സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇപ്പോഴും വാസനിക്കുന്ന ചെമ്പകം

അഞ്ജന ഉദയകുമാർ

                      

“അതെ നല്ല വാസനയുള്ള പൂക്കളാണൊക്കെയും. ചിലതുവാടി.. ചിലതുവിടർന്നും അടർന്നും…ചിലതു നിലംപറ്റി.. എന്നിലും ഒക്കെയും വാസനിക്കുന്നതായെനിക്കു തോന്നി…അതുപോലെയാണു മനുഷ്യരെന്നും എനിക്കു തോന്നുന്നു. വൈകുന്നേരങ്ങളിൽ കാത്തിരുപ്പിൻ്റെ  നോട്ടങ്ങളെറിഞ്ഞു ഇരിക്കണ്ടാതായും മാറിയിരിക്കുന്നു.”

താൻനട്ട ദേവതാരുവിനെ നോക്കി വിഷാദം കലർന്നൊരു ചിരിയും സമ്മാനിച്ച് രേണു നടന്നു. രേണു ഇപ്പോളൊക്കെ ഒറ്റയ്ക്കാണു സംസാരിക്കാറ്.

“നഗ്നപാദങ്ങൾ മണ്ണിലമർത്തി നടക്കുമ്പോൾ എന്താ സുഖം…”

ഈ തണുപ്പ് തേനിലക്കാവ് ഗ്രാമത്തെ ഇപ്പോൾ ഓർമ്മപ്പെടുത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല രേണു. 

രേണുവിൻ്റെ കണ്ണുകളിൽ തേനിലക്കാവിൻ്റെ  ഓരോ ചിത്രവും മിന്നിമറഞ്ഞു.അതിനിടയിൽ ഒരുപേരും.

“ഭദ്ര…”

“അതെ ഞാനവളെ ഇക്കഴിഞ്ഞ വർഷങ്ങളിലും ഈ നിമിഷത്തിനു മുന്നേയും ഓർത്തില്ലാ… എന്തെന്നില്ലാത്ത അസ്വസ്ഥത മനസ്സിലേക്ക് ഇരമ്പികയറുന്നു. എൻ്റെ  ഹൃദയത്തെ തച്ചുടയ്ക്കുംവിധം ഒരു കടന്നാക്രമണം നടത്തുന്നു.. ൻ്റെ കല്യാണം കഴിഞ്ഞതിൽപ്പിന്നെ ഞാനവളെ കുറേശ്ശ കുറേശ്ശയായി മറന്നു. അല്ലങ്കിൽ എൻ്റെ  വേദനകൾ അവളെയോർത്തെടുക്കാൻ ഒരവസരം തന്നില്ലായെന്നുവേണം പറയാൻ. അപ്പോളും ഇടയ്ക്കൊക്കെ അവളെൻ്റെ കണ്ണുകളിൽ വന്നുപോയി. ഓർമ്മകളിൽ വന്നുകാണാം. ഞാൻ കണ്ടില്ലെന്നു നടിച്ചിരിക്കാം.. എൻ്റെ  കളികൂട്ടുകാരിയെ… ഹാ ഓർക്കുന്നു. ഒരുവർഷം മുന്നേ അവളുടെ ശബ്ദമെൻ്റെ    കാതുകളിൽ പതിഞ്ഞിരുന്നു. ഞാനാണു ഫോൺ കട്ട്‌ ചെയ്തത്. ഒരുപക്ഷേ അവൾക്കെൻ്റെ    നിശബ്ദതതയെ അറിയാൻ കഴിയും. നാലുവർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യത്തിൻ്റെ     ക്രൂരവേദനകളിൽ പുളയുന്ന എൻ്റെ  മനസ്സിനെ… അന്നയാൾ എന്നോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ നേരമ്പോക്കിനു ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയ ശരീരത്തിനുടമയെ ഭദ്രയ്‌ക്കെങ്ങിനെ അറിയാൻ സാധിക്കും. ഞങ്ങൾ പിരിഞ്ഞിട്ടു കുറച്ചുമാസങ്ങളാകുന്നു. ഈ മാസങ്ങളിൽ ഞാൻ സ്വാതന്ത്ര്യത്തിൻ്റെ  സുഖമനുഭവിച്ചു. കാറ്റിൻ്റെ   ലാളനമേറ്റു. പ്രകൃതിയുടെ സ്വാന്ത്വനത്തിലലിഞ്ഞു. എന്നിലെ മുറിവുകളെ ഞാൻതന്നെയുണക്കുന്ന മൃദുവായ പ്രക്രിയയിൽ ഏർപ്പെടുകയായിരുന്നു.”

