സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്ന

ഗ്രീന

നൂൽപ്പാമ്പുകളേപ്പോൽ ശരീരത്തിലിഴയുന്ന വിയർപ്പുകണങ്ങൾ തീർക്കുന്ന അസ്വസ്ഥതയിൽ തിരിഞ്ഞു മറിഞ്ഞയാൾ കട്ടിലിനെത്തന്നെ മുഷിപ്പിച്ചു .മൊബൈലിൽ സെറ്റ് ചെയ്തിരുന്ന അലാറം നിർത്താതെ മോങ്ങിത്തുടങ്ങിയപ്പോൾ അയാളെഴുന്നേറ്റ് മൂരി നിവർന്ന് ഉച്ചമയക്കത്തിന്റെ പടംപൊഴിച്ചു കൊണ്ട് ഉറക്കമുണരുന്ന ഏതൊരു മലയാളി യൗവ്വനത്തേയും പോലെ മൊബൈലിന്റെ ആകാരവടിവുകളെ ലാളിച്ച് ജെസ്സി എന്ന പേരിലെ അൺറീഡ് മെസേജ് വിരൽത്തുമ്പ്കൊണ്ട് കുത്തിത്തുറന്നു. ‘ഞാൻ ആറ് മണിയ്ക്കുള്ള ട്രെയിന് സൗത്തിലെത്തും ‘ എന്ന സന്ദേശം വായിച്ചട്ടയാൾ ക്ലോക്കിലേക്ക് നോക്കി ഇവക്കിതെന്തിന്റെ കേടാന്ന് പിറുപിറുത്ത് സിഗരറ്റിന് തീ പിടിപ്പിച്ചു. പിന്നീട് ,തങ്ങളിരുവരും തൂങ്ങിയാടിയിരുന്ന ത്രാസിൽ ജെസ്സി എന്നും ഭൂമിയോടും താൻ ആകാശത്തോടുമാണല്ലോ ചേർന്നിരുന്നതെന്ന് ഓർത്തുകൊണ്ട് പുറത്തെ ബാത്റൂമിലേക്ക് നടന്നു.

ഏഴ് മണി കഴിഞ്ഞിരിക്കുന്നു .ട്രെയിൻ ഒരുമണിക്കൂറോളം വൈകിയാണത്രെ സഞ്ചാരം.സ്റ്റേഷന്റെ പുറത്തെ ഏ ടി എം കൗണ്ടറിന്റെ പടിക്കെട്ടിലിരുന്ന് അയാൾ മൊബൈലിലേക്കും മുഷിവോടെ ഇടയ്ക്കിടെ വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു. വട്ടമിട്ട് പറന്ന് ശരീരത്തിനെ ഉന്നംവയ്ക്കുന്ന കൊതുകുകളെ അടിച്ചു കൊല്ലുമ്പോഴെല്ലാം അയാൾ ശബ്ദം താഴ്ത്തി തെറി പറഞ്ഞു. തെരുവുനായ്ക്കളുടെ ഒരു പറ്റം മുന്നേ പാഞ്ഞൊരു നായയ്ക്കു പിന്നാലെ നിർത്താതെ അലറിക്കുരച്ചോടി വന്നപ്പോൾ അയാൾക്ക് നേരിയ ഭയം തോന്നി. ഏടിഎം കൗണ്ടറിലേക്ക് പെൺകുട്ടികളുടെ ഒരു കൂട്ടമെത്തി.. അയാളെഴുന്നേറ്റ് സമീപത്ത് പാർക്ക് ചെയ്തിരുന്നൊരു ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിലേക്ക് ചാരി മൊബൈലിൽ നോക്കി നിന്നു.

ഏതോ ഒരു വണ്ടി എത്തുന്നുണ്ടെന്നു തോന്നുന്നു.പ്ലാറ്റ്ഫോമിലെ മൈക്കിലൂടെ പല ഭാഷകളിൽ മുഴങ്ങുന്ന അനൗൺസ്മെന്റ് ..!

തലയുയർത്തി അയാൾ സ്റ്റേഷൻ കവാടത്തിലേക്ക് നോക്കി.. അതെ , ഒരു വണ്ടി എത്തിയിട്ടുണ്ട്…! ഒരേ പർവ്വതോദരം പങ്കിട്ട അസംഖ്യം നീർച്ചാലുകളെ ഓർമിപ്പിച്ച് പുറത്തേക്കൊഴുകിയിറങ്ങി പലവഴികളിലേക്ക് ധൃതിയിൽ പിരിഞ്ഞുപോകുന്ന മനുഷ്യപ്രവാഹങ്ങൾ.. എവിടെയൊക്കെയോ ജീവിക്കുന്ന അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്ന അപരിചിതരായ അനേകം മനുഷ്യർ…! ‘

അവരുടെ പരക്കം പാച്ചിലുകൾ….
അവരുടെ സംസാരങ്ങൾ…
അവരുടെ നിശബ്ദതകൾ..!

