേതു, എവിടെച്ചെന്നാലും ദോഷം തന്നെ” ആരുടെയൊക്കെയോ ശബ്ദം അവൾ കേട്ടു.

ട്രെയിൻ ആലപ്പുഴ എത്തിയപ്പോൾ ഉച്ചയായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റുഫോമിലെ ബുക്സ്റ്റാളിന് മുൻപിൽതാനുണ്ടാവും എന്ന് അരുൺ പറഞ്ഞിരുന്നു. ഒപ്പം ഇട്ടിരുന്ന ഷർട്ടിന്റെ നിറവും. ട്രെയിൻ ഒന്നാം നമ്പർപ്ലാറ്റുഫോമിൽ പതിയെ നിന്നു. മാലിനി ഇറങ്ങി മുൻപോട്ട് നടന്നു. അവൾ കണ്ടു ബുക്സ്റ്റാളിന്റെ മുൻപിൽഇട്ടിരുന്ന ബെഞ്ചിൽ അരുൺ ഇരിപ്പുണ്ട്, ഒപ്പം അവന്റെ അമ്മയും. ഒരിക്കൽ അരുൺ അമ്മയുടെ ഫോട്ടോഅയച്ചത് അവളോർത്തു. അവരുടെ കണ്ണുകളും അവളെ തിരയുകയാണ്. മാലിനി പതിയെ തൂക്കിയിട്ടിരിക്കുന്നമാഗസിനുകളുടെ മറ പറ്റി പുറകോട്ട് മാറി നിന്നു. ഇപ്പോൾ അവൾക്ക് അവർ പറയുന്നത്‌ പോലും കൃത്യമായികേൾക്കാം.

“ഈ ട്രെയിന് തന്നെയല്ലേ മോനേ?” എന്ന അമ്മയുടെ ചോദ്യവും “അതേ” എന്ന അരുണിന്റെ മറുപടിയും അവൾകേട്ടു. ഒന്ന് കൈ നീട്ടിയാൽ അവനെ തൊടാമെന്ന് അവൾക്ക് തോന്നി. നെറ്റിയിലേക്ക് അലസമായി കിടക്കുന്നമുടിയിഴകൾ കാറ്റിൽ പാറുന്നുണ്ട്. അമ്മയുടെ നെറ്റിയിലെ ചന്ദനക്കുറി വിയർപ്പിൽ നനഞ്ഞിരിക്കുന്നു. കണ്ണടവെച്ചിരിക്കുന്ന അമ്മയുടെ കണ്ണിലെ വാത്സല്യം കണ്ട് അവൾക്ക് കൊതിയായി. ഈ അമ്മ തനിക്കും കൂടിഅവകാശപ്പെട്ടതാണ് എന്നൊരു സന്തോഷത്തിൽ മുന്നോട്ട് നടക്കാനാഞ്ഞ അവളെ ഉള്ളിൽ നിന്ന് ഒരു സ്വരംപിടിച്ചു നിർത്തി.

അവളുടെ മനസ്സ്‌ വർഷങ്ങൾക്കപ്പുറത്തെ ഒരു രാത്രിയിലേക്കും വിറങ്ങലിച്ച രണ്ട് മൃതദേഹങ്ങളിലേക്കും പാഞ്ഞുപോയി. ധൂമകേതു എന്ന പതിഞ്ഞു പോയൊരു പേര് അവളുടെ ചെവിയിൽ മുഴങ്ങി. താൻ ചെല്ലുന്നിടത്തെഐശ്വര്യം പോകുമെന്ന ചെറിയമ്മയുടെ കുറ്റപ്പെടുത്തൽ അവൾ കേട്ടു. ചലിച്ചു തുടങ്ങിയ ട്രെയിനിലേക്ക് അരുൺനിരാശയോടെ നോക്കുന്നത് അവൾ കണ്ടു. “സാരമില്ല മോനേ, ഒന്ന് വിളിച്ചു നോക്കൂ. ചിലപ്പോൾ ഈ ട്രെയിനാവില്ല വരുന്നത്‌” എന്ന അമ്മയുടെ സാന്ത്വന ശബ്ദം അവൾ കേട്ടു. ‘അമ്മേ’ എന്ന് അവരെ ഒന്ന്വിളിച്ചാലോ എന്നവൾക്ക് തോന്നി. പിന്നെ നര വീണ ആ തലയിൽ അമർത്തി ഒരുമ്മ കൊടുക്കാനും. താൻ വരുന്നഅന്ന് തന്നെ അച്ഛന്റെ കാലുളുക്കിയത് തീർച്ചയായും അപശകുനം തന്നെ എന്നൊരു തോന്നലിൽ അവൾ ആകെതളർന്നു നിന്നു. അരുണിന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത ഉണ്ടായാൽ പിന്നെ ഈ സൗഹൃദം കാണില്ലഎന്നൊരു ചിന്തയിൽ അവളുടെ മനസ്സ്‌ ഉറഞ്ഞു പോയി.