രേണുവിൻ്റെ കണ്ണുകൾ വികസിച്ചു ചെറുപുഞ്ചിരിയോടെ ഭദ്രയെ അവളോർത്തെടുത്തു.

ഞങ്ങളുടെ കുട്ടിക്കാലം…മഞ്ചാടിക്കാവ് നിറയെ ഞങ്ങളുടെ പാദങ്ങൾ പതിഞ്ഞ തണുത്ത മണ്ണ്.. വഴിനിറയെ കൊഴിഞ്ഞ മഞ്ചാടിമണികൾ.. ഒക്കെയും പെറുക്കാൻ മത്സരിക്കുന്ന ഞങ്ങൾ.  മഞ്ചാടിക്കരികിൽ തവിട്ടുചെമ്പകം  മനസ്സിനെ മത്തുപിടിപ്പിക്കും വിധം സുഗന്ധംപരത്തിനിൽക്കും.മഞ്ചാടിമണികൾക്ക് മീതെ സാധാ കൊഴിയുന്ന ചെമ്പകം.

രേണുവിൻ്റെ    കണ്ണുകളിലാചിത്രം ഓടിയെത്തി. അവൾ മെല്ലെ തലയുയർത്തി കണ്ണുകൾതുറന്നു. നീലാകാശത്തു പറക്കുന്ന പക്ഷികൾ.. സ്വതന്ത്രമായി പറക്കുന്ന പക്ഷികൾ.

“ഞാനിന്ന് സ്വതന്ത്രയാണ്  ഭദ്രയെ കാണാം.. ഭദ്രയെ കാണണം..അവളോടൊരുമിച്ചൊരായിരം പൊട്ടക്കഥകൾ പറയണം. എൻ്റെ  ദുഃഖഭാരമിറക്കി വയ്ക്കണം. ബാല്യകാലത്തെ ആ കളങ്കമില്ലാത്ത സ്നേഹം വീണ്ടെടുക്കണം.

രേണു യാത്രയ്ക്കൊരുങ്ങി…തേനിലക്കാവിലേയ്ക്ക്…

“അധികമായൊന്നും പാക്ക്  ചെയ്യുന്നില്ല. ഭദ്രയുടെ പക്കൽ എനിക്കുവേണ്ടതെല്ലാമുണ്ട് പിന്നെന്തിനീ അനാവശ്യ കെട്ടിപെറുക്കൽ.”

തൻ്റെ    പ്രിയപ്പെട്ട കുഞ്ഞു ഡയറി,പേന, വര്‍ഷങ്ങളായി സൂക്ഷിക്കുന്ന മഞ്ചാടിമണികൾ.. അവയിൽ നിന്ന്‌ മൂന്നെണ്ണം ഹാൻഡ്‌ബാഗിലേയ്ക്ക്. ശേഷം യാത്രാ ചിലവിനുള്ളത് മാത്രം. വൈകുനേരത്തെ ബസിൽ യാത്ര. അതാണു സുഖം…ബസിൽ അരുവിലെ സീറ്റിലിരുന്നു മറവിബാധിച്ചു തുടങ്ങിയ തനിക്ക് ഓർമ്മകൾ തിരികെപ്പിടിക്കാൻ അതാണു നല്ലതെന്നവൾ സ്വയം പറഞ്ഞു.

“ഒച്ചയും ബഹളങ്ങളും നിറഞ്ഞ ടൗണിൽ നിന്നും സ്വച്ഛമായ അനന്തമായ ശാന്തതയുടെ മടിത്തട്ടിലേയ്ക്ക് തൻ്റെ   ഗ്രാമത്തിലേക്ക് യാത്ര.

ഏറേ സന്തോഷവതിയാണു താൻ കാരണം ഭദ്ര തന്നെ…ഗ്രാമം തന്നെ.. അവിടെ ഭദ്രയുടെ തറവാട് അച്ഛമ്മ,അമ്മ,അച്ഛൻ.