മനുഷ്യരെ നോക്കിനിൽക്കുന്നതിൽ അന്നേവരെ തോന്നാതിരുന്നൊരു കൗതുകം അയാൾക്ക് തോന്നിത്തുടങ്ങി.

” ഇന്ത്യൻ റെയിൽവേ ഒരിക്കലും വാക്കുപാലിക്കാത്തൊരു കടൽക്കിഴവനാന്നറിയില്ലേ…? “

ചുമലിൽ ബാഗ് തൂക്കി പാറിപ്പറക്കുന്ന മുടിയൊതുക്കി യാത്രയുടെ ക്ഷീണത്തെ അവഗണിക്കുന്ന ശരീരഭാഷയോടെ അയാൾക്കരികിലേക്കെത്തുന്ന പെൺകുട്ടി. അന്യസംസ്ഥാനക്കാരായ യുവാക്കളുടെ വലിയൊരു സംഘം ഉറക്കെ എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് അവരെ കടന്നു പോയി. മുച്ചാടൻ സൈക്കിളിൽ ലോട്ടറിടിക്കറ്റുമായി സമീപിച്ച യുവാവിനെ അവഗണിച്ചുകൊണ്ട് അയാൾ ഒരു മണിക്കൂർ കുത്തിയിരുന്ന് ‘എന്റെ കുരു പൊട്ടി ജെസീ ‘ എന്ന് അവളോട് പരിഭവിച്ചു.

അവളുടെ ചുമലിൽ തൂങ്ങുന്ന ബാഗിലേക്ക് നോക്കി “വള്ളോം വലേമൊക്കെയെടുത്ത് നീയെങ്ങോട്ടാടീ ‘ യെന്ന ചിരിയോടെയുള്ള അയാളുടെ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് അവൾ അടുത്തേക്ക് വന്ന യാചകവൃദ്ധയുടെ പാത്രത്തിലേക്ക് ബാഗിന്റെ വശങ്ങളിലെ കള്ളിയിൽ നിന്നും ചില്ലറത്തുട്ടുകൾ വാരി നിക്ഷേപിക്കുന്നതിൽ ശ്രദ്ധാലുവായി . ചില്ലകൾ മൊഴി ചൊല്ലിയ വാകപ്പൂക്കളിലൊന്ന് അവളുടെ മുടിയിഴകളിൽ ഒരു മാത്ര തങ്ങി അവളെയും കടന്ന് മണ്ണിലേക്ക് ഊർന്നുകൊണ്ടിരുന്നു.അയാൾ ചോദ്യമാവർത്തിച്ചു.

” നീ എവ്ടേക്കാ ജെസ്സീ…? “

” ഞാനിന്ന് നിന്റെ കൂടെത്തന്നെ ”

അയാളൊന്ന് പതറിയോ ? അയാളുടെ ചുണ്ടിൽ തെളിഞ്ഞ മങ്ങിയ ചിരി അങ്ങനെ തോന്നിപ്പിച്ചു. ആ പരിഭ്രമം വായിച്ച് ഊറിച്ചിരിക്കുമ്പോൾ നഗരപ്പെടലിന്റെ ശേഷിപ്പുകളായ കോൺക്രീറ്റ് ഐരാവതങ്ങളിൽ തെളിഞ്ഞ വൈദ്യുതവിളക്കുകൾ അവളുടെ കണ്ണുകളിൽ മിന്നുന്നുണ്ടായിരുന്നു.

” ഓഞ്ഞ കോമഡി പറയാതെ ”

പാർക്കിങ്ങ് ഏരിയയുടെ വലത് മൂലയിൽ നരച്ചുതൂങ്ങിയ വേരുകളാലൊരു ജ്ഞാനവൃദ്ധനെ ഓർമ്മിപ്പിക്കുന്ന ആൽമരച്ചുവട്ടിൽ വച്ച് അയാൾ വീണ്ടും ചോദിച്ചു.

” ജെസീ നിനക്കെങ്ങോട്ടാ പോണ്ടെ.?ഞാനവിടെ ഡ്രോപ്പ് ചെയ്യാം “

” പറഞ്ഞല്ലോ ഞാനിന്ന് നിന്റെ കൂടാ തങ്ങുന്നത്…മാസാമാസം നീ വാടകയെണ്ണിക്കൊടുക്കുന്ന മുറിയിൽ “

ലാഘവത്തോടെയുള്ള മറുപടി അയാളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു.