ആ ഒരു നിമിഷത്തിൽ ജീവിതത്തിൽ അവശേഷിച്ച മുഴുവൻ ധൈര്യവും മനസ്സിലേക്ക് ആവാഹിച്ച്, കാലുകളെബലമായി തിരിച്ചു വെച്ച് അവൾ നടന്നു,പിന്നിലേക്ക്. ആൾക്കൂട്ടത്തിൽ അലിഞ്ഞ് തിരികെയുള്ള ട്രെയിന്റെസമയം വരെ വിശ്രമിക്കാൻ ഒരു സ്ഥലം തേടി അവൾ നടന്നു. ഇല്ല, എനിക്ക് പേടിയാണ്. ഞാൻ ചെല്ലുന്നിടംനശിച്ചു പോകുമോയെന്ന് എനിക്ക് പേടിയാണ്. അരുൺ നിന്റെ അച്ഛനെയും അമ്മയെയും നിനക്ക് നഷ്ട്ടപ്പെട്ടാലോഎന്നെനിക്ക് പേടിയാണ്. ധൂമകേതു എന്ന എന്റെ പേര് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ എന്നെനിക്ക്പേടിയാണ്. മാലിനി മനസ്സിൽ കരഞ്ഞു.

സ്റ്റേഷനിലെ വിശ്രമ മുറിയിൽ കണ്ണടച്ചിരിക്കെ അവളോർത്തു. ഇന്ന് അരുണിന് എഴുതണം. നീണ്ട ഒരു കത്ത്. ഇനി വിളിക്കില്ലെന്നും ഒരിക്കലും തമ്മിൽ കാണില്ലെന്നും എഴുതണം. പിന്നെ ഹോസ്റ്റൽമുറിയുടെ ജനാലച്ചില്ലയിൽവന്നിടിച്ച് ചത്തു പോയ കിളിയെക്കുറിച്ചും അതിനെ കുഴിച്ചിട്ട ശേഷം ഉച്ചത്തിൽ കരഞ്ഞ അടുത്ത വീട്ടിലെ കൊച്ചുപെൺകുട്ടിയെക്കുറിച്ചും എഴുതണം.

ഓ അല്ലെങ്കിലും അത്ര വിഷമിക്കാനൊന്നുമില്ല, വെറുമൊരു സൗഹൃദം. അതിനപ്പുറം ഒന്നുമില്ല. സ്വയംആശ്വസിപ്പിക്കാൻ എന്നവണ്ണം മാലിനിയോർത്തു. ബാഗിനുള്ളിൽ അച്ഛന് വാങ്ങിയ വാക്കിങ് സ്റ്റിക്കും അമ്മയുടെകസവു സാരിയും ഉണ്ട്. ബാഗ് തുറന്ന് അവൾ പതിയെ അവയെ തൊട്ടു. കടകൾ കയറിയിറങ്ങി അത്വാങ്ങുമ്പോൾ അമ്മയുടെ ഒപ്പം അമ്പലത്തിൽ പോകാനും അച്ഛനൊപ്പം സായാഹ്നങ്ങളിൽ നടക്കാൻ പോകാനുംതാൻ ആഗ്രഹിച്ചിരുന്നു എന്ന് അവളോർത്തു. ശബ്ദമില്ലാത്തൊരു തേങ്ങൽ അവളുടെ തൊണ്ടക്കുഴിയിൽവിറങ്ങലിച്ചു നിന്നു.

“ഞാൻ തിരികെ പോവുകയാണ് . ശാപം പിടിച്ച ഈ ജന്മത്തിന്റെ എല്ലാ ദുരിതങ്ങളും തനിച്ചു പേറിക്കൊണ്ട്. പകരം ഒന്നും വേണ്ട ഒരു ചിരി പോലും. നിന്റെ ചിരി വറ്റിപ്പോകാതിരിക്കാൻ ഞാൻ പിൻവാങ്ങുകയാണ്.”

അവളുടെ മനസ്സ്‌ പിറുപിറുത്തു.

മാലിനി ഒരു കരച്ചിലിലേക്ക് കണ്ണടക്കുമ്പോൾ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒരു ട്രെയിൻ വന്നു നിന്നു. മഴ കനത്ത്പെയ്യാൻ തുടങ്ങിയിരുന്നു. “സാരമില്ല മോനേ അവൾ വരും” എന്ന അമ്മയുടെ സാന്ത്വനം ട്രെയിന്റെ ഒച്ചയിൽമുങ്ങിപ്പോയി. അമ്മയുടെ കൈ പിടിച്ച് അരുൺ ട്രെയിനിൽ കയറുമ്പോൾ എതിർദിശയിലേക്കുള്ള വണ്ടിയിൽമാലിനി ഇരിപ്പുണ്ടായിരുന്നു. അവളുടെ കൈയ്യിൽ നീളം കൂട്ടുകയും കുറക്കുകയും ചെയ്യാവുന്ന ഒരുഊന്നുവടിയും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…