അവളുടെ കല്യാണം കഴിഞ്ഞിരിക്കുമോ.. കഴിയാതെപിന്നെ. അങ്ങനെയെങ്കിൽ തീർച്ചയായിട്ടും അതു ദേവനുമായിട്ടാകും.”

രേണു ചെറുപുഞ്ചിരിയോടെ ബസിലെ തുരുമ്പുകമ്പികളിൽ വിരലോടിച്ചുകൊണ്ട് പുറത്തേക്കുനോക്കി 

അതെ അവർതമ്മിലാസാധ്യ പ്രണയത്തിലായിരുന്നല്ലോ.പതിവ് പ്രണയിതാക്കളെപ്പോലെ കോളേജ് വരാന്തകളല്ലായിരുന്നു അവരുടെ ഇടം. പുസ്തകത്തിൻ്റെ    മണമുള്ള ജീവനുള്ള ലൈബ്രറിയിൽ. എത്ര എത്ര പ്രണയകാവ്യങ്ങളും ചരിത്രസംഭവങ്ങളും ഉറങ്ങുന്ന ഉണരുന്ന ജീവിക്കുന്ന ലൈബ്രറിയിലിരിക്കുക എന്നതും പരസ്പരം പലചർച്ചകൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുകയെന്നതുമൊക്കെയായിരുന്നു അവരുടെ പ്രണയം.

 ഒരിക്കൽ ഞാൻ ചോദിക്കയുണ്ടായി “ലൈബ്രറിയിലെ പുസ്തകങ്ങളെ പുണർന്നുകൊണ്ട് മാത്രമേ നിങ്ങൾക്ക് മിണ്ടാനാകുള്ളൂ.”

അന്ന് ഭദ്ര പറഞ്ഞ മറുപടി..

“ഇവിടം…ഈ ലോകം മൊത്തം ജീവിക്കുന്നു… രേണു നീ കാണുന്നില്ലേ.. നമുക്കുചുറ്റും യുദ്ധവും പ്രണയവും വിരഹവും അങ്ങിനെ അങ്ങിനെ എല്ലാം ഒന്നിക്കുന്നു. അങ്ങനൊരിടം ഈ പുസ്തകങ്ങളുടെ നടുവിലല്ലേ.. മാത്രവുമല്ല ഈ പൈങ്കിളി പ്രണയത്തോടെനിക്ക് തീരെ താല്പര്യമില്ലാതാനും. ഇവിടം ദേവനും എനിക്കും ഒരുപോലെ പ്രിയപ്പെട്ടതാണു  ദേവൻ ഇങ്ങനെയാണെന്നും ഭദ്ര ഇങ്ങിനെയാണെന്നും  ഈ ഇടത്തിനറിയാം. അതുപോലെ ഇവിടം ഞങ്ങൾക്കും.ഇനി നീതന്നെ പറയൂ രേണു ഇവിടമല്ലേ ഏറേ വാർത്തമാനങ്ങൾ പറയാൻ എന്തുകൊണ്ടും അനുയോജ്യമായ ഇടം.”

ഓർമ്മകളിൽ ഉണർന്നു നിമിഷങ്ങളെ അത്യഹ്ലാദത്തിൻ്റെയും ആകാംഷയുടെയും കൊടുമുടിയിലെത്തിച്ചുകൊണ്ട് രേണു മയക്കത്തിലേക്ക് വഴുതിവീണു.

 മണിക്കൂറുകൾ കടന്നുപോകവേ.. ഭാരിച്ച ഒരുകൈ തോളിൽ വന്നുവീണു. രേണു പൊടുന്നനെ ഞെട്ടിയുണർന്നു. അവളുടെ മുടി കെട്ടഴിഞ്ഞു മുഖത്തിനുമീതെ വീണിരുന്നു. കൺതുറന്നു നോക്കിയപ്പോൾ നരകലർന്ന താടിയും മുടിയും നീട്ടിവളർത്തിയ വെളുത്തുമെലിഞ്ഞ ഒരു മനുഷ്യൻ. പെട്ടന്നവൾ… “ആകാശമനുഷ്യൻ ” എന്നിങ്ങനെ അറിയാതെ വായിൽനിന്നും വഴുതിവീണു. അയാളൊന്ന് അമ്പരന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ.