” തമാശ കള ജെസി “

” തമാശയല്ലടാ…. ഞാൻ കാര്യായിട്ടാ .. ഒരു പെണ്ണിന്റെ കൂടെ രാത്രി കഴിയാൻ നിനക്കെന്താ പേട്യാണോ.. ? വല്ലോം സംഭവിച്ച് ഞാനൊരു കൈക്കുഞ്ഞുമായി നിന്റെ വരാന്തേല് സത്യാഗ്രഹമിരിക്കും ന്നോ മറ്റോ.. നീ പേടിക്കണ്ടടാ ഞാനൊരു പായ്ക്കറ്റ് കോണ്ടം വാങ്ങീട്ടൊണ്ട് “

അവൾ ബാഗ് ആൽത്തറയിലേക്ക് വച്ച് പൊട്ടിച്ചിരിച്ചു . അയാളൊരു സിഗരറ്റ് പുറത്തെടുത്ത് അവൾ പറഞ്ഞത് ശ്രദ്ധിച്ചിട്ടില്ലെന്ന മട്ടിൽ തീകൊളുത്താൻ ശ്രമിച്ചപ്പോൾ ഇടയിൽ പരന്ന നിശബ്ദത ചവിട്ടിമെതിച്ച് അവൾ ഗൗരവത്തിന്റെ മട്ടുപ്പാവിലേക്ക് കയറിപ്പോയി.

” നാട്ടീന്ന് നിന്റെ ഭാര്യ വന്നിട്ടുണ്ടോ ?”
” ഇല്ല “
“വരുമോ ..? “
” ഇല്ല… എല്ലാ ആഴ്ച്ചയിലും വരാറില്ല “

പറഞ്ഞിട്ടയാൾ ഷർട്ടിന്റെ പോക്കറ്റിൽ എന്തോ പരതുന്നതുപോലെ ഭാവിച്ചപ്പോൾ
ക്ഷണനേരത്തേക്ക് അവളും നിശബ്ദയായി. പിന്നീട് അടുത്തേക്ക് വന്ന് അയാളുടെ ചുമലിൽ കൈവച്ച് കണ്ണുകളിലേക്ക് നോക്കി .

“ഞാനൊരിക്കൽ ഒരു യുവാവിനാൽ അത്യഗാധമായി ..അതിസുന്ദരമായി സ്നേഹിക്കപ്പെട്ടിരുന്നു .. ഞാനയാളെയും..! പിന്നീടയാൾ മറ്റൊരാളേ വിവാഹം കഴിച്ചത് എന്നെ മറന്നുകൊണ്ടാണെന്നോ മടുത്തിട്ടാണെന്നോ കരുതാൻ എനിക്കൊരിക്കലും താല്പര്യമില്ല. അതൊന്നുമായിരുന്നില്ല യാഥാർത്ഥ്യം..അത്തരം സാഹചര്യങ്ങളാണ് അയാൾക്കുണ്ടായിരുന്നതെന്ന് മാത്രമെനിക്കറിയാം. ഒരുപക്ഷേ ഞാനീ പറഞ്ഞതു മുഴുവൻ എന്റെ വിശ്വാസം മാത്രമായിരിക്കും.. അങ്ങനെയാണെങ്കിൽ പോലും ഞാനിന്നു രാത്രി അയാൾക്കൊപ്പം തന്നെ കഴിച്ചു കൂട്ടും. കാരണം ഒരുപക്ഷേ ഇന്നു രാത്രികൂടി മാത്രമേ എനിക്കിവിടമുള്ളു “

സിഗരറ്റ് കളഞ്ഞ് ‘കേറ് ജെസീ ‘ എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ആ സംസാരത്തിൽ നിന്ന് രക്ഷപ്പെടാനൊരു ത്വര അയാളിൽ പ്രകടമായിരുന്നു.

കുളികഴിഞ്ഞ് അവൾ മുറിയിലേക്കെത്തുമ്പോൾ അയാൾ പാഴ്സൽ വാങ്ങിയ ദോശ രണ്ട് പ്ലേറ്റുകളിലേക്ക് പകർന്ന് ചട്നിയും സാമ്പാറുമൊഴിച്ച് കട്ടിലിനടിയിൽ നിന്നുമൊരു ബിയറെടുത്ത് കടിച്ചു പൊട്ടിച്ചു . കട്ടറമ്മിന്റെ ആരാധകൻ ബിയറിലേക്ക് ചേക്കേറിയോന്നു കളി പറഞ്ഞ് അവളൊരു ദോശ മുറിച്ച് ചട്നിയിലേക്ക് മുക്കി രുചിച്ചു നോക്കി. ഒരു കഷണം കൂടി മുറിച്ചെടുത്ത് ചട്നിയിൽ മുക്കി അയാൾക്ക് നേരേ നീട്ടി. അയാളത് കൈയിലേക്ക് വാങ്ങി ആഞ്ഞൊരു കവിൾ കുടിച്ചിറക്കിയിട്ട് വായിലേക്ക് തിരുകി.

” നീ ശരിക്കും എവിടേക്കാ ജെസീ.. ഇതവസാന ദിവസന്നൊക്കെ പറഞ്ഞത് എനിക്ക് മനസിലായില്ല…” അയാൾ മുറിഞ്ഞുപോയൊരു വിഷയത്തിലേക്ക് തിരികെ പ്രവേശിക്കാൻ ശ്രമിച്ചു.

” ഞാൻ ഉത്തർപ്രദേശിലേക്ക് ..അമ്മയെ കാണാൻ..പന്ത്രണ്ട് വർഷമായി കണ്ടിട്ട് “
അവൾ രണ്ട് ഗ്ലാസിലേക്ക് വെള്ളം പകർന്ന് ഒരു കഷണം ദോശ കൂടി ചട്നിയിലേക്ക് മുക്കി .

” പുലർച്ചെ അഞ്ചുമണിക്കാണ് ട്രെയിൻ.. നോർത്തീന്ന്..നീയെന്നെ സ്റ്റേഷനിലാക്കണം… ആ സൗകര്യം കൂടി കണക്കിലെടുത്താണ് ഞാനിവിടേക്ക് വന്നത് ” അവളോർമ്മപ്പെടുത്തി.

വൈദ്യുതി നിലച്ചപ്പോൾ അയാൾ തപ്പിയെടുത്ത പകുതിയെരിഞ്ഞ് തീർന്ന മെഴുകുതിരി തെളിച്ചെടുത്ത് അവൾ മേശമേലുറപ്പിച്ചു.
അയാളതിൽ നിന്നുമൊരു സിഗരറ്റ് കത്തിച്ച് അവളുടെ സമീപത്തു നിന്നു മാറി ജനലിനരികിലേക്ക് നീങ്ങി ബിയർ കുടിച്ചിറക്കി പുറത്തേക്ക് പുകയൂതിക്കൊണ്ടിരുന്നു. നിന്റെ ഈ മുടിഞ്ഞ വലി നിർത്താറായില്ലേ ..ഇതിപ്പോ എത്രാമത്തെയാന്നുള്ള പരിഭവത്തിന് മറുപടിയായി അയാളവളെ നോക്കി ശബ്ദമില്ലാതെ ചിരിച്ചു.

കാറ്റിൽ ജനൽപ്പാളികൾ തുടരെ തുറന്നടയുന്നതിന്റെ ഒച്ചയുടെ അസഹത്യയിൽ “അതങ്ങ് അടച്ചൂടെ ” എന്ന് ചോദിച്ച് ജനലിനടുത്തേക്ക് വന്ന് അഴികളിലൂടെ കൈയ്യെത്തിച്ച് അവളതിന്റെ കുറ്റിയിട്ടു. ശേഷം അവൾക്കു ചിരി വന്നു.. അയാൾക്കും…! പാളികളിലെ ചതുരങ്ങളിൽ പലതിലും ഗ്ലാസുകളുണ്ടായിരുന്നില്ല….!

ജനാലയുടെ ചട്ടത്തിൽ ഉടഞ്ഞിട്ടും ബാക്കിയായ കൂർത്ത ചില്ലിൻ കഷണങ്ങൾക്കിടയിലൂടെ അരണ്ട വെട്ടത്തിൽ തെളിയുന്ന പുറം കാഴ്ച്ചകൾ …! ഇരുണ്ടുറഞ്ഞുകൂടിയ ആകാശത്ത് മഴയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്ന നേർത്ത മിന്നൽഞരമ്പുകൾ….
ചെറുമുഴക്കങ്ങൾ….! കാറ്റിനൊപ്പം ഒളിച്ചോടാൻ കൊതിച്ച് ഇളകിമറിയുന്ന മരങ്ങളെ നോക്കി ബിയർ കുടിച്ചിറക്കുന്ന അയാൾക്കരികിലായി നിലയുറപ്പിച്ച് അവളും പുറത്തേക്ക് നോക്കി നിന്നു.

ഒരേ ജാലകത്തിലൂടെ പുറത്തേക്കു നോക്കുന്നവർ ഒരേ കാഴ്ച്ചകളായിരിക്കുമോ കാണുക..??

കാറ്റിൽ പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവളൊരു പാട്ട് മൂളി. അതിന്റെ ബാക്കി ഓർത്തെടുക്കാൻ ശ്രമിച്ച് അയാളും മൂളിത്തുടങ്ങിയപ്പോൾ അവർ പരസ്പരമൊന്നു നോക്കി. ഉടഞ്ഞു ബാക്കിയായ ചില്ലുകൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങിയൊരു തണുത്ത കാറ്റ് മുറിയിലേക്ക് കയറി വന്നപ്പോൾ അയാളുടെ കൈയ്യിരുന്ന ബിയർ ബോട്ടിലിന് നേരേ അവൾ കൈ നീട്ടി. കാറ്റിലൊരു മരുതിമരത്തിന്റെ ചില്ല ചെമ്പരത്തിച്ചെടിയിലേക്ക് ചാഞ്ഞു വന്നു.