“അവസാന സ്റ്റോപ്പാണു നിങ്ങളുറങ്ങിപോയിരുന്നു.”

“അതെ അത്യാവശ്യം നന്നായി ഉറങ്ങി”

രേണു ബസിൽനിന്നറങ്ങി ഗ്രാമത്തിൻ്റെ  കാഴ്ചകളിലേക്ക് നടന്നടുത്തു അവളൊരു ചെറിയകുഞ്ഞായി മാറി. തേനിലക്കാവിനിടവഴികൾ, മുളങ്കാവിനോട് ചേർന്നതോട്. അവിടം താണ്ടിയാൽ ബാലൻപിള്ളയുടെ വീടുംചേർന്ന കടയും, കവലയിലെ ചായക്കട, മിട്ടായി ഡപ്പകൾ. ഞങ്ങളൊരുമിച്ചു ചില്ലറയ്യ്ക്ക് വാങ്ങികഴിച്ച തേമിട്ടായി ഓർമ്മകൾ,  ഭ്രാന്തനാശാൻ്റെ     പാടുപ്പെട്ടിയിൽ നിന്നുയരുന്ന സംഗീതം. അങ്ങിനെ എത്രയെത്രെ കാഴ്ചകൾ. ഇത്തിരി  വർഷല്ലേ ആയിട്ടുള്ളു പറയത്തക്ക മാറ്റം വന്നിട്ടുള്ളതായി തോന്നിയില്ല. അതേ പച്ചപ്പ് തങ്ങിനിൽക്കുന്നുണ്ട് എല്ലായിടത്തും. കണ്ണുകൾ തേടിയ കുറച്ച് മനുഷ്യരെ മാത്രം അവിടെകാണാനായില്ല. എന്നിലും പരിഭവമില്ല ഭദ്രയെകാണാനുള്ള ആവേശം മനസ്സിൽ അസാധാരണമായൊരു സന്തോഷത്തിനിടവരുത്തി.കുറേ നടന്നു കുറേ…തറവാടെത്താറായി…ഇടതൂർന്ന വൃക്ഷങ്ങൾക്കപ്പുറം കടന്നാൽ അവളുടെ ഇടം. ആകാംഷയോടെ കണ്ണുകൾ മുന്നോട്ട് നീങ്ങി.. ഞാനൊന്നമ്പരന്നു. കോലംകെട്ട ഒരു ഭ്രാന്തൻവീടായി  ആദ്യനോട്ടത്തിൽ ഭദ്രയുടെ തറവാടെനിക്ക് ഭീതിനല്കി. നടവഴികടന്ന് വാതുക്കലോരം എത്തിയപ്പോൾ മുത്തശ്ശി.. അത്രനേരം മനസ്സിനെ അലട്ടിയ പേടിയും ചിന്തകളും നീങ്ങിയെൻ്റെ    കണ്ണുകൾ നിറഞ്ഞു. അപ്പോളാണു പുറകിൽനിന്നൊരു വിളി.”രേണു.. രേണുവല്ലേ ഭദ്രയുടെ രേണുട്ടി..”

“അതെയമ്മേ ഞാൻതന്നെ.”

ഭദ്രയുടെ അമ്മ ക്ഷീണിതയാണു. കണ്ണുകൾ കുഴിഞ്ഞു. വേദനിപ്പിക്കുന്ന രൂപം. ശിഥിലമായ എന്തോഒന്ന് അവരിൽ നിഴലിക്കുന്നു.

“അമ്മയങ്ങു വല്ലാണ്ടായിപോയല്ലോ.. അച്ഛൻ എവിടെ.. എൻ്റെ  ഭദ്രയെവിടെ..”

“അച്ഛൻ മരിച്ചിട്ട് രണ്ടുകൊല്ലായി. ഭദ്ര… അവളുണ്ടിവിടെ ഉറക്കം.”

ഇരുട്ട് വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.

“അമ്മയുടെ കൈയിലെ പൂക്കൾ വിളക്കിന് വയ്ക്കുന്നില്ലേ.”