അയാളുടെ ശരീരത്തിൽ നിന്നടർന്നുമാറി അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റ് സമീപമിരുന്ന ബാഗിൽ നിന്ന് കോണ്ടത്തിന്റെ പായ്ക്കറ്റ് പുറത്തേക്കടുത്തയാളെ അണിയിക്കുമ്പോൾ അയാൾ ശരിക്കും അമ്പരന്നു. തനിക്ക് പരിചയമില്ലാത്തൊരു സ്ത്രീയാണ് തനിക്കു മുൻപിലിരിക്കുന്നതെന്നയാൾക്കു തോന്നി.

” മുമ്പേ ഞാൻ കോണ്ടത്തിന്റെ കാര്യം വെറുതെ പറഞ്ഞെന്നാണോ നീയോർത്തത്… ഞാൻ രണ്ടും കല്പിച്ചാടാ ? ഒരു കവിൾ ബിയർ കൂടി കുടിച്ചുകൊണ്ട് അവൾ ഉറക്കെ ചിരിച്ചു.

” സത്യത്തിൽ നമ്മൾ ലിംഗത്തെ മാത്രമല്ല കോണ്ടത്തെയും കൂടി ആരാധിക്കേണ്ടതാണ്.. ഓടയിലോ ക്ലോസറ്റിലോ പതിക്കുമെന്നറിഞ്ഞും അവസാന തുള്ളിയിലും നടത്തുന്ന അപാരമായ ആ രക്ഷാപ്രവർത്തനമുണ്ടല്ലോ… ഹൊ.. കുളിര് കോരുന്നു…!! സാധാരണക്കാർക്ക് ഇതിനേക്കാൾ ആത്മാർത്ഥമായ കണ്ടുപിടുത്തം ഇനി ഈ ഭൂമിയിൽ സംഭവിക്കാൻ പോണില്ല ..ഇവിടെയെന്തായാലും ഇതെനിക്ക് വേണ്ടിയല്ല കേട്ടോ.. നിനക്ക് വേണ്ടിയാ ” ആ സംസാരമാസ്വദിച്ച് അയാൾ ചിരിച്ചുകൊണ്ടിരുന്നു.

മറുപടി പറയാൻ തുടങ്ങിയ അയാൾക്ക് മീതെയമർന്നവൾ പുറപ്പെട്ടു വന്ന അയാളുടെ വാക്കുകളേയും ചുണ്ടുകളേയും ചേർത്ത് അതിമധുരത്തോടെ വിഴുങ്ങിക്കളഞ്ഞു..! ഭൂമിയുടെ അതിസൂക്ഷമമായ നിമ്നോന്നതങ്ങളോട് അത്രമേൽ ഒട്ടിച്ചേർന്നിഴയുന്ന ഒരൊച്ചിനെപ്പോലെ അവൾ അയാളിലേക്ക് പറ്റിച്ചേർന്നുകൊണ്ടിരുന്നു…! മദ്ധ്യേ പടർന്ന കറുത്ത മുടിക്കാടുകൾക്കിടയിലൂടെ രണ്ടു ചുണ്ടുകൾ ഇടതടവില്ലാതെ പരസ്പരം കണ്ടെത്തിക്കൊണ്ടേയിരിക്കുമ്പോൾ ഉരുകിപ്പരന്ന മെഴുകുലാവയിൽ തല പൊന്തിച്ച് ആളുന്നുണ്ടായിരുന്നു തിരിനാളം..!!

ഒരു നിലത്തുകൂടി ഒന്നിച്ചാകാമെന്ന കരാറിലൊപ്പു വച്ച വിയർപ്പുചാലുകൾ ചേർന്നൊഴുകി.

പുറത്ത് നിരത്തിലൂടെ ഏതോ വാഹനം ചീറിപ്പോകുന്നതിന്റെ ഇരമ്പലിൽ നിശബ്ദരായ ചീവീടുകൾ രാവിനോട് വീണ്ടും പതം പറഞ്ഞു തുടങ്ങി.

” അമ്മയ്ക്കവിടെ ജോലിയല്ലേ ? ” അയാളുടെ ശബ്ദത്തിൽ നേരിയ കിതപ്പുണ്ടായിരുന്നു.

” ജോലിയിപ്പോഴില്ല.. അമ്മ അവിടെ സോത്തേലാ ബാപ്പിനൊപ്പമാ… ന്നു വച്ചാ രണ്ടാനച്ഛൻ “

” ഇതൊന്നും നീ പറഞ്ഞിട്ടില്ലല്ലോ..? ” അയാളുടെ ശബ്ദത്തിൽ തുടർന്ന് കേൾക്കാനൊരു ആകാംക്ഷയുണ്ടായിരുന്നു.

” അതിന് നീയെന്നേലും എന്നെക്കുറിച്ച് വല്ലതും ചോദിച്ചിട്ടുണ്ടോ..?? “

അയാളതിന് മറുപടിയൊന്നും പറഞ്ഞില്ല. ശരീരത്തിൽ നിന്നും അവൾ കട്ടിലിലേക്ക് വഴുതിയിറങ്ങിയപ്പോൾ ലഭ്യമായ സ്വാതന്ത്ര്യത്തിൽ അയാളൊന്നിളകി വിശാലമായിക്കിടന്നു.

” ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും ഞാനും അമ്മയുടെ കൂട്ടുകാരിയായ ലീലാന്റിയ്ക്കൊപ്പം യൂപ്പീക്ക് വന്നത്. അമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ കൽക്കട്ടക്കാരൻ ബോസിന്റെ സുഹൃത്തായിരുന്നു സോത്തേലാ ബാപ്പ്..ഭാര്യ മരിച്ച് കച്ചവടം മതിയാക്കി ബോസ് കൽക്കട്ടയിലേക്ക് മടങ്ങുമ്പോൾ ഭർത്താവ് മരിച്ച് ജീവിതം വഴിമുട്ടി അന്യനാട്ടിൽ ജോലി ചെയ്ത് മകളുമൊത്ത് ജീവിക്കുന്ന നിരാലംബയായ സ്ത്രീക്ക് അയാളെപ്പോലൊരാൾ നീട്ടിയ സഹായഹസ്തങ്ങളെ വിശ്വസിക്കാതെ തരമുണ്ടായിരുന്നില്ല. അല്ലെങ്കിൽത്തന്നെ അവിശ്വസിക്കുമ്പോഴും വിശ്വസിക്കുന്നതായി ഭാവിക്കേണ്ടുന്ന ചില അവസ്ഥകളും കൂടി ചേർന്നതാണല്ലോ ജീവിതം..”

കട്ടിലിന് പുറത്തേക്കിറങ്ങിയ അവളുടെ കാലിൽ തട്ടി ഒരൊഴിഞ്ഞ ബിയർ കുപ്പി തറയിലൂടെ ശബ്ദമുണ്ടാക്കി ഉരുണ്ടു നീങ്ങി.

” പിന്നെ ഒമ്പതാം ക്ലാസിലെ ഹോളി ആഘോഷം കഴിഞ്ഞ് അമ്മയെന്നെ നാട്ടിലേക്കയച്ചു .. ഇവിടെ ബന്ധുവായ സണ്ണിപ്പാപ്പന്റെ സഹായത്താൽ പഠനമടക്കം ഇത്രയും കാലം.. “

” അതെന്തിനാ നിന്നെ നാട്ടിലേക്കയച്ചത്..? “അയാളും കട്ടിലിൽ നിന്നെഴുന്നേറ്റു.

” അന്നാണ് അയാളെന്നെ രണ്ടാമതും ബലാത്സംഗം ചെയ്തത്..സോത്തേലാ ബാപ്പ് “

വിശേഷമായതൊന്നും പറഞ്ഞിട്ടില്ലെന്ന മട്ടിൽ അവളൊരു ദോശയുടെ കഷണം സാമ്പാറിലേക്ക് നന്നായി മുക്കി വായിലിട്ട് ആസ്വദിച്ച് ചവച്ചുകൊണ്ടിരുന്നു. കേട്ട വാർത്ത നൽകിയ ആഘാതത്തേക്കാൾ അവളുടെ മുഖത്തും ശരീരത്തും പ്രത്യക്ഷമായ നിർവ്വികാരതയിലാണ് അയാൾ പതറിപ്പോയത്. തൊട്ടടുത്ത കസേരയിൽ ഇരുന്നയാൾ അവിശ്വസനീയതതോടെ അവളെ നോക്കിക്കൊണ്ടിരുന്നു.

” നീയെന്താടാ മിണ്ടാതിരിക്കുന്നത്..ഒരു വല്ലായ്മ പോലെ ..നിന്റെ മട്ടും ഭാവോം കണ്ടാൽ അയാള് നിന്നെയാ ബലാത്സംഗം ചെയ്തതെന്നു തോന്നുമല്ലോ.. ? ” പറഞ്ഞിട്ട് അവൾ ഉറക്കെ ചിരിച്ചു

അവൾക്കൊപ്പം ചേർന്ന് ചിരിക്കാൻ അയാളുമൊരു വിഫലശ്രമം നടത്തി. അവൾ തുടരുകയായിരുന്നു.