“ഹാ.. വരൂ…”

അമ്മ തൊടിയിലെ കൃഷ്ണകിരീടപൂക്കൾ തള്ളിമാറ്റി മുന്നോട്ട് നടന്നു. രേണുവും പിന്നാലെ.

അവിടെ ഒരറ്റത്തു വിളിക്ക് കൊളുത്തി കൈയിലെ പൂക്കൾവച്ചു നീങ്ങിയമ്മ.

ഇരുളിൽ കോളിത്തിയ വിളക്കിൻ വെളിച്ചത്തിൽ പിന്നിലായി ഒരു മങ്ങിയ ഫോട്ടോ.. സൂക്ഷിച്ചുനോക്കി.. രേണു ഞെട്ടി…

“രേണു ധാ നിൻ്റെ     ഭദ്ര അവളിവിടെ സുഖായിട്ട് ഉറങ്ങയാണു. ഇനിയൊരിക്കലും ഉണർത്താൻ കഴിയാത്തവിധം നീണ്ടനിദ്രയിലാണെൻ്റെ      കുട്ടി.”

രേണു ഒരുനിമിഷം ജീവച്ഛവമായി അവളുടെ നാവു മരവിച്ചു. ഭദ്രയുടെ ഇടം അവളീ ആറടിമണ്ണിലുറങ്ങയെന്ന സത്യം വിശ്വസിക്കാനാവാതെ രേണു മരവിപ്പുമൂടി നിന്നു. അമ്മ തനിയെ സംസാരിച്ചുകൊണ്ട് തൊടിയും താണ്ടി നടന്നകലുന്നു.

“ക്യാൻസറാരുന്നു  ൻ്റെ  കുട്ടിക്ക് ”അകലുതോറും അമ്മയുടെ ഒച്ച രേണുവിൻ്റെ കാതുകൾ വിട്ടകന്നുകൊണ്ടിരുന്നു.

രേണു മുകളിലേയ്ക്ക് നോക്കി. മഞ്ചാടിമണികൾ കൊഴിയുന്നു. മഞ്ചടിച്ചോട്ടിൽ അവളുറങ്ങുന്നു. അരികിൽ തവിട്ടുചെമ്പകം. നിമിഷങ്ങൾ മൗനം കുടിച്ചു നിശ്ചലയായി…. രേണു മണ്ണുനോക്കി നിന്നു.

“ഭദ്ര…നല്ല രസുള്ള പൂക്കളാണ് ഒക്കെയും ചിലത് വാടി ചിലത് വിടർന്നും അടർന്നും ചിലത് നിലംപറ്റി. എന്നിലും ഒക്കെയും വാസനിക്കുന്നു. എനിക്കു തോന്നുന്നതല്ല. ഒക്കെയും വാസനിക്കുന്നു. ചില മനുഷ്യരും അതുപോലെയാണു. അവരുമണ്ണോടലിഞ്ഞാലും അവരുടെ ഓർമ്മകൾ വാസനിക്കും…ഇപ്പോളും വാസനിക്കുന്ന ചെമ്പകം…നിന്നെപ്പോലെ. ഞാനെന്തിനു കണ്ണീർകൊഴിക്കണം. ”

രേണു കരുതിയ മഞ്ചാടിമണികൾ ബാഗിൽ നിന്നെടുത്തു ഭദ്രയുടെ കൈയുടെ സ്ഥാനത്തു വച്ചു. കൊഴിഞ്ഞ ചെമ്പകപ്പൂക്കൾ പെറുക്കിയവളുടെ മുടിയുടെ സ്ഥാനത്തും. ഭദ്രയ്ക്ക് ഏറേ പ്രിയമാണു കൊഴിഞ്ഞ ചെമ്പകപ്പൂക്കൾ.

ഭദ്രയുടെ മണ്ണിൽനിന്നുമവൾ എഴുനേൽക്കാതെ തൻ്റെ  വേദനകളെ മൗനമായി കൈമാറവേ ആ കൈകൾ പിന്നിൽനിന്നവളെ തൊട്ടു.

രേണു തിരിഞ്ഞുമുകളിലേക്ക് നോക്കി അറിയാതെ നാവിൽനിന്നും വഴുതിവീണു

“ആകാശമനുഷ്യൻ…”

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…