” വെളിക്കിരിക്കാൻ പോകുന്നവർ..
വെള്ളം കോരാൻ പോകുന്നവർ…
വെറക് പെറുക്കാൻ പോകുന്നവർ..
അങ്ങനെ എത്രയെത്ര സ്ത്രീകളും പെൺകുഞ്ഞുങ്ങളുമാണ് അവിടങ്ങളിലെ ആളൊഴിഞ്ഞ പറമ്പിലെയും കാട്ടിലെയും മരക്കൊമ്പുകളിൽ ചിറകെരിഞ്ഞു പോയ പറവകളുടെ ജൻമം പൂർത്തിയാക്കുന്നത്..? തൂങ്ങിയാടുന്ന അവരുടെ തുടയിടുക്കിൽ നിന്നിറ്റു മണ്ണിൽ പതിക്കുന്ന ചോരയിൽ ആർക്ക് പൊള്ളുമെന്നാണ് നീ വിചാരിക്കുന്നത്..?? ആർക്കുമില്ല.. അതുപോലൊരാൾ മാത്രമാണ് ഞാനും..! “

അവളുടെ ചോദ്യങ്ങളോട് അയാൾ പ്രതികരിച്ചതേയില്ല. പ്രതികരിക്കണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നുമില്ല. കഴിക്കൂ എന്ന് പറഞ്ഞ് അവൾ ദോശയുടെ പാത്രം അവനരികിലേക്ക് നീക്കി ഒഴിഞ്ഞ പ്ലെയ്റ്റുമായി പുറത്തേക്ക് പോയി. അയാൾ ദോശയുടെ ഒരു കഷണം കയ്യിലിട്ടു ഞെരടിക്കൊണ്ടിരുന്നു. തിരികെ അവളെത്തുമ്പോൾ പൊന്തി വന്ന ചോദ്യത്തെ അയാൾ അടക്കി വച്ചില്ല.

” ഈ പോക്കിൽ നിനക്ക് അമ്മേയിങ്ങ് കൂട്ടിക്കൊണ്ടു പോരരുതോ ജെസ്സീ ..? “

” ഇനി പറ്റില്ല..ഇന്നലെ ലീലാന്റീടെ ഫോൺ വന്നിരുന്നു … അമ്മ മരിച്ചു “

ഒരു നിമിഷത്തിനു ശേഷം കൊന്നതാരിക്കുമെന്ന് അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.

” അല്ലെങ്കിലും കഴിയില്ല.. ആ ബന്ധത്തിലും മക്കളുണ്ടായിരുന്നല്ലോ.. “

നാവിലൂടെ ആഴ്ന്നിറങ്ങിയൊരു വാൾ തന്റെ കരളിൽ തട്ടി നിൽക്കുന്നതു പോലെ അയാൾക്ക് തോന്നി. ഒരു ക്ഷുദ്രജീവി അതിശീഘ്രം ചോരയൂറ്റിക്കുടിച്ചതു പോലെ അയാൾ വിളറിപ്പോയി.

” ഒറ്റയ്ക്ക് അങ്ങോട്ട് പോണോ ജെസ്സീ..?

” എനിക്കൊപ്പം ആരും വരാനില്ല. സണ്ണിപ്പാപ്പന് ഒരു മുറീന്ന് അടുത്ത മുറീലേക്ക് പോലും നടക്കാൻ വയ്യ .. അല്ലെങ്കിത്തന്നെ പാവം എനിക്കു വേണ്ടിയൊരുപാട് ….” പറഞ്ഞു വന്നത് അവൾ പൂർത്തിയാക്കാൻ താല്പര്യപ്പെടാത്തതു പോലെ തോന്നി.

ഒരു പുല്ലും ചെയ്യാൻ കഴിയാത്തൊരാളാണ് ഞാനെന്ന് ഉറക്കെ പറയുന്നൊരു ശരീരഭാഷ ആത്മാർത്ഥമായി പ്രകടിപ്പിച്ച് അയാൾ ഭിത്തിയിലേക്ക് ചാരി നിന്നു.

” എനിക്കു പോണം .ഞാൻ പോകും.. അത് മാതൃത്വത്തോടുള്ള അടക്കാനാവാത്ത ഇഷ്ടം കൊണ്ടൊണോന്നു ചോദിച്ചാൽ എനിക്ക് തീർച്ചയില്ല… എന്തായാലും ഒരു പേറ്റുനോവിന്റെ കടമുണ്ട് ഞങ്ങൾക്കിടയിൽ.. പേറ്റുനോവെന്നാൽ പെറ്റുപോയല്ലോ എന്ന നോവു കൂടിയാണ് കേട്ടോ.. അത് മക്കൾക്കും അനുഭവപ്പെടാം…”
അയാളുടെ പുസ്തകശേഖരങ്ങളിലെ ഒന്നുരണ്ട് ബുക്കുകൾ മറിച്ചു നോക്കിയിട്ടവൾ അവ ബാഗിലേക്ക് വച്ചു.

അജ്ഞാതമായൊരു ഭൂപ്രദേശത്തെ തുറുങ്കിൽ തടവിലാക്കപ്പെട്ടൊരു സഞ്ചാരിയേപ്പോലെ അവളിപ്പോൾ അസ്വസ്ഥയാകുമെന്നും മുറിയുടെ ചുമരുകൾ തച്ചുതകർത്ത് പുറത്തേക്കോടിയിറങ്ങി അലറിക്കരയുമെന്നും അയാൾക്ക് തോന്നി. ഒന്നുംതന്നെ സംഭവിച്ചില്ല .സത്യത്തിൽ അവളങ്ങനെയെന്തെങ്കിലുമൊന്ന് ചെയ്തിയിരുന്നെങ്കിൽ എന്നയാൾക്ക് കൊതി തോന്നി. അവളാകട്ടെ അതിശൈത്യകാലത്തെന്നോ ഉറഞ്ഞുപോയൊരു തടാകത്തെയോർമ്മിപ്പിച്ച് അവൾക്ക് മാത്രം ഉടമസ്ഥാവകാശമുള്ളൊരു നിശബ്ദതയെ മുറിയിലാകെ നിറച്ചു കൊണ്ട് തന്റെ ബാഗ് തുറന്ന് ഒരു ജോടി വസ്ത്രമെടുത്ത് അയാൾക്ക് നേരേ നീട്ടി ‘ തേച്ചു വയ്ക്കണേ’ ന്നു പറഞ്ഞ് കട്ടിലിലേക്ക് കിടന്നു. പിന്നെയെപ്പോഴോ അവളുറങ്ങി . മുറിയുടെ പുറത്തേക്കിറങ്ങി നിന്ന് അയാൾ സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു.

സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അവൾക്കുള്ള ട്രെയിൻ. കംപാർട്ട്മെന്റിൽ അങ്ങിങ്ങ് കുറച്ചാൾക്കാർ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു. ബാഗ് അകത്ത് വച്ച് അവൾ പുറത്തേക്കിറങ്ങി വന്ന് അവന്റെ വിരലുകളിൽ പിടിച്ചു. ‘ എനിക്ക് ഒരു ഭയം തോന്നുന്നു ജെസീ ‘ എന്നയാൾ പറഞ്ഞപ്പോൾ ‘ ഒരാളോടു പോലും ഞാൻ അത്ര എളുപ്പത്തിൽ തോൽവി സമ്മതിക്കില്ലെടാന്നു ‘ പറഞ്ഞവൾ ചിരിച്ചു കൊണ്ടവന്റെ ചുമലിൽ തട്ടി.

മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടുന്ന….. എന്ന അനൗൺസ്മെന്റ് പല ഭാഷകളിലായി മുഴങ്ങി.

പ്ലാറ്റ്ഫോമിന്റെ അറ്റത്തായി ഒരു പച്ചവെളിച്ചം തെളിഞ്ഞപ്പോൾ അയാൾക്കൊരു വിറയലുണ്ടായി. ഒരു കൊല നടത്തിയാലേ ജീവിക്കാൻ കഴിയൂ എന്നുണ്ടെങ്കിൽ ഞാനതും ചെയ്യുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ ട്രെയിനുള്ളിലേക്ക് കയറിപ്പോയി. ആകാശത്തേക്കാൾ വലിയൊരു ശൂന്യത ഭൂമിയിൽ ഒളിവിൽ പാർക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി.

ചൂളം വിളിച്ചുകൊണ്ട് സഞ്ചരിക്കുന്നൊരു കൂറ്റൻ പക്ഷിയേപ്പോലെ ചലിച്ച് തുടങ്ങുന്ന വണ്ടി..

വാതിൽക്കലേക്ക് വന്നവൾ അയാൾക്ക് നേരെ പെരുവിരൽ ഉയർത്തിക്കാട്ടി . തീവണ്ടിയുടെ വേഗത കൂടിക്കൂടി വന്നിട്ടും അവൾ വാതിൽക്കൽത്തന്നെ നിലയുറപ്പിച്ചു. ദൂരങ്ങൾ കാഴ്ച്ചയെ അവഗണിച്ചു തുടങ്ങി.

റെിയിൽപാളങ്ങൾക്ക് മേൽ ഇരുവശങ്ങളിലേക്ക് വായുവിനെ പിളർത്തി വലിച്ചെറിഞ്ഞു കൊണ്ട് വിദൂരതയിലേക്ക് പായുന്ന തീവണ്ടിയുടെ പിന്നിൽ ജ്വലിക്കുന്ന ചുവന്ന വെളിച്ചത്തിലേക്ക് തന്റെ പെരുവിരൽ ഉയർത്തിപ്പിടിച്ച് അയാൾ പ്ലാറ്റ്ഫോമിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..!

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…